അതിൽ പിന്നെ രാത്രി ആയാൽ പിന്നീടങ്ങൊട്ടൊരു ബഹളവാണ്. വല്യപ്പച്ചനാവും ആദ്യം തുടങ്ങിവെക്കുക. അതൊടെ തൊടിയിലെ വേസ്റ്റ് കഴിക്കാനായി വരുന്ന നായ്ക്കളും അതേറ്റ് കുരക്കും. ചുറ്റുവട്ട ത്തൊക്കെ…….

Story written by Adam John

പനിയെല്ലാർക്കും ഒരുപോലാണോ എന്നറിയുകേല. പക്ഷെ വീട്ടിൽ ആർക്ക് പനിവന്നാലും വല്യമ്മച്ചിക്കായിരുന്നു മിക്കപ്പോഴും പണികിട്ടാറുള്ളത്.

വല്യപ്പച്ചന് വരുന്ന പനിക്ക് ബ്രെഡിന്റെയും റസ്ക്കിന്റെയുമൊക്കെ മണമാണെന്ന് തോന്നീട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്.പനിയാണെന്നറിഞ്ഞാൽ കാണാൻ വരുന്നൊര് കൊണ്ടുവരുന്നതിൽ പ്രധാനികൾ ഇവര് രണ്ടു പേരുവാരിക്കും. പത്തായത്തിന്റെ മോളിലിരുന്നോണ്ട് റസ്ക് തിന്നുമ്പോ ഞങ്ങൾക്കും കിട്ടും ഒരു പങ്ക്. ഇത്തിരി അഹങ്കാരമുണ്ടോ പനിക്കെന്ന് തോന്നും. വല്ലാത്തൊരു ഗൗരവമാരിക്കും. അധികം ആരോടും അടുക്കാത്തൊരു സ്വഭാവവും.നന്നായി പരിഗണിച്ചില്ലെങ്കി പിന്നെ ചെവിതല കേൾപ്പിക്കുവേല. അതോണ്ടന്നെ വല്യപ്പച്ചന്റെ പനിക്ക് രാജകീയ സ്വീകരണമായിരുന്നു എല്ലായ്‌പ്പോഴും.

കഞ്ഞിയും ചുട്ട പപ്പടവും ചമ്മന്തിയുമൊക്കെ ആയി പനിയെ സ്വീകരിച്ചിരുത്തും. വന്നാലും അമ്മായിടെ കൂട്ട് ഒന്ന് രണ്ടാഴ്ച കഴിഞ്ഞേ പോവത്തുള്ളു. ചുമ്മാ ഇരുന്ന് ബോറടിക്കുമ്പോഴാവും ഇടക്കൊക്കെ വല്യപ്പച്ചന്റെ പനി ചെന്ന് ചുമയേം കൂട്ടികൊണ്ട്തി രികെ വരും.

അതിൽ പിന്നെ രാത്രി ആയാൽ പിന്നീടങ്ങൊട്ടൊരു ബഹളവാണ്. വല്യപ്പച്ചനാവും ആദ്യം തുടങ്ങിവെക്കുക. അതൊടെ തൊടിയിലെ വേസ്റ്റ് കഴിക്കാനായി വരുന്ന നായ്ക്കളും അതേറ്റ് കുരക്കും. ചുറ്റുവട്ട ത്തൊക്കെ നായ്ക്കളുണ്ടെൽ അവരും ഒപ്പം കൂടും. കാര്യമൊന്നും അറിയില്ലേലും ഉണ്ട ചോറിനും കിട്ടിയ മീൻ തലകൾക്കും നന്ദി കാണിക്കണ്ടായോ എന്ന് കരുതി പൂച്ചകളും ആവും വിധം കരയും.

ചുമയുടെ ശക്തിയുടെ തോതനുസരിച്ചു കൊച്ചു കുട്ടികളും ഉണർന്ന് തുടങ്ങും. അതിന്റെ ആഫ്റ്റർ എഫെക്റ്റെന്നോണം ചില വീടുകളിലൊക്കെ ലൈറ്റ് തെളിയുന്നത് കാണാം. അടുത്ത വീട്ടിലൊക്കെ ആരേലും ലീവിന് വരുന്നവരുണ്ടേൽ ആദ്യം ചോദിക്കുക വല്യപ്പച്ചന്റെ പനി മാറിയോന്നാണ്. അത് വല്യപ്പച്ചനോടുള്ള കരുതലൊന്നുമല്ല. വർഷത്തിലെങ്ങാനും ഒരിക്കൽ കിട്ടുന്ന ലീവ് വല്യപ്പച്ചന്റെ ചുമ കൊണ്ടൊവോന്നുള്ള പേടി കൊണ്ടാണ്. അല്ലേലും ആരാണ് സന്തോഷം ആഗ്രഹിക്കാത്തെ.

ചുരുക്കിപറഞ്ഞാൽ വല്യപ്പച്ചന്റെ പനി മറ്റുള്ളവർക്കൊക്കെ ഒരു പണിയാരുന്നു. അതോണ്ടന്നെ വല്യപ്പച്ചന്റെ പനി വേഗം മാറിക്കിട്ടാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നവർ ഒത്തിരി പേരുണ്ടാരുന്നു ചുറ്റ് വട്ടത്ത്.

അമ്മാവനും ഇടക്ക് പനി വരും. അതിന് വല്യ മണമൊന്നും ഉണ്ടാവാറില്ല. യാതൊന്നിനോടും പ്രതിപത്തിയില്ലാത്ത അമ്മാവന് പനിയോടും പ്രത്യേകിച്ചൊന്നും തോന്നുകേല. സ്വഭാവികമായും അവഗണനയുടെ കൈപ്പ് നീര് കുടിച്ചോണ്ട് പനി കണ്ണീരോടെ അമ്മാവനെ വിട്ടിറങ്ങിപ്പോവും. പനിക്ക് ജീവിതത്തിലാരോടേലും വെറുപ്പുണ്ടേൽ അതമ്മാവനോട് മാത്രായിരിക്കും.

ഏറ്റവുമിഷ്ട്ടുള്ള പനി വല്യമ്മച്ചിക്ക് വരുന്നതാണ്. ശർക്കരയിട്ട് തിളപ്പിച്ച ചുക്ക് കാപ്പിയുടെ മണമാണ് വല്യമ്മച്ചിയുടെ പനിക്ക്. പനിയുള്ളപ്പോ അന്നേരം വല്യമ്മച്ചിയെ കെട്ടിപ്പിടിക്കുമ്പോ എന്നാ സുഖവാണെന്നൊ. നാട്ട് മരുന്നുകളുടെ മണമുള്ള ഇളം ചൂടാവും. മാറി നിന്നെ കൊച്ചേ പനി പകരുമെന്നൊക്കെ പറയുമെങ്കിലും വല്യമ്മച്ചീടെ പനി ആർക്കും പകരാതെയാവും മിക്കപ്പോഴും ഇറങ്ങിപ്പോവാറുള്ളത്.

അമ്മച്ചിക്ക് പനി വരുമ്പോഴാണ് അപ്പന്റെ പാചകത്തിന്റെ രുചി അറിയാറുള്ളത്. അമ്മച്ചിക്ക് നുറുക്കരി കഞ്ഞിയും ഞങ്ങൾക്ക് ഗീ റൈസും ഉണ്ടാക്കിത്തരും. കറിയൊന്നും ഉണ്ടാക്കാൻ അറിയില്ലേലും തക്കാളി വേവിച്ച് അതിലെ ന്തൊക്കെയോ ചേർത്തുണ്ടാക്കുന്ന കറിക്ക് എന്നാ രുചിയാരുന്നെന്നോ.

അപ്പന് പനി വന്നപ്പോഴാണെന്ന് തോന്നുന്നു ആരൊക്കെയോ ആപ്പിളും ഓറഞ്ചും ഹോർലിക്സ്മൊക്കെ കൊണ്ട് വന്നാരുന്നു. ഞങ്ങള് കുട്ടികൾക്കുള്ള ചോക്ലേറ്റ്സും. അതിൽപിന്നെ അപ്പന് ഇടക്കിടെ പനി വന്നാരുന്നേൽ എന്നാഗ്രഹിച്ചു പോയിട്ടുണ്ട്. അതിന്റെ പേരിൽ അമ്മച്ചിയുടെ അടുത്തൂന്ന് നല്ല വഴക്കും കിട്ടീട്ടുണ്ട്.

എന്തൊക്കെ പറഞ്ഞാലും സ്നേഹിക്കാനും പരിചരിക്കാനുമൊക്കെ ആരേലും ഒപ്പമുണ്ടേൽ പനി വരുന്നതൊരു സുഖമുള്ള കാര്യവാ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *