മോളേ,,, താലിമാലയും കൈയ്യിലെ രണ്ട് വളയും ഒഴിച്ച് ബാക്കിയുള്ള സ്വർണ്ണമൊക്കെ ഇങ്ങ് ഊരിതന്നേയ്ക്ക് ,അമ്മയുടെ അലമാരയിൽ സൂക്ഷിച്ചോളാം……..

Story written by Saji Thaiparambu

916

മോളേ,,, താലിമാലയും കൈയ്യിലെ രണ്ട് വളയും ഒഴിച്ച് ബാക്കിയുള്ള സ്വർണ്ണമൊക്കെ ഇങ്ങ് ഊരിതന്നേയ്ക്ക് ,അമ്മയുടെ അലമാരയിൽ സൂക്ഷിച്ചോളാം,,

അവസാനത്തെ വിരുന്ന് പോക്കും കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ മരുമകൾ ശാലിനിയോട് സുഭദ്രയത് പറയുമ്പോൾ, അവരുടെ നാത്തൂൻ ശ്രീദേവിയും കൂടെയുണ്ടായിരുന്നു.

ഓഹ് എന്തിനാണമ്മേ ?.ആകെ ഇരുപത്തിയഞ്ച് പവൻ്റെ സ്വർണ്ണമല്ലേയുള്ളു,, അത് ഞങ്ങടെ ഈ കുഞ്ഞ് അലമാരയിലിരുന്നോളും, അമ്മ വെറുതെ ബേജാറാവണ്ട,,

അപ്രതീക്ഷിതമായ മറുപടി കേട്ടപ്പോൾ,സുഭദ്രയ്ക്ക് മരുമകളോട് നീരസം തോന്നി.

ഇപ്പോൾ എങ്ങനിരിക്കുന്നു ?ഞാനന്നേ നാത്തൂനോട് പറഞ്ഞില്ലേ?.ഇവള് ആളൊരു മുറ്റാണെന്ന് ,വന്ന് കേറിയില്ല അതിന് മുന്നേ അവളുടെ തർക്കുത്തരം കേട്ടില്ലേ?

എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ ശ്രീദേവി ,സുഭദ്രയെ എരുവ് കേറ്റി.

അതിന് ശേഷം ശാലിനിയോട് സുഭദ്ര വലിയ അടുപ്പമോ,സ്നേഹമോ ഒന്നും പ്രകടിപ്പിച്ചില്ല ,പക്ഷേ എന്നും അതിരാവിലെ എഴുന്നേല്ക്കുന്ന ശാലിനി, വീട്ടിലെ എല്ലാ ജോലികളും ചെയ്ത് തീർത്തതിന് ശേഷമാണ്, അക്ഷയ സെൻ്ററിലെ ജോലിയ്ക്ക് പോയി കൊണ്ടിരുന്നത്.

എത്ര തിരക്കുണ്ടെങ്കിലും, വീടും പരിസരവും, അടുക്കും ചിട്ടയോടെ വൃത്തിയായി സൂക്ഷിക്കാൻ അവൾ മറന്നില്ല.

മരുമകളെ എന്തെങ്കിലും കുറ്റം കണ്ട് പിടിച്ച്, അവളോട് പ്രതികാരം ചെയ്യാൻ കാത്തിരുന്ന സുഭദ്രയ്ക്ക് , നിരാശയായിരുന്നു ഫലം

രണ്ട് കൊല്ലം മുൻപ് വാഹനാപകടത്തിൽ മരണപ്പെട്ട, സുധാകരൻ്റെ ഭാര്യയായിരുന്നു സുഭദ്ര.

അവർക്ക് രണ്ട് മക്കൾ, സുമേഷും, സുമിത്രയും,,

ശാലിനിയോടുള്ള പ്രണയം , സുമേഷ് വീട്ടിലറിയിക്കുമ്പോൾ സുമിത്രയ്ക്ക് പതിനെട്ട് വയസ്സായതേ ഉണ്ടായിരുന്നുള്ളു.

അത് കൊണ്ട് തന്നെ, സുഭദ്രയ്ക്ക് മറ്റ് എതിരഭിപ്രായങ്ങളൊന്ന് മുണ്ടായിരുന്നില്ല.

ശാലിനിയുടെ വീട്ടുകാർക്കും പ്രത്യേകിച്ച് എതിർപ്പൊന്നുമില്ലാതിരുന്നത് കൊണ്ട് ,അധികം താമസിയാതെ അവരുടെ വിവാഹം നടന്നു.

ദിവസങ്ങൾ, ആഴ്ചകളും മാസങ്ങളുമായി വളർന്ന് കൊണ്ടിരുന്നു.

വർഷമൊന്ന് കഴിഞ്ഞപ്പോൾ, ശാലിനിയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നു.

പിറ്റേവർഷം, കുഞ്ഞിൻ്റെ ആദ്യബെർത്ഡേ ചടങ്ങിനിടെയാണ്, ശ്രീദേവി ,സുഭദ്രയോടത് പറഞ്ഞത്.

കേട്ടോ നാത്തൂനെ ,നമ്മുടെ വാസന്തിയുടെ മകൻ സൂരജിന് പോലീസിൽ ജോലി കിട്ടി ,അവൾക്ക് നമ്മുടെ സുമിത്ര മോളെ മരുമോളായി കിട്ടിയാൽ കൊള്ളാമെന്നുണ്ട് ,നല്ല പയ്യനാ നാത്തൂനെ ,നമുക്കൊന്നാലോചിച്ചാലോ?അവര് പ്രത്യേകിച്ച് സ്ത്രീധനമൊന്നും ചോദിക്കത്തില്ല,,

അത് കേട്ട് കയിച്ചിട്ടിറക്കാനും, മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത രീതിയിൽ സുഭദ്ര നിന്നു.

അല്ല ശ്രീദേവി ,അവരൊന്നും ചോദിച്ചില്ലെങ്കിലും ,ഒരു പോലീസുകാരനൊക്കെ ആകുമ്പോൾ, കുറഞ്ഞത് ഒരു അൻപത് പവനെങ്കിലും നമ്മള് കൊടുക്കണ്ടേ? പെട്ടെന്നിങ്ങനെ പറഞ്ഞാൽ ,അൻപത് പവനൊക്കെ ഞാൻ എവിടെ പോയി ഉണ്ടാക്കാനാണ് ,എത്ര കൂട്ടിയാലും ഒരു ഇരുപത് പവൻ്റെ അപ്പുറത്ത് എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല, തല്ക്കാലം അവള് പഠിക്കട്ടെ ,അല്ലാതെ ഞാനെന്ത് പറയാനാണ്,,

നിരാശയോടെ സുഭദ്ര പറഞ്ഞു.

ചടങ്ങെല്ലാം കഴിഞ്ഞ്, ക്ഷണിക്കപ്പെട്ടവർ പോയി കഴിഞ്ഞപ്പോൾ ശാലിനി ,അടുക്കളയിൽ നിന്ന
സുഭദ്രയുടെ അടുത്തേയ്ക്ക് വന്നു.

അമ്മേ,,, ശ്രീദേവി അമ്മായി പറഞ്ഞ ചെക്കൻ്റെ കാര്യം നമുക്ക് ആലോചിക്കാം ,കേട്ടിടത്തോളം നല്ല ബന്ധമാണെന്ന് തോന്നുന്നു, സ്വർണ്ണത്തിൻ്റെ കാര്യമോർത്ത് അമ്മ ബേജാറാവണ്ട, അന്ന് ഞാൻ കൊണ്ട് വന്ന ഇരുപത്തിയഞ്ച് പവൻ ഇപ്പോഴും എൻ്റെ കുഞ്ഞലമാരയിൽ സുരക്ഷിതമായിരിപ്പുണ്ട്, ഇങ്ങനെയുള്ള ആവശ്യങ്ങൾ വരുമ്പോഴല്ലേ അമ്മേ, സ്വർണ്ണം കൊണ്ട് നമുക്ക് പ്രയോജന മുണ്ടാകുന്നത് , പിന്നെ, പോരാത്ത, നാലോ അഞ്ചോ പവൻ, സുമേഷേട്ടൻ ലോണെടുത്ത് വാങ്ങിക്കോളും ,അമ്മ, ശ്രീദേവി അമ്മായിയെ വിളിച്ച് നാളെ തന്നെ അവരെയും കൂട്ടി പെണ്ണ് കാണാൻ വരാൻ പറയ്, നമുക്കിതങ്ങ് ഉറപ്പിക്കാം അമ്മേ ,,,

താൻ കേട്ടതൊക്കെ സത്യമാണോന്നറിയാൻ, സുഭദ്ര സ്വയമൊന്ന് നുള്ളി നോക്കി, സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറഞ്ഞ് തുളുമ്പി, ഒന്നും പറയാൻ കഴിയാതെ സുഭദ്ര,ശാലിനിയെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ച് നെറുകയിൽ വാത്സല്യത്തോടെ തഴുകി.

അങ്ങനെ ഏറ്റവും അടുത്ത ശുഭമുഹൂർത്തത്തിൽ, സുമിത്രയുടെ വിവാഹം മംഗളമായി നടന്നു.

ദിവസങ്ങൾ പിന്നെയും കടന്ന് പോയി.

ഒരു ദിവസം സുഭദ്ര,ശാലിനിയുടെ മുറിയിലേയ്ക്ക് ഒരു പൊതിക്കെട്ടുമായി വന്നു.

മോളേ,, ഇത് കുറച്ച് ക്യാഷാണ്, കുട്ടികളുടെ അച്ഛൻ മരിച്ച വാഹനാപകടത്തിൻ്റെ കേസ് വിധിയായപ്പോൾ കിട്ടിയതാണ്,.നാളെ തന്നെ, സുമേഷിനെയും കൂട്ടി പോയിട്ട് ,മോള് അമ്മയെ ഏല്പിച്ച സ്വർണ്ണമത്രയും വാങ്ങണം,,

അയ്യേ അമ്മേ,, എന്തായിത് ? ഞാനത് ഒരിക്കലും തിരിച്ച് വാങ്ങാനല്ല തന്നത്, ഈ ക്യാഷ് അമ്മയുടെ കൈയ്യിൽ തന്നെ ഇരുന്നോട്ടെ,,

ശാലിനി സ്നേഹപൂർവ്വം അത് നിരസിച്ചു.

അതല്ല മോളേ ,,, ആ സ്വർണ്ണം അമ്മ ചോദിച്ചപ്പോൾ തരാതെ, ഈ വീട്ടിൽ ഒരാവശ്യം വന്നപ്പോൾ മോള് മനസ്സറിഞ്ഞ് തന്നപ്പോഴാണ്, അതിനൊരു മൂല്യമുണ്ടായതും, മോൾക്ക് അമ്മയുടെ മനസ്സിൽ ഒരു സ്ഥാനമുണ്ടായതും, സ്വർണ്ണമെന്ന് പറയുന്നത് ഒരു സമ്പാദ്യമാണ് ,എല്ലാ മാതാപിതാക്കളും സ്വന്തം മക്കളുടെ ഭാവി സുരക്ഷിതമാക്കാനും, അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും വേണ്ടിയാണ്, വിവാഹ സമയത്ത് കടം വാങ്ങിയും ,കഷ്ടപ്പെട്ടും കഴിയുന്നത്ര സ്വർണ്ണം വാങ്ങി ,മകളുടെ ദേഹത്തിട്ട്,ഭർത്താവിൻ്റെ വീട്ടിലേക്കയക്കുന്നത് ,നിനക്കും ഒരു മകളാണ് വളർന്ന് വരുന്നത് ,നാളെ അവൾക്കുമൊരാവശ്യം വരുമ്പോൾ ,നിൻ്റെ കയ്യിലും ഒരു കരുതലുണ്ടാവുന്നത് നല്ലതാണ് ,അത് കൊണ്ട് മോള് അമ്മ പറയുന്നത് പോലെ ചെയ്യ് ,

സുഭദ്രയുടെ വാക്കുകൾ ശാലിനിയ്ക്ക് തള്ളിക്കളയാനായില്ല

Related Posts

Leave a Reply

Your email address will not be published. Required fields are marked *