നിങ്ങൾ എത്ര കോമഡിപടമെടുത്താലും സമൂഹത്തിന്റെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്തു എന്ന് പറയാൻ കഴിയുമോ…..

സംവിധായകൻ

എഴുത്ത് :ഭാഗ്യലക്ഷ്മി. കെ. സി

നിങ്ങൾക്ക് സമൂഹത്തിനോട് എന്ത് പ്രതിബദ്ധതയാണുള്ളത്?

നിങ്ങൾ എത്ര കോമഡിപടമെടുത്താലും സമൂഹത്തിന്റെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്തു എന്ന് പറയാൻ കഴിയുമോ?

ചോദ്യം കേട്ട അയാൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ പതുക്കെ പറഞ്ഞുതുടങ്ങി:

എന്റെ സിനിമകൾ പൂർണ്ണമായും എന്റ൪ടെയിന്മെന്റിനുവേണ്ടി എടുക്കുന്നത് തന്നെയാണ്. സാമ്പത്തികലാഭം തന്നെയാണ് എന്റെയും ലക്ഷ്യം. പക്ഷേ ഞാനതിനിടയ്ക്ക് എന്നാൽ കഴിയുന്ന തരത്തിലുള്ള എളിയ സഹായങ്ങൾ സമൂഹത്തിന് നൽകാറുണ്ട്.

എങ്ങനെ?

അത്‌ കണ്ടുപിടിക്കേണ്ട ചുമതല നിങ്ങളുടേതാണ്. എന്റെ സമയം തത്കാലം കഴിഞ്ഞിരിക്കുന്നു. ഷൂട്ട് തുടങ്ങാൻ നേരമായി. ഇതിനുള്ള ഉത്തരം വിശദമായി അടുത്ത അവസരത്തിൽ പറയാം.

ജേണലിസ്റ്റ് പോകാൻ എഴുന്നേറ്റു. സംവിധായകൻ ആക്ഷൻ കട്ട് പറയുന്ന തൊക്കെ ഒന്നുകൂടി നോക്കിനിന്ന് അയാൾ തന്റെ ക൪ത്തവ്യങ്ങളിലേക്ക് യാത്രയായി.

പിന്നീട് പലപ്പോഴും ആ സംവിധായകന്റെ സമൂഹവുമായുള്ള ബന്ധം ചികയാൻ അവൻ പരിശ്രമിച്ചെങ്കിലും യാതൊരു വിവരവും കണ്ടെത്താൻ കഴിഞ്ഞില്ല. അയാളെക്കുറിച്ച് എഴുതിയ ലേഖനം അപൂ൪ണ്ണമായതുപോലെ അവന് തോന്നി. പൂർണ്ണമായ തൃപ്തി കിട്ടി മാത്രമേ എന്തും പ്രസിദ്ധീകരിക്കാൻ കൊടുക്കാറുള്ളൂ. കൂടുതൽ അന്വേഷിക്കാൻതന്നെ അവൻ തീരുമാനിച്ചു.

ആ അന്വേഷണമാണ് അവന് മുന്നിൽ ആ സംവിധായകന്റെ ജീവിതചര്യകളും ജീവിത വീക്ഷണങ്ങളും ന൪മ്മരസം തുളുമ്പുന്ന അനുഭവമുഹൂ൪ത്തങ്ങളും എഴുതിയ ലേഖനത്തോടൊപ്പം ചേർക്കാൻ പുതിയ ചില വിസ്മയകരമായ കാര്യങ്ങൾ വെളിപ്പെടാൻ ഇടയാക്കിയത്.

ലേഖനമിറങ്ങിയ ഉടൻ സംവിധായകൻ ആ‌ ജേണലിസ്റ്റിനെ വിളിച്ചു.

എടാ, ഉവ്വേ, നീയെന്തൊക്കെയാ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? അവരൊക്കെ ഇന്നത്തെ വലിയ താരങ്ങളാ…

അതുകൊണ്ടെന്താ? സാറിന്റെ പടത്തിലൂടെയല്ലേ അവ൪ സിനിമയിൽ മുഖം കാണിച്ചത്?

എന്നാലും…

ജീവിക്കാൻ നിവൃത്തിയില്ലാത്ത കലാകാരന്മാരെ കണ്ടെത്തി അവ൪ക്ക് താനെടുക്കുന്ന ഓരോ പുതിയ സിനിമയിലും ഒരവസരം കൊടുത്ത് ജീവിതമാർഗ്ഗം കാണിച്ചുകൊടുക്കുന്നത് അങ്ങയെപ്പോലൊരു മഹാനായ സംവിധായകന് മാത്രം സാധിക്കുന്ന കാര്യമാണ്. അത് തന്നെയല്ലേ അന്ന് പറഞ്ഞ സാമൂഹ്യ പ്രതിബദ്ധത..?

അത്.. ഞാൻ.. അന്ന്.. തന്നയൊന്ന് ഒഴിവാക്കാൻ വെറുതേ…

ആ ഒരൊറ്റ വാക്കിലാണ് ഞാനിത്രയും അന്വേഷണം നടത്തിയത്. സ൪ കയറ്റിവിട്ട എത്രപേരാണ് ഇന്ന് മലയാളസിനിമ അടക്കിവാഴുന്നത്..

അതൊക്കെ അവരുടെ കഴിവും കഠിനപ്രയത്നവുമാണെടോ… അല്ലാതെ ഞാൻ കാരണമൊന്നുമല്ല.

അങ്ങനെയെങ്കിൽ സ൪ പറയൂ, ഇപ്പോഴും ഓരോ സിനിമ എടുക്കുമ്പോഴും ഒരു കഥാപാത്രം പുതുമുഖം തന്നെ ചെയ്യണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന്…

അവരെ തിരഞ്ഞെടുക്കുമ്പോൾ ദാരിദ്ര്യമുള്ളവന് ഒരു ചെറിയ പ്രിഫറൻസ് സ൪ കൊടുക്കാറുണ്ട് എന്നത് വാസ്തവമല്ലേ? സാറിന്റെ കുട്ടിക്കാലവും അച്ഛന്റെ മരണത്തോടെ ഏതാണ്ട് ദാരിദ്ര്യത്തിലായിരുന്നു അല്ലേ?

ഹഹഹ.. താൻ നന്നായി വ൪ക്ക് ചെയ്തിട്ടുണ്ടല്ലേ..?

ഹഹ.. സ൪ ചെയ്യുന്ന തൊഴിലിൽ സ൪ വെള്ളം ചേർക്കാറില്ലല്ലോ… ഞാനും അതുപോലെ തന്നെയാണ്..

അപ്പോ, ശരി.. കാണാം.

കാണാം, സ൪..

Related Posts

Leave a Reply

Your email address will not be published. Required fields are marked *