ഹിമ … ഹിമ പോയെടാ “‘ ശ്രീനിവാസൻ മറ്റെവിടേക്കോ നോക്കിപ്പറഞ്ഞപ്പോൾ ശ്രീനിക്ക് പെട്ടന്ന് ചിരിയാണ് വന്നത്…….

തനിയെ…

Story written by Sebin Boss J

‘ മൈക്കിളേ ….”‘ കമ്പ്യൂട്ടറിൽ കണ്ണുകൾ പൂഴ്ത്തിയിരുന്ന മൈക്കിൾ കണ്ണട ഊരി കൊണ്ട് തന്റെ തോളത്തുപിടിച്ച ആളെ തിരിഞ്ഞു നോക്കി .

“‘എന്നാ ശ്രീനിയേട്ടാ …””’ മൈക്കിളിന്റെ മുഖം കനത്തു . ഒരു കാരണവുമില്ലാതെ ജോലി തിരക്കുള്ള ശ്രീനിവാസൻ തന്നെ കാണാൻ വരില്ലന്നവനറിയാമായിരുന്നു

“” ഐ ഡോണ്ട് വാട്ട് ഐ ഷുഡ് സേ…..”

”” എന്നാ …എന്നാ പറ്റി ശ്രീനിയേട്ടാ പറയ് ..എന്താണേലും പറയ് . ഇതിൽ കൂടുതലെന്തു വരാനാണെനിക്ക് “””വാക്കുകൾക്കായി ശ്രീനിവാസൻ പരതിയപ്പോൾ മൈക്കിൾ ചാടിയെഴുന്നേറ്റയാളുടെ ചുമലിൽ കുലുക്കിക്കൊണ്ട് ചോദിച്ചു .

“‘ ഹിമ … ഹിമ പോയെടാ “‘ ശ്രീനിവാസൻ മറ്റെവിടേക്കോ നോക്കിപ്പറഞ്ഞപ്പോൾ ശ്രീനിക്ക് പെട്ടന്ന് ചിരിയാണ് വന്നത് .

“‘ആണോ ..എപ്പോ ?”’ കൂസലെന്യേ മൈക്കിൾ ചോദിച്ചപ്പോൾ ശ്രീനിവാസൻ അമ്പരന്നു അവനെ നോക്കി .

“‘ഡാ …മൈക്കിളേ ..ഡാ “‘ നോക്കിനിൽക്കെ മൈക്കിളിന്റെ ചിരിച്ച ചുണ്ടുകൾ കോടുന്നതും കണ്ണുകൾ പുറകോട്ട് മറയുന്നതും കണ്ടപ്പോൾ ശ്രീനിവാസൻ അവനെ താങ്ങിപ്പിടിച്ചു

“‘ ശ്രീനി….. മൈക്കിളിന് നാട്ടിലേക്ക് പോകണമെന്നാ പറയുന്നേ “” ഹോസ്പിറ്റൽ ബിൽ അടച്ചിട്ട് വന്ന ശ്രീനിവാസനോട് രവി പറഞ്ഞപ്പോൾ മൈക്കിൾ നിഷേധാർത്ഥത്തിൽ തലയാട്ടി

”അവനെ ഈയവസ്ഥയിൽ തനിച്ചുവിടാനോ ? വേണ്ട രവീ .. വേണ്ട “‘

“‘അവൻ പോട്ടെ ശ്രീനി … അവൻ സ്വയം തയ്യാറെടുത്തുകഴിഞ്ഞു അവളുടെ വിയോഗത്തിൽ . . ചിലരങ്ങനെയാണ് . കാണുമ്പോൾ അവർക്ക് വേദനയില്ലന്ന് തോന്നും . പക്ഷെ ശരീരം പെട്ടന്ന് റിയാക്റ്റ് ചെയ്യും . അവൻ നോർമ്മലായി സംസാരിച്ചിട്ടും പെട്ടന്ന് ബോധം പോയില്ലേ .. ഉള്ളിലെ വിഷമത്തിന്റെയാണ് അത് . അതിനിയും കൂടും . ഇവിടെ തനിച്ചായിരുന്നാൽ . അവിടെ അൽപം കൂടി ബെറ്ററാകും . കാരണം എല്ലാറ്റിനും അവൻ അല്ലെ ഓടേണ്ടത് . അപ്പോൾ മനസ്സും ശരീരവും ഒരുപോലെ തയ്യാറെടുക്കും പ്രതിരോധിക്കാൻ . “”

“‘എനിക്ക് കൂടെ പോകാനും പറ്റില്ല .. രവിക്കറിയാമല്ലോ എന്റെ തിരക്കുകൾ .. “‘

“” ഹ്മ്മ്മ് .. സാരമില്ല .നീ നാട്ടിലേക്ക് വിളിച്ചുപറയ് . മൈക്കിൾ വരുമെന്ന് “”

“‘ഹ്മ്മ്മ് “” ശ്രീനിവാസൻ തലകുലുക്കിക്കൊണ്ട് മൈക്കിളിനെ അഡ്മിറ്റ് ചെയ്‌ത മുറിയിലേക്ക് നടന്നു .

“”” ജോജീ … അച്ചനെ കൊണ്ടുവരാൻ പോകാൻ സുരേഷിനോട് പറയണേ .ഡാ .. ആരേലും കഴിക്കാൻ ഉണ്ടേൽ വിളിച്ചിരുത്ത് .ആഹ് !! പിന്നെ അങ്കിളേ ..നമ്മുടെ ആൾക്കാരെ ഒക്കെ ഒന്ന് വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിച്ചേ . അച്ചൻ വന്ന് ചടങ്ങുകൾ തുടങ്ങിയാൽ ഫോട്ടോ എടുക്കാനൊന്നും പറ്റത്തില്ല ”’

“‘ അവനൊരു വെഷമോമില്ലല്ലോ .കണ്ടില്ലേ… കരിങ്കല്ലിന് കാറ്റുപിടിച്ച പോലെ . ..ആ ..അനിയന്റെ ഭാര്യയല്ലേ മരിച്ചേ ..എല്ലാം ഇവൻ കാരണമാ . ആ ഓർമയേലും അവനുണ്ടോ ? ആ .. ഇനിയവൾക്കുവേണ്ടി പൈസ മുടക്കണ്ടല്ലോ “” “”

ചടങ്ങുകൾക്കായി ഓടി നടക്കുന്ന മൈക്കിളിനെ കണ്ട നാട്ടുകാർ പിറുപിറുത്തു

“” കല്ലറ എല്ലാം റെഡിയല്ലേ. മഴ പെയതാൽ ഒരു പടുത വലിച്ചു കെട്ടാൻ ഏർപ്പാടാക്കിക്കോ…””

“” എല്ലാം ചെയ്തിട്ടുണ്ട് മൈക്കിളേ… നീ വല്ലതും കഴിച്ചെ ..വന്നപ്പോ മുതൽ ഒന്നും കഴിച്ചിട്ടില്ലല്ലോ..”” കൂട്ടുകാരൻ സുരേഷ് മൈക്കിളിനെ കൈയ്യിൽ പിടിച്ചു.

“” വിശക്കുന്നില്ലടാ… ആൾക്കാർ വരുമ്പോ ഞാൻ കാണണം.. വേറെയാരാ ഉള്ളത്…നീ വിട്..””

മൈക്കിൾ അവന്റെ കൈകൾ വിടുവിച്ചു പന്തലിലേക്ക് നടന്നു.

“” എടാ ജോജി… നാളെ കാലത്തെ പള്ളീൽ പോകാൻ നീ വരുമോ.. ഇല്ലേൽ ഒരു വണ്ടി ഏർപ്പാടാക്കണം “”

സംസ്കാരം കഴിഞ്ഞെത്തിയപ്പോൾ മൈക്കിൾ ജോജിയോട് പറഞ്ഞു.

“ആരാടാ പള്ളീൽ പോകാൻ ഉള്ളത്?. എല്ലാരും പോയി. ഹിമയെ നോക്കിയ ഹോം നേഴ്സും പോയി. നിന്നോട് പറയാൻ നിക്കുന്നില്ലന്ന് പറഞ്ഞു.””

“” ആണോ.. അതേ..അതേയല്ലേ… ഞാൻ.. ഞാൻ മാത്രമേയുള്ളൂ”” മൈക്കിളിന്റെ കണ്ഠം ഒന്ന് ഇടറി

“”നീ വന്നേ..വന്നു കൈ കഴുകിക്കെ… പട്ടിണി ഇരിക്കണ്ട. വല്ലോം വരുത്തി വെക്കാതെ””

സുരേഷ് ഒരു പ്ളേറ്റിൽ ചോറും കറികളും എടുത്തു മൈക്കിളിന്റെ കൈകളിൽ പിടിപ്പിച്ചു.

“” ഇച്ചിരി സമ്പാറൂടെ ഒഴിക്ക്..നിങ്ങള് കഴിക്കുന്നില്ലേ…ആ പയറു തോരൻ ഇങ്ങെടുത്തെ.. നിങ്ങളും കഴിക്ക് …ലേശം അവിയൽ ഇടട്ടെടാ ജോജി.. പണ്ടാരോ പറയുന്നത് ശെരിയാ അല്ലേ….? മരണ വീട്ടിലെ ആഹാരത്തിന് കല്യാണ സദ്യയെക്കാൾ രുചിയാ… ഹഹ””

മൈക്കിൾ പൊട്ടിച്ചിരിച്ചു കൊണ്ട് വീണ്ടും സാമ്പാർ ഒഴിച്ചപ്പോൾ ജോജി സുരേഷിനെ അമ്പരപ്പോടെ നോക്കി.

“””ഞങ്ങളും ഇറങ്ങിക്കോട്ടേടാ. നീ 45ന്റെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞല്ലേ തിരിച്ചു പോകുന്നുള്ളൂ ..?””

“”ഹമ്മ്…””മൈക്കിൾ വെറുതെ മൂളിയതേയുള്ളൂ.

“കുട വേണോടാ… ഹിമേ… കുടയെവിടെയാടീ ഇരിക്കുന്നെ….. ഓഹ്.. അവളും പോയല്ലോ… കുട എവിടെയാ ഇരിക്കുന്നേന്ന് അറിയില്ല.ഭാഗ്യത്തിന് എല്ലാം കഴിഞ്ഞപ്പോഴാണല്ലോ മഴ പെയ്തേ..””

“”ഓ..കുടയൊന്നും വേണ്ടടാ.. ചെന്നിട്ട് കുളിക്കാൻ ഉള്ളതാ.. മരണം നടന്നതല്ലേ”” ജോജിയും സുരേഷും ബൈക്കിൽ കേറി പോയപ്പോൾ മൈക്കിൾ അകത്തേക്ക് നടന്നു.

ഹിമ.. അവളും പോയി..

തനിച്ചു കിടന്നപ്പോൾ അവനു മനസാകെ ചൂട് പിടിക്കുന്ന പോലെ തോന്നി.

കഴിഞ്ഞ ലീവിന് നാട്ടിൽ വന്നതും അനിയന്റെ ഫാമിലിയും തന്റെ ഫാമിലിയും പിള്ളേരുമൊക്കെ ആയി ടൂർ പോയതും പുലർച്ചെ വണ്ടി ലോറിയുമായി കൂട്ടി ഇടിച്ചതും ഒക്കെ അവന്റെ മനസിലേക്ക് തികട്ടി വന്നു.

അല്പം ഒന്ന് മ ദ്യപിച്ചിരുന്നു താൻ അനിയൻ മടുത്തപ്പോഴാണ് ഡ്രൈവിങ് സീറ്റിലേക്ക് കേറിയിരുന്നത്. കിടന്ന് ഉറങ്ങിയിട്ട് രാവിലെ യാത്ര തുടരാമെന്ന് അനിയത്തി പറഞ്ഞതുമാണ്. കേവലം ഒരു മണിക്കൂർ കൊണ്ട് വീട് എത്തുമല്ലോ എന്നോർത്ത് താനതിന് സമ്മതിച്ചില്ല.

ആക്സിഡന്റിൽ താനും ഹിമയും ഒഴികെ ആരും അവശേഷിച്ചില്ല. ഭർത്താവും മക്കളും ഒക്കെ പോയിട്ടും തന്റെ അരക്ക് താഴെ തളർന്നു പോയെങ്കിലും ഹിമ ഒരിക്കൽ പോലും തന്നെ കുറ്റപ്പെടുത്തിയില്ല. പകരം ഓരോന്ന് പറഞ്ഞു തന്നെ ആശ്വസിപ്പിച്ചതെ ഉള്ളൂ.

ഇത്തവണ വരുമ്പോൾ അവളുടെ ഓപ്പറേഷൻ നടത്തണം എന്നു കരുതിയതാണ്. അതിന് വേണ്ടിയാണ് അവളെ ഒരു ഹോം നേഴ്സിനെ ഏൽപ്പിച്ചു തിരിച്ചു ജോലിക്ക് പോയതും .

എല്ലാം പോയി… ഇനിയാർക്ക് വേണ്ടി…അന്നേ മരിക്കേണ്ടതായിരുന്നു താൻ..
തന്നെ മാത്രം എന്തിന് അവശേഷിപ്പിച്ചു ഈശ്വരൻ…!!

മൈക്കിളിന് നെഞ്ച് നുറുങ്ങുന്ന പോലെ തോന്നി… അയാൾ ഇരുട്ടിൽ പരതി എണീറ്റു…

ഹിമാ… ഇരുട്ടിലേക്ക് നീട്ടി വിളിച്ചു കൊണ്ടയാൾ മുറ്റത്തേക്ക് ഇറങ്ങി.. മഴ ആർത്തു പെയ്യുന്നുണ്ടായിരുന്നു…

എന്നിട്ടും ശരീരമാകെ ചൂടാകുന്ന പോലെ അയാൾക്ക് തോന്നി. വാ പൊളിച്ചു അയാൾ മഴ തുള്ളികൾ വായിലേക്ക് സ്വീകരിച്ചു…

ഹമ്മെ….. പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു സുരേഷിനെ വിളിച്ച ശേഷം അയാൾ മുറ്റത്തു തളർന്നിരുന്നു…

ഇന്നലെയുള്ളോർ ഇന്നിവിടില്ലാ ഇനി വരുകില്ലാ … യാത്രക്കാരാ … വിടപറയുന്നേ നശ്വരമുലകിൽ …..

”’ഹോ …എന്നാ പാട്ടാ ഇത് .. ഇന്നലേം കൂടെ എന്നോട് വർത്തമാനം പറഞ്ഞ ചെറുക്കനാരുന്നു . മനുഷ്യന്റെ കാര്യം ഇത്രേയുള്ളൂ”’

“”തല ഞരമ്പ് പൊട്ടിയാ മരിച്ചേ… ഹൈ പ്രഷർ ഉണ്ടായിരുന്നു. കൂടെ അറ്റാക്കും…””

“” ഉള്ളു നുറുങ്ങിയാ ഇന്നലെ അവൻ ചിരിച്ചു കളിച്ചു നടന്നേ ..അല്ലേ? “”

“” ഉള്ളിൽ വിഷമം ഉണ്ടായിട്ടും എല്ലാമൊതുക്കി ചിരിച്ചു നടക്കാനും ഒരു കഴിവ് വേണം….ഇത്തിരി സാമ്പാർ ഒഴിച്ചെ..””

തലേന്ന് കെട്ടി അഴിക്കാതിരുന്ന പന്തലിൽ പിറ്റേന്ന് മൈക്കിളിന്റെ മൃതശരീരം പ്രദർശനത്തിന് കിടക്കുമ്പോൾ , വീടിന് പുറകിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന ആളുകൾ അപ്പോഴും അടക്കം പറയുന്നുണ്ടായിരുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *