പിറ്റേന്ന് പതിവ് പോലെ കാലത്തെഴുന്നേറ്റ് പശുവിനെ കറക്കാൻ ചെന്ന വല്യമ്മച്ചിയെ കണ്ടതും പശു അമറിക്കൊണ്ട് വല്യമ്മച്ചിയുടെ നേരെ….

Story written by Adam John

ചുവപ്പ് കണ്ടാൽ പശുക്കൾ വിറളി പിടിക്കത്തില്ലായോ. നാട്ട് നടപ്പല്ലേ എന്നോർത്താവും ഞങ്ങടെ വീട്ടിലെ പശുവും അതേ കൂട്ട് സ്വഭാവവാരുന്നു.

വല്യമ്മച്ചിടെ കിടക്ക വിരിപ്പിന് നല്ല ചോപ്പ് നിറവാരുന്നെ. പണ്ടെങ്ങാണ്ടോ കോയമ്പത്തൂര് പോയപ്പോ വല്യപ്പച്ചൻ വാങ്ങിച്ചതാ. ഭർത്താവ് സ്നേഹത്തോടെ കൊണ്ട് വന്നതല്ലായോ. അലക്കാൻ പോലും മെനക്കെടാതെ വല്യമ്മച്ചി അതെടുത്തോണ്ട് കിടക്കേൽ വിരിച്ചു. വല്യമ്മച്ചി അതീ കിടക്കുന്ന കണ്ടപ്പോ അമ്മാവൻ പറയാ ചെമ്പരത്തി പൂവിന്റെ മോളിൽ തേനീച്ച വന്നിരിക്കുന്ന പോലുണ്ടെന്ന്. സത്യം പറയാലോ ആര് കാണുവാന്നേലും അങ്ങനെ പറയത്തുള്ളൂ. അത്രേം പെർഫെക്ഷൻ ആരുന്നു.

പിറ്റേന്ന് പതിവ് പോലെ കാലത്തെഴുന്നേറ്റ് പശുവിനെ കറക്കാൻ ചെന്ന വല്യമ്മച്ചിയെ കണ്ടതും പശു അമറിക്കൊണ്ട് വല്യമ്മച്ചിയുടെ നേരെ ഒരൊറ്റ ചാട്ടവാരുന്നു. കൃത്യവായ മെയ് വഴക്കത്തോടെ മെസ്സിയുടെ കൂട്ട് ഒഴിഞ്ഞ് മാറിയത് കൊണ്ട് രക്ഷപ്പെട്ടൂന്ന് പറയാ. അല്ലേൽ എമ്പാപെയുടെ പെനാൽട്ടി പോലെ പശു ചവുട്ടി തെറിപ്പിച്ചേനെ.

സാധാരണ ദെ കറന്നെടുത്തോളൂ ന്നുള്ള മട്ടിൽ അകിട് ചുരത്തിക്കൊണ്ട് ശാന്തവായി നിക്കുന്ന ഇവൾക്കിതെന്നാ പറ്റി എന്നോർത്ത് വീട്ടിലോട്ട് തിരികെ മടങ്ങിയ വല്യമ്മച്ചിക്ക് പിന്നെയാണ് കാര്യം മനസ്സിലായെ. വല്യപ്പച്ചന്റെ വിരിപ്പ് പറ്റിച്ച പണിയാണ്. അതിന്റെ കളറിളകി വല്യമ്മച്ചിയുടെ ഉടുപ്പിലോട്ട് പിടിച്ചതാരുന്നു. പന്ന വിരിപ്പ് കാരണം കറവ മുടങ്ങിയതിന്റെ ദേഷ്യവും സങ്കടവും കാരണം വല്യമ്മച്ചി കുറേനാൾ അത് മാറ്റി വെച്ചാരുന്നു.

എങ്ങാനും കഴുകി ഉപയോഗിക്കാവെന്ന് വെച്ചാലും കാര്യവില്ല. ഒരിക്കൽ കഴുകി ഒഴിച്ച വെള്ളത്തിന്റെ എഫക്ട് കൊണ്ട് എന്തോ തൊടിയിലെ മുല്ലക്കും കറിവേപ്പിലക്കും വരെ ചുവപ്പ് നിറവായി മാറിയാരുന്നു. പുതുതായി എന്നാ കണ്ടാലും അയല്പക്കത്തുള്ളവർക്ക് ഇരിപ്പുറക്കത്തില്ലാലോ..അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നേച്ച് വല്യമ്മച്ചിയോട് ചോദിക്കുവാ. ചോപ്പ് കറിവേപ്പിലയുടെ ഒരു തണ്ട് ഞങ്ങൾക്കും തരാവൊന്ന്. അവരോടൊക്കെ എന്നാ പറയാനാ.

അവഗണനയുടെ കൈപ്പ് നീര് കുടിച്ചോണ്ട് ദിവസങ്ങൾ തള്ളി നീക്കുന്നതിനിടെയാണ് അമ്മാവൻ രക്ഷകന്റെ രൂപത്തിൽ വന്ന് വിരിപ്പ് കൊണ്ടൊവുന്നത്. മോളിലാരുന്നല്ലോ അമ്മാവന്റെ കിടത്തം. കേടായത് മാറ്റുന്ന ശീലവില്ലാത്ത വല്യപ്പച്ചന്റെ സ്വഭാവം കൊണ്ട് തന്നെ മോളിലത്തെ അമ്മാവന്റെ മുറിയുടെ ജനാലക്ക് അഴിയോ വാതിലോ ഇല്ലാരുന്നു. സ്വഭാവികവായും അമ്മാവൻ ഇല്ലാത്തപ്പോ ആ മുറി എലികളുടെയും പക്ഷിക്കളുടെ യുവോക്കെ വിഹാര കേന്ദ്രവായി മാറി. ചുവന്ന വിരിപ്പ് ആർക്കും വേണ്ടാതെ കിടക്കുന്നത് അമ്മാവൻ അതെടുത്തേച്ച് ജനാല മറക്കാനായി ഉപയോഗിച്ച് പോന്നു.

ദിവസങ്ങൾ പിന്നേം അമ്മാവനെ പോലെ ഒരു കാര്യവും ഇല്ലാതെ കടന്ന് പോയി. ഒരിക്കൽ മേയാൻ വിട്ട പശുവിനെയും കൊണ്ട് തിരികെ വരുവാരുന്നു വല്യപ്പച്ചൻ. പണ്ടൊരിക്കൽ മുമ്പേ നടക്കുവാരുന്ന വല്യപ്പച്ചന്റെ നടത്തതിന് വേഗത പോരെന്ന് തോന്നിയാണോ എന്തോ പശു കൊമ്പുകൾ കൊണ്ട് വല്യപ്പച്ചന്റെ പിൻഭാഗത്ത് ഒന്ന് ഞോണ്ടിയാരുന്നു. അതിന്റെ ശക്തിയിൽ വഴിയരികിലെ കുഴിയിലോട്ട് വീണ വല്യപ്പച്ചനേ മൈൻഡ് പോലും ചെയ്യാതെ പശു വീട്ടിലോട്ട് പോവേം ചെയ്തു. അതീ പിന്നെ വല്യപ്പച്ചന്റെ നടത്തം പശുവിന്റെ പിറകിലായി മാറി.

വീടെത്താറായതും മോളിലെ ജനാലമേൽ ഉണ്ടാരുന്ന വിരിപ്പ് പാറിപ്പറന്ന് മുന്നേ നടക്കുന്ന പശുവിന്റെ മുന്നിലോട്ട് വീണതും ഒരുമിച്ചാരുന്നു. പെട്ടെന്നുണ്ടായ വെപ്രാളത്തിൽ പശു വെട്ടിത്തിരിഞ്ഞതും എന്തോ ആലോചിച്ചു നടപ്പാരുന്ന വല്യപ്പച്ചൻ തെറിച്ചു പശുവിന്റെ മോളിലോട്ട് വീണതും സെക്കന്റുകൾ ക്കകവാരുന്നു. ശബ്ദം കേട്ടോടി വന്ന വല്യമ്മച്ചി കാണുന്ന കാഴ്ച വല്യപ്പച്ചനേം പുറത്തോട്ടിരുത്തിക്കൊണ്ട് വീട്ടിലോട്ട് ഓടിവരുന്ന പശുവിനെയാണ്. വരുന്നത് പോത്താണെന്നും അതിന്റെ പുറത്തോട്ടിരിക്കുന്നത് തന്റെ ജീവനെടുക്കാൻ വരുന്ന കാലനാണെന്നും കരുതിയിട്ടാന്നോ എന്തോ വല്യമ്മച്ചിയുടെ ബോധം അപ്പോ തന്നെ പോവേം ചെയ്തു. ബോധം തെളിഞ്ഞയുടനെ വല്യമ്മച്ചി ചെയ്തത് എല്ലാറ്റിനും കാരണം ആ വിരിപ്പാന്നും പറഞ്ഞോണ്ട് അതെടുത്ത് കത്തിച്ചു കളയുവാരുന്നു.

പുറത്തോട്ട് പോയ അമ്മാവന് തിരികെ വന്നപ്പോ ഉണ്ടായ കാര്യങ്ങളൊക്കെ വല്യമ്മച്ചി പറഞ്ഞു കൊടുത്താരുന്നു. ഒക്കെ കേട്ടപ്പോ അമ്മാവന് ഭയങ്കര സങ്കടവായി. അമ്മാവന്റെ സങ്കടം കണ്ടപ്പോ മോന് ഞങ്ങളോട് സ്നേഹവുള്ളതോണ്ടല്ലേ വിഷമം വന്നേ എന്നോർത്ത് വല്യമ്മച്ചിക്ക് സന്തോഷവാ തോന്നിയെ. ആർക്കായാലും അങ്ങനല്ലേ തോന്നത്തുള്ളൂ. അപ്പോഴങ്ങോട്ടേക്ക് വന്ന വല്യപ്പച്ചൻ നീയെന്തിനാ ചെറുക്കാ വിഷമിക്കുന്നെ. ഇവിടാർക്കും ഒന്നും പറ്റീല്ലാലോ എന്ന് പറഞ്ഞപ്പോ അമ്മാവൻ പറയാ അതല്ലപ്പച്ചാ ആ പശുവിന്റെ മോളിൽ കേറിയിരുന്നോണ്ടുള്ള വരവ് കാണാൻ പറ്റാഞ്ഞിട്ടുള്ള സങ്കടവാന്ന്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *