നിഷ്കളങ്കത തുളുമ്പിയ അവന്റെ മറുപടിയിൽ ഞാൻ മിഴിച്ചു നിൽക്കു മ്പോഴായിരുന്നു, ആശാൻ കടയിലേക്ക് കയറിവന്നത്….

Story written by Saran Prakash

”നീയെന്താ രവിയേട്ടന് പഠിക്കാ??”

മുടിവെട്ടുകടയിലെ ആ വലിയ കണ്ണാടിക്ക് മുൻപിലിരുന്നു, വലത്തോട്ട് ചാഞ്ഞു കിടന്നിരുന്ന മുടിയിഴകൾ ഇടത്തോട്ട് ചീകിയിടാൻ ശ്രമിക്കുമ്പോഴായിരുന്നു, നാന വായിച്ചുകൊണ്ടിരുന്ന ആശാൻ ഇടംകണ്ണാൽ എന്നെ നോക്കി ചോദിച്ചത്….

രവിയേട്ടൻ…

ആ പേര് കേൾക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരനുഭൂതിയായിരുന്നു…

ഓർമ്മവെച്ച കാലം മുതൽ മനസ്സിൽ കയറിക്കൂടിയതാണ് രവിയേട്ടൻ…

കാതടപ്പിക്കുന്ന ശബ്ദവുമായി തന്റെ ബുള്ളറ്റിൽ ചീറിപ്പായുന്ന രവിയേട്ടനെ കണ്ണെടുക്കാതെ ഞാൻ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്…

മുണ്ടു മടക്കി കുത്തി, മീശപിരിച്ചുവരുമ്പോഴുള്ള രവിയേട്ടന്റെ പ്രൗഢിയിൽ മനം മയങ്ങിയിട്ടുണ്ട്…

ജീവിതത്തിൽ ആരെപോലെയാകണം എന്ന ചോദ്യത്തിന് എന്റെയുത്തരമെന്നും ആ പേര് മാത്രമായിരുന്നു…

”രവിയേട്ടൻ..”

മുണ്ടുമടക്കി കുത്തിയും, പൊടിമീശ പിരിച്ചും, ഉറക്കെ ചിരിക്കാൻ ശ്രമിച്ചും, രവിയേട്ടനിലെ ആ പ്രൗഢി എന്നിലേക്കും ആവാഹിച്ചെടുക്കാനായി ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്….

ആശാൻ പറഞ്ഞതുപോലെ, ഒതുക്കമില്ലാത്ത എന്റെ ഈ മുടിയിഴകളെ ഇടത്തോട്ട് ചീകിയിടാൻ ശ്രമിച്ചതും, രവിയേട്ടനെ അനുകരിക്കുന്നതിന്റെ ഭാഗമായിരുന്നു….

പക്ഷേ,,

”പാടത്തുവെക്കണ കോലം പോലെയുണ്ട്..”

കുളിച്ചൊരുങ്ങി, മുടി ചീകി, മീശപിരിച്ച് കണ്ണാടിക്ക് മുൻപിൽ നിന്നിരുന്ന എന്നെ നോക്കിയുള്ള ആദ്യത്തെ പരിഹാസം അനിയത്തികുട്ടിയുടെ വകയായിരുന്നു….

”കാക്ക കുളിച്ചാൽ കൊക്കാവില്ല…”

അവളിൽ നിന്നും അമ്മയത് ഏറ്റുപിടിച്ചതോടെ, എന്റെ കുറവുകൾ ഞാൻ അറിയുകയായിരുന്നു….

അനുസരണയില്ലാത്ത എന്റെ മുടിയിഴകളെ ഞാൻ പിന്നീട് വെറുത്തുതുടങ്ങി… നിറം കുറഞ്ഞ എന്റെ മുഖം നോക്കി, സ്വയം പഴിച്ചുതുടങ്ങി….

ഏഴു ജന്മമെടുത്താലും, രവിയേട്ടനെ പോലെയാകാൻ കഴിയില്ലെ ന്നറിഞ്ഞെങ്കിലും, മനസ്സിൽ രവിയേട്ടൻ എന്നത് ഒരു വികാരമായി തന്നെ നിലകൊണ്ടിരുന്നു…

ജീവിക്കുന്നെങ്കിൽ, രവിയേട്ടനെ പോലെ ജീവിക്കണം…!!!

”മുടിയെങ്ങനാ വെട്ടണ്ടേ??”

മുൻപിലെ കസേരയിലിരിക്കുന്ന അയലത്തുകാരൻ ചന്തുവിന്റെ മുടിയിഴകളിൽ തലോടി ഞാൻ ചോദിക്കുമ്പോൾ, തന്നെ മാത്രമെന്താ കസേരക്കുമുകളിൽ പലകയിലിരുത്തിയതെന്ന നിഗൂഢമായ സംശയത്തിനുത്തരം തേടുക യായിരുന്നവൻ…

പുരികമുയർത്തി കണ്ണുകൊണ്ടു ഞാൻ ആ ചോദ്യം വീണ്ടുമാവർത്തിക്കുമ്പോൾ, എന്റെ നെറുകയിലേക്ക് എത്തിച്ചുനോക്കി അവൻ പറഞ്ഞു…

”ചേട്ടനെ പോലെ…”

കുട്ടിത്തം വിട്ടുമാറാത്ത ആ ഏഴുവയസ്സുകാരന്റെ നിഷ്കളങ്കതയിൽ എന്നിലൊരു ചെറുപുഞ്ചിരിയുണർന്നു…

രവിയേട്ടനെ പോലെ ഇടത്തോട്ട് ചീകിയിടുന്ന മുടിയിഴകൾക്കാണു സൗന്ദര്യമെന്ന് പറഞ്ഞെങ്കിലും, തന്റെ കുഞ്ഞിക്കണ്ണുകളിറുക്കി അവനെന്റെ വാക്കിനെ എതിർത്തു…

”അമ്മുവേച്ചി പറഞ്ഞിട്ടുണ്ട്… മുടി വെട്ടുമ്പോൾ ചേട്ടനെ പോലെ വെട്ടണമെന്ന്…”

നിഷ്കളങ്കത തുളുമ്പിയ അവന്റെ മറുപടിയിൽ ഞാൻ മിഴിച്ചു നിൽക്കു മ്പോഴായിരുന്നു, ആശാൻ കടയിലേക്ക് കയറിവന്നത്….

”വേറെന്തൊക്കെ പറഞ്ഞിട്ടുണ്ട് നിന്റെ അമ്മുവേച്ചി??”

കള്ള ചിരിയോടെയുള്ള ആശാന്റെ ആ ചോദ്യത്തിന്, ഒരു ചെറുകഥയെന്നപോലെ അവൻ മറുപടിയേകി….

”ജീവിക്കുന്നെങ്കിൽ കണ്ണേട്ടനെ പോലെ ജീവിക്കണം… ആർക്കുമുൻപിലും തലകുനിക്കാതെ, സ്വന്തമായി അധ്വാനിച്ചുണ്ണുന്നവൻ… സഹായത്തിനായി കേഴുന്നവർക്ക് മുൻപിൽ, സഹായഹസ്തങ്ങൾ നീട്ടുന്ന കരുണയുള്ളവൻ… വീട്ടിലെ പൂച്ചകുഞ്ഞങ്ങളെ പോലും, മനുഷ്യനോടെന്ന പോലെ സ്നേഹിക്കാൻ കഴിയുന്നവൻ….”

ചേച്ചി പകർന്നു നൽകിയ ആ കഥ അവൻ പങ്കുവെക്കുമ്പോൾ, ഞാൻ ഓർക്കുകയായിരുന്നു… പലപ്പോഴും കണ്ണിമ ചിമ്മാതെ അമ്മുവെന്നെ നോക്കിനിന്നിരുന്നത്… ഒരുപക്ഷേ പരിഹാസങ്ങൾ മാത്രം ഏറ്റുവാങ്ങി ജീവിച്ചതിനാലാകാം, ആ കണ്ണുകളും എന്നെ പരിഹസിക്കുകയായിരുന്നെന്ന തോന്നൽ ഉളവെടുത്തത്..

പക്ഷേ, ആ കണ്ണുകൾ നോക്കി കാണുകയായിരുന്നു… ഞാൻ പോലുമറിയാത്ത എന്നിലെ ‘എന്നെ’…

കണ്ണാടിയിലെ അനുസരണയില്ലാത്ത എന്റെ മുടിയിഴകളിലേക്ക് ഞാൻ പതിയെ തലയുയർത്തിനോക്കി….

ഇന്നുവരെ ആരിലും കാണാത്തൊരു സൗന്ദര്യം ഒതുക്കമില്ലാത്ത എന്റെ മുടിയിഴകളിൽ ഞാൻ ആ നിമിഷം കാണുന്നുണ്ടായിരുന്നു….

നിറംകുറവെന്ന് തോന്നിയ മുഖത്തിപ്പോൾ, പത്തരമാറ്റ് പൊന്നിന്റെ തിളക്കമുണ്ട്… കിളിർത്തുവരുന്ന പൊടിമീശ ആ തിളക്കത്തിന് മാറ്റേകുന്നുണ്ട്…

പുറത്തേ വഴിയിലൂടെ, രവിയേട്ടന്റെ കാതടപ്പിക്കുന്ന ബുള്ളറ്റിന്റെ മുഴക്കമുയർന്നുകേൾക്കാം….

പക്ഷേ ഇന്നെന്റെ കണ്ണുകൾ ആ മുഴക്കത്തിന് പുറകെ പായുന്നില്ല… പകരം അതിൽ നിറയെ ഞാനാണ്… ഇന്നുവരെ കാണാതിരുന്ന, തിരിച്ചറിയാതിരുന്ന എന്നിലെ ഞാൻ….

അല്ലേലും, നമ്മളെങ്ങനെയാണല്ലോ… നമ്മുടെ കുറവുകളെ സ്വയം പഴിച്ച്, മറ്റുള്ളവന്റെ കഴിവുകളിൽ അനുഭൂതികൊള്ളുന്നവർ…

പക്ഷേ ഓർക്കുക… നമ്മളിലെ നന്മയെ അനുകരിക്കാനും, ആരൊക്കെയോ നമുക്ക് ചുറ്റുമുണ്ട്…. നമ്മളറിയാതെ അവർ നമ്മെ അനുകരിക്കുന്നുമുണ്ട്….

”അമ്മുവേച്ചി പറഞ്ഞത് ശരിയാ…”

മുടിവെട്ടിയെഴുന്നേറ്റ ചന്തു, കണ്ണാടിയിൽ തന്റെ മുഖം നോക്കി ഒരു ചെറു പുഞ്ചിരിയോടെ പറയവേ, പൊരുളറിയാതെ ഞാനവനെ വീണ്ടും മിഴിച്ചു നോക്കുമ്പോൾ, ആ ചെറുകഥക്കൊടുവിൽ അമ്മു അവന്റെ കാതിലോതിയത്, ആ കണ്ണുകളിൽ ഞാൻ അറിയുന്നുണ്ടായിരുന്നു…

”ചീകിയാൽ ഒതുങ്ങാത്ത മുടിയിഴകൾക്കും, ഒരു പ്രത്യേക ചന്തമൊക്കെയുണ്ട്…”

ശുഭം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *