അധികം കൂട്ടുകാർ ഇല്ലാത്ത, ആരോടും മനസ്‌ തുറക്കാത്ത ആന്റോയെ അവൾക്ക് ഒട്ടും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല…

സ്നേഹ

Story written by Shafia Shamsudheen

“ഇടക്കൊക്കെ ആഗ്രഹിക്കാറുണ്ട്, ഇടനാഴിയിലൂടെ ഒരു കാലൊച്ച ഒന്നടുത്തടുത്ത് വന്നിരുന്നുവെങ്കിൽ എന്ന്.

ആ കാലൊച്ചകൾ തേങ്ങുന്ന എന്റെ ആത്മാവിന് ഒരു സാന്ത്വനമായിരുന്നെങ്കിൽ എന്ന്. എന്റെ ഹൃദയം തൊട്ടറിഞ്ഞിരുന്നുവെങ്കിൽ എന്ന്. ഉപാധികളില്ലാതെ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന്. എന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്ന്…”

താഴെ ‘സ്നേഹ’ എന്ന് എഴുതി ഒപ്പിട്ട് അവൾ ആ ഡയറി അടച്ചു വെച്ചു.

എഴുതിക്കൂട്ടിയ ഡയറികളും അവളുടെ ഏകാന്തതയും മാത്രം വീണ്ടും ബാക്കിയായി.

ഓർമ്മകളിലേക്ക് ഇറങ്ങുമ്പോഴൊക്കെ നിലയില്ലാത്ത കയത്തിൽ അകപ്പെട്ട പോലെ കൈകാലിട്ടടിച്ചു കൊണ്ടിരിക്കുന്നു

അച്ഛന്റെയോ അമ്മയുടെയോ സ്നേഹം അറിഞ്ഞിട്ടില്ല. അവരെ കണ്ടിട്ട് പോലുമില്ല. അനാഥാലയത്തിന്റെ ചുമരുകളായിരുന്നു ഓർമ്മ വെച്ച കാലം മുതൽ കൂട്ട്.

അവിടെ നിന്നും കൈപിടിച്ച് കൊണ്ട് പോയതാണ് ആന്റോ.

സ്ത്രീധനര ഹിത വിവാഹം ആഗ്രഹിച്ചാണെന്ന് പറഞ്ഞ് ആന്റോ അന്ന് വന്നെത്തിയത് അവളുടെ ഓർഫനേജിൽ ആയിരുന്നു. അവിടെ വിവാഹ പ്രായമെത്തിയ അവർ മൂന്ന് പേരിൽ ആന്റോ സ്നേഹയെയാണ് തിരഞ്ഞെടുത്തത്.

മറ്റു രണ്ടുപേർക്കു കൂടെ വരന്മാരെ കണ്ടുപിടിച്ചതിന് ശേഷമുള്ള ആ സമൂഹവിവാഹചടങ്ങിൽ വെച്ച് ഒരു ഓഗസ്റ്റ് 15ന് ആന്റോ അവളുടെ കഴുത്തിൽ മിന്നു കെട്ടി.

അവനെ കുറിച്ച് അവൾക്ക് ഒന്നും അറിയില്ലായിരുന്നു. “നല്ലവനാണ്, നല്ല ജോലിയുള്ളവവനാണ്, സ്നേഹയുടെ ഭാഗ്യമാണ്..” എന്നിങ്ങനെ ചെവിയോർത്ത് കേട്ടിരുന്ന ആ നാല് ചുമരുകൾക്കു പുറത്തെ കൊച്ചുവർത്തമാനങ്ങൾ ഒഴിച്ച്.

അപ്പച്ഛനും അമ്മച്ചിയും ചെറുതിലെ നഷ്ടപെട്ട ആന്റോ വല്യപ്പച്ഛന്റെ കൂടെ ആയിരുന്നു വളർന്നത്. സ്വന്തമായി ജോലിയും വരുമാനവും ആയപ്പോൾ അച്ഛനുമമ്മയും ഉണ്ടായിരുന്ന വീട് ഒന്ന് പുതുക്കി പണിത് അതിലേക്കാണ് അവളെ വിവാഹം ചെയ്തു കൊണ്ടു വന്നത്..

ഒരുപാട് സ്നേഹം കൊതിച്ചാണ് ആന്റോയുടെ ജീവിതത്തിലേക്ക് അവൾ കയറി വന്നത്. സ്നേഹത്തിനപ്പുറം ഒന്നും തന്നെ കൊതിച്ചിരുന്നില്ല എന്ന് പറയാം.

പക്ഷെ അത് മാത്രം കിട്ടാനില്ലാത്ത വിധം ചിന്നിച്ചിതറി പോയിരുന്നു അവളുടെ ആശകൾ. എല്ലാം ആവശ്യത്തിനപ്പുറം ഉണ്ടായിരുന്നു, ആഗ്രഹിച്ചതൊഴിച്ച്.

ഒരു കുഞ്ഞുനോട്ടം കൊണ്ടോ ഒരു തലോടൽ കൊണ്ടോ പോലും ഒരു തുള്ളി സ്നേഹത്തിന് വേണ്ടി ആർത്തിരമ്പുന്ന അവളുടെ മനസിന്‌ ഒരു സാന്ത്വനമേകാൻ ആന്റോക്ക് ആവുമായിരുന്നില്ല.

എങ്കിലും സ്നേഹം എന്ന വികാരം അവൾക്ക് തികച്ചും അപരിചിതമായിരുന്നിട്ട് കൂടെ ആന്റോയോട് ഉള്ള സ്നേഹം അവളുടെ ഉള്ളം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയിരുന്നു..

അധികം കൂട്ടുകാർ ഇല്ലാത്ത, ആരോടും മനസ്‌ തുറക്കാത്ത ആന്റോയെ അവൾക്ക് ഒട്ടും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല…

അനാഥാലയത്തിലെ അച്ചടക്കം വിട്ട്, സുഖലോലുപതയിൽ ഒരു വർഷം ആന്റോയുടെ വീട്ടിൽ, എന്നാൽ മുൻപത്തേക്കാൾ അച്ചടക്കത്തോടെ, പേടിയോടെ, സ്വന്തം ശബ്ദം പോലും അറിയാനാവാതെ.

******************

അന്ന് ഒരു പുലർകാലത്ത് ആന്റോ ആ വീട്ടിൽ നിന്നും അപ്രത്യക്ഷനായപ്പോൾ ഒരു തരം നിർവികാരത ആയിരുന്നു അവൾക്ക്.

പേന ഉള്ളിൽ വെച്ച് മടക്കിയ ഒരു പുസ്തകം പതിവില്ലാതെ മേശപ്പുറത്തു കണ്ടപ്പോൾ ഒന്ന് തുറന്ന് നോക്കി. ഓരോ വരികളിലൂടെ കണ്ണോടിക്കുമ്പോഴും മരവിപ്പ് ആയിരുന്നു മനസ്‌ നിറയെ.

“സ്‌നേഹയ്ക്ക്‌…, ഞാനും ട്രീസയും തമ്മിലുണ്ടായിരുന്ന ബന്ധം ഹൃദയങ്ങൾ തമ്മിലായിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞിട്ടും അവൾക്കും എനിക്കും വേർപിരിയാനാവുന്നില്ല. അവൾ മറ്റൊരുവനെ വിവാഹം കഴിച്ചതിന്റെ വാശി തീർക്കാൻ ആയിരുന്നു ഞാൻ അനാഥാലയത്തിൽ വന്ന് നിന്നെ മിന്നു കെട്ടിയത്.Nഅവൾക്കു മുൻപിൽ ഞാനും ജീവിക്കുന്നുണ്ട് എന്ന് കാണിക്കാനുള്ള ഒരു വാശി. അതേ ഉണ്ടായിരുന്നുള്ളു, അത് മാത്രം..

ഇപ്പോൾ, അവൾക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ ആവില്ല എന്ന് പറഞ്ഞ ഒറ്റ ഫോൺകോൾ. അത്ര മതി എനിക്ക്. ഇനി എനിക്ക് പിടിച്ചുനിൽക്കാനാവില്ല. ഞാൻ ഇന്ന് അവളോടൊപ്പം സ്ഥലം വിടുകയാണ്. മറ്റന്നാൾ പുലർച്ചെ തിരിച്ചു വീട്ടിലെത്തും. ഓർഫനേജിൽ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. നീ അങ്ങോട്ട്‌ പോണം. നിനക്ക് ജീവിക്കാൻ ഉള്ളതെല്ലാം ഞാൻ അവിടെ കൊടുത്ത് ഏൽപ്പിച്ചിട്ടുണ്ട്. എന്നെ ഓർത്തുവയ്ക്കാൻ മാത്രം നിന്റെ മനസ്സിൽ എന്നെ കുറിച്ചുള്ള ഓർമ്മകൾ ഒന്നും ഉണ്ടാവില്ല എന്നറിയാം. എനിക്കും അങ്ങനെ തന്നെ. ബൈ, ആന്റോ.

ആ കത്ത് മുഴുവൻ വായിച്ചു കഴിയുമ്പോഴും അവളിൽ അതേ നിർവികാരത തന്നെയായിരുന്നു. മണിക്കൂറുകളോളം ഒരേ ഇരിപ്പിരുന്നു.

വൈകീട്ട് എപ്പോഴോ അനാഥാലയത്തിലെ ആ പഴയ ബാഗ് പൊടിതട്ടി എടുത്തു. വരുമ്പോൾ കൊണ്ടു വന്ന രണ്ടേ രണ്ടു വസ്ത്രങ്ങൾ. അതു മാത്രം മടക്കിവെച്ച് തിരികെ വണ്ടി കേറി.

അവിടെ ചെന്ന് കയറുമ്പോൾ അവരെല്ലാം അവളുടെ വരവ് പ്രതീക്ഷിച്ചെന്ന പോലെ നില്പുണ്ട്. വിശേഷങ്ങൾ ചോദിക്കുമ്പോൾ മറുപടികൾ മൂളലിൽ ഒതുക്കി.

ആന്റോയെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ കേട്ടപ്പോൾ അവൻ കൊടുത്ത ചെക്കിന്റെ വലിപ്പം അവൾക്ക് മനസിലായി. സ്നേഹയുടെ ഉള്ളിൽ തോന്നിയ ആ പുച്ഛഭാവം അവളുടെ മുഖത്താകമാനം പ്രതിഫലിക്കാതിരുന്നില്ല.

വീണ്ടും ആ നാലു ചുമരിനുള്ളിൽ, പുറംലോകം കണ്ടതിന്റെ അല്പം പുതിയ ഓർമ്മകൾ കൂടെക്കൂടി എന്നല്ലാതെ മറ്റൊരു മാറ്റവും ഇല്ലാതെ അവൾ ജീവിക്കാൻ തുടങ്ങി.

ആന്റോയോട് അവൾക്ക് വെറുപ്പൊന്നും തോന്നിയില്ല. ഒട്ടും സ്നേഹം നൽകാത്ത ആന്റോയെ തനിക്ക് ഇനിയും മറക്കാൻ കഴിയുന്നില്ലല്ലോ. അപ്പോൾ പിന്നെ വർഷങ്ങളോളം പരസ്പരം സ്നേഹിച്ചവർക്ക് എങ്ങനെ മറക്കാനാവും.

ആന്റോയ്‌ക്ക്‌ ട്രീസയോട് തൽകാലത്തേക്ക് തോന്നിയ വാശി തീർക്കാൻ ദൈവം തന്നെ തന്നെ കരുവാക്കിയല്ലോ എന്നവൾ വേദനയോടെ ഓർത്തു.

ആരോരുമില്ലാത്തവരെയും ആശിക്കാൻ വകയില്ലാത്തവരെയും ആർക്കും എപ്പോഴും കരുവാക്കാൻ എളുപ്പമാണല്ലോ.

അവർക്ക് മനസുണ്ടെന്നോ ചിന്തകൾ ഉണ്ടെന്നോ സ്വപ്നങ്ങൾ ഉണ്ടെന്നോ ആരും ചിന്തിക്കാറില്ലല്ലോ.

ഓരോന്നു ഓർത്തു കിടന്ന് സ്നേഹ എപ്പഴോ ഉറങ്ങി പോയി.

അന്നവൾ മനോഹരമായ ഒരു സ്വപ്നം കണ്ടു.

നല്ല ചൈതന്യമുള്ള ഒരു മുഖം. പുതുതായി വന്ന അച്ചനാണെന്നാ പറഞ്ഞെ. ഓരോ മുറികളിലും വന്ന് എല്ലാ അന്തേവാസികളെയും കണ്ട് സംസാരിക്കുന്ന തിനിടയിൽ അവളുടെ ഡയറിയുടെ അവസാന പേജിലെ വരികൾ അദ്ദേഹം കാണാൻ ഇടയാവുന്നു.

അച്ചനെ ആ വരികൾ ഒരുപാട് ആകർഷിക്കുന്നു… അവളുടെ സമ്മതത്തോടെ അവൾ സ്വന്തം ജീവിതവും ദുഃഖങ്ങളും ചിന്തകളും എല്ലാമെല്ലാം സാഹിത്യത്തിൽ ചാലിച്ച് കുറിച്ചിട്ട ആ ഡയറികൾ അച്ചൻ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നു.
ആ സാഹിത്യം പുറംലോകം അറിയുന്നു. അവൾ അംഗീകരിക്കപ്പെടുന്നു. സ്വീകരണങ്ങൾ… കോലാഹലങ്ങൾ…

പെട്ടന്നാരോ അവളെ വിളിച്ചുണർത്തി…

“സ്നേഹാ…. എണീക്ക്.. നേരം പുലർന്നു… ദാ പുതിയ അച്ചൻ ഇന്ന് നമ്മുടെ സ്ഥാപനം സന്ദർശിക്കാൻ വരുന്നുണ്ടെന്ന്. കുഞ്ഞുങ്ങളെയൊക്കെ ഒന്ന് ഉണർത്തി ഭക്ഷണം കൊടുക്കാൻ സഹായിക്കൂ…”

ചാടിയെണീറ്റ സ്നേഹ സ്വപ്നവും സത്യവും വേർതിരിച്ചെടുക്കാൻ പാടുപെടുമ്പോൾ വീണ്ടും വിളിയുയർന്നു…. “സ്നേഹാ….. ഒന്ന് വേഗം….”

Related Posts

Leave a Reply

Your email address will not be published. Required fields are marked *