പതിനാലാം വയസിൽ എന്നോട് ചോദിക്കാതെ എന്റെ ശ രീരം എടുത്ത ഒരു തീരുമാനയിരുന്നു എന്റെ കാലിൽ അന്ന് ഞാൻ കണ്ട രണ്ട് വെളുത്ത പാടുകൾ …..

നിറഭേദം

Story written by Sarath Krishna

പതിനാലാം വയസിൽ എന്നോട് ചോദിക്കാതെ എന്റെ ശ രീരം എടുത്ത ഒരു തീരുമാനയിരുന്നു എന്റെ കാലിൽ അന്ന് ഞാൻ കണ്ട രണ്ട് വെളുത്ത പാടുകൾ …

തൊലിക്ക് മുകളിലെ രോമങ്ങൾ പോലും ആ വെള്ള നിറം കിഴ്പെടുത്തിയത് കണ്ടപ്പോൾ നാളിത് വരെ അനുഭവിക്കാത്ത പരിഭ്രാന്തിയോടെയാണ് ഞാൻ കോലായിൽ ഇരുന്നിരുന്ന അമ്മയുടെ അടുത്തേക്ക് ഓടിയത്…

ആ പാടുകൾ തിരിച്ചും മറിച്ചും പരിശോധിക്കുമ്പോൾ എനിക്ക് ഉണ്ടായതിനേക്കാൾ ആധിയായിരുന്നു അമ്മയുടെ മുഖത്ത്…

അമ്മ വിളിച്ചതനുസരിച്ചു തൊട്ടപ്പുറത് താമസിക്കുന്ന ചിറ്റ ഓടി വന്നു..

കാലുകൾക്ക് പുറമെ എന്റെ പാവാടയും ഷർട്ടും വരെ അഴിച്ചു ചിറ്റ പരിശോധന നടത്തി…

നിനക്ക് അവിടെ ചൊറിച്ചാലോ നീറ്റലോ തോന്നാറുണ്ടോ …??

ഇല്ലാന്ന് ഞാൻ തലയാട്ടി …..

എന്നാ ഇത് വെള്ളപ്പാണ്ടിന്റെ പാടുകൾ തന്നെയാ ദേവകി….

അമ്മായോട് ഇത് ചിറ്റ ഉറപ്പിച്ചു പറഞ്ഞപ്പോൾ ചിറ്റ ഓർത്തില്ല ആ വാക്കുകളിൽ വീണുടഞ്ഞത് ആഴ്ച്ചയിൽ ഒരിക്കൽ എന്നെ മഞ്ഞൾ തേച്ചു കുളിപ്പിക്കുന്ന ഒരു അമ്മയുടെ പ്രതീക്ഷകളായിരുന്നു എന്ന് ..

പണി കഴിഞ്ഞു വന്നു കയറിയ പാടെ ഉമ്മറത് വെച്ച് തന്നെ അച്ഛനോടിത് അമ്മ സൂചിപ്പിച്ചു…

രാവ് അന്തിയോളം പണിത ക്ഷീണം മറന്ന് ഉടുത്തിരുന്ന മുണ്ടും ഷർട്ടും പോലും മാറാതെ കൈയിലെ ചോറും പാത്രം മേശയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു അച്ഛൻ വെപ്രാളപ്പെട്ടാണ് എന്റെ അടുത്തേക്ക് വന്നത് ..

കാലിലെ പാടുകൾ നോക്കുമ്പോൾ അച്ഛന്റെ മുഖത്തും കണ്ടു തീരാത്ത ഒരു സങ്കടം…

അന്ന് വരെ ഉണ്ടായിരുന്ന വീട്ടിലെ സന്തോഷവും സമാധാനവുമൊക്കെ ആ രണ്ട് പാടുകൾ കൊണ്ട് എനിക്ക് നഷ്ടമായന്ന് തോന്നി…

പിറ്റേന്ന് രാവിലേ പോയി കണ്ട വൈദ്യൻ തന്ന കഷായത്തിന്റെ ചവർപ്പിൽ ഒന്ന് രണ്ട് വട്ടം മനം പുരട്ടി ഓക്കാനിച്ചിട്ടും ഒറ്റ വലിക്ക് കുടിച്ചു കൊണ്ടാണ് ഞാൻ പാണ്ടുകളോട് മനസ്സിൽ പ്രതികാരം ചോദിച്ചത് ..

പകരുന്ന അസുഖം അല്ലെന്ന് ആവർത്തിച്ച് പറഞ്ഞു മടിയിൽ കിടത്തി സമാധാനിപ്പിച്ച അമ്മ തന്നെ ഇനി തൊട്ട് മോള് ഇതിൽ കഴിച്ച മതിയെന്ന് പറഞ്ഞ് അടുക്കളയിൽ എനിക്ക് വേണ്ടി ഒരു കിണ്ണം മാറ്റി വെച്ചു…

ഞാൻ തേക്കുന്ന സോപ്പ് എടുക്കരുതെന്ന് അനിയത്തിയെ അമ്മ വിലക്കി പറഞ്ഞത് ഞാൻ കേട്ടുന്നയപ്പോൾ എന്നോട് എന്ത് പറയാണമെന്നറിയാതെ അമ്മ എന്റെ മുന്നിൽ നിന്ന് പരുങ്ങി..

എന്റെ തുണികൾ മാത്രം ഇട്ട് കഴുകാൻ കവലയിലെ ജോസേട്ടന്റെ പാത്ര കടയിൽനിന്ന് പുതിയ ഒരു വട്ടയ വാങ്ങണമെന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് പകരമായി കൊടുക്കേണ്ടി വന്നത് അന്ന് വരെയുള്ള എന്റെ കാശും കുടുക്കയിലെ മുഴുവൻ സമ്പാദ്യങ്ങളുമായിരുന്നു… …

ഒരിക്കൽ ഞാൻ അറിയാതെ മാറി തോർത്തിയായ അച്ഛന്റെ തോർത്തുമുണ്ട് ഇഴ പൊട്ടിയന്ന കാരണം പറഞ്ഞു മേശ തുടക്കാൻ എടുത്തോളൻ പറഞ്ഞപ്പോൾ അച്ഛനിലും കണ്ടു ഞാൻ ആ പേടിയുടെ ഒരു അംശം …

അപ്പോഴേക്കും ഒന്ന് രണ്ട് പാട് കൂടി കഴുത്തിലും പുറത്തുമൊക്കെയായി വന്നു…

എന്റെ വെളുത്ത ശരീരത്തിലെ പാടുകൾ കാണുമ്പോൾ

ഇടക്കിക്കൊക്കെ വീട്ടിലേക്ക് വരാറുള്ള കറുത്തിരുണ്ട നാണി തള്ളയോട് പോലും എനിക്ക് ആസൂയ തോന്നി…

സ്ഥിരമായി എനിക്ക് സ്കൂളിലേക് കൂട്ടുവന്നിരുന്ന രേഷ്മയും സൗമ്യയും ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഞാൻ കാണാതെ നേരത്തെയും വൈകിയുമായി വീട്ടിന് ഇറങ്ങി തുടങ്ങിയത് എന്റെ കഴുത്തിലെ പാടുകൾ അവർ കണ്ട് പിടിച്ചപ്പോഴായിരുന്നു . …

സ്കൂളിലെ പരിഹാസ വിളികൾ പല രാത്രിയിലും കണ്ണീരാൽ എന്റെ ഉറക്കം കെടുത്തിയത്തിന് ആ കൊല്ലാതെ ഓണ പരീക്ഷയിലെ മാർക്ക് കൊണ്ടാണ് അവരുടെയെല്ലാം വായ ഞാൻ അടപ്പിച്ചത്.

അണിഞ്ഞൊരുങ്ങാൻ നിൽക്കാതെ കണ്ണാടിക്ക് മുന്നിൽ പുതിയ പാടുകൾ വേണ്ടി മാത്രം ഞാൻ ദേഷ്യത്തോടെ തിരച്ചിൽ നടത്തി…

സ്കൂൾ കാലം കഴിഞ്ഞ് കോളേജിൽ എത്തി..

അവിടെയും കണ്ടു ഞാൻ പരിഹസിക്കുന്ന മുഖങ്ങൾ ..

പാണ്ടുകൾ ഒന്നിന് പുറകെ ഒന്നായി ശരീരത്തിന്റെ അവിടെയും ഇവിടെയുമൊക്കെയായി പ്രത്യക്ഷപ്പെട്ടു.

കാണാത്ത ഡോക്ടരമാർ ഇല്ലാതായി ..

കഷായവും ലേഹ്യവും ഇരുന്നിടത് ഗുളികയും ടോണികും മാറി വന്നു…

എന്റെ മുറിയിലൊക്കെ മരുന്നിന്റെ ഗന്ധം മാത്രമായി…

കോളേജ് വിട്ടാൽ വീട് എന്നാ ലോകത്തിൽ മാത്രം ഞാൻ ഒതുങ്ങി കൂടി…

ബന്ധു വീടുകളിലെ കല്യാണത്തിനോ ആഘോഷങ്ങൾക്കോ

നിന്നെ കൊണ്ട് പോയാൽ ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപ്പടി പറഞ്ഞു മടുക്കുമെന്നു അച്ഛനോട് ഒരിക്കൽ പരാതി പറഞ്ഞ അമ്മയോട് എനിക്ക് പുച്ഛം തോന്നി …

സ്വന്തം തെറ്റുകൾ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളോട് പോലും കരുണ കാണിക്കുന്ന സമൂഹത്തിന് എന്റെ അസുഖം മാത്രം പരിഹാസമായി തീരുന്ന കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു പഠിക്കുന്ന ഡിഗ്രി കോഴ്സ് നിർത്തി മെഡിസിന് പോകണമെന്ന് …

പിറ്റേന്ന് ഉമ്മറത്തെ തിണ്ണയിൽ ഇരുന്നിരുന്ന അച്ഛന് മുന്നിൽ മുക്കി മൂളി ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു..

തോളിൽ കിടന്ന തോർത്തുമുണ്ടൊന്നു വീശി എന്റെ മുന്നിൽ പ്രാരാബ്ധ കണക്ക് നിരത്താൻ തുടങ്ങിയ അച്ഛനോട് എനിക്ക് സ്ത്രീധനം കൊടുക്കാൻ വെച്ച തെക്കേ പുറത്തെ പറമ്പ് വിറ്റോളാൻ പറഞ്ഞപ്പോൾ എതിർപ്പ് ഒന്നും പറയാതെ അച്ഛൻ സമ്മതിച്ചത് ഈ പാണ്ടത്തി പെണ്ണിനെ ആര് കെട്ടാൻ വരനാണെന്നു ഓർത്തിട്ടാവണം…

പറമ്പ് വിൽക്കാൻ വേണ്ടി ബ്രോക്കർ ശങ്കരേട്ടൻ കൊണ്ട് വന്ന ആളുകൾ വില പേശി പറഞ്ഞപ്പോൾ നിനക്ക് പഠിക്കാൻ ഇത്ര മതിയൊന്ന് എന്നോട് ചോദിച്ചിട്ടാണ് അച്ഛൻ അവരോട് വാക്ക് ഉറപ്പിച്ചത് …

പറമ്പിന്റെ തീറും കോളേജ് അഡ്മിഷനും എല്ലാം ഒരു മാസം കൊണ്ട് നടന്നു..

പോക്ക് വരവിന് സൗകര്യം നോക്കി ഞാൻ ഹോസ്റ്റിലേക്ക് താമസം മാറി…

ക്ലാസ് തുടങ്ങി…

രോഗങ്ങളെ അംഗീരിക്കാനും ചികിത്സയ്ക്കാനും നിയോഗപ്പെട്ടവട്ടവരായത് കൊണ്ടായിരിക്കണം സഹാപാഠികൾക്ക് ഇടയിലും സഹ മുറിയർക്ക് ഇടയിലും എന്റെ പാടുകൾ ചർച്ചയാകാഞ്ഞത്..

ഒരിക്കൽ എന്നെ കാണാൻ വേണ്ടി കോളേജിൽ വന്ന അച്ഛനോട് മോൾ മിടുക്കിയന്നെന്നു സാർ പറഞ്ഞപ്പോൾ.. ആദ്യമായി അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നത് ഞാൻ കണ്ടു…

ഇടയ്ക്ക് ഒക്കെ ഞാൻ നാട്ടിൽ വന്നു പോകുമ്പോൾ പല പേരുകളും വിളിച്ച് കുട്ടികാലത്ത് എന്നെ കളിയാക്കിയവർ ഡോക്ടർ എന്ന് ആദരവോടെ വിളിച്ചു തുടങ്ങി.

നാടും വീടും പാതിയെ എന്റെ പോരായിമകളെ മറന്ന് തുടങ്ങി എന്നതിന് തെളിവായിരുന്നു അത് …

ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന അനിയത്തിക്ക് നല്ല ഒരു ആലോചന വന്നപ്പോൾ അച്ഛൻ അത് ഉറപ്പിച്ചു…

വീട് കാണാൻ വന്ന പയ്യന്റെ വീട്ടുക്കാരോട് ഇവളുടെ മൂത്തവൾ ഡോക്ടർ ആവാന പഠിക്കുന്നതെന്നു പറഞ്ഞ അച്ഛന്റെ മുഖത്ത് ആ നേരം ഞാൻ കണ്ടത് എന്നെ കുറിച്ചുള്ള അഭിമാനത്തിന്റെ പുഞ്ചിരിയായിരുന്നു.

ചോദ്യങ്ങൾക്ക് മറുപ്പടി പറഞ്ഞ്. മടുത്തുവെന്നു പരാതി പറഞ്ഞ അമ്മ അടുക്കളയിൽ നിന്ന് സ്ത്രീ ജനങ്ങളോട് എന്നെ കുറിച്ച് വീമ്പ് പറയുന്ന കേട്ടു…

അന്ന് ആദ്യമായി എന്റെ മുറിയിലെ കണ്ണാടിയിൽ മുഖത്തെ പാടുകളെ ഒരിഷ്ട്ടത്തോടെ ഞാൻ നോക്കി..

ആ പാടുകൾക്കിടയിലെ എന്റെ സൗന്ദര്യതെ ഞാൻ ആദ്യമായി ആസ്വദിച്ചു…

ഏറെ കാലത്തിന് ശേഷം ഞാൻ ചന്ദന കുറിയുടെ സ്ഥാനത് ഒരു പൊട്ട് തൊട്ടു..

ഇറങ്ങാൻ നേരം ബ്രോക്കർ അച്ഛനെ മാറ്റി നിർത്തി ചോദിച്ചു..

മൂത്തവൾക്ക് വിവാഹം ഒന്നും നോക്കുന്നില്ലെന്ന് ..

എന്റെ സമ്മതം ചോദിക്കാൻ വന്ന അച്ഛനോട് ഞാൻ പറഞ്ഞു..

എനിക്ക് എന്റെ അസുഖമുള്ള ഒരു പയ്യനെ മതിയെന്ന്..

ഞങ്ങൾക്ക് ഉണ്ടാക്കുന്ന മക്കളിലൂടെ വേണം എന്റെ അസുഖം പകരുന്നതല്ലന്നു എനിക്ക് ലോകത്തെ അറിക്കാനെന്ന്…

ബാല്യത്തിൽ ഞാൻ അനുഭവിച്ച വേദനകളെ ആ നിമിഷം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം കേട്ട് നിന്ന അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ എന്റെ മുന്നിൽ നിന്ന് അറിയാതെ നിറഞ്ഞത്..

*****************

ഇത് എന്റെ ഒരു കൂട്ടുകാരിയുടെ ജീവിത കഥയാണ്… അവൾ അനുഭവിച്ച വേദനകളെ ഞാൻ എന്റെ കാഴ്ച്ചപാടുകളിൽ എഴുതാൻ ശ്രമിച്ചു എന്ന് മാത്രം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *