മോളെ കൃഷ്ണാ.. ഇനിയും ഇങ്ങനെ വാശി പിടിക്കരുത്. മോൾ ഹോസ്പിറ്റലിൽ പോയി അച്ഛനെ ഒന്ന് കാണണം…..

കൃഷ്ണപ്രിയ

Story written by Shafia Shamsudheen

“മോളെ കൃഷ്ണാ.. ഇനിയും ഇങ്ങനെ വാശി പിടിക്കരുത്. മോൾ ഹോസ്പിറ്റലിൽ പോയി അച്ഛനെ ഒന്ന് കാണണം”

“എനിക്കതിന് അച്ഛൻ ഇല്ലല്ലോ വല്യച്ഛാ..”

“അങ്ങനെ പറയരുത് മോളെ.. അവൻ നിങ്ങളോട് ചെയ്ത തെറ്റിനെല്ലാം ഇപ്പോൾ ആശുപത്രിക്കിടക്കയിൽ കിടന്ന് അനുഭവിക്കുന്നുണ്ട്”

“എങ്കിൽ വല്യച്ഛൻ ശ്രീനിയേയും കൂട്ടിക്കൊണ്ടു ചെല്ല് അങ്ങോട്ട്. രണ്ട് വയസ്സിൽ ചവിട്ടി ഒടിച്ച അവന്റെ കാലിന്റെ മുടന്ത് കണ്ട് ആ മനുഷ്യന്റെ ആത്മാവ് കൂടെ അനുഭവിക്കട്ടെ. നരകിക്കണം അയാൾ!” കൃഷ്ണ പിറുപിറുത്തു.

“ജന്മം തന്നവരെ ശപിക്കരുത് മോളെ”

“ജന്മം തന്നെന്നോ? മോന്തി കേറ്റിയ മ ദ്യത്തിന്റെ ല ഹരിയിൽ എന്റെ അമ്മയെ ക്രൂ രമായി പീ ഡിപ്പിച്ചപ്പോൾ അതിലുണ്ടായ രണ്ടു ജന്മങ്ങൾ. അതല്ലേ ഞാനും ശ്രീനിയും.

മ ദ്യപിച്ചാൽ ഇരട്ടിക്കുന്ന അയാളുടെ ആരോഗ്യത്തിന് ഇരയായിരുന്നത് ഞാനും എന്റെ അമ്മയും ശ്രീനിയും ആയിരുന്നല്ലോ. അ ടിയും ഇ ടിയും തൊ ഴിയും ച വിട്ടും ഞങ്ങളുടെ അലറികരച്ചിലും ആ വീട്ടിൽ നിത്യസംഭവം ആയിട്ടും തൊട്ടയല്പക്ക ത്തുണ്ടായിരുന്ന വല്യച്ഛൻ പോലും ഒന്ന് തിരിഞ്ഞു നോക്കിയിരുന്നോ? അന്ന് വല്യച്ഛനില്ലാതിരുന്ന മനസ്സാക്ഷി ഇന്ന് എനിക്കുമില്ല എന്ന് കൂട്ടിക്കോ.

വെറുക്കാവുന്നതിന്റെ അങ്ങേയറ്റത്തോളം വെറുത്ത ഒന്നായിരുന്നു അച്ഛൻ എന്ന പദം. പക്ഷേ ഇന്ന് ആ വെറുപ്പ് എന്നിൽ നിന്നും മാറ്റി കളഞ്ഞത് എന്റെ മക്കളുടെ അച്ഛനാണ്. ഞാൻ കണ്ടതിനും അനുഭവിച്ചതിനും വിപരീതമുഖം ഉള്ള ഒരു അച്ഛൻ.

വല്യച്ഛൻ പൊയ്ക്കോ.. എനിക്ക് അയാളെ കാണണ്ട. എന്റെ ശ്രീനിക്കും കാണണ്ട. ഞങ്ങളുടെ മനസ്സിൽ അങ്ങനെ ഒരച്ഛൻ ജീവിച്ചിരിപ്പില്ല”

വല്യച്ഛൻ പിന്തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു..കുറച്ചു ദൂരം പോയതിനുശേഷം കൃഷ്ണപ്രിയ പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു, “വല്യച്ഛാ… അയാളെ നോക്കാൻ ആ സ്ത്രീ അവിടെ ഉണ്ടല്ലോ അല്ലേ?

“അവനെ താങ്ങാനും എടുക്കാനും ഒന്നും ഇപ്പോൾ ആ സ്ത്രീയെ കൊണ്ട് തനിയെ ആവുന്നില്ലെന്നാ പറഞ്ഞേ”

വല്യച്ഛൻ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു .

കൃഷ്ണയുടെ മനസ്സിൽ ഗൂഢമായ ഒരു ആനന്ദം വിരിഞ്ഞു, പകയുടെ പ്രതികാരത്തിന്റെ ആനന്ദം.

ഓരോന്നും ഓർത്തുകൊണ്ട് അവൾ പിന്നാമ്പുറത്തെ തിണ്ണയിൽ പോയിരുന്നു.

അച്ഛനെന്ന് പറയുന്ന ആ മനുഷ്യന് സ്കൂൾകാലം മുതലേ ഒരു പ്രണയം ഉണ്ടായിരുന്നു പോലും.

അയാളുടെ പ്രണയത്തിന്റെ ആഴം അറിയാതിരുന്ന വീട്ടുകാർ അയാളെ ‘സൽപുത്രൻ’ ആക്കുവാനായി നല്ലൊരു കുടുംബത്തിലെ പെണ്ണിനെ ആലോചി ച്ചുറപ്പിച്ചു വിവാഹം ചെയ്യിപ്പിച്ചു.

മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം തുടങ്ങിയാൽ പഴയ പ്രണയവും പ്രണയിനിയേയും അയാൾ മറക്കുമെന്ന് വീട്ടുകാർ വ്യാമോഹിച്ചു കാണും.

വിവാഹത്തോടെ ഒരു പുരുഷന്റെ ദു:സ്വഭാവങ്ങളെല്ലാം മാറിക്കിട്ടുമെന്നാണല്ലോ വെപ്പ്.. ഇല്ലെങ്കിൽ സ്നേഹിച്ചും ലാളിച്ചും അത് മാറ്റിയെടുക്കേണ്ട കടമ ഭാര്യക്കുണ്ട് എന്നാണ് അലിഖിതനിയമം.

അസ്ഥിക്ക് പിടിച്ച പ്രണയം പക്ഷേ അയാളുടെ അസ്ഥിയിലും മജ്ജയിലും രക്തത്തിലും അലിഞ്ഞിരുന്നു. വീട്ടുകാർക്കോ ഭാര്യക്കോ എന്നല്ല ആ പ്രണയിനിക്കു പോലും അതിൽ നിന്നയാളെ വേർപെടുത്താനായില്ല.

താൻ സ്നേഹിച്ച പെണ്ണിനെ തള്ളിപ്പറഞ്ഞ, അവളെ തന്നിൽ നിന്ന് അടർത്തി മാറ്റിയ വീട്ടുകാരോടുള്ള പക പോക്കാൻ അയാൾ മ ദ്യത്തെ കൂട്ടുപിടിച്ചു. നിരപരാധിയായ ഭാര്യയേയും അതിൽ ജനിച്ച പാവം മക്കളേയും നിഷ്ഠൂരമായി തbല്ലിച്ചതച്ചുകൊണ്ടിരുന്നു . പൈതങ്ങളുടെ കരച്ചിൽ കേട്ടയാൾ ഭ്രാന്തനെ പോലെ ആർത്തുചിരിച്ചു.

ഇയാളുടെ കുടുംബജീവിതം നഷ്ടപ്പെടാതിരിക്കാൻ പ്രണയിനിയായിരുന്ന ആ സ്ത്രീ വേറെ വിവാഹം ചെയ്തു. എന്നിട്ടും ആ മനുഷ്യൻ അതിൽ നിന്ന് വിട്ടകലാനോ അവളെ മറക്കാനോ തയ്യാറായില്ല.

ഒടുവിൽ ഇയാൾക്കായി വഴിമാറി കൊടുത്തുകൊണ്ട് ആ സ്ത്രീയുടെ ഭർത്താവ് ഒഴിഞ്ഞു പോയതോടെ ഇയാൾ തന്റെ ഇഷ്ടപ്രണയിനിയോടൊപ്പം ജീവിതം ആരംഭിച്ചു.

തന്റെ ഭാര്യയായി ജീവിതം ഹോമിച്ച ഒരുവളെയോ തനിക്ക് ജനിച്ച രണ്ട് മക്കളെയോ അയാൾ ഓർത്തതേയില്ല. ഓർക്കുന്ന അപൂർവ്വം നിമിഷങ്ങളെ മറികടക്കാൻ അയാൾക്ക് മ ദ്യം വേണമായിരുന്നു. ല ഹരിക്ക് വീര്യം പകരാൻ ഭാര്യയുടെയും മക്കളുടെയും ആർത്തനാദം കേൾക്കണമായിരുന്നു.

മക്കൾ വളർന്നു. അവരുടെ അമ്മ അവരെ വളർത്തി വലുതാക്കി. മകളെ മാന്യനായ ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്തു.

അച്ഛനാൽ വികലാംഗൻ ആക്കപ്പെട്ട മകനു വേണ്ടി ഒരു കൊച്ചു കട തുടങ്ങി സ്വയംപര്യാപ്തനാക്കി അവനെയും വിവാഹം ചെയ്യിച്ചു.

താനൊറ്റക്ക് തന്റെ കടമകൾ നിറവേറ്റി, പ്രാരാബ്ധഭാരത്താൽ രോഗിയായ ആ അമ്മ വൈകാതെ മരണത്തിനു കീഴടങ്ങി.

“എന്താടോ ഇത്രേം വലിയ ചിന്ത? ഞാൻ വന്നതൊന്നും അറിഞ്ഞില്ലേ?”

“സുകുവേട്ടൻ വന്നോ? ഞാനിങ്ങനെ ഓരോന്ന് ഓർത്ത്…….”

“എന്താ വല്യച്ഛൻ വീണ്ടും വന്നോ?”

“വന്നിരുന്നു. അയാൾക്ക് അല്പം സീരിയസ് ആണെന്ന് പറയാൻ”

“എന്നിട്ട് താൻ എന്തു പറഞ്ഞു”

“ഞാൻ എന്നും പറയാറുള്ളത് തന്നെ പറഞ്ഞു”

“ഇത്തവണ നമുക്ക് അച്ഛനെ പോയി ഒന്ന് കാണണം.. താൻ റെഡിയാവ്”

“വേണ്ട സുകുവേട്ടാ.. എനിക്ക് അയാളെ കാണണ്ട”

“നമുക്ക് പോവണം കൃഷ്ണാ.. ഇവിടെ തന്റെ അച്ഛനേക്കാൾ തെറ്റ് ചെയ്തത് അച്ഛൻ വീട്ടുകാരാണ്. ആളുടെ മനസ്സിന് മറ കെട്ടാൻ ശ്രമിച്ച അവരാണ് തന്റെ അമ്മയെ ചതിച്ചത്. മുത്തച്ഛനോട് തനിക്ക് തോന്നാത്ത പക അച്ഛനോട് എന്തിനാ..”

“സുകുവേട്ടനു അറിയില്ല ഞങ്ങളുടെ ബാല്യം. അനുഭവിച്ചത് മുഴുവനും മുത്തച്ഛനെ കൊണ്ടല്ല, അച്ഛനെ കൊണ്ടാ..”

“അതിനു കാരണക്കാര് ആരാ? തന്റെ മുത്തച്ഛനും അച്ഛൻവീട്ടുകാരും അല്ലേ?”

“ഞങ്ങൾ എന്ത് തെറ്റ് ചെയ്തു സുകുവേട്ടാ…?”

കൃഷ്ണ കരയാൻ തുടങ്ങിയിരുന്നു.

“ഇനി അതൊന്നും പറയുന്നതിൽ അർത്ഥമില്ലല്ലോ കൃഷ്ണാ.. അനുഭവിക്കാൻ ഉള്ളതെല്ലാം നിങ്ങൾ അനുഭവിച്ച് കഴിഞ്ഞതല്ലേ. ഒരു പാഴ്സ്വപ്നം പോലെ എല്ലാം മറന്നേക്കു. ഇനി താൻ കരയരുത്. വാ.. നമുക്ക് ആശുപത്രി വരെ ഒന്നു പോകാം.

താൻ പോയി ഡ്രസ്സ് മാറി വാ”

കൃഷ്ണ എഴുന്നേറ്റ് അകത്തേക്ക് നടക്കുന്നതിനിടയിൽ ലാൻഡ് ഫോൺ ശബ്ദിച്ചു. അവൾ കോൾ അറ്റൻഡ് ചെയ്തു.

“മോളെ… ഞാൻ ആശുപത്രിയിൽ നിന്നാ.. അച്ഛൻ പോയി മോളേ.. എന്റെ മക്കൾ’ എന്നാണ് അവസാനമായി ………”

വല്യച്ഛന്റെ ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി.

ഉറക്കെ കരയാനാണോ ചിരിക്കാനാണോ തോന്നുന്നതെന്നറിയാതെ,

മനസ്സു മരവിച്ചവളുടെ നിർവികാരതയോടെ അവൾ ഫോൺ റിസീവർ താഴെവച്ച് മുറിയിലേക്ക് പതിയെ നടന്നു തന്റെ കിടക്കയിലേക്ക് വീണു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *