നാലു പേർക്ക് .മുമ്പിൽ പറയണമച്ഛാ.ഇല്ലെങ്കിൽ മറ്റൊരു പെൺകുട്ടിയുടെ ജീവിതവും…..

എഴുത്ത്:-സുധീ മുട്ടം

“ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത്”…

” ദയവ് ചെയ്തു ഇങ്ങനെയൊന്നും പറയരുത്. ആകെയുളളൊരു മോളാണ്.ഉളളതെല്ലാം വിറ്റു പെറുക്കിയാണ് ഞങ്ങളീ വിവാഹം നടത്തുന്നത് “…

” പറഞ്ഞവാക്കിനു ആദ്യം വിലവേണമെടോ.പറഞ്ഞ സ്ത്രീധനം സമയത്ത് തന്നോ നിങ്ങൾ. ഇല്ലല്ലോ.അപ്പോൾ ഈ കല്യാണവും നടക്കില്ല”

“അയ്യോ അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കിയെങ്ങനെയെങ്കിലും തരാം”

“താനൊന്ന് പോടോ…”

എല്ലാവരും കൂടിയിരിക്കുന്ന വിവാഹസ്ഥലത്ത് വരന്റെ അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടെ എന്റെ നിയന്ത്രണമറ്റു പോയി..വിവാഹ മണ്ഡപത്തിൽ നിന്ന് ഞാൻ ചാടിയെഴുന്നേറ്റ് അച്ഛനരുകിലേക്ക് ഓടിയെത്തി….

“ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛാ ഇത്ര ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടവരുമായി എന്റെ വിവാഹം നടത്തരുതെന്ന്”

“അത് പിന്നെ മോളേ നിന്റെ പ്രായത്തിലുളളവരുടെ വിവാഹം കഴിഞ്ഞു കുട്ടികളുമായി പോകുന്നതൊക്കെ കാണുമ്പോൾ ഏതൊരു അച്ഛന്റെയും നെഞ്ചൊന്ന് പിടക്കും.എന്റെ കുട്ടീടെ കണ്ണു നനയുന്നതൊക്കെ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട്”

ഇടനെഞ്ച് പൊട്ടിയ സ്വരത്തിൽ അച്ഛനത് പറയുമ്പോൾ കൊണ്ടതെന്റെ ഹൃദയത്തിലാണ്….

“എനിക്ക് മനസ്സിലാകും അച്ഛനെ എന്നാലും”

“സാരമില്ല മോളേ അച്ഛൻ കാലു പിടിച്ചിട്ടായാലും ഈ വിവാഹം നടത്തും”

പ്രായം തികഞ്ഞയൊരു പെണ്ണിന്റെ പിതാവിൽ നിന്നും ഹൃദയം തകർന്ന നിലവിളി ശബ്ദമായിരുന്നു ഞാൻ കേട്ടത്…

“അതിന്റെ ആവശ്യമൊന്നുമില്ല അച്ഛാ..എനിക്കറിയാം എന്തു വേണമെന്ന്”

അച്ഛന്റെ നെഞ്ചിലെ കനലുകൾ എന്നിലേക്ക് ആവാഹിച്ച് ഞാൻ വരന്റെ പിതാവിന് നേരെ തിരിഞ്ഞു….വിവാഹച്ചടങ്ങിനു പങ്കെടുക്കാൻ എത്തിയവർ പലരും ഞെട്ടിത്തരിച്ചു നിൽക്കുകയാണ്…

“നിങ്ങൾക്കൊക്കെ പെണ്ണിന്റെ വീട്ടുകാരുടെ അവസ്ഥ മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ..പറഞ്ഞത്രയും തുക കിട്ടിയില്ലെങ്കിൽ വിവാഹം വേണ്ടെന്ന് വെക്കാൻ നിങ്ങൾക്ക് എളുപ്പത്തിൽ കഴിയും.പക്ഷേ താലിക്കായി തലകുനിച്ച് കാത്തിരുന്ന പെണ്ണിന്റെ മാനസികാവസ്ഥ നിങ്ങളൊക്കെ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?അവളുടെ വീട്ടുകാരുടെ ധർമ്മസങ്കടം കണ്ടിട്ടുണ്ടൊ”

ഹൃദയത്തിൽ നിന്ന് കണ്ണുനീർ ഉറവകളായിട്ടാണു എന്റെ വാക്കുകൾ പുറത്തേക്കൊഴുകിയത്…അയാളിൽ അപ്പോഴും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലന്നായിരുന്നു…

“കഴിവില്ലെങ്കിൽ വിവാഹം നടത്താൻ ഒരുങ്ങരുതെടീ”

“ആർക്കാടോ കഴിവില്ലാത്തത്..എന്റെ അച്ഛനാണു അതെങ്കിൽ തനിക്ക് തെറ്റിയെടോ.ആൺ മക്കൾ ഉണ്ടെന്ന് കരുതി അവരെക്കാട്ടി പെണ്ണിന്റെ വീട്ടുകാർക്ക് മുമ്പിൽ വിലപേശുന്ന തന്നെപ്പോലെയുളളവരുടെ തന്തമാരാണടോ ശരിക്കും അപമാനം”

കണ്ണിൽ നിന്നും കവിളിനെ ചുംബിച്ചിറങ്ങിയ ജലധാരയെ കൈവിരലുകൾ തടയാനൊരു പാഴ്ശ്രമം ഞാൻ നടത്തിയത് വിഫലമായിപ്പോയി….എത്രയൊക്കെ നിയന്ത്രിച്ചിട്ടും ഞാൻ പൊട്ടിക്കരഞ്ഞു പോയി…

“തനിക്കൊക്കെ വിവാഹമെന്ന് പറയുന്നത് മാർക്കറ്റിലെ വിൽപ്പനച്ചരക്ക് ആയിരിക്കും ആൺ മക്കൾ.എന്നാലെന്റെ അച്ഛനു ഞാൻ അങ്ങനെയല്ല”

“മോളേ മതി ഒന്നും പറയണ്ട”

അച്ഛൻ എന്നെ തടയാനൊന്ന് ശ്രമിച്ചു നോക്കി…

“നാലു പേർക്ക് .മുമ്പിൽ പറയണമച്ഛാ.ഇല്ലെങ്കിൽ മറ്റൊരു പെൺകുട്ടിയുടെ ജീവിതവും സ്ത്രീധനമെന്ന ശാപത്തിൽ ഉരുകിയൊലിച്ചു പോകും”

സാധാരണക്കാരനായ അച്ഛന്റെയും അമ്മയുടെയും ഏകമകളായിട്ടാണു ഞാൻ ജനിച്ചത്.ഉളളതുകൊണ്ട് സന്തോഷമായി ജീവിക്കാനാണ് അച്ഛൻ എന്നെ പഠിപ്പിച്ചത്.പണത്തിന്റെ കുറവ് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും സ്നേഹം കൊണ്ട് എന്റെ അച്ഛൻ സമ്പന്നൻ ആയിരുന്നു. ആ സ്നേഹം വാത്സല്യം അദ്ദേഹം എനിക്ക് ആവോളം നുകർന്നു തന്നിരുന്നു…

അമ്മയില്ലെങ്കിലും അച്ഛൻ ആ ദുഖം അദ്ദേഹം എന്നെ അറിയിച്ചിട്ടില്ല.പഠിച്ചൊരു നല്ലജോലി നേടി അച്ഛനെ നല്ലരീതിയിൽ പരിപാലിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.ബിരുദാനന്തര ബിരുദം നേടിയെങ്കിലും നല്ലൊരു ജോലി കിട്ടിയില്ലെന്നാണ് സത്യം…

ഓരോ ക്ലാസിലും നല്ല മാർക്ക് വാങ്ങി ജയിക്കുമ്പോഴും “എന്റെ മകൾക്ക് പഠിക്കാൻ കഴിയുന്നത്രയും അച്ഛൻ പഠിപ്പിക്കുമെന്നൊരു വാക്കായിരുന്നു എനിക്ക് ലഭിച്ച ഏറ്റവും വലിയ ഊർജ്ജം…

പഠനശേഷം കഴിയുന്നതൊക്കെ ചെയ്തു അച്ഛന്റെ കഷ്ടതകൾ മാറ്റാൻ എന്നെക്കൊണ്ട് ആകുന്നതുപോലെ ഞാൻ ചെയ്തു…

വർഷങ്ങൾ കഴിയുന്തോറും എനിക്ക് വിവാഹപ്രായം കൂടുന്നത് അച്ഛനെ അസ്വസ്ഥനാക്കിയിരുന്നു. അതു കൊണ്ടാണ് ഒടുവിൽ വന്ന ഈ ആലോചന എങ്ങനെയും നടത്തണമെന്ന് അച്ഛൻ തീരുമാനിച്ചത്.വേണ്ടെന്ന് ഞാൻ എതിർത്തെങ്കിലും അച്ഛൻ സമ്മതിച്ചില്ല..,

” വിവാഹപ്രായം കഴിയുന്ന പെണ്മക്കൾ ഏതൊരു മാതാപിതാക്കളുടെയും നെഞ്ചിലെ തീയാണ്”

അങ്ങനെ അച്ഛൻ പറഞ്ഞപ്പോൾ പിന്നീട് എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല.എടുത്താൽ പൊങ്ങാത്ത ഭാരം പോലെ അച്ഛൻ എല്ലാം എടുത്തു ചുമലിൽ വെച്ചു.ഒടുവിൽ ആ ഭാരം താങ്ങാൻ അച്ഛനു കഴിയാഞ്ഞതിന്റെ അനന്തരഫലമാണ് വിവാഹം മുടങ്ങിയത്….

ഒരിക്കലും വിവാഹം മുടങ്ങിയതിൽ എനിക്ക് സങ്കടമില്ല.മറ്റൊരാൾ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല.കാരണം ഞാൻ എന്റെ അച്ഛന്റെ മകളാണ്….

എല്ലാം കേട്ടു നിന്നവർ രണ്ടു പക്ഷം പിടിച്ചു സംസാരം തുടങ്ങി കഴിഞ്ഞു.. ‌‌

ഇതുവരെയും എല്ലാം കണ്ടിട്ടും അനങ്ങാതെ നിൽക്കുന്ന പയ്യനോട് എനിക്ക് പുച്ഛം തോന്നി….

“വിവാഹം മുടങ്ങിയത് നന്നായി. അല്ലെങ്കിൽ നിങ്ങളുടെ താലിയും വഹിച്ചു നിങ്ങളുടെ വീട്ടിലെയൊരു യന്ത്ര പ്പാവയുടെ ഭാര്യാപദവി ഞാൻ അലങ്കരിക്കേണ്ടി വന്നേനെ”

തല കുമ്പിട്ട് നിന്നിരുന്ന അയാളെ മറി കടന്ന് ഞാൻ അച്ഛന്റെ കയ്യിൽ പിടിച്ചു…

“വാ..അച്ഛാ നമുക്ക് വീട്ടിലേക്ക് പോകാം”

പാതിയിൽ അടർന്നു ഒഴുകിയ അച്ഛന്റെ കണ്ണുനീർ തുളളികൾ സാരിത്തലപ്പാൽ ഞാനൊപ്പി…

“നമുക്ക് സദ്യയൊരുക്കിയ നഷ്ടമേ വന്നിട്ടുളളൂ അച്ഛാ..ഈ വിവാഹം നടന്നിരുന്നെങ്കിൽ ഇതിലും വലിയ നഷ്ടങ്ങൾ സംഭവിക്കുമായിരുന്നു….

” സദ്യ ഏതെങ്കിലും അനാഥാലയത്തിനു നൽകാം. അവരുടെ വിശപ്പ് അടങ്ങി ആ മുഖത്ത് വിരിയുന്ന സംതൃപ്തി മതിയച്ഛാ നമുക്ക് എല്ലാ വിഷമങ്ങളും മറക്കാൻ “

“എന്നാലും നീയിതെങ്ങെനെ സഹിക്കും മോളേ”

“സാരല്യാ അച്ഛാ..അച്ഛൻ പറയാറില്ലേ എന്റെ ചെറുപ്പത്തിൽ അങ്ങ് ദൂരെ നിന്നൊരു വെളളക്കുതിരയിൽ എനിക്കൊരു രാജകുമാരൻ വരുമെന്ന്.. ആ രാജകുമാരൻ എന്നെങ്കിലും വരും അച്ഛാ….

എന്നെയും എന്റെ അച്ഛനെയും മനസ്സിലാക്കുന്നൊരു രാജകുമാരൻ വരുമായിരിക്കും….

ഇനി വന്നില്ലെങ്കിലും എനിക്ക് പ്രശ്നമില്ല.. എനിക്കെന്റെ അച്ഛന്റെ മോളായി ജീവിച്ചാൽ മതി…..

എന്റെ അച്ഛനെ ചേർത്തു പിടിച്ചു അഭിമാനത്തോടെ മണ്ഡപത്തിൻ നിന്നും പുറത്തേക്കിറങ്ങി

Related Posts

Leave a Reply

Your email address will not be published. Required fields are marked *