നിനക്ക് ഞാൻ ഒരാഴ്ച്ച സമയം തരാം, ആ ഒരാഴ്ച്ച നിനക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം. അത് കഴിഞ്ഞ് നിനക്ക് തീരുമാനിക്കാം ഞാനും മക്കളും അടങ്ങുന്ന, നിന്റെ ഭാഷയിൽ പറഞ്ഞാൽ…

Story written by Shaan Kabeer

“നിനക്ക് ഞാൻ ഒരാഴ്ച്ച സമയം തരാം, ആ ഒരാഴ്ച്ച നിനക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം. അത് കഴിഞ്ഞ് നിനക്ക് തീരുമാനിക്കാം ഞാനും മക്കളും അടങ്ങുന്ന, നിന്റെ ഭാഷയിൽ പറഞ്ഞാൽ…, നാല് ചുവരുകൾക്കുള്ളിലെ നീ സ്വാതന്ത്ര്യമില്ലാതെ വിങ്ങി ഞെരുങ്ങി ജീവിക്കുന്ന നമ്മുടെ വീടെന്നെ തടവറയിലേക്ക് തിരിച്ച് വരണോ വേണ്ടയോ എന്ന്”

ഷാൻ പറയുന്നത് കേട്ടപ്പോൾ ഷാഹിനയൊന്ന് അമ്പരന്നു

“ഇങ്ങളെന്താ ഇങ്ങനെയൊക്കെ പറയുന്നേ…? എന്നെ പറക്കാൻ വിട്ട് നൈസായി എന്നെ ഒഴിവാക്കാനുള്ള പരിപാടിയാണോ…?”

ഷാൻ അവളെ നോക്കി

“നിന്നെ കെട്ടിയ അന്നുതൊട്ട് കേൾക്കാൻ തുടങ്ങിയ പരാധിയാണ്, സ്വാതന്ത്ര്യം തരുന്നില്ല, വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക്ക് പറഞ്ഞയക്കുന്നില്ല, അടുക്കളയിൽ ഇങ്ങനെ എരിഞ്ഞ് തീരും എല്ലാ ഭാര്യമാരുടേയും ജീവിതം, ആണുങ്ങൾക്ക് എന്തും ആവാലോ, ആണുങ്ങളെ പോലെ ഒരുപാട് യാത്രകൾ ചെയ്യാൻ ഞങ്ങൾ പെണ്ണുങ്ങൾക്കും ആഗ്രഹമുണ്ട് അതിന് തടസ്സം അല്പന്മാരായ ഭർത്താക്കന്മാരാണ് എന്നൊക്കെ”

ഒന്ന് നിറുത്തിയിട്ട് ഷാൻ കബീർ തന്റെ മക്കളെ ചേർത്ത് പിടിച്ചിട്ട് ഷാഹിനയെ നോക്കി

“മക്കളെ ഞാൻ നോക്കാം”

ഷാഹിന ഷാനിനെ നോക്കി

“എനിക്കങ്ങനെ എന്റെ മക്കളേം ഇങ്ങളേം വിട്ടിട്ട് എവിടേം പോവേണ്ട ഇക്കാ”

പെട്ടെന്ന് ഷാനിന്റെ മുഖം ചുവന്ന് തുടിച്ചു

“ന്നാ പിന്നെ കൂടുതൽ ചിലക്കാതെ അടങ്ങി ഒതുങ്ങി ഇവിടെ നിന്നോണം. ഇനിയെങ്ങാനും നിന്റെ വായീന്ന് പരാതിയോ പരിഭവമോ കേട്ടാൽ അടിച്ച് നിന്റെ പല്ല് ഞാൻ താഴെയിടും”

ഷാൻ പറഞ്ഞത് ഞെട്ടലോടെ ആയിരുന്നു ഷാഹിന കേട്ടത്. തനിക്ക് തീരെ മര്യാദ തരാതെ ഒരു അടിമയെപ്പോലെ കണ്ട് ഷാൻ സംസാരിക്കുന്നത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ തുളുമ്പി

“അതെന്താ ഇക്കാ, എനിക്ക് ഇങ്ങളെ മുന്നിൽ ഒരു സ്ഥാനോം ഇല്ലേ…? ഞാനാരാ ഇങ്ങളെ…? ഒരു പരാതിയോ പരിഭവമോ പോലും നിങ്ങളോട് പറയാൻ എനിക്ക് അവകാശമില്ലേ…? ഞാൻ ഈ വീട്ടിൽ വെറും അടിമയാണോ…?”

ഷാഹിന പറഞ്ഞ് തീർത്തതും ദേഷ്യം കൊണ്ട് വിറച്ച് ഷാൻ അവൾക്ക് നേരെ കയ്യോങ്ങി

“തുടങ്ങി അവൾ, എടീ ******* മോളേ… നിന്നോടല്ലേ ഞാൻ പറഞ്ഞേ ഒരാഴ്ച്ച നിന്റെ ഇഷ്ടത്തിന് ജീവിച്ചിട്ട് ഒരു തീരുമാനം എടുക്കാൻ. അല്ലാതെ ഈ പിറുപിറുക്കൽ ഈ വീട്ടിൽ ഇനി പറ്റൂല”

അതുവരെ നിറക്കണ്ണുകളോടെ നിന്നിരുന്ന ഷാഹിന പെട്ടെന്ന് തന്റെ കണ്ണീർ കൈകൊണ്ട് തുടച്ചുമാറ്റി ഷാനിനെ നോക്കി

“ഓക്കേ, ഒരാഴ്ച്ച ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും. എന്നിട്ട് ഞാനെന്റെ തീരുമാനം പറയും”

ഷാഹിനയുടെ മറുപടി ഷാനിൽ ഞെട്ടലുണ്ടാക്കി എങ്കിലും അവനത് പുറത്ത് കാണിച്ചില്ല. ഷാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല അവൾ ഇങ്ങനെയൊരു തീരുമാനം എടുക്കുമെന്ന്. അവളെ അടക്കി നിർത്താൻ ഷാൻ ഉപയോഗിച്ച ഒരു തന്ത്രം മാത്രമായിരുന്നു അത്. പക്ഷേ ഭാര്യക്ക് മുന്നിൽ തോറ്റ് കൊടുക്കാൻ ഷാൻ തയ്യാറായില്ല

“ഓക്കേ, നാളെ മുതൽ ഒരാഴ്ച്ച സമയം ഞാൻ നിനക്ക് തരും. ആ ഒരാഴ്ച്ച കഴിഞ്ഞും എന്റെ കൂടെ ജീവിക്കണം എന്നാണ് നിന്റെ ആഗ്രഹം എങ്കിൽ നിന്റെ വായിൽ നിന്ന് ഇതുപോലുള്ള പരാതി ഞാൻ കേൾക്കാൻ പാടില്ല. അതല്ലങ്കിൽ നിനക്ക് നിന്റെ വഴി തിരഞ്ഞെടുക്കാം”

ഷാനിന ഒന്ന് പുഞ്ചിരിച്ച് അടുക്കളയിലേക്ക് പോയി…

അടുത്ത ദിവസം…

എന്താണ്‌ ഇന്നുമുതൽ ഒരാഴ്ച്ച ഷാഹിന ചെയ്യാൻ പോകുന്നത് എന്ന് ഒളിച്ചും പാത്തും ഷാൻ വീക്ഷിച്ച് കൊണ്ടിരുന്നു. പക്ഷേ അവൾ എന്നത്തേയും പോലെ വീട്ടിലെ പണികളൊക്കെ തീർത്ത് ഭക്ഷണം കഴിച്ച് കുട്ടികളെ ഉറക്കി കൂടെ അവളും കിടന്നുറങ്ങി.

പിറ്റേദിവസം ഇതുതന്നെ റിപീറ്റ് ചെയ്തു… ഷാൻ ഒന്നും മനസിലാകാതെ അന്തംവിട്ട് നിന്നു. ഷാഹിന പതിവിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് ഷാൻ വീക്ഷിച്ചു. ഇല്ല!!! ആദ്യം എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും.

“പിന്നെന്തിനാണ് ഇവൾ എന്റെ ഒരാഴ്ച്ച ചലഞ്ച് ഏറ്റെടുത്തത്….?”

ഷാൻ തല പുകച്ചു. അങ്ങനെ മൂന്നും നാലും ദിവസങ്ങൾ കടഞ്ഞുപോയി. ഇതുവരെ ഷാഹിന പ്രത്യേകിച്ച് ഒന്നും ചെയ്യുന്നത് ഷാൻ കണ്ടില്ല. താൻ ഇട്ടിട്ട് പോവും എന്ന് പേടിച്ചിട്ടാണ് അവൾ ഒന്നും ചെയ്യാത്തത് എന്ന് ഷാനിലെ ആണത്വം അഭിമാനത്തോടെ അഹങ്കരിച്ചു.

അങ്ങനെ നാളെയാണ് ചലഞ്ച് അവസാനിക്കുന്നത്. അന്ന് ഉച്ചക്ക് ഷാഹിന ഷാനിന്റെ അടുത്തുപോയിരുന്നു

“ഇക്കാ, ഇന്ന് വൈകുന്നേരം നമുക്ക് കുട്ടികളേം കൂട്ടി ബീച്ചിൽ പോവാം…”

ഷാനിന് ഒന്നും മനസിലായില്ല. അവൻ പോവാം എന്ന അർഥത്തിൽ തലയാട്ടി. ആ സമയം അവളുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം കണ്ടു ഷാൻ.

അന്ന് വൈകുന്നേരം മക്കളേം കൂട്ടി രണ്ടുപേരും ബീച്ചിൽ പോയി. അവിടെ കുറേ സമയം ചിലവഴിച്ചു. കടലിൽ മക്കളോടൊപ്പം കളിക്കുന്ന ഷാഹിനയെ ഷാൻ കണ്ണിമവെട്ടാതെ നോക്കി നിന്നു. നല്ലൊരു റെസ്റ്റോറന്റിൽ പോയി ഫുഡ്‌ കഴിച്ചു. ഒടുവിൽ ഒരു സെക്കന്റ് ഷോ സിനിമയും കണ്ടാണ് അവർ അന്ന് തിരിച്ച് വീട്ടിൽ വന്നത്. നല്ല ക്ഷീണം കാരണം വീട്ടിലെത്തിയ ഉടൻ എല്ലാവരും കിടന്നുറങ്ങി.

പിറ്റേ ദിവസം…

അടുക്കളയിൽ കുട്ടികൾക്ക് സ്കൂളിൽ കൊണ്ടുപോകാനുള്ള ഫുഡ്‌ റെഡിയാക്കുന്ന ഷാഹിനയുടെ അടുത്തേക്ക് പോയി ഷാൻ അവളെ നോക്കി

“ഷാഹീ, നമ്മുടെ ചലഞ്ച് ഇന്ന് തീർന്നു…”

ഷാഹിന ഷാനിനെ നോക്കി പുഞ്ചിരിച്ചു

“ആ…”

“അല്ല ഷാഹീ, നീയെന്താ നിനക്ക് ഇഷ്ടമുള്ള പോലെ ആ ഒരാഴ്ച്ച ഉപയോഗിക്കാഞ്ഞേ…?”

ഷാനിനെ നോക്കി അവൾ പുഞ്ചിരിച്ചു

“എന്റെ ഇഷ്ടങ്ങളാണല്ലോ ഞാൻ ആ ഒരാഴ്ച്ച ചെയ്തത്. അത് ഇക്കാക്ക് എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് മനസിലാകുന്നില്ലേ…?”

“അല്ല… നീ… അതിന് പ്രത്യേകിച്ച് എന്താ ചെയ്തേ…?”

അവൾ സന്തോഷത്തോടെ ഷാനിന്റെ കണ്ണിലേക്ക് നോക്കി

“നമ്മുടെ ചലഞ്ചിന്റെ അവസാന ദിവസം ഇക്ക ഞങ്ങളേം കൂട്ടി ബീച്ചിലൊക്കെ പോയി ഒരുപാട് കറങ്ങിയില്ലേ… അങ്ങനെ ഒരു ദിവസം എനിക്കും കുട്ടികൾക്കും വേണ്ടി മാസത്തിൽ ഒരിക്കലെങ്കിലും ഇക്ക മാറ്റിവെച്ചാൽ മതി, ഈ ഞാൻ ഹാപ്പിയാണ്”

പെട്ടെന്ന് ഷാഹിനയുടെ കണ്ണ് നിറഞ്ഞ് തുളുമ്പി

“കല്യാണം കഴിഞ്ഞ ഉടനേ ഇങ്ങക്ക് ഇതിനൊക്കെ സമയം ഉണ്ടായിരുന്നു. പിന്നെ… പിന്നെ… ഇങ്ങക്ക് എപ്പോഴും തിരക്കാവാൻ തുടങ്ങി… എന്നോട് സംസാരിക്കാൻ പോലും ഇങ്ങക്ക് സമയം ഇല്ലാണ്ടായി”

തന്റെ ഷാളിന്റെ ഒരറ്റം കൊണ്ട് കണ്ണുനീർ തുടച്ചുമാറ്റി അവൾ ഷാനിനെ നോക്കി

“കൂട്ടുകാരുടെ കൂടെ ട്രിപ്പ് പോകാനൊക്കെ ഇങ്ങക്ക് ടൈം ഉണ്ട്… പക്ഷേ, ഇങ്ങള് പല ദിവസങ്ങളിലും ഞാൻ ഉറങ്ങിയതിന് ശേഷമാണ് വീട്ടിലേക്ക് വരാറ് പോലും. കല്യാണം കഴിഞ്ഞ ഉടനേ ഇങ്ങളെ അടുത്തു നിന്ന് കിട്ടിയിരുന്ന സ്നേഹവും പരിഗണനയും രണ്ട് കുട്ടികളുടെ ഉമ്മ ആയപ്പോൾ എനിക്ക് കിട്ടാതായപ്പോൾ എനിക്കതങ്ങ് ഉൾകൊള്ളാൻ പറ്റണില്ല ഇക്കാ, അതാ ഇങ്ങനെ ഓരോന്ന് പറഞ്ഞ് തല്ല് കൂടുന്നെ…”

ഇതും പറഞ്ഞ് ഷാഹിന ഷാനിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു

“ഇൻക്ക് ഇങ്ങളും കുട്ടികളും അല്ലാതെ വേറെ ആരും ഇല്ലക്കാ…”

ഷാൻ അവളെ ചേർത്ത് പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു… അവന്റെ കണ്ണും നിറഞ്ഞിട്ടുണ്ടായിരുന്നു അപ്പോൾ… ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *