പെണ്ണിനു എന്നെ ഇഷ്ടമാകുന്നുണ്ട്. പക്ഷേ എനിക്ക് ബാക്കിയൊന്നും അത്ര ഇഷ്ടമാകുന്നില്ല……

എഴുത്ത്:-സുധീ മുട്ടം

പതിവിനു വിപരീതമായി നവനീത് രാവിലെ തന്നെ ഉണർന്ന് കുളിച്ച് അടുത്തുളള ദേവീ ക്ഷേത്രത്തിൽ പോയി മനമുരുകി പ്രാർത്ഥിച്ചു

ന്റെ ദേവി ഇന്നെങ്കിലും കാണാൻ പോകുന്ന പെണ്ണിനെയെങ്കിലും എനിക്ക് ഇഷ്ടമാകണേ അവന്റെ ഉറക്കെയുളള പ്രർത്ഥന കേട്ട് പൂജാരി മെല്ലെയൊന്നു പുഞ്ചിരിച്ചു

എന്താ ഉണ്ണി..ഇന്നെങ്കിലും കല്യാണം ഉറക്കുമോ

എന്ത് ചെയ്യാനാ..തിരുമേനി പെണ്ണിനു എന്നെ ഇഷ്ടമാകുന്നുണ്ട്.പക്ഷേ എനിക്ക് ബാക്കിയൊന്നും അത്ര ഇഷ്ടമാകുന്നില്ല

എന്തെ എന്ത് പറ്റി

എനിക്ക് മൂന്നു പെണ്മക്കളുളള വീട്ടിൽ നിന്നും വിവാഹം മതി.അതും രണ്ടാമത്തെ മകളെ കെട്ടിയാൽ മതി

സാധാരണ എല്ലാവർക്കും ഇളയ കുട്ടിയെ കെട്ടണമെന്നാണ് ആഗ്രഹം. ഇത് നേർ വിപരീതമാണല്ലോ

എന്തെങ്കിലും ഒരു വ്യത്യാസം വേണടേ തിരുമേനി. ഞാൻ ഇങ്ങനെയൊക്കെ ആണ്

അർച്ചന നടത്തിയ പ്രസാദവും തൊട്ട് നവനീത് ഒരുവട്ടം കൂടി പ്രദക്ഷിണം ചെയ്ത് തിരിച്ചിറങ്ങി ഒരു പ്രാവശ്യം കൂടി മൂകമായി പ്രാർത്ഥിച്ചു തന്റെ ആഗ്രഹം നടത്തി തരുവാൻ

തിരിച്ച് നടന്ന് വരുന്ന വഴിയിൽ അവൻ ചിന്തയിൽ മുഴുകി

തന്റെ മനസ്സിലുളള ആഗ്രഹം മറ്റുളളവർക്ക് തമാശയാണ്.താൻ വീട്ടുകാർക്ക് ആണും പെണ്ണുമായി ഒരൊറ്റ സന്തതി ആണ്. സഹോദരങ്ങൾ ഇല്ലാത്തതിന്റെ വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഒരു വാക്ക് മിണ്ടുവാനും കൂടെ കളിക്കാനും വഴക്കിടാനും തനിക്ക് കൂടപിറപ്പുകൾ ആരുമില്ല.കൂട്ടുകാരൊക്കെ സഹോദരങ്ങളുമായി ചുറ്റിയടിക്കുന്നത് കാണുമ്പോൾ താൻ ഒരുപാട് കൊതിയോടെ കണ്ണു നിറയെ നോക്കി നിന്നിട്ടുണ്ട് ഒറ്റപ്പെടുന്ന തിന്റെ വേദന യറിയണമെങ്കിൽ നാമും തനിച്ചാവണം.ഏകാന്തതയുടെ തുരുത്തിൽ തനിച്ചാവുന്നതിന്റെ വിരഹ വേദന താൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.എന്തിനോ വേണ്ടി എന്തിനെന്നറിയാതെ ജീവിക്കുന്ന തി ന്റെ നിസ്സംഗതയുടെ തീവ്രത ശരിക്കുമറിഞ്ഞട്ടുണ്ട്

അമ്മയും അച്ഛനും പണത്തിനു പുറകെ പരക്കം പായുമ്പോൾ അവർക്ക് മക്കളെ സ്നേഹിക്കാനെവിടെ സമയം.പണം കൊണ്ട് എല്ലാ സ്നേഹബന്ധങ്ങൾ അളക്കാനും വിലയിടാനും നഷ്ടങ്ങളുടെ വിടവ് നികത്താനും കഴിയുകയില്ലെന്ന് അവർ അറിയില്ലായിരുന്നു.അല്ലെങ്കിൽ തന്നെ ഓർക്കാനെവിടെ സമയം

ശരിക്കും പറഞ്ഞാൽ കുഞ്ഞും നാൾ മുതൽ തനിക്ക് സ്നേഹം പകർന്ന് നൽകിയത് അയലത്തെ വീട്ടിലെ മീനുചേച്ചി ആയിരുന്നു.തന്നെക്കാൾ പത്ത് വയസ്സിനു മൂത്ത ആ ചേച്ചിയാണ് ശരിക്കും തന്നെ വളർത്തിയത്ത തന്റെ കൂടെ കളിച്ചും ചിരിച്ചും കൊഞ്ചിച്ചും ശരിക്കുമൊരു ചേച്ചിയായി തന്നെ കൂടെ ഉണ്ടായിരുന്നു.ചേച്ചീന്ന് ഞാൻ നീട്ടി വിളിക്കണത് കേൾക്കുമ്പോൾ ചേച്ചിക്ക് തന്നെ വളരെ സന്തോഷമായിരുന്നു

കുറച്ച് വർഷങ്ങൾക്ക് ശേഷം മീനുചേച്ചിയുടെ വിവാഹം കഴിഞ്ഞ് പോയപ്പോൾ ശരിക്കും ഒറ്റപ്പെട്ടത് ഞാനായിരുന്നു.അപ്പോഴേക്കും തനിക്ക് ചിന്തിക്കാനുളള പ്രായവുമായിരുന്നു

അന്ന് തീരുമാനിച്ചതാണ് മൂന്നു പെൺകുട്ടികൾ ഉളള വീട്ടിൽ നിന്നും മാത്രമേ വിവാഹം കഴിക്കൂ എന്ന്.അതും രണ്ടാമത്തെ പെൺകുട്ടിയെ

അങ്ങനെ വിവാഹം കഴിച്ചാൽ തന്നെ സ്നേഹിക്കാൻ ഒരു ചേച്ചിയേയും തനിക്ക് സ്നേഹിക്കാൻ ഒരു അനിയത്തിക്കുട്ടിയേയും ലഭിക്കും സ്നേഹം നിഷേധിക്ക പ്പെട്ടവർക്കേ അതിന്റെ വില അറിയൂ.അല്ലാത്തവർക്ക് സ്നേഹം എന്നത് ഒരു കളിപ്പാട്ടം ആയിരിക്കും.തോന്നുമ്പഴൊക്കെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനും ഇഷ്ടം ഉളളപ്പോൾ മാത്രം സ്നേഹം അഭിനയിക്കാനും മാത്രമേ അറിയൂ

ചിന്തിച്ച് നടന്നത് കാരണം വീട്ടിലെത്തിയത് അറിഞ്ഞില്ല.അവിടെ എത്തുമ്പോൾ പെണ്ണിന്റെ വീട്ടിൽ പോകാൻ റെഡിയായി കല്ല്യാണ ബ്രോക്കറും നിൽക്കുന്നു എന്റെ മ്ലാനമായ മുഖം കണ്ടത് കൊണ്ടായിരിക്കും ബ്രോക്കർ വലിയ വായിൽ അലറി പറഞ്ഞു

നവനീതേ നീ വിഷമിക്കണ്ടെടാ മോനെ നമ്മളു കാണാൻ പോകുന്ന പെണ്ണിനു ചേച്ചിയും അനിയത്തിയും ഉണ്ട്.കുരുത്തക്കേട് കാണിച്ചാൽ നിന്നെ തല്ലി ശരിയാക്കാനൊരു ഏട്ടനുമുണ്ട്.നിനക്ക് ഇപ്പോൾ സന്തോഷമായല്ലോ. എങ്കിൽ താമസിക്കണ്ടാ നമുക്ക് അങ്ങട് പോകാം വാ

കാറിൽ ഞങ്ങൾ യാത്രയാകുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു

സ്നേഹിക്കാൻ ഒരേട്ടനും ചേച്ചിയും അനിയത്തിക്കുട്ടിയും കൂടാതെ ജീവിതയാത്രയിൽ ഉടനീളം തനിക്കുമൊരു കൂട്ടായി പുതിയൊരു ,കൂട്ടുകാരിയെയും ലഭിക്കാൻ പോകുന്നു ഇനിയുളള യാത്രയിൽ ഞാൻ തനിച്ചല്ല എന്നുളളൊരു തിരിച്ചറിവ് എന്നെ വളരെയേറെ ആഹ്ലാദ ചിത്തനാക്കി”

(അവസാനിച്ചു)

Related Posts

Leave a Reply

Your email address will not be published. Required fields are marked *