നിൻ്റെ മോളെ നീ പ്രത്യേകം ശ്രദ്ധിച്ചോണേ പ്രായമായ പെൺ കൊച്ചാണവള് ഗിരീഷിന്. എന്തൊക്കെ ആയാലും ഗീതു മോള് അന്യ ഒരുത്തിയാണ് .അയാളുടെ മനസ്സിൽ……..

Story written by Saji Thaiparambu

എന്നെ അദ്ദേഹം വിവാഹം കഴിക്കുമ്പോൾ, എനിക്ക് പതിനാല് വയസ്സുള്ള മകളുണ്ടായിരുന്നു

അദ്ദേഹത്തിൻ്റേത് പക്ഷേ ആദ്യവിവാഹമായിരുന്നു അത് കൊണ്ട് തന്നെ കുടുംബത്തിൽ പലർക്കും ഗിരീഷ്, എന്നെ വിവാഹം കഴിച്ചതിൽ സന്ദേഹമുണ്ടായിരുന്നു

ദേവീ,, നിൻ്റെ മോളെ നീ പ്രത്യേകം ശ്രദ്ധിച്ചോണേ ,, പ്രായമായ പെൺ കൊച്ചാണവള് , ഗിരീഷിന് ,.എന്തൊക്കെ ആയാലും, ഗീതു മോള് അന്യ ഒരുത്തിയാണ് ,.അയാളുടെ മനസ്സിൽ, വേണ്ടാത്ത തോന്നലുകളുണ്ടാകാൻ അധിക നേരമൊന്നും വേണ്ടാ, അത് കൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളു,
ഇപ്പോഴത്തെ കാലത്ത് ആരെയും അങ്ങനെ വിശ്വസിച്ചൂടാ കുട്ടീ.,

അമ്മായി എൻ്റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോൾ, അത് വരെ ഇല്ലാതിരുന്ന ആശങ്ക എന്നെ വിഴുങ്ങിക്കളഞ്ഞു.

എങ്കിൽ ഗീതുമോള് തല്ക്കാലം ഇവിടെ നിന്നോട്ടെ, ദേവീ ,,, വെറുതെയെന്തിനാ ഒരു ചാൻസ് എടുക്കുന്നത്?

ഏട്ടത്തിയുടേതായിരുന്നു ആ അഭിപ്രായം ,വേദനയോടെ ആയിരുന്നെങ്കിലും മോളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ ഞാൻ തല കുലുക്കി

ഗിരീഷിനോടൊപ്പം കാറിൽ കയറുമ്പോൾ മോളെ ഒരിക്കൽ കൂടി കാണാനായി ഞാൻ തിരിഞ്ഞ് നോക്കിയെങ്കിലും ,സങ്കടം കൊണ്ടാവാം അവൾ അകത്തേയ്ക്ക് മറഞ്ഞിരുന്നു

ഗിരീഷിൻ്റെ വീട്ടിൽ അദ്ദേഹത്തെ കൂടാതെ പ്രായമായ അമ്മ മാത്ര മാണുണ്ടായിരുന്നത്, മൂത്ത രണ്ട് സഹോദരിമാരും വിവാഹിതരായി അവരുടെ ഭർത്താവിൻ്റെ വീട്ടിലായിരുന്നു താമസം

വിവാഹത്തിന് ഒരാഴ്ച മുൻപേ വന്ന സഹോദരിമാരൊക്കെ കല്യാണ പിറ്റേന്ന് തന്നെ തിരിച്ച് പോകാനുള്ള ഒരുക്കത്തിലായിരുന്നു

ഒരാഴ്ച കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ ?

ഒരു ഫോർമാലിറ്റിക്ക് വേണ്ടി ,വെറുതെ ഞാനവരോട് ചോദിച്ചെങ്കിലും, എല്ലാവരെയും പറഞ്ഞ് വിട്ടിട്ട് ഗിരീഷിനോട്കു.റച്ച് നേരം ഉള്ള് തുറന്ന് സംസാരിക്കണമെന്നായിരുന്നു മനസ്സിലെ ആഗ്രഹം

അപ്പോഴേയ്ക്കും ഗിരീഷ്, അവരെ ബസ് സ്റ്റോപ്പിലേയ്ക്ക് കൊണ്ട് വിടാനായി കാറിൻ്റെ കീയുമെടുത്തോണ്ട് ഇറങ്ങി വന്നു

ങ്ഹാ ഇന്ദിരേച്ചീ ,, അനുമോളുടെ ടി സി ,നാളെ തന്നെ വാങ്ങി വച്ചേക്കണേ, ദേവിയുമായി നാളെ കഴിഞ്ഞ് ഞാനങ്ങോട്ട് വരാം ,അടുത്തയാഴ്ചയല്ലേ സ്കൂള് തുറക്കു ,ഇവിടുത്തെ ഹെഡ്മാസ്റ്ററോട് അഡ്മിഷൻ്റെ കാര്യമെല്ലാം ഞാൻ സംസാരിച്ച് ഉറപ്പിച്ചിട്ടുണ്ട്

ഓഹ് ,അങ്ങനെയാവട്ടെ ,, എല്ലാം നിൻറിഷ്ടം പോലെ

ഗിരീഷ് അവരുമായി പോയപ്പോഴും എൻ്റെ മനസ്സിൽ നിറയെ സംശയമായിരുന്നു ,എന്തിനാ ചേച്ചിയുടെ മകളെ ഇവിടുത്തെ സ്കൂളിൽ ചേർക്കുന്നത്?

ചേച്ചിമാരെ ബസ് കയറ്റി വിട്ട് തിരിച്ചെത്തിയ ഉടനെ ഗിരീഷിനോട് ഞാനാ കാര്യം ചോദിച്ചു

അത് പിന്നെ, ഗീതുമോള് ഇവിടെ വന്ന് കഴിഞ്ഞാൽ, അവൾക്കൊരു കൂട്ട് വേണ്ടേ ? ഇവിടുത്തെ സ്കൂള് കുറച്ച് ദൂരത്താണ് ,പരിചയമില്ലാത്ത സ്ഥലത്ത് അവളെ എങ്ങനെ ഒറ്റയ്ക്ക് വിടും ,ഈ കാലത്ത് പെൺകുട്ടികളെ നമ്മൾ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടക്കണം ,അനുമോള് കൂടെയുണ്ടെങ്കിൽ ഗീതുമോൾക്ക് സ്കൂളിൽ പോകാൻ മാത്രമല്ല അല്ലാതുള്ള സമയത്തും, അവൾക്കൊരു തുണയുണ്ടാകും, ഒറ്റയ്ക്കിരുന്ന് അവൾക്ക് ബോറടിക്കുകയുമില്ല
പിന്നെ, ഇന്ദിരേച്ചീടെ വീട്ടിൽ പോയി തിരിച്ച് വരുന്ന വഴി, ദേവിയുടെ വീട്ടിൽ കയറി ഗീതു മോളേയും കൂട്ടി വരാം ,അവളുടെ ടി സി വാങ്ങുന്ന കാര്യം ,അളിയനോട് നീ, നാളെ രാവിലെ തന്നെ വിളിച്ചൊന്ന് ഓർമ്മിപ്പിച്ചേക്കണേ ,,,

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എൻ്റെ ശരീരവും മനസ്സും കുളിർകാറ്റേറ്റ പോലെ നന്നായി തണുത്തു

അത് വരെ പുകഞ്ഞ് കൊണ്ടിരുന്ന മനസ്സിലെ അവസാനത്തെ കനലും കെടുത്തിയിട്ട്, ഞാൻ ഗിരീഷിൻ്റെ തോളിലേയ്ക്ക് മെല്ലെ ചാഞ്ഞു

Related Posts

Leave a Reply

Your email address will not be published. Required fields are marked *