ബഹളങ്ങൾ, പണ്ടേ അസ്വസ്ഥതയാണ്. അതിനാലാണ് മുകളിലേക്കു വന്നത്. ആസ്വദിച്ച്, ഉള്ളിലേക്കാവാഹിച്ച ധൂമത്തേ പതിയേ പുറത്തേക്കൂതി. അന്തരീക്ഷ ത്തിൽ പുതുരൂപങ്ങൾ……..

വണ്ണാത്തിപ്പുള്ളുകൾ

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

ഇരുനിലവീടിൻ്റെ മുകൾനിലയിലെ ബാൽക്കണിയിൽ, അയാൾ വന്നു നിന്നു. ഒരു സി ഗരറ്റിനു തീ കൊളുത്തി, പുകയെടുത്തു.

രാത്രി മുഴുവൻ പെയ്ത മഴയുടെ ആലസ്യത്തിൽ കുളിർന്നു നിന്ന പ്രഭാതം. പുലർവെയിലിൽ, മാനത്തൊരു മഴവില്ലു വിരിഞ്ഞു.

ബാൽക്കണിയുടെ വലത്തേ കോണിലെ ബൾബിനു കീഴേ പരശ്ശതം ഈയൽച്ചിറകുകൾ ചിതറിക്കിടപ്പുണ്ടായിരുന്നു. ഒരൊറ്റ രാത്രിമഴയേ പ്രണിയിച്ചൊടുങ്ങിയവയുടെ തിരുശേഷിപ്പുകൾ.

താഴത്തേ അകമുറിയിൽ നിന്നും, ഭാര്യയുടെ ആക്രോശങ്ങളും കുട്ടികളുടെ വിതുമ്പലും സ്പഷ്ടമാകുന്നു. ആറാം ക്ലാസ്സുകാരനും, നാലാം ക്ലാസ്സുകാരിയും ഓൺലൈനിൽ പഠിക്കുന്നതിൻ്റെ സംഘർഷഭരിത രംഗങ്ങൾ.

ബഹളങ്ങൾ, പണ്ടേ അസ്വസ്ഥതയാണ്. അതിനാലാണ് മുകളിലേക്കു വന്നത്. ആസ്വദിച്ച്, ഉള്ളിലേക്കാവാഹിച്ച ധൂമത്തേ പതിയേ പുറത്തേക്കൂതി. അന്തരീക്ഷ ത്തിൽ പുതുരൂപങ്ങൾ തീർത്ത് പുകയെങ്ങോ മറഞ്ഞു.

അയാൾ ദൂരേക്കു നോക്കി..നിരനിരയായി പല രൂപത്തിലും, ഭാവത്തിലുമുള്ള ഭവനങ്ങൾ, പലതരം നിറങ്ങൾ ചൂടി നിന്നു. മുൻവശത്തേ നിരത്തിലൂടെ, ചെറുതും വലുതുമായ വാഹനങ്ങൾ ഏതോ ദിക്കും തേടി ചീറിയകന്നു. ഇരുപത്തിയഞ്ചു വർഷം മുൻപ്, വീടിനു പുറകുവശത്ത് ഏക്കറുകണക്കിനു പറമ്പുണ്ടായിരുന്നു. ജാതിയും, കവുങ്ങും, തെങ്ങുകളും നിരനിര നിന്ന, കശുമാവും, നാട്ടു മാവുകളും നിഴൽക്കുട നിവർത്തിയ പെരുമ്പറമ്പ്. നിറയേ കാശിത്തുമ്പകൾ, ചെണ്ടുമല്ലികൾ, കമ്മ്യൂണിസ്റ്റു പച്ചത്തഴപ്പുകൾ, പാണൽക്കാടുകൾ, തുമ്പികളുടേയും, പൂക്കളുടേയും, പക്ഷികളുടേയും വൈവിധ്യങ്ങൾ. തുറിച്ചു നോക്കി, നിശ്ചലാവസ്ഥയിലിരുന്ന മരയോന്തുകൾ. ചിവീടുകളുടെ ആവലാതികൾ, നത്തിൻ്റെ ഭീതിദമായ മൂളലുകൾ.

കാൽ നൂറ്റാണ്ടിനിപ്പുറത്ത്, പ്രകൃതിയാകെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ തരി മണ്ണും, പൊന്നുംവിലയ്ക്ക് അളന്നു വിറ്റ്, അച്ഛൻ ഒത്തിരി പണമുണ്ടാക്കി. നഗരത്തിലെ കച്ചവടം കൊഴുത്തു. ഇന്നാ പൈതൃകത്തിൻ്റെ പിൻമുറക്കാരൻ എന്നതിൽ സമൂഹം വിലയോടെ വീക്ഷിക്കുന്നു. അയാൾ, വെറുതേയൊന്നു ചിരിച്ചു.

എവിടെ നിന്നോ പറന്നെത്തിയ രണ്ടു വണ്ണാത്തിപ്പുള്ളുകൾ പാരപ്പറ്റിപ്പുറത്തു വന്നിരുന്നു വല്ലാതെ ചിലച്ചു. ഇണകളാണ്. അവയുടെ, കറുപ്പും വെളുപ്പും ഇടകലർന്ന തൂവലുകളിലെ നീർക്കണങ്ങൾ ഓരോ കുടയലിലും ചിതറി ക്കൊണ്ടിരുന്നു.

“സുരുവേട്ടാ”

അനുജത്തി സുമിത്രയുടെ ശബ്ദം, വളരെ കൃത്യമായി അയാൾ കേട്ടു. ഞെട്ടി ത്തിരിഞ്ഞു നോക്കി. അത്ഭുതം; തൊട്ടപ്പുറത്തേ കോൺക്രീറ്റ് ഭവനങ്ങളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. മുപ്പതു വർഷം പുറകിലെവിടെയോ വച്ച്, കാലം നിശ്ചലമായിരിക്കുന്നു. ഇടവത്തിലെ നനഞ്ഞ പുലരിയിൽ, പടുകൂറ്റൻ ഇലഞ്ഞിമരത്തിൻ്റെ ചില്ലയിലെ വണ്ണാത്തിപുള്ളുകൾക്കു നേരെ തെറ്റാലിയിൽ കല്ലു തൊടുക്കുന്ന ചെറു ബാല്യക്കാരൻ. അരുതേയെന്നു വിലക്കുന്ന അനിയത്തി.

“വേണ്ട സുരുവേട്ടാ, അവയതിൽ കൂടു വച്ചിട്ടുണ്ട്. മുട്ടയിട്ടിട്ടുണ്ടാകാം, ഒത്തിരി നാള് കഴിയുമ്പോൾ കുഞ്ഞുങ്ങളുണ്ടാകും. അപ്പോൾ, അവയുടെ കരച്ചില് നമുക്ക് താഴേന്നു കേൾക്കാം”

തെറ്റാലിയിലെ കല്ല്, വേറെയെങ്ങോട്ടോ പറന്നു പോയി. അവർ തിരികേ നടന്നു. പിന്നീടുള്ള ഓരോ പ്രഭാതങ്ങളിലും, അസ്തമയ സന്ധ്യകളിലും അവൾ ഇലഞ്ഞിച്ചുവട്ടിൽ ചെന്നു. ഒരിക്കലവൾ ഒത്തിരി ഹർഷത്തോടെ പറഞ്ഞു.

“കുഞ്ഞുങ്ങളുണ്ടായെന്നു തോന്നണുണ്ട്, തളളപ്പക്ഷി, കൊക്കില് പുഴുക്കളേ പിടിച്ചു കൂട്ടിലേക്കു വരണുണ്ട്”

പതിവു വിശേഷങ്ങളായി പറവക്കാഴ്ച്ചകൾ അവൾ പറഞ്ഞു തന്നു. ഒരിക്കൽ,
ദൂരേ നിന്നും തന്നേ, “സുരുവേട്ടാ” എന്നുറക്കേ വിളിച്ചുകൊണ്ട് ഒരു ത്രിസന്ധ്യയിൽ അവളോടിയരികിൽ വന്നു. ആ തിരക്കുകൂട്ടൽ, അവൾക്കെന്തോ കാര്യമായുള്ള കാര്യം പറയാനാണെന്നു തീർച്ചയായിരുന്നു.

പര്യമ്പുറത്തേക്ക് ഓടിയെത്തിയ അവൾ, അവിടെ കുഴഞ്ഞു വീണു. അവളുടെ മനോഹരമായ കാൽവിരലുകൾക്കു മീതെയായി, ഇരുസൂചികൾ ആഴ്ന്ന കണക്കൊരു മുറിവടയാളം കണ്ടു. അതിൽ പൊടിച്ചു നിന്ന, രണ്ടു രക്ത ത്തുള്ളികൾ. ഹൃദയത്തിൻ്റെ ഉൾക്കാടുകളിലൂടെ, ഉഗ്രവിഷമുള്ളൊരു സർപ്പം ഇഴഞ്ഞകന്നു പോയി.

അവളുടെ നീലിച്ച ഉടലിനേ മറവു ചെയ്ത പകലരുകിത്തീർന്നു. സന്ധ്യയെത്തി. പതിയേ, തനിയേ ഇലഞ്ഞിച്ചോട്ടിലേക്കു നടന്നു. മരച്ചുവട്ടിലൊരു പക്ഷിക്കൂട് ചിതറിക്കിടന്നിരുന്നു. കുഞ്ഞു തൂവലുകളുടെ ശേഷിപ്പ്.

എന്തായിരുന്നു, അനിയത്തിക്ക് തന്നോടു പറയാനുണ്ടായിരുന്നത്?

“പാവങ്ങള്, ചത്തുപോയി സുരുവേട്ടാ”

എന്നായിരുന്നിരിക്കണം, തീർച്ച..

കൈവിരലുകളിൽ, കടുത്ത ചൂടറിയുന്നു. സി ഗരറ്റ് എരിഞ്ഞു തീരാനൊരുങ്ങുകയാണ്. അയാൾ, ഇന്നുകളിലേക്ക് തിരിച്ചുവന്നു. ഇപ്പോൾ, വീണ്ടും, കോൺക്രീറ്റ് കൂടാരങ്ങൾ കാണാം. സി ഗരറ്റ് വലിച്ചെറിഞ്ഞ്, അയാൾ താഴേക്കു നടന്നു. വണ്ണാത്തിപ്പക്ഷികൾ, അവിടെത്തന്നെ യിരിപ്പുണ്ടായിരുന്നു.

ഗോവണിയിറങ്ങുമ്പോൾ, ഭാര്യയുടെ ശബ്ദത്തിലെ കാലുഷ്യം വ്യക്തമായി കേൾക്കാം. അവളുടെ സ്ഥായീഭാവം അതൃപ്തിയാണ്. അതിനു, പഠന മുറിയെന്നോ കിടപ്പറയെന്നോ ഭേദമില്ല. കുട്ടികൾ മൗനത്തിലേക്കു ചേക്കേറിയിരിക്കുന്നു. അവർക്കിനിയും അന്യമായിക്കൊണ്ടിരിക്കുന്ന പ്രകൃതി യുടെ കൗതുകങ്ങളേക്കുറിച്ചോർത്തപ്പോൾ, അയാൾക്കു നൊമ്പരം തോന്നി.

ഉമ്മറവാതിലും കടന്ന് പൂമുഖത്തെത്തിയപ്പോൾ, അയാൾക്കു വേണ്ടിയൊരു പെരുമഴ പെയ്തു. ആർത്തലച്ച്…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *