സജി നമുക്കിതങ്ങ് ഉറപ്പിച്ചാലോ..?.എന്നു അപ്പൻ ചോദിച്ചതും “സജിക്കായിരുന്നു അതിൽ ഏറ്റവും കൂടുതൽ സന്തോഷം, സജി അപ്പോൾ തന്നെ അതിനു തലയാട്ടി……..

Story written by Pratheesh

സജി നമുക്കിതങ്ങ് ഉറപ്പിച്ചാലോ..?.എന്നു അപ്പൻ ചോദിച്ചതും ” സജിക്കായിരുന്നു അതിൽ ഏറ്റവും കൂടുതൽ സന്തോഷം, സജി അപ്പോൾ തന്നെ അതിനു തലയാട്ടി സമ്മതം മൂളിയതോടെ ആ കല്യാണമുറപ്പിച്ചു,

തുടക്കത്തിൽ ഈ കല്യാണം നടത്തുന്നതിൽ സജിക്കത്ര താൽപ്പര്യ മുണ്ടായിരുന്നില്ല അതിന്റെ കാരണം അവന്റെ താൽപ്പര്യത്തേക്കാൾ തറവാട്ടു മഹിമയുടെയും പണത്തിന്റെയും തൂക്കം നോക്കിയായിരിക്കും അപ്പൻ ഈ കല്യാണം ഉറപ്പിക്കുയെന്ന് അവന് അത്രക്കുറപ്പുള്ളതു കൊണ്ടാണ് !

സജിക്ക് വിവാഹപ്രായമായതോടെ അപ്പനവന്റെ കല്യാണം നടത്താൻ തീരുമാനിക്കുകയായിരുന്നു,.സജി കാഴ്ച്ചയിൽ അത്ര മോശമല്ലായിരുന്നതു കൊണ്ടും വലിയ പണച്ചാക്കായതു കൊണ്ടും നാട്ടിലെ പേരു കേട്ട ഒട്ടനവധി തറവാടുകളിൽ നിന്നും വലിയ സ്ത്രീധന തുകകളുടെ വാഗ്ദാനങ്ങളുമായി ബ്രോക്കർമാർ അവരുടെ വീടുകയറിയിറങ്ങി കൊണ്ടെയിരുന്നു,

പല വലിയ തറവാട്ടുകാരും അവനെ കൊണ്ട് തങ്ങളുടെ മകളെ കെട്ടിക്കാൻ ആഗ്രഹിച്ചിരുന്നു അതിന്റെ ഫലമായി അവനു വേണ്ടി പൊന്നിനും പണത്തിനും ഒപ്പം ഏക്കറു കണക്കിനു സ്ഥലങ്ങളും അതിനായി വാഗ്ദാനം ചെയ്യപ്പെട്ടു,

അതും കൂടി ആയതോടെ സജിക്കു തീർത്തും മനസിലായി അപ്പന്റെ തീരുമാനങ്ങളല്ലാതെ തന്റെ വിവാഹകാര്യത്തിൽ തന്റെ ഇഷ്ടങ്ങളൊന്നും ഒരു പ്രാധാന്യവും ഉണ്ടാവില്ലെന്ന് !

അപ്പനെ എതിർക്കാനുള്ള ധൈര്യം സജിക്കില്ലാത്തതു കൊണ്ട് അനുസരണയുള്ള ഒരു കുഞ്ഞാടിനെ പോലെ അപ്പൻ പറയുന്നതു കേട്ട് പെണ്ണു കാണാൻ പോയതായിരുന്നവൻ, എന്നാലവിടെ സജി കണ്ടത്അ വൻ മനസിൽ ആഗ്രഹിച്ചതിലും ഒരു പടി മേലേ നിൽക്കുന്ന അതിസുന്ദരിയായ ഒരു പെൺക്കുട്ടിയേ ആയിരുന്നു,

ആ സമയം അപ്പൻ അവനെ നോക്കി ഇതങ്ങ് ഉറപ്പിച്ചാലോയെന്ന് അവനോടു ചോദിച്ചപ്പോൾ അവനു മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു അതാണവൻ പെട്ടന്നു തന്നെ കയറി അതിനു സമ്മതം മൂളിയത് !

അതിസമ്പന്നമാണ് സജിയുടെ വീട്ടു പശ്ചാത്തലം എല്ലാം സജിയുടെ അപ്പന്റെ ഒറ്റയാൾ പോരാട്ടം കൊണ്ട് അയാൾ സ്വയം ഉണ്ടാക്കിയെടുത്തതാണ്, തറവാട്ടിൽ ബെൻസ് കാറല്ല കാറുകൾ തന്നെയുണ്ടായിരുന്നു, അവരുടെ കമ്പനി മാനേജരുമാർക്കുവരേ കമ്പനി കാറുകൾ ഉപയോഗത്തിനായി നൽകിയിരുന്നു,

സജിക്ക് അവൻ വിവാഹം കഴിക്കാനാഗ്രഹിച്ച തരത്തിലുള്ള ഒരു പെങ്കൊച്ചിനെ തന്നെ ലഭിക്കുമെന്നായതോടെ അതുവരേ ഉണ്ടായിരുന്ന അവന്റെ താൽപ്പര്യ കുറവെല്ലാം മാറ്റി വെച്ച് അവൻ സ്വയം മുൻകൈയേടുത്ത് തന്നെ വിവാഹം ഗംഭീരമാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ തുടങ്ങി,

അതിന്റെ ഭാഗമായി നാടൊട്ടുക്ക് ക്ഷണിച്ചു കൊണ്ട് വമ്പൻ കല്യാണപ്പന്തൽ ഉയർന്നു, ഒരുക്കങ്ങൾ എല്ലാം തകിർതിയായി തന്നെ നടന്നു ഒന്നിനും ഒരു കുറവും ഇല്ലാത്ത വിധം ഏറ്റവും അത്യാഢംബരപ്പൂർവ്വം തന്നെ എല്ലാം സജ്ജമായി,

കല്യാണദിവസം നാട്ടുകാരും ബന്ധുക്കളും കമ്പനി ഡീലറുമാരും കസ്റ്റമേഴ്സും അടക്കം ഒരു വമ്പൻ ജന കൂട്ടം തന്നെ പന്തലിലെത്തി, മന്ത്രിമാരും നഗര പ്രമുഖന്മാരും അടക്കും ഒരുവിധം നാട്ടിലെ എല്ലാ മേഖലയിലും പെട്ട എല്ലാ VIP മാർക്കും ക്ഷണമുണ്ടായിരുന്നു മുൻനിരവേദി അവർക്കായി ഒരുക്കുകയും അവരത് കയ്യടക്കുക ചെയ്തു,

നഗരത്തിലെ പ്രമുഖ ഹോട്ടലിനായിരുന്നു ഭക്ഷണത്തിന്റെ മൊത്തം ചുമതല, ദൂരെയുള്ള ഡീലറുമാർക്കെല്ലാം വന്ന് തിരിച്ചു പോകുന്നതിനുള്ള ട്രെയിൻ ടിക്കറ്റും താമസവും ഒക്കെ കമ്പനി വക തന്നെയായിരുന്നു, അതുപ്പോലെ ദൂരെ നിന്നു വരുന്നവരേ റെയിൽവേയിൽ നിന്നും ബസ്റ്റാന്റിൽ നിന്നും താമസസ്ഥലത്തേക്കും കല്യാണപന്തലിലേക്കും തിരിച്ച് അതേ സ്ഥലത്തേക്കും കൊണ്ടു വിടുന്നതിന് കാറുകളും ഒരുക്കിയിരുന്നു, കല്യാണത്തിനു വന്നു പോകുന്ന ഒരാൾക്കും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവരുതെന്നു കരുതിയുള്ള അറേഞ്ച്മെന്റ്സാണ് കല്യാണത്തിനു മൊത്തം ചെയ്തിരിക്കുന്നത് !

പെണ്ണിന്റെ വീട്ടുകാരും മോശമല്ലാത്തതു കൊണ്ട് എല്ലാം കൂടി ചേർന്ന് ഒരു സമ്മേളനത്തിനുള്ള ആളുണ്ടായിരുന്നു പന്തലിൽ !

അങ്ങിനെ എല്ലാ ഒരുക്കങ്ങളുടെയും പൂർത്തീകരണത്തിനു ശേഷം വിവാഹ മുഹൂർത്തവും കടന്നെത്തി, മുഹൂർത്തനേരമായതും പെണ്ണു വീട്ടുകാർ പെണ്ണിനെയും കൊണ്ടു വന്ന് സജിക്കൊപ്പം മണ്ഡപത്തിലിരുത്തി,

തന്റെ അടുത്തു കൊണ്ടു വന്നിരുത്തിയ വധുവിനെയൊന്നു നോക്കിയ സജി ഉടനെ തന്നെ വെർളി പിടിച്ച മുഖത്തോടെയും ഭയപ്പാടോടെയും അപ്പനെ നോക്കിയതും, അവന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ട് അപ്പൻ പെണ്ണിനെ നോക്കിയതും അപ്പനും കാര്യം മനസിലായി,

പെണ്ണു മാറിയിരിക്കുന്നു !!!!

അവർ കണ്ടതും ഇഷ്ടപ്പെട്ടതുമായ പെണ്ണല്ല മണ്ഡപത്തിലിരിക്കുന്നത്….!

അപ്പൻ തൊട്ടപ്പുറത്തുണ്ടായിരുന്ന കല്യാണബ്രോക്കറേ നോക്കിയതും അയാൾ പെട്ടന്നോടിയെത്തി അപ്പന്റെ ചെവിയിൽ പറഞ്ഞു, ” സാറേ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്,” നമ്മളെ കാണിച്ച പെങ്കൊച്ചിനെയല്ല അവരു പന്തലിലേക്കിറക്കിയിരിക്കുന്നത് ഇതു ആ പെണ്ണിന്റെ ചേച്ചിയാണ് !

ഈ പെണ്ണ് എന്തോ ദോഷം മൂലം വളരെ കാലമായി കല്യാണം ശരിയാവാതെ മുടക്കാച്ച രക്കായി ഇരിക്കുന്നതാണ് !

അതു കൂടി കേട്ടതും അപ്പന്റെ നെഞ്ചിൽ ഇടിതീ വന്നു പതിച്ചതു പോലെ അപ്പൻ നിന്നു ആളി കത്തനും, ഒപ്പം അപ്പന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങി, എന്തു ചെയ്യുമെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥ ഇങ്ങിനേ ഒരു ച തി പ്രതീക്ഷിക്കാത്തതു കൊണ്ട് എന്തു ചെയ്യുമെന്നൊരു പിടിയുമില്ലായിരുന്നു,

അതെ സമയം തന്നെ അമ്മയും അവരേ നോക്കി അവർക്കും ശബ്ദിക്കാനായില്ല, കൊച്ചിനെ മുന്നേ കണ്ടിട്ടുള്ള കുറച്ചു ബന്ധുകളും പരസ്പരം എന്താണവിടെ സംഭവിച്ചതെന്നറിയാത്ത വിധം ഒന്നു നോക്കിയതല്ലാതെ മുന്നിലെ വലിയ ആ ആൾക്കൂട്ടത്തിനു മുന്നിൽ അവരാരുടെയും ശബ്ദം പൊങ്ങിയില്ല,

ഒരു നൂറു ചോദ്യങ്ങൾ അത്രയും ചെറിയ ആ സമയത്തിനുള്ളിൽ തന്നെ അയാളുടെ ഉള്ളിലൂടെ കടന്നു പോയി, അതിൽ പ്രധാനം ബഹളം വെച്ച് ഇതു മുടക്കിയാലോ ? എന്നു തന്നെയായിരുന്നു, എന്നാൽ അവരുടെ ഭാഗം രക്ഷിക്കാൻ അവർ പറയും അവരു കാണിച്ചതും ചേച്ചിയേ തന്നെയായിരുന്നു എന്ന് ! അവരതിൽ ഉറച്ചു നിൽക്കുകയും ചെയ്യും,.അപ്പോൾ അതെല്ലാം തങ്ങളുടെ തെറ്റായി വിലയിരുത്തപ്പെടാനും സാധ്യതയുണ്ട്, ഇത്രയും ചെയ്യാമെങ്കിൽ അവരേ സംബന്ധിച്ച് ഇതത്രയും പ്രശ്നമുള്ള കാര്യമല്ലല്ലോ ?

ഇനി മുടക്കിയാൽ തന്നെ ഈ കണ്ട ജനങ്ങൾക്കു മുന്നിൽ തങ്ങളുടെ അഭിമാനം നഷ്ടമാകുമെന്നതും വലിയ ചോദ്യമായി ഉള്ളിൽ മുഴച്ചു നിന്നു,

കല്യാണം പ്രമാണിച്ച് വന്നിരിക്കുന്ന പൗരപ്രമാണിമാർ ഇങ്ങനെയൊരു കാര്യ മറിഞ്ഞാൽ മാനം എപ്പോൾ കപ്പലു കയറിയെന്നു ചോദിച്ചാൽ മതി,

ഇട്ടു മൂടാനുള്ള പണവും സമ്പത്തും ഒക്കെയുണ്ടായിട്ടും അതൊന്നും ചില കാര്യങ്ങളിൽ വിലപ്പോവാതെ എന്തു ചെയ്യുമെന്നറിയാതെ ചലനമറ്റു പോവുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്,

സജിയും എന്തു ചെയ്യുമെന്നറിയാതെ ആകെ വിയർത്തിരിക്കയാണ് അടുത്ത ചില നിമിഷങ്ങൾക്കകം കല്യാണം നടന്നാലും ഇല്ലെങ്കിലും തന്റെ ജീവിതം മാറിമറിയുകയാണെന്ന്സ ജിക്കും വളരെ കൃത്യമായി മനസിലായി,

അതു കൊണ്ടു തന്നെ എന്തു ചെയ്യണമെന്നറിയാതെ വേവലാധിയോടെ അവനപ്പനെ നോക്കിയ ആ നിമിഷം തന്നെ അപ്പൻ പെട്ടന്നവന്റെടുത്തേക്കു ചെന്നു കൊണ്ട് അവനോടു പറഞ്ഞു ” സജിയേ ച തിയാണല്ലോടാ അവരു കാണിച്ചത് മോനേ ഇപ്പോ ഇതു പുറത്തറിഞ്ഞാൽ എല്ലാവർക്കു മുന്നിലും നമ്മുടെ കുടുംബത്തിന്റെ മാനം തകരും ഇങ്ങനെയൊരവസരത്തിൽ നീയും കൂടി അപ്പനെ ച തിക്കരുത് “

സജി അതു പ്രതീക്ഷിച്ചിരുന്നു, അപ്പന്റെ ആ പറച്ചിൽ സജിക്കും നിഷേധിക്കാനാവുമായിരുന്നില്ല, സജി അതു കഴിഞ്ഞൊന്ന് മുന്നോട്ടു നോക്കിയതും മനസിലായി കെട്ടു കഴിയാൻ വേണ്ടി മാത്രം നോക്കിയിരിക്കുകയാണ് സർവ്വരും ഫുഡടിച്ചു തിരിച്ചു പോകാനെന്ന് !

അതും കൂടി കണ്ടതോടെ സജി എല്ലാവർക്കു മുന്നിലും മാനം നഷ്ട മാവാതിരിക്കാൻ ആ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടി..!!

കെട്ടുമ്പോൾ ആ താലിയിലേക്കല്ലാതെ അവളുടെ മുഖത്തേക്കു പോലും രണ്ടാമതവൻ നോക്കിയില്ല,

കര്യങ്ങളെല്ലാം വളരെ പെട്ടന്നു തന്നെ മറ്റുള്ളവർ തിരിച്ചറിയുമെന്നതു കൊണ്ട് അവിടെ വരുന്നവരുടെ കാര്യങ്ങളെല്ലാം നോക്കാൻ വകയിലൊരു അമ്മാവനെ ഏൽപ്പിച്ച ശേഷം സ്വന്തം മകന്റെ കല്യാണത്തിന്റെ ഒരില ചോറു പോലും കഴിക്കാൻ നിൽക്കാതെ ആ കുടുംബം പെട്ടന്നു തന്നെ വധുവിനേയും കൂട്ടി അവിടുന്നിറങ്ങി,

വീട്ടിൽ തന്റെ മുറിയിലെത്തിയതും സജി അലമാര തുറന്ന് മ ദ്യമെടുത്ത് കുടിക്കാൻ തുടങ്ങി,

വീട്ടിലെത്തിയിട്ടും അപ്പനും അടുത്ത ബന്ധുക്കൾക്കും പരസ്പരം മുഖം നോക്കി ഒന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തീർത്തും നിശബ്ദമായി പോയി അവരുടെ വീടിനകം !

അതിനിടയിലും വളരെ ശക്തമായി ആ പെണ്ണിനെ കല്യാണവീട്ടിലെ ആളും ബഹളവും ഒഴിഞ്ഞ ഉടനെ തന്നെ തിരിച്ചു കൊണ്ടു വിടണമെന്ന ആവശ്യവും അവർക്കിടയിൽ ഉയർന്നു വന്നു, ഒപ്പം ആരോ പറഞ്ഞു ആ പെണ്ണിന് സജിയേക്കാൾ നാലു വയസു കൂടുതലാണെന്ന് !

അതു കൂടി കേട്ടതോടെ അവളെ എന്തു വന്നാലും ഒഴിവാക്കമെന്നതിന് രണ്ടു പക്ഷമില്ലാതായി,

എല്ലാവരും ഒരേ സ്വരത്തിൽ അപ്പനെ നോക്കിയതു പറഞ്ഞു നിർബന്ധിച്ചപ്പോൾ അപ്പനതു വേണമെന്നോ വേണ്ടന്നോ പറയാനാവാതെ കുഴങ്ങിയതും അമ്മ അവർക്കിടയിലേക്കു കയറി വന്നു കൊണ്ടു പറഞ്ഞു,

ഇത്രയൊക്കെ നോക്കിയും കണ്ടും അന്വേഷിച്ചും നടത്തിയിട്ടും ഇതുപോലൊരു വിധി വന്നു പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും അതു ദൈവനിശ്ചയമായി സംഭവിച്ചതാവും, ഏതായാലും ഇതിങ്ങനെ തന്നെ പോട്ടെ, തൽക്കാലം നമ്മൾ മറ്റൊന്നിനും പോകുന്നില്ല, അവരത് തീർത്തു പറഞ്ഞതും ബന്ധുക്കളോരോർത്തരും പതിയേ അവിടുന്ന് പടിയിറങ്ങി,

അപ്പോഴെക്കും സംഭവിച്ച കാര്യങ്ങൾ പലരും അറിഞ്ഞു തുടങ്ങിയിരുന്നു കുറച്ചാളുകൾ അതങ്ങിനെ തന്നെ വിശ്വസിക്കുകയും, മറ്റു കുറച്ചു പേർ ഇതു കേട്ടിട്ടും അത് അവരോടുള്ള അസൂയ പൂണ്ട ആരോ പറഞ്ഞു പരത്തിയതാണെന്ന ഒരു വിശ്വാസത്തിൽ അതൊന്നും അത്ര മുഖവില ക്കെടുത്തില്ല,

എന്നാൽ ഈ കാര്യങ്ങളെ അങ്ങിനെ തന്നെ വിശ്വസിച്ചവർക്ക് പലർക്കും ഇതൊരു വലിയ അതിശയമായി തോന്നി,

“അനിയത്തിയേ കാണിച്ച് ചേച്ചിയേ കെട്ടിക്കുക ” എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അവരെ സംബന്ധിച്ച് സ്വന്തം കൺമുന്നിൽ അത്തരം ഒരനുഭവം ആദ്യമായതു കൊണ്ട് അവർക്കെല്ലാം അതൊരു കൗതുക കഥയായി മാറി !

അതു കൊണ്ടു തന്നെ എല്ലാവർക്കും സജിയുടെ അവസ്ഥയിൽ വല്ലാത്തൊരു മനപ്രയാസം അനുഭപ്പെട്ടു,

ചെറുപ്രായമാണെന്നതും, ഒരു വലിയ ജീവിതം സ്വപ്നം കണ്ടു വന്നിട്ട് ഇതുപോലൊരു കുരുക്കിൽ ചെന്നു പെടുകയെന്നു വെച്ചാൽ അതിത്തിരി കഷ്ടമാണെന്നും, ആ ചെക്കന്റെ ജീവിതം നശിച്ചുവെന്നും അവനതിൽ നിന്നൊരു മോചനം സാധ്യമല്ലെന്നും ഇങ്ങനെയൊരു നീച പ്രവർത്തി ചെയ്ത അവളുടെ വീട്ടുകാർക്കെതിരേ മാനനഷ്ടത്തിനു കേസ്സു കൊടുക്കണമെന്നും ! തുടങ്ങി അനവധി അഭിപ്രായങ്ങൾ നാനാഭാഗത്തു നിന്നും പൊങ്ങി വന്നു,

പെണ്ണു കാണാൻ പോയവർക്കു മുന്നിൽ മാത്രമല്ല വളയിടാൻ പോയ പെങ്ങളുമാരുടെ മുന്നിൽ വരെ കല്യാണപെണ്ണ് അനിയത്തിയായിരുന്നു.

അതിനിടയിൽ ആരോ വീട്ടിലെക്കു വിളിച്ച് അപ്പനോടു പറഞ്ഞു,

” ആ പെണ്ണിന് ചാവുദോഷമുണ്ടെന്നും അവളെ ആരു വിവാഹം കഴിച്ചാലും ആറുമാസത്തിനകം അവൾ വിധവയാകുമെന്നും “

അതാണവളുടെ വിവാഹം നടക്കാതിരുന്നതെന്നും അവൾ കാരണം അനിയത്തിയുടെ ഭാവിക്കു കൂടി ദോഷം സംഭവിച്ചേക്കുമെന്ന ഭയമാണ് അവർ ഈ കടുംകൈ ചെയ്തതെന്നും പറഞ്ഞതോടെ ഒരു ചെറിയ ഉൾഭയം അപ്പനും കടന്നു വന്നു,

അപ്പനതു കേട്ട് സജിയുടെ അടുത്തു ചെന്ന് അവനെ കണ്ട് ഈ കാര്യം പറഞ്ഞ് അവളെ നമുക്കൊഴിവാക്കാം എന്നു പറഞ്ഞതും

സജി പറഞ്ഞു, അങ്ങിനെയാണെങ്കിൽ അവളെ താലി കെട്ടിയതോടെ ആ ശാപം എന്നിൽ ആരംഭം കുറിച്ചു കഴിഞ്ഞില്ലെ ? പിന്നെ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കിയതു കൊണ്ടു മാത്രം ആ ശാപം എങ്ങിനെയാണപ്പാ ഇല്ലാതെയാവുക ?

ഇപ്പോൾ നടന്നതിലും വലുതായൊന്നും ഇനി മരണത്തിനു ചെയ്യാനില്ലപ്പാ അപ്പൻ ധൈര്യമായിരിക്ക് !

എന്ന അവന്റെ ആ വാക്കുകൾ കേട്ടതോടെ അവന്റെ മനസാകെ മരവിച്ചിരിക്കുന്നു എന്നു മനസിലാക്കിയ അപ്പൻ തിരിച്ചു പോന്നു,

ഈ സംഭവത്തോടെ വല്ലപ്പോഴും മാത്രം കു ടിച്ചിരുന്ന സജി ദിവസവും കു ടിക്കാൻ തുടങ്ങി,ദിവസങ്ങൾ കടന്നു പോയെങ്കിലും, സജി ഒരിക്കൽ പോലും അവളോടു സംസാരിക്കുകയോ അവളുടെ കൈകൊണ്ട് എന്തെങ്കിലും വാങ്ങി കഴിക്കുകയോ, എന്തെങ്കിലും ആവശ്യത്തിനായി അവളെ വിളിക്കുകയോ ചെയ്തില്ല, അവനവളോട് തികഞ്ഞ വെറുപ്പു മാത്രമായിരുന്നു, ഏതൊരു കാര്യത്തിനും അവൻ അമ്മയേ മാത്രമാണ് ആശ്രയിച്ചത് !

മാസങ്ങൾ പിന്നെയും കടന്നു പോയി അതിനിടയിൽ ഭയത്തോടെയാണെങ്കിലും അവളുടെ വീട്ടുകാര് ഒന്നോ രണ്ടോ പ്രാവശ്യം വന്നപ്പോഴും അവരോടൊരക്ഷരം പോലും അവൻ മിണ്ടിയതുമില്ല,

ആറുമാസം തികയുന്ന സമയമായപ്പോൾ വീട്ടുകാർക്ക് തെല്ലു ഭയം ഉണ്ടായെങ്കിലും ആറു മാസം കഴിഞ്ഞതും മരണത്തിനു പകരം അവൾ ഗർഭിണിയാണെന്ന വാർത്തയാണവർ കേൾക്കാനിടവന്നത് !

അവന്റെയുള്ളിൽ അവളോടിത്രയധികം വെറുപ്പുണ്ടായിട്ടും ഇതെങ്ങനെ സംഭവിച്ചു എന്നു നിങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ അതിനൊരുത്തരമേയുള്ളൂ മ ദ്യം ! നമുക്ക് നോർമ്മൽ മൈന്റിൽ പ്രായോഗികമാക്കാൻ പ്രയാസമുള്ള പല കാര്യങ്ങളിലെക്കും വളരെ ഈസിയായി കടന്നുച്ചെല്ലാൻ മ ദ്യം നമ്മളെ സഹായിക്കും,

മനുഷ്യനിലെ ഏറ്റവും ശക്തമായ ഭാഷയാണ് ശരീരഭാഷ, ശരീരം തന്റെ ഏറ്റവും മർമ്മപ്രധാനമായ ആവശ്യങ്ങൾക്കു വേണ്ടി ഏതുവിധേനയും മൊത്തം ശരീരത്തേയും അതിനായി ഉപയോഗപ്പെടുത്താൻ പ്രയത്നിക്കും !

നമുക്ക് അരുകിൽ നമ്മുടെ ഒരു കടാക്ഷത്തിനായി വെമ്പൽ കൊണ്ട് തൊട്ടടുത്ത് കിടക്കുന്നൊരാൾക്ക് നമ്മുടെ ഏറ്റവും മൈനൂട്ടായ (മൃദുലം) ഒരു സ്പർശം പോലും വളരെ സന്തോഷം നൽകും, അത്തരം തീരെ ചെറിയ സ്പർശങ്ങൾക്കു പോലും കാര്യങ്ങളുടെ ഗതിയേ ഈ തരത്തിലാക്കി മാറ്റാൻ കഴിവുള്ളവയാണ് !

എത്ര തന്നെ ദേഷ്യവും വൈരാഗ്യവും വെച്ചു പുലർത്തിയാലും അതു മറന്നു പോകുന്ന ചില നിമിഷങ്ങളും നമ്മളിൽ ഉടലെടുക്കാറുണ്ട് അത്തരമൊര വസരത്തിൽ ഇത്തരം ഒരാഗ്രഹം തോന്നിയാൽ എളുപ്പം കൈയ്യെത്തിപ്പിടിക്കാൻ കഴിയുന്ന ദൂരമേ അവർക്കിടയിലുള്ളൂ എന്നും അതോടൊപ്പം കാന്തത്തേക്കാൾ ആകർഷണശക്തിയുള്ള ആൺപെൺ ശരീരങ്ങൾ ആണവർ എന്ന് കൂടി നമ്മൾ ഒാർക്കണം !

ആദ്യ സമീപനം എന്തു തന്നെയായാലും ആശങ്കയോടെ തന്നെയായിരിക്കും സംഭവിച്ചിട്ടുണ്ടാവുക, ആദ്യമായി ഒരു കാര്യം സംഭവിക്കുമ്പോഴുണ്ടായേക്കാവുന്ന ഭയം തീർച്ചയായും ഇവിടെയും സംഭവിച്ചിട്ടുണ്ടാവും, ശേഷം ഒരിക്കൽ അങ്ങിനെ ചെയ്ത കാര്യങ്ങൾ വഴി ലഭിച്ച സുഖസന്തോഷങ്ങൾ അവരെ നിയന്ത്രിച്ച് വീണ്ടും അത്തരം തുടർ കാര്യങ്ങളിലേക്ക് എത്തിച്ചിരിക്കാം അതിന്റെ തുടർഫലമായിരിക്കാം നമ്മളിവിടെയും കണ്ടത് !

ഈ കാര്യങ്ങൾ അറിയാൻ ഇടയായവരെല്ലാം സജിയേ കുറിച്ചോർത്ത് വേവലാതി പെട്ടപ്പോൾ ഞാൻ ആലോചിച്ചത് അവളെക്കുറിച്ചായിരുന്നു,

ആരുടെ ജീവിതം സുഖമമാക്കാൻ വേണ്ടിയാണെങ്കിലും ഇത്തരം ഒരു വലിയ കള്ളത്തരം കാണിക്കുമ്പോൾ അതിന്റെ അനന്തരഫലം താൻ തന്നേ അനു ഭവിക്കേണ്ടി വരുമെന്ന് ഒരിക്കലെങ്കിലും അവൾ ചിന്തിക്കാതിരുന്നിട്ടുണ്ടാവുമോ ?

ഒട്ടും പരിചയമോ താൽപ്പര്യമോ ഇല്ലാത്ത ഒരാളുടെ ജീവിതത്തിലേക്ക് പെട്ടന്നുള്ള ഒരു കടന്നു കയറ്റം ആരായാലും അതൊരിക്കലും അംഗീകരിക്കില്ലായെന്ന് അവൾ ഒാർക്കാതിരിക്കുമോ ?

അങ്ങിനെ ഒരു കടന്നു കയറ്റത്തെ എന്തൊക്കെ ന്യായീകരണം നിരത്തിയും നീതീകരിക്കാനാവില്ലെന്നും അവൾ മനസിലാക്കാതിരിക്കോ ?

വെറും ഒരു ദിവസത്തെക്കല്ല ഒരായുസിലേക്കു മൊത്തമായിട്ടാണ് കടന്നു ചെല്ലുന്നതെന്നും അവൾ ആലോചിക്കാതിരിക്കുമോ ?

കൂടുപ്പിറപ്പിനു വേണ്ടിയോ കുടുംബത്തിനു വേണ്ടിയോ ഒക്കെ ആയിരിക്കാം അവൾ ഈ കണ്ട ബുദ്ധിമുട്ടെല്ലാം സ്വയം ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടാവുക !

താനൊരു അറവുമാടായിട്ടാണ് പുതിയ ഇടത്തേക്ക് കാലെടുത്തു വെക്കുന്ന തെന്നറിയാമായിരുന്നിട്ടും അവളിതിനു മുതിർന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം അതിനപ്പുറത്ത് അവൾ അതിനേക്കാൾ ക്രൂരമായി വേട്ടയാടപ്പെടുന്നുണ്ടാവാം എന്നു തന്നെയാണ് !

ചിലപ്പോൾ എന്തു സംഭവിച്ചാലും അതെല്ലാം നേരിടാം എന്നു കരുതിയതു കൊണ്ടോ, അതല്ലെങ്കിൽ മരണത്തേക്കാൾ ഉചിതമായതു ഇതാണെന്നു തോന്നിയതു കൊണ്ടോ മാത്രം തിരഞ്ഞെടുത്ത ഒരു വഴിയായിരിക്കാം ഇത് !

എന്നാലും ആ കല്യാണമണ്ഡപത്തിൽ ആൾമാറാട്ടം നടത്തി അവന്റെടുത്തു വന്നിരിക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് എത്രമാത്രം വേഗത്തിലായിരിക്കും ഉയർന്നിട്ടുണ്ടാവുക ?

സ്വന്തം വിവാഹം നടക്കുമോ ഇല്ലയോ എന്നു പോലുമറിയാതെ പിടക്കുന്ന ഹൃദയത്തോടെ അത്തരമൊരു സാഹചര്യത്തിൽ അതും ആയിരക്കണക്കിനു ആളുകൾക്കു മുന്നിൽ, അത്ഭുതം തോന്നുന്നു,

അവളെ കണ്ടമാത്രയിൽ അവന്റെ മുഖം വിളറിയത് നമ്മൾ കണ്ടതാണ്,.എന്നാൽ അവൻ തന്നെ തിരിച്ചറിഞ്ഞു എന്നു അവൾക്കു മനസിലായ ആ നിമിഷം അവൾക്കുണ്ടായ ഭയവും, വേവലാധിയും, അമ്പരപ്പും ഒപ്പം ആ സമയത്ത് അവളുടെ ഹൃദയമിടിപ്പിനുണ്ടായ വേഗതയും എനിക്ക് ഊഹിക്കാൻ പോലും സാധിക്കുന്നില്ല, പേടി കൊണ്ട് മരണം പോലും സംഭവിച്ചേക്കാവുന്ന സാഹചര്യമായിട്ടും ആർക്കൊക്കയോ വേണ്ടി അവളതിനും തയ്യാറായി,

എന്നാലെനിക്കുറപ്പുണ്ട് അവളുടെ പ്രശ്നങ്ങളിലൂന്നി അവനെ കൂടി ചതിക്കേണ്ടി വന്നതിൽ ആ മനസ് അവനു വേണ്ടി സദാ വേദനിക്കുന്നുണ്ടാവുമെന്ന് !

അതു കൊണ്ടു തന്നെ അവനവളെ എത്ര വെറുത്താലും മറ്റെന്തു ചെയ്താലും അതെ വിധത്തിലൊരു ദേഷ്യമോ, വൈരാഗ്യമോ, പരിഭവമോ അവനെപ്പോലെ അവൾക്കുണ്ടാവില്ലാന്ന് !

തുടർന്നുള്ള എട്ടു വർഷത്തിനുള്ളിൽ അവളുടെ ജീവിതത്തിൽ മൂന്നു വലിയ കാര്യങ്ങൾ സംഭവിച്ചു,

ഒന്നവൾ അമ്മയായി ഒന്നല്ല മൂന്നു മക്കളുടെ,

രണ്ടാമതായി രണ്ടു വർഷങ്ങളുടെ ഇടവേളകളിൽ അപ്പനും അമ്മയും മരണപ്പെട്ടു പോയി,

മൂന്നാമതായി അപ്പന്റെ മരണത്തോടെ ഉണ്ടായ ബിസിനസ്സ് തകർച്ചയിൽ പെട്ട് അപ്പനുണ്ടാക്കിയതൊന്നും തന്നെ സംരക്ഷിച്ചു പിടിക്കാൻ സജിക്കു സാധിച്ചില്ല, അതൊടെ വീടും കാറുകളും അടക്കം പലതും ബാങ്ക് ജപ്തി ചെയ്തു കൊണ്ടു പോകുന്ന കാഴ്ച്ച സജിക്കു നോക്കി നിൽക്കേണ്ടി വന്നു,

സജിയുടെ ജീവിതത്തിലെ മറ്റൊരു വലിയ ദുരന്തമായിരുന്നു അത് അതോടെ നാണക്കേടു മൂലം താമസിക്കുന്ന വീടിനു പുറത്തിറങ്ങാൻ സാധിക്കാതിരുന്ന സജിയേ ഒരു തരത്തിലും അവൾ കൈവിട്ടില്ല, എല്ലാം നഷ്ടപ്പെട്ടിട്ടും അന്നവൾ സ്വന്തം വീട്ടിൽ പോയി സ്വന്തം അവകാശങ്ങൾ ചോദിച്ചു വാങ്ങി ഭർത്താവിനും മക്കൾക്കും സംരക്ഷണമൊരുക്കി അവളവരെയെല്ലാം ചേർത്തു പിടിച്ചു,

ഇന്നിപ്പോൾ അതെല്ലാം കഴിഞ്ഞ്ഇ രുപത്തഞ്ചു വർഷം കടന്നു പോയിരിക്കുന്നു !!!!

ഇത്രയും കാലത്തിനകം ജീവിതം പല പ്രശ്നങ്ങളിലൂടെയും കടന്നു പോയിട്ടും ഇന്നും ഇപ്പോഴും സജി അവളോടുള്ള അവന്റെ വിരോധങ്ങളിലും പിണക്കങ്ങളിലും അകൽച്ചകളിലും ഒരു മാറ്റവും വരുത്തിയിട്ടില്ല,

ഒരു സിനിമയിലായിരുന്നെങ്കിൽ നായികയുടെ ഏതെങ്കിലും ഒരു നന്മ കണ്ട് നായകനവളെ സസന്തോഷപ്പൂർവ്വം സ്വീകരിച്ചേനേ എന്നാൽ ജീവിതം അങ്ങിനല്ലല്ലോ ? എല്ലാം അനുഭവിച്ചു തന്നെ അവസാനിക്കണ്ടേ ?

ഇന്നും സജി അവൾക്കെന്തെങ്കിലും വാങ്ങി കൊടുക്കുകയോ, അവളെയും കൂട്ടി പുറത്തു പോവുകയോ, കല്യാണം പോലുള്ള വിശേഷകാര്യങ്ങൾക്കു കൊണ്ടു പോകുകയോ, സ്നേഹത്തോടെ ഒന്നു നോക്കുകയോ പോലും ചെയ്യുന്നില്ല,

അതുപോലെ തന്നെ അവളൊരിക്കലും അത്തരമൊരു മാറ്റം ചിലപ്പോൾ ആഗ്രഹിക്കുന്നുമുണ്ടാവില്ല, അതൊന്നും ഒരിക്കലും അവളെ ബാധിക്കുന്ന കാര്യമേ ആയിരിക്കുകയുമില്ല,

അവൾക്കറിയാം ഇരുപത്തഞ്ചു വർഷങ്ങൾക്കു മുന്നേ ആ കല്യാണ ദിവസം അവസാനിക്കും മുന്നേ തന്നെ അവളെ തിരിച്ചതേ വീട്ടിൽ കൊണ്ടാക്കാ മായിരുന്നിട്ടും അതിനൊന്നും മുതിരാതെ അനുവാദം ചോദിക്കാതെ കടന്നു വന്നതിലുള്ള പിണക്കങ്ങളും പരിഭവങ്ങളും വിരോധങ്ങളും മാത്രമാണ് തന്നോടിതു വരെ കാണിച്ചിട്ടുള്ളതെന്നും !

കടന്നു കയറ്റത്തോടെയാണെങ്കിലും തന്റെ കൂടെയുള്ള സഹവാസം കൊണ്ട് ആരുടെ ജീവനും നഷ്ടമാവില്ലെന്നു തെളിയിക്കാനായതും അവനോടൊത്തുള്ള ഈ ഇരുപത്തഞ്ചു വർഷക്കാലം തന്നെയാണെന്നും എല്ലാം,

എങ്കിലും എനിക്കൊരു സംശയം ബാക്കി നിന്നു,

അവൾ അവന്റെ കുഞ്ഞിനു ജന്മം നൽകിയിട്ടും അവർ തമ്മിലുള്ള പിണക്കങ്ങൾ മാറിയില്ല, വീണ്ടും രണ്ടു കുഞ്ഞുങ്ങൾ കൂടി അവർക്കുണ്ടാവുകയും,അവർ പിന്നേയും അകൽച്ചയിൽ തന്നെ കഴിയുകയും ചെയ്യുന്നു, അതെങ്ങനെ ?

അവരോടതു ചോദിച്ചു മനസിലാക്കാൻ സാധിക്കാത്ത കാര്യമായതു കൊണ്ട് അതിനുള്ള ഉത്തരം എനിക്കു തന്നെ സ്വയം കണ്ടെത്തേണ്ടി വന്നു,

എനിക്കു മനസിലായ കാര്യം ഞാനിവിടെ പറയാം അതാണു ശരിയെന്നൊരു വാദം എനിക്കില്ല നിങ്ങൾ ഞാൻ പറയുന്നതിനേക്കാൾ വ്യക്തതയുള്ള മറ്റൊരുത്തരം നൽകുകയാണെങ്കിൽ ഇതു തിരുത്താൻ ഞാൻ തയ്യാറാണ് !

ഒന്നുറപ്പാണ് ഇത്രയും കാലം ഒട്ടും താൽപ്പര്യമില്ലാതെയും ഒന്നും മിണ്ടാതെയും ഒന്നിച്ചു നിലനിന്നു പോവണമെങ്കിൽ അവർ തമ്മിലുള്ള അണ്ടർസ്റ്റാന്റിങ്ങിന് ഒരു കോട്ടവും തട്ടിക്കാതെ അവൾ വളരെ ഭംഗിയായി അതു മുന്നോട്ടു കൊണ്ടു പോകുന്നുണ്ടെന്നുറപ്പ് !

സജിയുടെ ആവശ്യത്തിനു വഴങ്ങി കൊടുക്കുന്നതിനോടൊപ്പം അതൊരിക്കലും അവന്റെ ജീവിതത്തിലേക്കു കടന്നു ചെല്ലാനുള്ള ഒരു എളുപ്പവഴിയായി അവളതിനെ കാണുന്നുമില്ല, പകരം അവന്റെ ആവശ്യത്തിനപ്പുറം അവൾക്ക് അവൻ അവന്റെ ജീവിതത്തിൽ നൽകിയിരിക്കുന്ന ആ സ്ഥാനത്തേക്ക് സ്വമേദയാ അവൾ മടങ്ങി പോകുകയാണ് ചെയ്യുന്നത്,

സാധാരണ ഇത്തരം പ്രശ്നങ്ങൾ ഉൾക്കൊള്ളുന്നൊരു കേസിൽ ഒരിക്കൽ തമ്മിൽ ബന്ധപ്പെട്ടാൽ അതവനിലേക്കുള്ള അവരുടെ എളുപ്പവഴിയായി മാറ്റാനായിരിക്കും ഏവരും ശ്രമിക്കുക,,

ഇവിടെ അവൾക്കു ലഭിക്കുന്നതെല്ലാം അതൊരു നോട്ടമാണെങ്കിൽ പോലും അതൊരവകാശമല്ല ഒരു ബോണസു മാത്രമാണെന്നു കണ്ടവൾ അവളുടെ ആ സ്ഥാനത്തേക്കു തന്നെ പിന്നേയും പരിഭവങ്ങളില്ലാതെ മടങ്ങുന്നു,

നമ്മൾ ആരാണെന്നും എന്താണെന്നും അറിഞ്ഞ് ഉള്ളാലെ കളം വരച്ച് സ്വയം ചില അതിർത്തികൾ നിർണ്ണയിച്ച് മുന്നോട്ടു പോകുന്നതു കൊണ്ടാവും ഇഷ്ട മല്ലാത്തൊരിടത്തു പോലും ഇരുപത്തഞ്ച് വർഷം നിലനിൽക്കാൻ അവൾക്കു സാധിച്ചത് !

അതു കൊണ്ടു തന്നെ സജിക്ക് അവൻ ആഗ്രഹിക്കുന്നതു സാധിക്കുന്ന തിനോടൊപ്പം അവൻ തുടർന്നു പോരുന്ന എല്ലാ വിരോധങ്ങളും തുടരുന്നതിൽ ഒരു പ്രയാസവും അനുഭവപ്പെടുന്നില്ലതാനും,

ഇതൊക്കെയാണെങ്കിലും അവൾക്കറിയാം തന്നോടൊരിഷ്ടവും ഇല്ലായിരുന്നെങ്കിൽ തന്റെ അടിവയറ്റിൽ ആ മൂന്നു കുഞ്ഞുങ്ങളും ഒരിക്കലും പിറവി കൊള്ളുമായിരുന്നില്ലെന്നും,

അതു പോലെ തന്നോട് എത്ര വിരോധം കാണിച്ചാലും പിണക്കം പ്രകടിപ്പിച്ചാലും താൻ മരണപ്പെട്ടു എന്നറിയുന്ന നിമിഷം ആ കണ്ണിൽ നിന്നു അതുവരെയും തനിക്കു മുന്നിൽ പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടില്ലാത്ത സ്നേഹത്തിൽ പൊതിഞ്ഞൊരിറ്റു കണ്ണീർ തനിക്കു വേണ്ടി പൊടിയുമെന്നും…!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *