മണൽത്തരികളിൽ വിരലൊടിച്ചുകൊണ്ട് കടലിന്റെ നീലിമയിലേക്ക് നോക്കി അവൻ ഇരുന്നു, അരികിൽ അവളും…. നിശബ്ദമാണ്……

എഴുത്ത് :-വൈദേഹി വൈഗ

ചുവന്നു തുടുത്ത വാകമരത്തിൻചോട്ടിൽ ലൈബ്രറിയിലേക്കും നോക്കി വളരെയേറെ നേരമായി കാത്തിരിക്കുകയാണ് അരവിന്ദൻ, എന്നും അവൻ ശ്രുതിക്ക് വേണ്ടി കാത്തിരിക്കാറുള്ളത് ചെമ്പൂക്കൾ വാരിയണിഞ്ഞ് സുന്ദരിയായ് നിൽക്കുന്ന ആ മരചുവട്ടിൽ തന്നെയാണ്.

ഇന്നവൾ അല്പം വൈകി, അല്പം എന്ന് പറഞ്ഞാൽ ഭംഗിവാക്കാകും, കുറച്ചധികം വൈകിയിരിക്കുന്നു…

ഏറെ നേരത്തെ കാത്തിരിപ്പ് കൊണ്ടാവും അരവിന്ദന് ആകെ മുഷിഞ്ഞ മട്ടുണ്ട്. മൊബൈൽ ഫോണിൽ എങ്ങും ഉറച്ചുനിൽക്കാതെ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുകയാണ്… ഇൻസ്റ്റഗ്രാം റീൽസ്, യുട്യൂബ്, ഫേസ്ബുക് അങ്ങനെ പലയിടങ്ങളിലും….

വിരൽതുമ്പിലെ ലോകം വാചാലമായപ്പോൾ അരികിൽ അവൾ വന്നിരുന്നത് അവൻ അറിഞ്ഞില്ല,

“ഹലോ മാഷേ…..”

മൃദുലമായ അവളുടെ നേർത്ത വിരലുകൾകൊണ്ട് ചുമലിൽ തട്ടി വിളിച്ചപ്പോൾ മാത്രമാണ് അരവിന്ദൻ അവളെ കണ്ടത്പോലും,

“ഹ, നീ വന്നോ….”

പുഞ്ചിരിയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി. മറ്റാരെങ്കിലും ആയിരുന്നു അരവിന്ദന്റെ സ്ഥാനത്തെങ്കിൽ ഇത്രയും നേരം വൈകിച്ചതിന് രണ്ട് വഴക്ക് പറയുമായിരുന്നു… അല്ലേ, പക്ഷെ അവൻ പുഞ്ചിരിച്ചു… നിലാവ് പോൽ നനുത്ത പുഞ്ചിരി…

“ദേഷ്യമാണോ….?”

അവൾ അവന്റെ തോളിൽ തല ചായ്ച്ചിരുന്നു,

“എന്തിനാ ദേഷ്യം…”

നെറുകയിൽ തലോടി ഒരു കുഞ്ഞു മുത്തം പതിപ്പിച്ചു കൊണ്ടവന്റെ മറുചോദ്യം,

വിരലുകളിൽ വിരലുകൾ കോർത്ത് അവർ നടക്കാൻ തുടങ്ങി, നീളുന്ന നടപ്പാത… ഇരുവശങ്ങളിലും പൂമരങ്ങൾ…. നടപ്പാത ചെന്നുചേരുന്നത് ഇമ്പമുള്ള ഇരമ്പവുമായ് വികാരങ്ങളുമായ് വേലിയേറ്റം നടത്തുന്ന കടൽത്തീരത്ത്….

സൂര്യാസ്തമനം കാണാൻ വേണ്ടി മാത്രം ഏത് തിരക്കാണിവിടെയെന്നറിയോ, അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചെത്തിയ കുട്ടികൾ, കാമുകീകാമുകന്മാർ, കൂട്ടുകാർ, ഭാര്യാഭർത്താക്കന്മാർ… അവർക്കിടയിൽ അരവിന്ദനും ശ്രുതിയും…

മണൽത്തരികളിൽ വിരലൊടിച്ചുകൊണ്ട് കടലിന്റെ നീലിമയിലേക്ക് നോക്കി അവൻ ഇരുന്നു, അരികിൽ അവളും…. നിശബ്ദമാണ് സ്ഥായീഭാവം,

പെട്ടെന്നവൾ ചോദിച്ചു.

“ലോല ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവുമോ….”

അവനൊന്നു ഞെട്ടി,

“ഏത് ലോല….”

അവന്റെ കണ്ണുകൾ ശ്രുതിയുടെ കണ്ണുകളെ ചുഴിഞ്ഞു,

“ലോല…. ലോല മിൽഫോഡ്….”

അപ്പോഴും അരവിന്ദനാളെ പിടികിട്ടിയില്ല,

“പപ്പേട്ടന്റെ ലോല….”

“ഒറ്റവീക്ക് വച്ചു തന്നാലുണ്ടല്ലോ….”

ശരിക്കും അവന് ദേഷ്യം വന്നിരുന്നു, എങ്കിലും ചിരിച്ചു കൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്.

“നോക്കിക്കോ ഒരു ദിവസം ആ ലൈബ്രറി ഞാൻ കത്തിക്കും….”

അവന്റെ പിറുപിറുക്കൽ കേട്ട് ശ്രുതി പൊട്ടിച്ചിരിച്ചു പോയി, ചിരിയുടെ അവസാനത്തിൽ അവൾ അവനോട് ഒന്നുകൂടി ചേർന്നിരുന്നു,

“ഒരിക്കലും അയാൾ തിരികെ വരില്ലെന്ന് ലോലക്കറിയാമായിരുന്നു, തന്നെ വിവാഹം കഴിക്കില്ലെന്നും…. എങ്കിലും അവൾ അയാളെ സ്നേഹിച്ചു.

അവൾ അയാൾക്ക് വേണ്ടി തന്നെ സ്വയം അർപ്പിച്ചു, ഒരുപക്ഷെ അവളുടെ ഉദരത്തിൽ അയാളുടെ കുഞ്ഞുണ്ടായിരുന്നിരിക്കാം….

ആ കുഞ്ഞ് വളർന്നു വലുതായപ്പോൾ, തന്റെ അച്ഛൻ ആരാണ്, അദ്ദേഹ മെവിടെയാണെന്ന് ചോദിച്ചപ്പോൾ അവളുടെ ഉള്ള് പൊള്ളിയിരിക്കാം… അയാളെ വെളിപ്പെടുത്താനാകാതെ ആ ഹൃദയം പൊട്ടിപ്പിളർന്നിരിക്കാം…

ഒടുവിൽ അവളുടെ അവസാനശ്വാസം നിലക്കും വരെ ലോല അയാളെ കാണാനാഗ്രഹിച്ചിട്ടുണ്ടാവാം…. അയാൾ ഒരിക്കലും തിരികെ വരില്ലെന്നറിയാമായിരുന്നിട്ടും ഓരോ തവണയും മോഹിക്കുമ്പോൾ ആ ആത്മാവ് എത്രത്തോളം മുറിപ്പെട്ടിരിക്കാം…..”

അരവിന്ദൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു, അവളുടെ ഹൃദയം വിങ്ങുന്നത് അവൻ കണ്ടു. അവളുടെ ശ്വാസോച്ഛാസത്തിൽ, ഓരോ ഹൃദയത്തുടിപ്പിൽ നൊമ്പരം നിറയുന്നതവൻ അറിഞ്ഞു.

അവൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു, അസ്തമയസൂര്യന്റെ പൊൻവർണകിരണങ്ങൾ ഇരുവരുടെ മേൽ പ്രണയപൊന്നാടയണിയിച്ചു. ഇരുവരിലേക്ക് മാത്രമായി ലോകം ചുരുണ്ടുകൂടി….

അവിടെ അരവിന്ദന്റെ ശ്രുതിയും ശ്രുതിയുടെ അരവിന്ദനും മാത്രം……… ❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *