ഭാര്യയുടെ വിഷമവും മരുമോളുടെ അമ്മയോടുള്ള ദേഷ്യവും പുച്ഛവുമൊക്ക കണ്ടപ്പോൾ……

എഴുത്ത്:-മഹാ ദേവൻ

” ദേ, നിങ്ങള് കേട്ടില്ലേ മനുഷ്യാ… പാർവ്വതീടെ അമ്മയ്ക്ക് പിന്നേം വയറ്റിലുണ്ടെന്ന്. ഇവളൊക്കെ ഇത്‌ എന്ത് ഭാവിച്ചാ.. “

താടിയ്ക്ക് കയ്യും കൊടുത്തു് ഇരിന്ന് പായാരം പറയുന്ന ഭാര്യയെ നോക്കി അയാളൊന്ന് ചിരിച്ചു.

” നിന്റ പറച്ചില് കേട്ടാൽ തോന്നൂലോ നിനക്ക് അതിൽ വല്ലാത്ത സങ്കടംണ്ടന്ന്. ഇനിപ്പോ പറഞ്ഞിട്ട് കാര്യല്ല. അന്നേ ഞാൻ പറഞ്ഞതാ നിർത്തണ്ട, നിർത്തണ്ട ന്ന്. അപ്പോൾ നിന്റ അമ്മ, എന്റെ അമ്മായിഅമ്മ എന്നിലുള്ള വിശ്വാസകൂടുതൽ കൊണ്ട് വേഗം കൊണ്ടോയി നിർത്തിച്ചു. അതുകൊണ്ട് ഇപ്പോൾ നിനക്ക് ഇതൊക്കെ കേട്ട് സങ്കടപ്പെട്ട് ഇരിക്കാനല്ലേ പറ്റൂ…. ആഹ്….. ഇനി പറഞ്ഞിട്ട് ന്ത് കാര്യം “

സുഗുണൻ ഒരു വഷളൻചിരിയോടെ സെറ്റിയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ദേഷ്യം വന്ന ഭാര്യ ചിറികോട്ടികൊണ്ട് അയാളുടെ തോളിൽ പിടിച്ചൊന്നു വലിച്ചു.

” ദേ, മനുഷ്യ….. സന്ധ്യസമയത്ത് എന്നെക്കൊണ്ട് ഒന്നും പറയിക്കല്ലേ.. വയസ്സാൻക്കാലത്ത്‌ ന്താ ഒരു പൂതി. ഹ്മ്… “

ഭാര്യ വയ്‌ലന്റെ ആയെന്ന് കണ്ടപ്പോൾ സുഗുണൻ ഒന്ന് വലിഞ്ഞു. ” ന്തിനാ വെറുതെ പാതിരായ്ക്ക് അവളുടെ വായിൽ നിന്ന് സരസ്വതി കേൾക്കുന്നത്. “

” എന്റെ മനുഷ്യാ.. നിങ്ങളുടെ മരോൾടെ അമ്മേടെ കാര്യാ ഞാൻ പറഞ്ഞേ…. ഒന്നല്ലെങ്കിൽ സ്വന്തം മോൾക്ക് രണ്ട് കുട്ടി ആയെന്നുള്ള ബോധം വേണ്ടേ അവറ്റകൾക്ക്.ശോ.. നാണക്കേട്… ഇനി നമ്മുടെ മോന് പോലും പുറത്തിറങ്ങി നടക്കാൻ പറ്റോ…?

” അമ്മായിഅമ്മ കൊള്ളാലോ, എന്നാ പ്രസവം, അമ്മയുടെ പ്രസവശിശ്രൂഷയ്ക്ക് നിന്റ ഭാര്യ പോകുന്നില്ലേ, നിന്റ കുട്ടികൾക്ക് കളിക്കാൻ കൂട്ടിന് ഒരാളും കൂടി ആയല്ലോ ” അങ്ങനെ ഒക്കെ പറഞ്ഞ് കളിയാകില്ലേ പുറത്തുള്ളവർ. ചോദിക്കുന്നവർക്ക് ഒരു രസം. പക്ഷേ, നമ്മുടെ മോൻ അവരുടെ ഒക്കെ മുന്നിൽ ചൂളിപ്പോകില്ലേ? “

ഭാര്യയുടെ വിഷമവും മരുമോളുടെ അമ്മയോടുള്ള ദേഷ്യവും പുച്ഛവുമൊക്ക കണ്ടപ്പോൾ സുഗുണൻ പിന്നെയും ചിരിച്ചു.

” ഞാൻ ഇത്രയൊക്കെ സീരിയസ്സായി ഒരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് ചിരി.

” പിന്നെ ചിരിക്കാതെ.. നിന്റ വർത്താനം കെട്ടാൽ തോന്നൂലോ എന്റെ മോൻ ആണ് ആ ഗര്ഭത്തിന് ഉത്തരവാദി എന്ന്..

എടി, നാട്ടുകാർ പലതും ചോദിക്കും, പറയും… അത് കേട്ടോണ്ട് നിൽക്കാൻ ഇവൻ വെറും കെഴങ്ങനൊന്നും അല്ലല്ലോ. പാർവതീടെ അമ്മയ്ക്ക് ഗർഭം ഉണ്ടായെങ്കിൽ അത് അവരുടെ താല്പര്യം അല്ലെ. അതിനിപ്പോ നേരോം കാലോം നോക്കണോ? അതിന് നമ്മളിവിടെ കിടന്ന് തുള്ളിയിട്ടോ നാണക്കേട് പറഞ്ഞിട്ടോ കാര്യമില്ല. പിന്നെ നീ ഇനി അതും ഇതും പറഞ്ഞ് ആ മരുമോൾകൊച്ചിനെ വിഷമിപ്പിക്കണ്ട… കേട്ടല്ലോ “

ആ വിഷയം അവിടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ സുഗുണനെ ഒരു സുഖോം ഇല്ലാത്തൊരു നോട്ടം നോക്കികൊണ്ട് ആരോടെന്നോല്ലാതെ പറയുന്നുണ്ടായിരുന്നു അവൾ “ഞാൻ ആരോടും പറയുന്നില്ലേ.. അല്ലെങ്കിൽ തന്നെ കൊട്ടിഘോഷിച്ചു പറയാൻ പറ്റുന്ന കാര്യമാണോ ഇതൊക്കെ. നാണം കെട്ട ഏർപ്പാട്…”

പിറ്റേ ദിവസം പാർവ്വതി വീട്ടിലേക്കെന്നും പറഞ്ഞ് പോകാൻ ഇറങ്ങുമ്പോൾ പിറകിൽ വന്ന് നിന്ന അമ്മ കുശലാന്വേഷണം പോലെ, ന്നാൽ അവൾക്കിട്ടൊന്നു താങ്ങിയ പോലെ ചോദിക്കുന്നുണ്ടായിരുന്നു

” ഇനി മോളെന്നാ വരാ.. അമ്മേടെ പേറും തൊണ്ണൂറും കഴിയോ ” എന്ന്.

അതിലെ കുത്ത് പർവ്വതിയ്ക്ക് മനസ്സിലായി.. അമ്മ തന്നെ കളിയാക്കിയതാണെന്നും.

” അതിപ്പോ അവിടത്തെ അവസ്ഥ പോലെ അല്ലേ തീരുമാനിക്കാൻ പറ്റൂ അമ്മേ.? ഈ പ്രായത്തിൽ ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണം എന്നല്ലേ. അപ്പൊ കൂടെ എപ്പോഴും ആള് വേണ്ടി വരും. ഇതിപ്പോ അമ്മ ഗർഭിണി ആയെന്നു പറഞ്ഞ് ഇട്ടെറിഞ്ഞു പോരാൻ പറ്റോ.. ഇതേ അവസ്ഥയിൽ എന്നെ നോക്കിയത് അവരല്ലേ.. അപ്പൊ എനിക്ക് ദൈവം തന്ന ഒരു അവസരമാകും ഇത്‌, അമ്മയെ അതുപോലെ നോക്കാൻ. ഞാൻ അങ്ങനെ കരുതിക്കോളാം..

അതുകൊണ്ട് കൃത്യായി ഒരു ഡേറ്റ് പറയാൻ കഴിയില്ല…. അമ്മയ്ക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ കഴിയുമ്പോൾ ഞാൻ വരാം… പിന്നെ അമ്മയ്ക്ക് അങ്ങോട്ട് വരാട്ടോ എപ്പോ വേണേലും.. പാർവ്വതി പുഞ്ചിരിയോടെ പുറത്തേക്ക് നടക്കുമ്പോൾ വെറുതെ രാവിലെ അവളുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി യിരുന്നില്ല എന്ന് തോന്നി അമ്മായിഅമ്മയ്ക്ക്.

വീടിന്റെ മുന്നിൽ ഓട്ടോ നിൽക്കുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു അച്ഛൻ. അവളെ കണ്ടപ്പോൾ ആ മുഖത്ത്‌ ജാള്യത പ്രകടമാകുന്നത് ശ്രദ്ധിച്ചു പാർവ്വതി.

ഓട്ടോകാശു കൊടുത്ത് കുട്ടികളെയും കൂട്ടി ബാഗുമായി ഉമ്മറത്തേയ്ക്ക് കയറുമ്പോൾ അവൾക്ക് മുഖം കൊടുക്കാതെ നിൽക്കുന്ന അച്ഛനെ അവൾ പുഞ്ചിരിയോടെ നോക്കി !

” ന്താ അച്ഛാ, നാല്പാടും തിരയുന്നത്. വല്ലതും വീണ് പോയൊ? “

” അത്.. പിന്നെ…. “

എന്ത് പറയണമെന്ന് അറിയാതെ അല്പനേരം പരുങ്ങി നിന്ന അദ്ദേഹം വിഷയം മാറ്റാനെന്നോണം കുഞ്ഞുങ്ങളുടെ കവിളിൽ പിടിച്ച് ” അച്ഛൻ വന്നില്ലേ മക്കളെ ” എന്നും ചോദിച്ചുകൊണ്ട് അവരെയും ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു.

അച്ഛന് പിന്നാലെ പുഞ്ചിരിയോടെ അകത്തേക്ക് നടന്ന പാർവ്വതി അമ്മയുടെ മുറിയിലെത്തുമ്പോൾ അമ്മ കിടപ്പിലായിരുന്നു. അവളെ കണ്ടപ്പോൾ പതിയെ എഴുനേറ്റ് ഇരിക്കുമ്പോൾ അമ്മയ്ക്കരികിൽ ഇരുന്ന പാർവ്വതി ആ കയ്യിലൊന്ന് മുറുക്കെ പിടിച്ചു.

അമ്മയുടെ മുഖത്ത്‌ അപ്പോഴും നിറഞ്ഞുനിന്ന മ്ലാനത എന്തിനാണെന്ന് അവൾക്ക് അറിയില്ലായിരുന്നു..

‘ ന്ത് പറ്റി അമ്മേ, ആകെ ഒരു വിഷമം. “

അവൾ കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കുമ്പോൾ അമ്മ അവളുടെ കയ്യിൽ തന്റെ മറ്റേ കൈ അമർത്തി.

” മോളെ…. ഈ കുട്ടി…. അത് വേണ്ട മോളെ…. “

“അമ്മായിത് ന്താ പറയുന്നേ? നല്ല കാര്യം.. ഒരു ജീവനെ ഇല്ലാതാക്കാനോ? “

പർവ്വതിയിലെ അമ്പരപ്പ് അവളുടെ മുഖത്ത്‌ പ്രകടമാകുമ്പോൾ അമ്മ കരയാൻ തുടങ്ങിയ കണ്ണുകൾ ഒന്ന് അമർത്തിതുടയ്ച്ചു.

” അങ്ങനല്ല മോളെ…. വയറ്റിൽ നാമ്പെടുത്ത ജീവനെ മുളയിലേ നുള്ളിയെറിയാൻ ഒരമ്മയും ആഗ്രഹിക്കില്ല.. നിവർത്തികേട്‌ കൊണ്ട് അങ്ങനെ ചെയ്യേണ്ടിവന്നാൽ പോലും സ്വന്തം ജീവൻ പറിച്ചെറിയുന്ന വേദനയാകും അത്. അമ്മയ്ക്ക് അറിയാഞ്ഞിട്ടല്ല, പക്ഷേ….. ഞാൻ കാരണം…… ഇതിന്റെ പേരിൽ കുത്തു വാക്കുകൾ കേൾക്കേണ്ടിവരുന്നത് മക്കൾക്കാണ്. ഒരു മോള് ജനിച്ചപ്പോൾ അവൾക്കൊരു കൂടപ്പിറപ്പ് വേണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ , അത് ഇത്ര വൈകിയാകുമെന്ന്…..തെറ്റാണോ ശരിയാണോ എന്നൊന്നും അറിയില്ല മോളെ…. പക്ഷേ… “

കൂടുതൽ പറയുംമുന്നേ പാർവ്വതി അമ്മയുടെ വാ പൊത്തി.

” അമ്മ ഇനി ഒന്നും പറയണ്ട… മറ്റുള്ളവർ എന്ത് പറയും എന്ന് നോക്കിയല്ല ഞങ്ങൾ ജീവിക്കുന്നത്.എനിക്ക് ഒരു കൂടപ്പിറപ്പിനെ നിങ്ങൾ ആഗഹിച്ച പോലെ ഞാനും ആഗ്രഹിച്ചിരുന്നു എനിക്കൊരു അനിയനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിൽ എന്ന്. കുറച്ചു വൈകിയാലും അങ്ങനെ ഒരാൾ വരാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് ഞാൻ ഇങ്ങോട്ട് വന്നത്. വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചുകൂട്ടി ആ സന്തോഷം അമ്മ നശിപ്പിക്കണ്ട. പുറത്ത് അച്ഛൻ നിൽപ്പുണ്ട്.. എന്നിൽ നിന്ന് മുഖം മറയ്ക്കാൻ ശ്രമിക്കുന്നത് ജാള്യത കൊണ്ടാണെന്ന് അറിയാം.. പക്ഷേ, ആ ജാള്യത എന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഈ പ്രായത്തിൽ ഒരാൾ അച്ഛനാകുന്നത് ലോകത്ത് ആദ്യത്തെ സംഭവം ഒന്നുമല്ല, പിന്നെ കുറെ കണ്ണിൽ കുരുവുമായി നടക്കുന്നവർ എല്ലാ നാട്ടിലും ഉണ്ട്.. അവർ കാണുമ്പോൾ നല്ലത്‌ പറയും, കണ്ണിൽ നിന്നും മറഞ്ഞാൽ കുറ്റവും പറയും.

ഇവിടെ അമ്മയ്ക്കും അച്ഛനും എന്താണോ ആഗ്രഹം അതിന് മാത്രം മുൻ‌തൂക്കം നൽകുക. അവിടെ എന്നെയോ ദേവേട്ടനെയോ മറ്റു ബന്ധുക്കളെയോ നാട്ടുകാരെയോ നോക്കണ്ട… നിങ്ങൾക്ക് ഒരു കുഞ്ഞ് കൂടി ജനിക്കാൻ പോകുന്നു.. ആ സന്തോഷത്തോടൊപ്പം മുന്നോട്ട് പോകുക.. ഒരു കുഞ്ഞിനെ ഇല്ലാതാക്കാൻ എളുപ്പമാണ് അമ്മേ… പക്ഷേ ഒരു കുഞ്ഞ് ഉണ്ടാകാൻ ഒരുപാട് ആഗ്രഹിച്ചിട്ടും അതിനുള്ള യോഗമില്ലാതെ വിഷമിക്കുന്ന ഒരുപാട് അമ്മമാർ ഉള്ള നാടാണ് ഇത്‌. അത് അമ്മ ഓർക്കണം….

ഒരു ജീവനാണ് അത്…. അറുത്തു കളയാനല്ലല്ലോ അമ്മേ ദൈവം പൊക്കിൾ ക്കൊടിയിൽ കൊരുത്തു തന്നത്. അതുകൊണ്ട് മറ്റുള്ളവർ എന്ത് പറയും, ഞങ്ങൾക്ക് മാനക്കേട് അല്ലെ എന്നൊന്നും കരുതി ഇതുപോലെ വേണ്ടാത്ത ഒരു ചിന്തയും വേണ്ട. എനിക്ക് ഒരു മോൻ, അല്ലെങ്കിൽ മോള് ഉണ്ടാകാൻ പോകുന്നത് ഓർക്കുമ്പോൾ എന്ത് സന്തോഷം എത്രയാണെന്ന് അറിയോ.. പിന്നെ പിറക്കുന്നത് എന്റെ മോള് കൂടി അല്ലെ…. “

അവൾ സന്തോഷത്തോടെ അമ്മയെ കെട്ടിപുണരുമ്പോൾ അമ്മയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞുതൂവുന്നുണ്ടായിരുന്നു. വാതിൽക്കൽ എല്ലാം കേട്ട് നിന്ന അച്ഛന്റെ ഹൃദയവും…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *