സാറയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോയെന്ന വാർത്ത കാട്ടുതീ പോലെ നാട്ടിലാകെ പടർന്നു പിടിച്ചു. അറിഞ്ഞവർ അറിഞ്ഞവർ….

എഴുത്ത് :- വൈദേഹി വൈഗ

സാറയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിപ്പോയെന്ന വാർത്ത കാട്ടുതീ പോലെ നാട്ടിലാകെ പടർന്നു പിടിച്ചു. അറിഞ്ഞവർ അറിഞ്ഞവർ മൂക്കത്ത് വിരൽ വച്ച് അന്ധാളിച്ചു ; എന്തുനല്ല കൊച്ചായിരുന്നു, അവൾക്കീ ഗതി വന്നല്ലോ… എന്ന് പതംപറഞ്ഞു, വ്യസനിച്ചു. അസൂയാലുക്കൾ മനസ്സിൽ ഊറിച്ചിരിച്ചു കൊണ്ട് പുറമെ ദുഃഖം അഭിനയിച്ചു.

നാട്ടിലെ അറിയപ്പെടുന്നൊരു പ്രമാണിയാണ് കുര്യച്ചൻ, അയാളുടെ ഒറ്റമോള് സാറാ കുര്യച്ചൻ. പ്രമാണിയെന്ന് വെറുംവാക്ക് പറഞ്ഞതല്ല, ഏതൊരു കാര്യത്തിനും ഏത് നട്ടപ്പാതിരാക്കായാലും കേറിചെല്ലാവുന്നൊരു വീടാണ് കുര്യച്ചന്റേത്, ഒരിക്കലും കൈവെടിയില്ലെന്നൊരു വിശ്വാസമാണ് പുത്തൻപുരക്കൽ മാളിക.

കുര്യച്ചന്റപ്പൻ പുത്തൻപുരക്കൽ കുഞ്ചറിയയും ഏതാണ്ടിതേ സ്വഭാവക്കാരനായിരുന്നു. വിഷമം പറഞ്ഞൊരുത്തൻ ആ മുറ്റത്ത് കേറിചെന്നാൽ കണ്ണീരോടെ മടങ്ങേണ്ടി വരില്ല. അതിന് കുഞ്ചറിയ അനുവദിക്കത്തുമില്ല.

കുഞ്ചറിയ എപ്പോഴും പറയുമായിരുന്നു, മനുഷ്യന്റെ വികാരം ജാതിയും മതവുമൊന്നുമല്ല… അത് മനുഷ്യത്വമാണെന്ന്. തികഞ്ഞ ദൈവവിശ്വാസി യായിരുന്ന അദ്ദേഹം യാചിക്കുന്നവന്റെ പാനപാത്രത്തിലെ കാരുണ്യമാണ് കർത്താവെന്നും കരുതിപ്പോന്നിരുന്നു.

കുര്യച്ചൻ പ്രണയിച്ച പെൺകുട്ടിയെ, അവൾ അന്യമതത്തിൽ ചേർന്നതായിരുന്നിട്ട് കൂടി, കുടുംബക്കാരെല്ലാമെതിർത്തിട്ടും, അതൊന്നും വകവയ്ക്കാതെ കുഞ്ചാറിയായുടെ വാക്കിന്റെ ബലത്തിൽ മിന്നുകെട്ട് ആർഭാടമായി നടത്തി. സാറയെ പ്രസവിക്കുന്നതിനു മുൻപ് കറിയാച്ചൻ മരിച്ചെങ്കിലും 21 വർഷങ്ങൾ ക്കിപ്പുറവും ആളുകൾക്ക് അദ്ദേഹത്തേ പറ്റി പറയുമ്പോൾ നൂറുനാവാണ്.

സാറയെ പ്രസവിച്ചു മൂന്നിന്റന്ന് അവളുടെ അമ്മ മരിച്ചു. പിണങ്ങിപ്പോയ കുടുംബക്കാരെല്ലാം അടുത്തുകൂടി അനുശോചനമറിയിക്കാനെന്ന മട്ടിൽ കൊച്ചിനെ നോക്കാനെങ്കിലും ഒരു കല്യാണം കഴിക്കാൻ കുര്യച്ചനെ നിർബന്ധിക്കുകയും എന്റെ കൊച്ചിനെ നോക്കാൻ ഞാൻ മാത്രം മതിയെന്ന് കുര്യച്ചൻ ഒറ്റക്കാലിൽ നിക്കുകയുമായിരുന്നു…

അന്നുതൊട്ടിന്നേ വരെ അമ്മച്ചിയായും അപ്പച്ചനായും സാറയ്ക്ക് നിഴൽ പോലെ ഒപ്പം കുര്യച്ചനുണ്ടായിരുന്നു. നാടൊട്ടുക്കറിഞ്ഞ ആഘോഷമായിരുന്നു സാറയുടെ മനസമ്മതം, അതാണിപ്പോൾ മിന്നുകെട്ടിന് വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമുള്ളപ്പോൾ മുടങ്ങിപ്പോയത്.

“കുര്യച്ചായോ… കൊച്ചിന്റെ കാല്യാണക്കാര്യം എന്നാ പറ്റിയതാ … എന്നതേലും പ്രശ്നമുണ്ടായോ…”

കവലയിലെ ചായക്കടയിൽ വച്ച് കണ്ടപ്പോ കുടുംബക്കാരൻ കൂടിയായ ജോൺ കുര്യച്ചനോട് ചോദിച്ചു. സാറക്ക് ഡേവിസിന്റെ ആലോചന കൊണ്ടുവന്നതും ജോൺ തന്നെ. കുര്യച്ചൻ മറുപടിയൊന്നും പറയാതെ വന്നപ്പോൾ ജോൺ ശബ്ദം താഴ്ത്തി പിന്നെയും ചോദിച്ചു,

“എന്നാ പറ്റി അച്ചായാ…. ഇനി കൊച്ചിന്റെ മനസിലാരേലും….?”

“അങ്ങനാരേലും എന്റെ കൊച്ചിന്റെ മനസീ കേറിക്കൂടീട്ടുണ്ടേൽ അവളതാദ്യം എന്നോട് പറയുകേലേ ജോണേ…..”

അല്പം ഉറക്കെത്തന്നെ കുര്യച്ചനത് പറഞ്ഞപ്പോൾ ജോണിന്റെ മുഖമൊന്നു വാടി, ചുറ്റുമുള്ളവർ ശ്രദ്ധിക്കാനും കൂടി തുടങ്ങിയപ്പോൾ ചോദിക്കേണ്ടി യിരുന്നില്ലെന്നായി ജോണിന്,

“എന്താ കുര്യച്ചാ സാറകൊച്ചിന്റെ കല്യാണം മുടങ്ങാൻ കാര്യം….?”

ചായക്കടയിലെ കുമാരേട്ടൻ ചോദിച്ചു,

“അതെന്റെ കുമാരേട്ടാ, ഒരു നിസാര പ്രശ്നവാ… എന്റെ കൊച്ചിത്തിരി മുടി മുറിച്ചു. അവളത് ഫോട്ടോ എടുത്തു ഫേസൂക്കിലോ കീസൂക്കിലോ എങ്ങാണ്ട് ഇടുകേം ചെയ്തു.

അവൻ ദാണ്ടെ ഫോൺ വിളിച്ചിട്ട് പെണ്ണ് കാണാൻ വന്നപ്പോൾ മുടി ഉണ്ടായിരുന്നില്ലേ മനസമ്മതത്തിന് മുടിയുണ്ടായിരുന്നില്ലേ ആരോട് ചോദിച്ചിട്ടാ മുടി മുറിച്ചേ അവനോട് ചോദിക്കാതെ ഫോട്ടോ ഇട്ടതെന്നാത്തിനാ എന്നൊക്കെ ചോദിച്ചു ഭയങ്കര ബഹളം. അവന്റെ അപ്പനെങ്ങാണ്ട് ചീ ത്ത പറഞ്ഞത്രേ… അവരുടെ കുടുംബത്തിലെ പെണ്ണുങ്ങളാരും മുടി മുറിക്കുകേലെ…. ഇത് നല്ല കൂത്ത്…

കെട്ടു പോലും കഴിഞ്ഞില്ല, അതിന് മുന്നേ ആ കൊച്ചൻ എന്റെ പെണ്ണിനെ നിയന്ത്രിക്കുന്നതും അധികാരം കാണിക്കുന്നതുമൊന്നും എനിക്കത്ര പിടിച്ചില്ല കുമാരേട്ടാ, നേര് പറയാല്ലോ….. എനിക്കെന്നല്ല ഒരപ്പനും അത് ഇഷ്ട പ്പെടുകേലാന്നെ. അതോണ്ട് ഞാനതങ്ങു വേണ്ടാന്ന് വച്ചു.”

“ഇതൊക്കെ ഒരു പ്രശ്നമാണോ എന്റെയച്ചായാ… അവക്കവനോട് ചോദിച്ചിട്ട് മുടി മുറിക്കാൻ മേലാരുന്നോ… ഈ നിസാരകാര്യത്തിനാണോ ബന്ധം വേണ്ടാന്ന് വച്ചേ…. പേരുകേട്ട തറവാട്ടുകാരാ അവരൊക്കെ, ഇനി ഇതുപോലൊരു ബന്ധം നമ്മടെ കൊച്ചിന് വരോ… പോരാത്തേന് കല്യാണം മുടങ്ങിയെന്ന ചീത്തപ്പേരും….”

“ജോണേ… വല്യ തറവാട്ടുകാരായിട്ടെന്താ, വിവരം വേണ്ടേ… അല്ലെങ്കിൽ ഇമ്മാതിരി വർത്താനം പറയോ…

അവക്കട മുടി മുറിക്കണേന് അവളെന്തിനാടാ ഉവ്വേ അവന്റെ അനുവാദം… അവള് പഠിക്കണതേ ഡോക്ടറാവാനുള്ള പഠിപ്പാ, അവള് പഠിച്ചു പാസാവുകേം ചെയ്യും…

ഇപ്പൊ മുടി മുറിക്കാനും ഫോട്ടോ ഇടാനും വരെ അനുവാദം ചോദിക്കണമെന്ന് പറയുന്ന ഇവനും ഇവന്റെ അപ്പനും കുടുംബക്കാരും നാളെ അവള് ജോലിക്കും പോണ്ടാ എന്ന് പറഞ്ഞാൽ എന്തോ ചെയ്യും ജോസൂട്ടീ… അവള് കഷ്ടപ്പെട്ടും ഒറക്കമിളച്ചും പഠിച്ചതൊക്കെ വെള്ളത്തില് വരച്ച വര പോലെ ആവുകേലെ….

എന്റെ കൊച്ചു പിറന്നതേ കർത്താവിനെ പോലെ പാവങ്ങളെയും പീ ഡിതരെയും ശുശ്രുഷിക്കാനാ, അത് കർത്താവിന്റെ നിയോഗമാ…

അവളുടെ ഇഷ്ടങ്ങൾക്ക് തടസ്സം നിൽക്കുന്ന വല്യ കൊമ്പത്തെ തറവാട്ടു കാരൊന്നും എന്റെ കൊച്ചിന് വേണ്ടെടാ ജോണേ….”

“അത് കുര്യച്ചൻ പറഞ്ഞത് ശരിയാ, രണ്ടക്ഷരം പഠിക്കാത്തതിന്റെ കഷ്ടപ്പാടാ നമ്മളീ അനുഭവിക്കുന്നത്…ആ കൊച്ച് അതിന്റെ ഇഷ്ടത്തിന് ജീവിക്കട്ടേന്ന്….”

എല്ലാവരും കുര്യച്ചനെ ശരിവച്ചതോടെ ജോണിന്റെ പത്തി താനേ താഴ്ന്നു….

അല്ലേലും ഈ വലിയ തറവാടും കുടുംബമഹിമയും ഒന്നുമല്ല , മനുഷ്യനെ മനസിലാക്കാനുള്ള കഴിവാണ് എല്ലാർക്കും വേണ്ടത്….

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *