വല്ലപ്പോഴും നാട്ടിൽ വരുന്ന അച്ഛൻ തന്നോട് കാണിക്കുന്ന സ്നേഹത്തിൽ ആദ്യമൊന്നും അവൾക്ക് സംശയം ഉണ്ടായിരുന്നില്ല……

ജാഗ്രത

എഴുത്ത് :- സ്നേഹപൂർവ്വം കാളിദാസൻ

“മോളെ… നീ അറിഞ്ഞോ നിന്റെ അച്ഛൻ നാളെ വരും”

“എന്താ ചേട്ടാ…ആര് നാളെ വരുമെന്ന്”??

“അതേ മോളെ നമ്മുടെ അച്ഛൻ നാളെ ഗൾഫിൽ നിന്നും വരും..പിന്നെ തിരിച്ചു പോകുന്നില്ല”

ഇത് കേട്ടതും അവളുടെ മുഖത്ത് ഒരു പേടി പടർന്നു…അവർക്ക് അന്ന് രാത്രി ഉറങ്ങാൻ പറ്റിയില്ല…അവളുടെ അച്ഛൻ അവൾക്ക് ഒരു പേടിസ്വപ്നമായിരുന്നു.. അവൾക്ക് ഓർമ്മവെച്ച നാൾ മുതൽ അച്ഛൻ വിദേശത്തായിരുന്നു.. വല്ലപ്പോഴും നാട്ടിൽ വരുന്ന അച്ഛൻ തന്നോട് കാണിക്കുന്ന സ്നേഹത്തിൽ ആദ്യമൊന്നും അവൾക്ക് സംശയം ഉണ്ടായിരുന്നില്ല.. തനിക്ക് വളർച്ചയെത്തും തോറും അച്ഛന്റെ സ്നേഹ പ്രകടനത്തിൽ അവൾക്ക് ചെറിയ സംശയങ്ങൾ വന്നുകൂടി.. അത് ഒരു മകളോടുള്ള സ്നേഹ പ്രകടനമല്ലെന്ന് അവൾക്ക് മനസ്സിലായി…

ഏട്ടനും അമ്മയും മാത്രമേ ഉള്ളു വീട്ടിൽ… ഒരു അച്ഛൻറെ കുറവ് പരിഹരിച്ചിരുന്നത് ഏട്ടനായിരുന്നു… ഒരച്ഛന് സ്ഥാനത്തു നിന്നും തനിക്ക് വേണ്ടതെല്ലാം ചേട്ടൻ വാങ്ങിത്തന്നു… ഒരു മകളെ പോലെയായിരുന്നു ഏട്ടൻ തന്നെ നോക്കിയിരുന്നത്…എന്ത് കാര്യമുണ്ടെങ്കിലും ഏട്ടനോട് അവൾ തുറന്നു പറയുമായിരുന്നു….ഏട്ടനും അമ്മയ്ക്കും അച്ഛൻ എന്ന് പറഞ്ഞാൽ ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു…

തന്നോടുള്ള അച്ഛൻറെ പെരുമാറ്റം ഏട്ടനോട് അമ്മയോടും തുറന്നു പറഞ്ഞാൽ അവർ വിശ്വസിക്കുകയില്ല…കാരണം, ഏട്ടനും അമ്മയ്ക്കും അച്ഛനെന്നു പറഞ്ഞാൽ ജീവനായിരുന്നു… അച്ഛനെ ഒരുപാട് വിശ്വാസമായിരുന്നു…തനിക്ക് വളർച്ചയെത്തും തോറും അച്ഛൻറെ പെരുമാറ്റം കൂടുതൽ രൂക്ഷമായി… തൊടലും തലോടലും എല്ലാം അവളിൽ അച്ഛൻ എന്ന ആ വ്യക്തി ഒരു പേടിപെടുത്തുന്ന ഒന്നായിമാറി…അച്ഛൻ നാട്ടിൽ വരുമ്പോൾ പരമാവധി അച്ഛനിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കാൻ അവൾ ശ്രദ്ധിച്ചു…. ഓരോ വട്ടവും മോളേ എന്നുള്ള വിളി കേൾക്കുമ്പോൾ അവൾ ഓടിയൊളിച്ചു.. അച്ഛൻ ലീവിന് വരുന്ന സമയത്ത് രാത്രി ആകരുതെന്ന് അവൾ ഒരുപാട് പ്രാർത്ഥിച്ചിരുന്നു…സ്വന്തം അച്ഛന്റെ ഭാഗത്തു നിന്നും മോശമായ രീതിയിൽ ഉണ്ടായത് ആരോടെങ്കിലും പറഞ്ഞാൽ പോലും തന്നെ ആരും വിശ്വസിക്കുകയില്ല…അങ്ങനെ ആ രാത്രി അവൾക്ക് നടന്ന കാര്യങ്ങളെല്ലാം ചിന്തിച്ച് ഉറക്കമില്ലാതെ നേരം വെളുപ്പിച്ചു…

വീടിൻറെ മുറ്റത്ത് ഒരു കാർ വന്നുനിന്നപ്പോഴാണ് അവൾ ജനലിലൂടെ നോക്കിയത്… അപ്പോൾ ചിരിച്ചുകൊണ്ട് കാറിൽനിന്നിറങ്ങുന്ന അച്ഛനെയാണ് കണ്ടത് .. ചേട്ടനും അമ്മയും അച്ഛനെ കണ്ടതോടെ കാറിൽ അടുക്കലേക്ക് ഓടിച്ചെന്നു…

“എവിടെ…..അവളെവിടെ???” അച്ഛൻ ചോദിച്ചു..

മീനൂട്ടി…ദേ നിന്റെ അച്ഛൻ വന്നു നീ ഇങ്ങുവാ… ” ഏട്ടനവളെ വിളിച്ചു..

അവൾ പേടിച്ചു കൊണ്ട് അവരുടെ അടുക്കലേക്ക് ചെന്നു…അച്ഛന്റെ നോട്ടം തന്നെ ശരീരത്തിലേക്കാണെന്ന് മനസ്സിലായി…

“ഇവൾ ഒരുപാട് വളർന്നു പോയല്ലോ….” അയാൾ അവളെ നോക്കികൊണ്ട്‌ പറഞ്ഞു…

“ചേട്ടൻ വന്നിട്ടിപ്പോൾ അഞ്ചു വർഷം കഴിഞ്ഞില്ലേ അതുകൊണ്ട് തോന്നുന്നതാണ് ” അമ്മ അയാൾ കൊണ്ടുവന്ന പെട്ടി എടുക്കുന്നതിനിടയിൽ പറഞ്ഞു…

“ആവാം ന്നാലും അവൾ ശരിക്കും വളർന്നു” അയാളുടെ നോട്ടം അവളുടെ ശരീരമാകെ ഉഴിഞ്ഞു…

“മോളിങ്ങുവന്നേ..അച്ഛൻ ചോദിക്കട്ടെ..”

അവൾ പേടിച്ച് പേടിച്ച് അയാളുടെ അടുക്കലേക്ക് ചെന്നു… അയാൾ അവളെ തൻറെ ശരീരത്തിലേക്ക് ചേർത്തു പിടിച്ചു…

“കല്യാണ കഴിപ്പിക്കാനുള്ള പ്രായമായതുപോലെ പെണ്ണിന്” അതും പറഞ്ഞു കൊണ്ട് അയാളവളെ ശരീരത്തെ ചേർത്തുപിടിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് കയറി…പുറകെ അമ്മയും ചേട്ടനും കേറി…

അങ്ങനെ ദിവസങ്ങൾ കഴിയുന്തോറും അവളിൽ പേടി കൂടി കൂടി വന്നു…രാത്രി അവൾക്ക് ഉറങ്ങാൻ പറ്റാതെയായി…തൊടലും തലോടലും അസഹ്യമായപ്പോൾ നോട്ടം കൊണ്ട് മാത്രമാണ് അവൾ പ്രതികരിച്ചത്… അയാൾക്കറിയാമായിരുന്നു അവൾ അമ്മയോടും അവളുടെ ചേട്ടനോടും ഒന്നും പറയില്ലന്ന്‌.. അവളെ കല്യാണം കഴിപ്പിച്ച് അയക്കാൻ അമ്മ പലപ്പോഴും അച്ഛനെ നിർബന്ധിക്കുന്നത് അവൾ കേട്ടു… പക്ഷേ ഓരോ കാരണം പറഞ്ഞ് അയാൾ അതെല്ലാം തട്ടിമാറ്റി… എങ്ങനേലും കല്യാണം കഴിഞ്ഞ് ആ വീട്ടിൽ നിന്ന് പോകണമെന്നായിരുന്നു അവളുടെ ആഗ്രഹം….പേടി കൂടാതെ ഉറങ്ങിയിട്ട് ദിവസങ്ങളായി…പലപല കല്യാണ ആലോചനകളും വന്നെങ്കിലും അയാൾ തന്നെ അത് മുടക്കി….അവളെ എത്രയും പെട്ടെന്ന് കെട്ടിച്ചയക്കേണ്ടിവരുമെന്ന് അയാൾക്കറിയാ മായിരുന്നു…അയാൾ അവളെ കൂടുതൽ ശല്യം ചെയ്തുകൊണ്ടിരുന്നു…

അങ്ങനെ ഒരുനാൾ ഒരുകൂട്ടർ അവളെ പെണ്ണുകാണാൻ വന്നു… പലരീതിയിലും ആ കല്യാണആലോചന മുടക്കാൻ ശ്രമിച്ചെങ്കിലും ആ വന്ന കൂട്ടർക്ക് ഒരു ഡിമാൻഡും ഇല്ലാത്തതിനാൽ അയാൾക്ക് ഒന്നും പറയാൻ പറ്റാതായി…ചെറുക്കനെ കാണാൻ വലിയ രസം ഇല്ലെന്നറിയാമെങ്കിലും അവൾ രണ്ടും കൽപ്പിച്ച് ആ കല്യാണത്തിന് സമ്മതം മൂളി…. തന്നെക്കാൾ 10 വയസ്സ് കൂടുതലുണ്ട് ചെറുക്കന്…എങ്കിലും കുഴപ്പമില്ല അച്ഛനെ പേടിച്ച് അവൾ ആ കല്യാണത്തിന് സമ്മതിച്ചു…

സ്വന്തം അച്ഛനാണ് തന്റെ കല്യാണം എല്ലാം മുടക്കാൻ ശ്രമിക്കുന്നതെന്ന് അവർക്ക് മാത്രമേ അറിയുകയുള്ളൂ…ആ കല്യാണം മുടക്കാൻ അയാൾ ഒരുപാട് ശ്രമിച്ചു…. അവളുടെ പ്രാർത്ഥനയുടെ ഭലമോ എന്തോ ആ കല്യാണം നല്ലരീതിയിൽ തന്നെ നടന്നു… കല്യാണം കഴിഞ്ഞ് ചെറുക്കനും പെണ്ണും പോകുമ്പോഴും അവൾ അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… അയാളുടെ മുഖം കടന്നൽ കുത്തിയ പോലെയായിരുന്നു…തന്നെ കല്യാണം കഴിച്ചയാൾ തന്നെ മനസിലാക്കുന്ന ആളാണെന്ന് അവൾക്ക് അയാളുടെ കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ മനസ്സിലായി… അയാൾ അവളെ ഒരുപാട് സ്നേഹിച്ചു…രണ്ടും കൽപ്പിച്ച് അവൾ സ്വന്തം അച്ഛന്റെ കാര്യം അയാളോട് പറഞ്ഞു…എല്ലാം കേട്ടിട്ട് അയാൾ പറഞ്ഞു…

“ഇനി ഒരിക്കലും നീ അയാളിൽനിന്ന് അങ്ങനെ ഒന്നും പ്രതീക്ഷിക്കേണ്ട ആ കാര്യം ഞാൻ നോക്കിക്കോളാം” അയാൾ അവൾക്ക് വാക്കുകൊടുത്തു….

കുറച്ചു ദിവസങ്ങൾക്ക് ശേഷം അവളുടെ ഭർത്താവ് അവളോട് പറഞ്ഞു..

“നീ ഒന്നുകൊണ്ടും പേടിക്കേണ്ട നിന്റെ അച്ഛനിനി നിന്നെ നോക്കുകപോലുമില്ല…”

“എന്താ ഏട്ടാ… ഏട്ടൻ അച്ഛനോട് ചോദിച്ചോ??”

“അതൊന്നും നി അറിയേണ്ട ” അയാൾ അവിടെനിന്നും നടന്നു നീങ്ങി….

അയാൾ പറഞ്ഞത് ശരിയാണെന്ന് അവൾ വീട്ടിൽ ചെന്നപ്പോൾ മനസ്സിലായി… തന്നെ കണ്ടതും ഒരു ചെറിയൊരു വളിച്ചചിരി ചിരിച്ചിട്ട് അച്ഛൻ വെളിയി ലേക്കിറങ്ങി …അയാൾ തന്റെ മുമ്പിൽ വരുന്നതേയില്ല..താൻ വീട്ടിൽ നിന്നും പോകുന്നിടം വരെ എന്തെങ്കിലും കാരണം പറഞ്ഞ് അച്ഛൻ വെളിയിൽ പോകുമായിരുന്നു… തന്റെ ഭർത്താവ് അച്ഛനോട് എന്ത് സംസാരിച്ചെന്നും അച്ഛൻ എന്തിനാണ് തന്നെ കാണുമ്പോൾ ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് എന്നും അവൾ രണ്ടുപേരോടും ചോദിക്കാൻ പോയില്ല…അവൾക്ക് തന്റെ ഭർത്താവിൽ ഒരു രക്ഷകനെ ആണ് കണ്ടെത്താനായത്…തന്നെ സ്നേഹിക്കുന്ന,,തന്നെ മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ അവൾ ഒരുപാട് അഭിമാനിച്ചു….

ശുഭം…

NB: ഇതിലെ കഥാപാത്രങ്ങളുടെ പേരുകൾ സാങ്കല്പികം ആണെങ്കിലും ഈ കഥ ശരിക്കും നടന്നതാണ്… ഞാൻ എഴുതിയത് എന്താണെന്ന് വെച്ചാൽ,,,, ഈ കാലത്ത് ആണെങ്കിലും പഴയകാലത്ത് ആണെങ്കിലും ഇതുപോലെയുള്ള സംഭവങ്ങൾ നമുക്കിടയിൽ നടക്കുന്നുണ്ട്…എല്ലാവരുടെയും മുമ്പിൽ സ്നേഹസമ്പന്നനായ അച്ഛൻ,,,എല്ലാവരുടെ മുമ്പിലും ചിരിച്ചു കാണിച്ചു നടക്കുന്ന അച്ഛൻ,,പക്ഷെ ചില അവന്മാരുണ്ട്… കാ മ കണ്ണുകളാൽ സ്വന്തം പെണ്മക്കളെ നോക്കിക്കാണുന്നവർ… പക്ഷേ അതുപോലെയുള്ള ചില അച്ഛൻമാർ മറ്റുള്ള അച്ഛന്മാർക്കും പേരുദോഷം കേൾപ്പിക്കുന്നവരാണ്… അവരുടെ ഉള്ളിലിരുപ്പ് മനസ്സിൽ ആയിട്ടുള്ള ഒരുപാട് പെൺമക്കളുണ്ട്.. സ്വന്തം അച്ഛൻ തന്നെ ലൈം ഗികപരമായുള്ള കാര്യങ്ങൾക്ക് നിർബന്ധിക്കുന്നു,,, അല്ലെങ്കിലും അതുപോലെ പെരുമാറുന്നുവെന്ന് സ്വന്തം അമ്മയോടോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരോ പറഞ്ഞാൽ അവർ ഒരിക്കലും വിശ്വസിക്കില്ല….എല്ലാം വെറും തോന്നലുകൾ മാത്രം ആണെന്ന് പറഞ്ഞ് തള്ളിക്കളയും…. എനിക്ക് പറയാനുള്ളത് ഇതു മാത്രമാണ്,,, ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു കാലമാണ്…പെൺമ ക്കളുള്ള ഓരോ അമ്മമാരും മകൾക്ക് പറയാനുള്ള എന്താണെന്ന് വെച്ചാൽ കേൾക്കുവാനുള്ള ഒരു മനസ്സ് കാണിക്കണം അല്ലെങ്കിൽ അമ്മമാർ പെൺകുട്ടികളോട് സംസാരിക്കണം… എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല….പറഞ്ഞാൽ വിശ്വസിക്കില്ല എന്ന് മനസ്സിൽ കരുതി പലതും അനുഭവിക്കുന്ന ഒരുപാട് പെൺമക്കൾ നമുക്കിടയിലുണ്ട്…. അവരുടെ അമ്മമാർ ഒന്ന് തുറന്നു സംസാരിച്ചാൽ തീരാനുള്ള പ്രശ്നമേ അവർക്കിടയിൽ ഉള്ളൂ… അവർക്ക് തുറന്നു പറയാൻ മടി ആണെങ്കിലും അമ്മമാർ പെൺമക്കളോട് തുറന്നു സംസാരിക്കുക….അവരുടെ പ്രശ്നങ്ങൾ തീർക്കുക..കുട്ടികൾക്ക് എങ്ങനെ പറഞ്ഞു മനസ്സിലാക്കി തരണം എന്ന് അറിയില്ലായിരിക്കാം… അവർ പറയുന്നത് വെറും തമാശയായി അല്ലെങ്കിൽ തോന്നൽ മാത്രമാണെന്ന് പറഞ്ഞ് തള്ളി കളയാതിരിക്കാൻ അമ്മമാർ ശ്രദ്ധിക്കുക…നമ്മൾ ഒന്നു തുറന്നു സംസാരിച്ചാൽ നമ്മുടെ പെണ്മക്കളെ അവർക്കുള്ള പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാൻ പറ്റും…. ഒരുപക്ഷെ അവരുടെ മാനസികനില തെറ്റാതിരിക്കാൻ പോലും തുറന്ന സംസാരം നല്ലതാണ്…. ഈ അനുഭവത്തിൽ അച്ഛനാണെങ്കിൽ മറ്റുപലർക്കും വേറെ ആളുകളിൽ നിന്നാവും മോശമായ അനുഭവം ഉണ്ടായിട്ടുള്ളത്… അതെല്ലാം നമ്മൾ സ്വപ്നത്തിൽപോലും വിചാരിക്കാത്ത ആളുകളിൽ നിന്നാണെന്നുള്ളതാണ് സത്യം…..

( മോശപ്പെട്ട അനുഭവം വേണ്ടപ്പെട്ടവരോട് തുറന്നു സംസാരിക്കാൻ പറ്റാത്തവർക്കായ് )

നന്ദി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *