മറുപടിയെന്നോണം അവിടെനിന്നും പറന്നെത്തിയ ചുരുട്ടികൂട്ടിയ ആ കടലാസ്സ് തുണ്ട്……

Story written by Saran Prakash

അന്നൊരു കടലാസ്സ് തുണ്ട് കയ്യിലേന്തി, അവനെന്നെ മറികടന്ന് അയാൾക്കരികിലെത്തി…

”ഹൌ ഈസ് ഇറ്റ് ഡാഡ്..??”

എനിക്കാ ഭാഷ അറിയില്ലെങ്കിലും, ആ കുഞ്ഞിക്കണ്ണുകൾ അയാളിൽ നിന്നും കാര്യമായെന്തോ മറുപടി പ്രതീക്ഷിച്ചിരുന്നു…

അവന്റ കുഞ്ഞികാലുകൾ നടന്നകന്ന നിലത്ത്, ചുവപ്പും നീലയും മഞ്ഞയും ഛായങ്ങൾ, എന്നെ നോക്കി കൊഞ്ഞനം കുത്തി….

നിമിഷങ്ങൾ മുൻപ് ഞാൻ തുടച്ചു വൃത്തിയാക്കിയിടം…

”ഇറ്റ്സ് ഗുഡ്… എന്നാലുമെന്തോ കുറവുകൾപോലെ…” ഷെൽഫിനകത്തെ പാബ്ലോ പിക്കാസോ അയാൾ തിരഞ്ഞുപിടിച്ചു..

വരച്ചുപഠിച്ചൊരു പിക്കാസോയാകാൻ, അയാൾ ആ കുഞ്ഞികാതിലോതി… ഒരച്ഛന്റെ സ്നേഹത്തോടെ…

കയ്യിലെ നനവേറിയ തുണികൊണ്ട് ഞാനാ കാൽപ്പാടുകൾ തുടച്ചുനീക്കി… നിലം വീണ്ടും വെളുക്കനെ പുഞ്ചിരിച്ചു…

മുറിക്കകത്തെ കുളിമുറിവാതിൽ തുറക്കപ്പെട്ടു..

വീണ്ടുമാ കുഞ്ഞിക്കാലുകൾ എന്നെ മറികടന്നകത്തേക്കോടി..

നിലം പതിച്ച ചുവപ്പും നീലയും മഞ്ഞയും കാൽപ്പാടുകൾ, വീണ്ടുമെന്നെ നോക്കി പല്ലിളിച്ചു…

മറുത്തൊന്നും മൊഴിയാതെ വീണ്ടും വീണ്ടും ഞാനാ നിലം തുടച്ചു…

തലേന്നാൾ, അറിയാതെ കൈതട്ടി വീണൊരു കോപ്പ വെള്ളം ചാണകം മെഴുകിയ ആ കുടിലിന്റെ ഉള്ളിൽ ചിതറിയപ്പോൾ, മനസ്സ് വേദനിച്ച കുഞ്ഞാറ്റയുടെ നൊമ്പരം ഉള്ളിൽ തേട്ടിവന്നു…

”അറിഞ്ഞുകൊണ്ടല്ലമ്മേ… ചിമ്മിനി വെട്ടത്തിൽ കണ്ടില്ല ഞാൻ..!!”

”മമ്മാ… സീ ദിസ്…”

ഉയർത്തിപിടിച്ച ആ കടലാസുതുണ്ടിലേക്ക് തിരക്കേറിയ അവർ ഒരുവട്ടമേ നോക്കിയുള്ളൂ…

”കമോൺ മൈ ഡിയർ… വരച്ചുകൂട്ടിയതുകൊണ്ട് ഒന്നുമാകില്ല…

ഗോ.. ടേക്ക് യുവർ സ്റ്റഡി ബുക്ക്സ്… പഠിച്ചു മിടുക്കനാകണം… ലോകമറിയുന്ന ന്യൂട്ടനെപോലെ… എയ്ൻസ്റ്റീനിനെ പോലെ…”

അവരവന്റെ നെറുകയിൽ തലോടി… നെറ്റിയിൽ ചുംബനമേകി.. ഒരമ്മയുടെ വാത്സല്യത്തോടെ…

അവൻ ചിരിച്ചു… തിളക്കമൊട്ടുമില്ലാത്ത ഒരു നേർത്ത പുഞ്ചിരി…

അവന്റ ഭാവിയെന്ന് ചൊല്ലി, അവരിരുവരും അന്നും പതിവുപോലെ പടിയിറങ്ങി…

തീന്മേശയിൽ അവനിഷ്ടപ്പെട്ട സ്വീറ്റ് ബ്രഡ് ടോസ്റ് തണുത്തുറഞ്ഞിരുന്നു…

അന്നൊരിക്കൽ ബാക്കിവന്ന ഒന്നെടുത്ത് വീട്ടിലെത്തിയപ്പോൾ കുഞ്ഞാറ്റ ചൊല്ലിയത് കാതിൽ മുഴങ്ങി…

ഇതെന്താ ബ്രഡ് പൊരിയോ…!!!

അറിയാതെ ചുണ്ടിലൊരു ചെറുചിരി വിടർന്നു..

”കഴിക്കുന്നില്ലേ..??”

അകത്തെ മുറിയിലേക്കെത്തിനോക്കി ഞാൻ ഓർമ്മിപ്പിച്ചു..

മറുപടിയെന്നോണം അവിടെനിന്നും പറന്നെത്തിയ ചുരുട്ടികൂട്ടിയ ആ കടലാസ്സ് തുണ്ട് എനിക്ക് മുന്പിലായ് നിലം പതിച്ചു…

മുറിക്കകത്തെ ആ കുഞ്ഞികണ്ണുകളിലന്നേരം ഈറനണിഞ്ഞിരുന്നു…

നിലം തുടച്ചിരുന്ന തുണിയകറ്റി ഞാനാ കടലാസ്സ് തുണ്ട് കൈകളിലെടുത്തു…

ഒരു മുറി… അതിലൊരു കട്ടിൽ… അരികിൽ പുസ്തകങ്ങൾ നിറഞ്ഞൊരു മേശ… ജനലുകളെ ഒരു വലിയ തുണികൊണ്ട് മറച്ചിരിക്കുന്ന പോലെ… അതിനകത്ത് രണ്ടു കുഞ്ഞി കണ്ണുകൾ മാത്രം… നേർത്ത നനവോടെ…

ഉള്ളമൊന്നു വിങ്ങിയോ..!!!

കുഞ്ഞാറ്റയുടെ പുസ്തകം മനസ്സിൽ പൊടിതട്ടിയെടുത്തു…

പുഴയും മരങ്ങളും കിളികളും പാടവും മലകളും, ഇടയിലൊരു സൂര്യനും…

രണ്ടും ജീവിതത്തിന്റെ നേർവരകൾ…!!!

”കൊള്ളാം… മനോഹരമായിട്ടുണ്ട്…”

മുറിയിലേറി അടഞ്ഞുകിടന്നിരുന്ന ജനല്പാളികൾ തുറന്നു… തിടുക്കംകൂട്ടിയൊരു തണുത്ത കാറ്റ് ജനലഴികൾ ക്കിടയിലൂടെ അകത്തേക്ക് കടന്നു…

”ബട്ട്, പിക്കാസോ ഈസ് ദി ബെസ്റ്…!!”

കട്ടിലിൽ മുഖം താഴ്ത്തിയിരുന്നിരുന്ന ആ കുഞ്ഞുശബ്ദം ഇടറിയിരുന്നു…

അച്ഛനെക്കാൾ വലുതാകുമെന്നു പറയുമ്പോൾ, വാശിയേറി മാമുണ്ടിരുന്ന കുഞ്ഞാറ്റയെ ഓർത്തു…

”കുഞ്ഞു പിക്കാസോന്റെ ആദ്യത്തെ ചിത്രത്തിന് ഇത്ര ഭംഗിയുണ്ടായിരുന്നില്ല…!!”

തലയുയർത്തി ആ കുഞ്ഞിക്കണ്ണുകൾ എന്നെ മിഴിച്ചു നോക്കി…

അന്നൊരിക്കൽ കൂടെ കളിക്കുമ്പോൾ എന്നെ വട്ടംപിടിച്ച്, കുഞ്ഞാറ്റ മൊഴിഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി…

”യു ആർ ദി ബെസ്റ്..”

ആ ഭാഷയിൽ എനിക്കറിയാവുന്ന ഒന്നേയൊന്ന്….!!!

ഒരുപക്ഷേ അവന്റെ അച്ഛനിൽ നിന്നും അമ്മയിൽനിന്നും കേൾക്കാൻ ഏറെ കൊതിച്ചതും..

അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.. ആത്മവിശ്വാസത്തിന്റെ….

നിറം കലർന്ന അവശേഷിക്കുന്ന കാൽപ്പാടുകൾ നിലത്തുനിന്നും വീണ്ടും ഞാൻ ഒപ്പിയെടുത്തു…

”കഴിക്കുന്നില്ലേ..??” ഒരിക്കൽ കൂടി ഞാൻ ഓർമ്മിപ്പിച്ചു…

പുഞ്ചിരിച്ചുകൊണ്ട് അവൻ ആ കുഞ്ഞിക്കണ്ണുകളിറുക്കി…

”ആ നിലം ഒന്നുണങ്ങട്ടെ ആയമ്മേ… അല്ലെങ്കിൽ ഇനിയും…!!”

ഞാൻ ചിരിച്ചു… ആത്മനിർവൃതിയോടെ…!!! മുറിക്കകത്തിരുന്ന് അവനും…!

ആദ്യമായി പണിക്കിറങ്ങുമ്പോൾ, അവിടം മുൻപുണ്ടായിരുന്ന സ്ത്രീ പറഞ്ഞത് ആ നിമിഷം വെറുതെ കാതിലോർത്തെടുത്തു…

”സൂക്ഷിക്കണേ… കുരുത്തംകെട്ട ഒരു ചെക്കനുണ്ട് അവിടെ…!!!!”

ശുഭം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *