അന്നും പള്ളിക്കൂടത്തിനു മുൻപിലെ ഇടവഴിയരികിൽ അയാൾ തന്റെ ഉന്തുവണ്ടി നിറയെ പച്ചയും ചുവപ്പും മഞ്ഞയും കലർന്ന മിഠായികളുമായെത്തിയിരുന്നു…..

Story written by Saran Prakash

അന്നും പള്ളിക്കൂടത്തിനു മുൻപിലെ ഇടവഴിയരികിൽ അയാൾ തന്റെ ഉന്തുവണ്ടി നിറയെ പച്ചയും ചുവപ്പും മഞ്ഞയും കലർന്ന മിഠായികളുമായെത്തിയിരുന്നു..

മത്തായി….

അതായിരുന്നു അയാളുടെ പേര്… അതിനു മുൻപിലോ പുറകിലോ വാലോ തലയോ ഉള്ളതായി ആർക്കുമറിവില്ല…

പക്ഷേ ഒരിക്കൽ മലയാളം പഠിപ്പിച്ചിരുന്ന സൂസന്ന ടീച്ചർ ആ പേരിനൊപ്പം മറ്റൊരു വിശേഷണം കൂട്ടിച്ചേർത്തു…

”പഞ്ചാര മത്തായി…”

ചോദിച്ചപ്പോൾ, മധുരമേറിയ മിഠായികൾ കച്ചോടം ചെയ്യുന്ന ആളല്ലേ ന്ന് മറുപടിയും…

പക്ഷേ പണ്ടൊരിക്കൽ അച്ഛനെന്നെ പഞ്ചാരേന്നു വിളിച്ചപ്പോൾ മിഴിച്ചുനിന്ന എന്നെ ചേർത്തുപിടിച്ചു പറഞ്ഞിട്ടുണ്ട്,, പഞ്ചാരേന്നു സ്നേഹംകൂടുമ്പഴാത്രേ വിളിക്കാ..

അങ്ങനെയെങ്കിൽ സൂസന്ന ടീച്ചർക്ക് മത്തായിയോട് സ്നേഹമായിരിക്കോ..!!

“ആരോരുമില്ലാത്ത ക്രിസ്‌ത്യാനി സൂസന്ന ടീച്ചറും.. ആരോരുമില്ലാത്ത ക്രിസ്‌ത്യാനി മത്തായിയും.. നല്ല പൊരുത്തമുണ്ട്..”

ഒത്താംകല്ലു കളിക്കുമ്പോ കാർത്തുവാണ് ഈ പൊരുത്തം കണ്ടെത്തിയത്…

പക്ഷേ സൂസന്ന ടീച്ചറുടേത് എണ്ണകറുപ്പാർന്ന മുടിയിഴകളായിരുന്നു… അയാളുടേത്, നര വീണതും….!!!

ആ സംശയത്തിനും, കാർത്തുവിന്റേൽ മറുപടിയുണ്ടായിരുന്നു…

”പ്രേമത്തിന് കണ്ണും മൂക്കും പ്രായവുമില്ലെന്ന്….”

കഞ്ഞിപ്പുരയിൽ ശാന്തേച്ചിയോട് കുമാരേട്ടൻ പലയാവർത്തി പറഞ്ഞുകേട്ടിട്ടുണ്ടത്രേ…

കൂടിയിരുന്നിരുന്നവരത്രയും വാ പൊത്തി ചിരിച്ചു…

മാഷുമാരും ഇടക്കെപ്പോഴോ പറഞ്ഞുകേട്ടിട്ടുണ്ട്… കണവൻ മരിച്ച ശാന്തയിൽ കുമാരനൊരു നോട്ടമുണ്ടെന്ന്….

ആളൊഴിഞ്ഞ പറമ്പിലെ മാവിൽ കല്ലെറിഞ്ഞുനോക്കാത്തവരില്ലെന്ന് അന്ന് ദിവാകരന്മാഷ് പറഞ്ഞതിന്റെ പൊരുളെന്തെന്ന് ഇപ്പോഴുമെനിക്കറിയില്ല….

പള്ളിക്കൂടം അന്നുമുതൽ മത്തായിയെ പഞ്ചാര മത്തായിയെന്നു നീട്ടി വിളിച്ചു… സൂസന്ന ടീച്ചറെ പഞ്ചാര മിഠായിന്നും….

ചുമരെഴുത്തുകാർ അവർക്കായ് പ്രണയകാവ്യങ്ങളൊരുക്കി…. മൂത്രപ്പുരയിലും, പള്ളിക്കൂടത്തിന്റെ പുറകിലെ മതിലിലും….

ചിത്രകാരന്മാർ അവർക്കായ് വർണ്ണങ്ങൾ തൂകി… കറുപ്പും, ചുവപ്പും, പച്ചയുമാർന്ന ചോക്ക് കഷ്ണങ്ങളാൽ….

പഞ്ചാരമത്തായിടെ പഞ്ചാരമിഠായി…!!!

ആ കലാകാരന്മാർക്കെല്ലാം സൂസന്ന ടീച്ചറുടെ ചൂരൽ സമ്മാനദാനം നിർവഹിച്ചപ്പോൾ, പരിഭവങ്ങളേതുമില്ലാതെ മുൻനിരയിലെ പാതിയടർന്നുപോയ പല്ലുകാട്ടി വെളുക്കനെ ചിരിച്ചുകൊണ്ട് അയാൾ ആ വിളികൾക്ക് കാതോർത്തു…

പക്ഷേ, ആ ചിരിയെ ഭയക്കണമെന്ന് മാഷുമാരും ടീച്ചർമാരും ഒരുപോലെ ചട്ടംകെട്ടിയിരുന്നു….

അയാൾ കുട്ട്യോളെ പിടുത്തക്കാരനാത്രേ…

മിഠായി തട്ടിനടിയിലെ ഒഴിഞ്ഞ അറക്കുള്ളിൽ കുട്ട്യോളെ തട്ടിയെടുത്ത് കൊണ്ടുപോകാറുണ്ടെന്ന്…

വെറുമൊരു കേട്ടുകേൾവിയോ,, കെട്ടുകഥയോ ആയിരുന്നില്ല….

പണ്ടൊരിക്കലാരോ കണ്ടതാത്രേ.. നാലുചുറ്റും തുണികൊണ്ടു കെട്ടിമറച്ച ആ മിഠായി വണ്ടിയുടെ അറക്കുള്ളിൽനിന്നുമൊരു കുട്ടിയുടെ കരച്ചിൽ…

കൂട്ടംകൂടിയുള്ള അവരുടെ ചോദ്യം ചെയ്യൽ കയ്യേറ്റത്തിലെത്തിയപ്പോൾ അടർന്നു പോയതാണ് മുൻനിരയിലെ ആ പല്ലിന്റെ പാതി… അന്ന്, പോലീസേമാന്മാരും പള്ളീലച്ചനും ചട്ടക്കാരുമെത്തി, മത്തായിയേം മിഠായിവണ്ടിയും കൊണ്ടുപോയി… പിന്നെ കാലങ്ങളോളം മത്തായിയെ അങ്ങാടിക്കാർ കണ്ടിട്ടില്ലെന്നാണ് ചരിത്രം….

പക്ഷേ അന്നൊരിക്കൽ ടീച്ചറ് മുറിയിൽ, ചോക്കെടുക്കാൻ പോയ കാർത്തു കേട്ടറിഞ്ഞത് മറ്റൊന്നായിരുന്നു…

മത്തായി പെണ്ണുപി ടി യനാത്രേ…. പണ്ട് മിഠായി വണ്ടിക്കുള്ളിൽ കൊണ്ടുപോയതും, ഒരു പെൺ കുട്ടിയെvയായിരുന്നത്രേ…

”നീ ഇതെങ്ങിനെയാ അറിഞ്ഞേ…”??

ഉച്ച ഭക്ഷണം കഴിഞ്ഞു പാത്രം കഴുകുമ്പോൾ, ആകാംക്ഷയോടെ ഞാനവൾക്കരികിലെത്തി….

”സൂസന്ന ടീച്ചറ് വല്ല്യേടീച്ചറുടെയടുത്ത് പരാതി പറയണത് കേട്ടു… ഇന്നും വരുമ്പോൾ മത്തായി നോക്കി വഷളൻ ചിരി ചിരിച്ചൂന്ന്….”

അപ്പോൾ നാളിതുവരെ പഞ്ചാരേന്നു വിളിച്ചത്…!!! ചിന്തകൾ കാടുകയറി….

ആ വിശേഷണത്തിന് മറ്റൊരർത്ഥമുണ്ടെന്നറിഞ്ഞത്, കഴുകിയെടുത്ത പാത്രവുമായി അവൾ എന്റെ കാതോരം ചേർന്നപ്പോഴാണ്….

”സാരിത്തലപ്പിനിടയിലൂടെ സൂസന്ന ടീച്ചറുടെ വയറിലേക്ക് നോക്കിപോലും…”

അതുകേട്ടപ്പോഴാ ദിവാകരന്മാഷ് ഓർത്തെടുത്തത്രേ… മത്തായി പെ ണ്ണുങ്ങളെ മാത്രേ പിടിച്ചുകൊണ്ട് പോകൂന്ന്…

മതില്കെട്ടിനപ്പുറത്തുനിന്നും അയാൾ അപ്പോഴും തലയെത്തിച്ച് വെളുക്കനെ ചിരിക്കുന്നുണ്ട്….

ഇതാണോ സൂസന്ന ടീച്ചർ പറഞ്ഞ വഷളൻ ചിരി….!!!

കളിക്കിടയിൽ അടർന്നുവീണുപോയ ഷർട്ടിന്റെ വയറുഭാഗത്തെ ബട്ടണുകൾ ഒരു മിന്നായം പോലെ മനസ്സിൽ തെളിഞ്ഞകന്നു…

കാറ്റിന്റെ താളത്തിനൊപ്പം ആടിയുലഞ്ഞിരുന്ന ആ ഭാഗം കൈകൾകൊണ്ട് മറച്ചുപിടിക്കുമ്പോൾ, ചിരി നിലച്ചുകൊണ്ട് അയാൾ പതിയെ നടന്നകന്നു…

കാർത്തുവിന്റെ വാക്കുകൾ അർത്ഥമാക്കുംപോലെ….

ഇടവഴിയിലെ ആ മിഠായിവണ്ടിയെ അന്നുമുതൽ ഞങ്ങളേവരും ഭയന്നുതുടങ്ങി… മത്തായിയുടെ വഷളൻ ചിരിയെ സൂസന്ന ടീച്ചറും….!!!

അന്നുമുതൽ വല്ല്യേടീച്ചറുടെ മുറിയിൽ പരാതികളുയർന്നുകേട്ടു…

പെൺകുട്ടികൾക്ക് പുറകേ വഷളൻചിരിയുമായി ഇടവഴിയേറുന്ന മത്തായി….!!! മിട്ടായിത്തുണ്ടുകളുമായി അരികിലേക്ക് പാഞ്ഞടുക്കുന്ന മത്തായി…!!!

കുമിഞ്ഞുകൂടിയ ആ പരാതികളിൽ, അന്ന് മാഷുമാരെല്ലാം പതിവില്ലാതെ പള്ളിക്കൂടത്തിനു മുൻപിൽ ഒത്തുകൂടിയിരുന്നു…

ഇടവഴിയേറിയ സൂസന്ന ടീച്ചർക്ക് പുറകേ വഷളൻ ചിരിയുമായെത്തിയ മത്തായിയെ കണ്ടനേരം, മുണ്ടുമടക്കികുത്തിയവർ ചീറിപ്പാഞ്ഞു… ആ മിഠായി വണ്ടിക്കരികിലേക്ക്..

ചിലർ വഴിയരികിലെ ശീമകൊമ്പൊടിച്ച് കയ്യിൽകരുതി… ചിലർ മുഷ്ടിചുരുട്ടിയും…

പുറത്തേക്കോടിയെത്തിയ ടീച്ചർമാർ ഗേറ്റ് അടച്ചുകൊണ്ട് ഞങ്ങളുടെ കാഴ്ച മറച്ചു…

എങ്കിലും കാതുകളിൽ അറിയുന്നുണ്ടായിരുന്നു… വീണുടയുന്ന ചില്ലുഭരണികളും, ചവിട്ടിഞെരിയുന്ന മിട്ടായികവറുകളും…. ഒടുവിൽ ഒരലർച്ചയോടെ നിലം പതിക്കുന്ന ആ വഷളൻ ചിരിയും….

ആളുകളോടികൂടുന്നുണ്ട്.. പോലീസുവണ്ടി പാഞ്ഞടുക്കുന്നുണ്ട്…. പള്ളീലച്ചനും ചട്ടക്കാരുമുണ്ട്…

കഞ്ഞിപ്പുരയിലെ കുമാരേട്ടൻ തോൾമുണ്ട് കയ്യിലേന്തി ഇടവഴിയിൽനിന്നും ഗേറ്റിലേക്ക് പാഞ്ഞടുത്തു…

ഗേറ്റിനിടയിലൂടെ വല്ല്യേടീച്ചറുടെ കാതിലെന്തോ ഓതികൊണ്ട് വീണ്ടും ഇടവഴിയിലേക്ക്…

ആശ്ചര്യംകൊണ്ട് കണ്ണുമിഴിച്ച വല്ല്യേടീച്ചറെ നോക്കി, മറ്റു ടീച്ചർമാർ ആവേശത്തോടെ കാതുകൂർപ്പിച്ചു…

കേട്ടവർ കേട്ടവർ ഒരുപോലെ കണ്ണുമിഴിച്ചു… അവർ പരസ്പ്പരം മുഖത്തോടു മുഖം നോക്കി…

കാതുകൾ കൂർപ്പിച്ചുകൊണ്ട് കാർത്തു കിനിഞ്ഞു ശ്രമിച്ചെങ്കിലും, അതുമാത്രം അവളുടെ കാതുകളിലേക്കെത്തിയില്ല….

മുഷിഞ്ഞ വേഷവുമായി മാഷുമാർ പടികേറിവന്നു… കലങ്ങിയ കണ്ണുകളുമായി സൂസന്ന ടീച്ചറും…

വല്ല്യേടീച്ചർ സൂസന്ന ടീച്ചറെ ചേർത്തുപിടിച്ച് ആ കണ്ണീരൊപ്പുന്നുണ്ട്..

“മത്തായി വല്ലതും ചെയ്തുകാണുമോ…”!!

കാർത്തുവെന്നെ മിഴിച്ചുനോക്കുന്നുണ്ട്..

കുമാരേട്ടൻ കൂട്ടമണിയടിച്ചു.. കുട്ട്യോളെല്ലാം പള്ളിക്കൂടത്തിനകത്തേറി…

പഠിപ്പിക്കാനെത്തില്ലെന്നു കരുതിയ സൂസന്ന ടീച്ചർ പടികേറിയെത്തി… കയ്യിൽ പുസ്തകവും ചൂരലുമില്ലാതെ..

കണ്ണുകളിൽ അപ്പോഴും ഈറനണിഞ്ഞിരുന്നു..

മൂകമായിരിക്കുന്ന ഞങ്ങളെ നോക്കി, ടീച്ചർ പുഞ്ചിരിക്കാൻ ശ്രമിച്ചു..

“ഇന്ന് പാഠപുസ്തകത്തിലില്ലാത്തൊരു കഥ ഞാൻ പറയാം… ആ കഥകേട്ട് നിങ്ങള് തീരുമാനിക്കണം.. ആരായിരുന്നു തെറ്റെന്ന്…!!”

സൂസന്ന ടീച്ചർ കഥക്ക് തുടക്കമിട്ടു…

പെണ്ണായി പിറന്നതിൽ കുപ്പ യിലേക്ക് വലിച്ചെറിയപ്പെട്ട ഒരു പെൺകിളിയിൽ നിന്നും…

ആ പെൺകിളിയെ കോരിയെടുത്തു പറക്കവേ,, കണ്ടുനിന്നവർ അയാളെ കഴുകനെന്നു വിളിച്ചു…

പറന്നെത്തിയ കാക്കകൂട്ടത്തിനിടയിലൂടെ പെൺകിളിയുമായി കഴുകൻ അതിവേഗം പറന്നകന്നു…

അതുപക്ഷേ കഴുകൻ കൂട്ടിലേക്കല്ല.. പകരം ആരോരുമില്ലാത്ത കിളികൾക്ക് ആശ്രമയമേകുന്ന ഒരു വലിയ മരക്കൊമ്പിലേക്ക്…

പെൺകിളിയറിയാതെ ആ കഴുകൻ അവൾക്കന്നമൂട്ടി…സുരക്ഷിതമായ ആ മരച്ചില്ലയിൽ മറ്റുകിളികൾക്കൊപ്പം അവൾ വളർന്നു… സ്വന്തം ചിറകിട്ടടിച്ചവൾ വാശിയോടെ പറന്നു.. ഉയരങ്ങളിലേക്ക്.. അങ്ങ് ആകാശത്തേക്ക്…

പക്ഷേ ഒന്നുമാത്രമവൾ തിരിച്ചറിയാതെപോയി.. ആ കഴുകനെ..!!!

ഒഴുകിവീണ കണ്ണുനീർ ടീച്ചറുടെ വാക്കുകൾക്ക് മുറിവേല്പിച്ചുകൊണ്ടിരുന്നു…

കേട്ടുനിന്നിരുന്ന മറ്റു ടീച്ചർമാരുടെയും കണ്ണുകളിൽ ഈറനണിഞ്ഞിരുന്നു…

കഴുകനപ്പോഴും അകലെനിന്ന് പെൺകിളിയുടെ വളർച്ചയെ ആസ്വദിച്ചുകൊണ്ടിരുന്നു.. ഉയരങ്ങളിലേക്ക് പറക്കുന്ന അവൾക്കൊപ്പം, അവളറിയാതെ കഴുകൻ പിന്തുടർന്നുകൊണ്ടേയിരുന്നു… കെണിയൊരുക്കുന്ന വേടന്മാർക്കിടയിൽ നിന്നും അവൾക്കും മറ്റു പെൺകിളികൾക്കും താങ്ങായ് തണലായ്‌.. അങ്ങനെ അങ്ങനെ…

കാർത്തുവിന്റെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകേറുന്നുണ്ട്… എന്റേയും..!!!

നിറഞ്ഞു തുളുമ്പിയ ആ കണ്ണുനീരിൽ ഞങ്ങളിപ്പോളറിയുന്നുണ്ട്.. ആ പെൺകിളിക്ക് സൂസന്ന ടീച്ചറുടെ മുഖമായിരുന്നെന്ന്.. ആ കഴുകൻ, പഞ്ചാര മത്തായിയായിരുന്നെന്ന്.. ആ മരക്കൊമ്പ് പള്ളീലച്ചന്റെ അനാഥാലയമായിരുന്നെന്ന്…

പക്ഷേ ആരായിരുന്നു തെറ്റ്..???

സ്നേഹിക്കാൻ മാത്രമാറിയുന്ന കഴുകനോ…!!! കഴുകനെ പേടിച്ച ടീച്ചറോ…!!!

തേടിനടന്ന ആ ചോദ്യത്തിന് ഉത്തരം കിട്ടിയത് അന്നായിരുന്നു..

വല്ല്യേടീച്ചറുടെ ആശീർവാദത്തോടെ ആരോരുമില്ലാത്ത ശാന്തേടത്തിയുടെ കഴുത്തിൽ പള്ളിക്കൂടം സാക്ഷിയാക്കി കുമാരേട്ടൻ താലി ചാർത്തിയ ദിവസം..

തെറ്റ്,, എന്റേതായിരുന്നു… കാർത്തുവിന്റെയായിരുന്നു… പറഞ്ഞുകേട്ട കഥകളേറ്റുപാടിക്കൊണ്ടിരുന്ന നമ്മളോരോരുത്തരുടേതുമായിരുന്നു….

അന്നും പള്ളിക്കൂടം ഒന്നടങ്കം പ്രതീക്ഷകളോടെ ആ ഇടവഴിയിലേക്ക് എത്തിനോക്കിക്കൊണ്ടിരുന്നു… സ്നേഹത്തിൽ ചാലിച്ച ആ മിഠായി വണ്ടിയുമായി ഒരിക്കൽക്കൂടി പഞ്ചാരമത്തായിയുടെ വരവിനായ്…..!!!!

സൂസന്ന ടീച്ചർ പുറകിലെ മതിലിലേക്ക് എത്തിനോക്കി കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു.. പഞ്ചാര മത്തായിയുടെ പഞ്ചാരമിഠായിയാവാൻ കൊതിച്ചുകൊണ്ട്…!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *