അമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു നിത്യയെ കാണണമെന്ന്. ഒരിയ്ക്കലും ഒരു മടക്കയാത്ര ആഗ്രഹിച്ചില്ലെങ്കിലും എന്തു കൊണ്ടോ അവൾക്കു നിഷേധിക്കാൻ കഴിഞ്ഞില്ല…..

മോനൂട്ടൻ

Story written by Nisha Suresh kurup

അമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു നിത്യയെ കാണണമെന്ന്. ഒരിയ്ക്കലും ഒരു മടക്കയാത്ര ആഗ്രഹിച്ചില്ലെങ്കിലും എന്തു കൊണ്ടോ അവൾക്കു നിഷേധിക്കാൻ കഴിഞ്ഞില്ല. വാശിയോ പിണക്കമോ ഒന്നുമായിരുന്നില്ല ഇത്രയും നാളും തറവാട്ടിൽ പോകാതിരുന്നത്. കുറ്റബോധം. … അമ്മയെ നേരിടാനുളള ശേഷിയില്ലായിരുന്നു. ഓർമകൾ ശ്വാസം മുട്ടിയ്ക്കുന്നുണ്ട് ഓരോ ദിനവും ഇവിടെയായിട്ടു കൂടി. അച്ഛന്റെ ഫോൺ കോളാണ് പോകണമെന്ന നിശ്ചയത്തിൽ എത്തിച്ചത്. ഇതുവരെ അച്ഛൻ വിളിയ്ക്കുമ്പോഴും മൗനം കൊണ്ട് വരാൻ പറ്റില്ലെന്നു സൂചിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്നലെ അച്ഛൻ തീർത്തു പറഞ്ഞു. ഇനി ഒരു വിളിയും അച്ഛന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അമ്മയെ അവസാനമായി കാണാൻ പറ്റാത്ത കുറ്റബോധം കൂടി ശേഷിച്ച കാലം നീ ഏല്ക്കേണ്ടി വരും …. അവളുടെ മറുപടിയ്ക്കു  കാക്കാതെ അച്ഛൻ കോൾ വെച്ചു കഴിഞ്ഞിരുന്നു.

നിത്യയെ കാണാൻ കാത്തിരുന്നതു പോലെ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു അവളുടെ മുഖത്തേക്കു നോക്കി കിടന്നു   അമ്മ എന്നെന്നേക്കുമായി അന്ത്യശ്വാസം വലിച്ചു. ഒന്നും ചോദിക്കാനോ പറയാനോ ഇല്ലായിരുന്നു.  പ്രാണൻ പോകുമ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പത്തു വർഷങ്ങൾ ഇങ്ങോട്ടൊന്നു വരാൻ തോന്നിയില്ലല്ലോ എന്നായിരുന്നുവോ ആ നിറഞ്ഞ  മിഴികളുടെ അർത്ഥം …. നീറി നീറിയാണ് ഇത്രയും കാലം താൻ ജീവിച്ചതെന്നു അമ്മയ്ക്കു മനസിലാകും. അമ്മയുടെ സ്നേഹവും വാത്സല്യവും ഉപേക്ഷിച്ചതും അച്ഛനെയും  ചേട്ടനെയും മറന്നു ജീവിച്ചതും സ്വയം ഏറ്റെടുത്ത ശിക്ഷയായിരുന്നു

ചടങ്ങുകളൊക്കെ കഴിഞ്ഞു  നിത്യയുടെ ഭർത്താവ് ലീവ്  നീട്ടി കൊണ്ടു പോകാൻ പറ്റാത്തതിനാൽ മടങ്ങിപ്പോയി …. എല്ലാം കഴിഞ്ഞെങ്കിലും കുറച്ചു  ദിവസം കൂടി നില്ക്കാൻ അച്ഛനും , ചേട്ടനും ,ഭാര്യയും അവളെ നിർബന്ധിച്ചു … നിത്യക്ക് ഒരു മകളെ യുള്ളു പന്ത്രണ്ടു വയസുകാരി അനഘ. മകൾ ചേട്ടന്റെ മക്കളുമായി വേഗം അടുത്തു. നിത്യ തന്റെ പഴയ മുറിയിലെ ജനാലയിൽ കൂടി പുറത്തേക്ക് നോക്കി നിന്നു… പണ്ട് ജനാല വഴി നോക്കിയാൽ ദൂരെ പുഴ ഒഴുകുന്നത് കാണാമായിരുന്നു… ഇന്ന്  വറ്റിവരണ്ട പുഴയിൽ മണലും പാറകളും മാത്രമേ അവശേഷിക്കുന്നുള്ളു. അങ്ങോട്ട് നോക്കും തോറും  ഹൃദയം കുത്തിക്കീറുന്ന ഓർമകൾ അവളെ മൂടി…. നിച്ചി ന്ന് പുഴയിൽ നിന്നു വിളി കേൾക്കുന്നതായി അനുഭവപ്പെട്ടു…. അവൾ കാതോർത്തു …നിച്ചി…. നിച്ചി അതെ അവൻ മോനൂട്ടൻ വിളിക്കുന്നു. നിത്യ ചേച്ചിന്ന് ചുരുക്കി നിച്ചിന്നായിരുന്നല്ലോ അവൻ വിളിച്ചിരുന്നത്.  അന്നൊക്കെ ആ പുഴയിൽ കുളിക്കാൻ അമ്മയോടൊപ്പം താനും കൂടുമായിരുന്നു. മോനൂട്ടൻ താൻ നീന്തുന്നത് കണ്ടു കൈ കൊട്ടി ചിരിക്കും.

മോനൂട്ടൻ ബുദ്ധിമാന്ദ്യം ബാധിച്ച തന്റെ അനിയൻ … ചേട്ടനും തനിക്കും ശേഷം അങ്ങനെ ഒരു കുട്ടിയെ ദൈവം കൊടുത്തപ്പോൾ ദൈവം അത്രയും സുരക്ഷിതമായി നോക്കുന്ന കരങ്ങൾക്കേ ഇങ്ങനെയുള്ള മക്കളെ നല്കുവെന്ന് പറഞ്ഞു അമ്മ അവനെ കൂടുതൽ വാത്സല്യത്തോടെ ചേർത്തു പിടിച്ചു. മുതിർന്നിട്ടും താഴത്തും തലയിയിലും വെയ്ക്കാതെ കൊണ്ടു നടന്നു. അച്ഛനും ഞങ്ങൾക്കും അവന്റെ പുറകിലായി അമ്മയുടെ മനസിൽ സ്ഥാനം. ചേട്ടനെക്കാൾ തന്റെ പുറകെ നടക്കാനായിരുന്നു അവനേറെയിഷ്ടം… തൊടിയിലും പുഴയിലും ക്ഷേത്രത്തിലും എല്ലാം തന്റെയൊപ്പം ചിരിച്ചും കളിച്ചും നടക്കുമായിരുന്നു. സന്തോഷമായാൽ കൈകൊട്ടി ബഹളം വെച്ച് അമിതമായി പ്രകടിപ്പിക്കും. സങ്കടം വന്നാൽ തറയിലുരുണ്ടും ഉറക്കെ കരഞ്ഞും നിർബന്ധം കാട്ടും.. ദേഷ്യം നിയന്ത്രിക്കാൻ കഴിയില്ല സ്വയം വേദനിപ്പിക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യും .. അമ്മ ക്ഷമയോടെ അവന്റെ കാര്യങ്ങൾ നോക്കി. അമ്മയുടെ ലോകം അവനായി മാറി. പുറത്തേക്കുള്ള യാത്രകൾ പോലും അമ്മ മറന്നു . അവനെ എങ്ങും കൊണ്ടു പോകാൻ പറ്റില്ല. എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ല. ആൾക്കാർക്കു അതൊരു ബുദ്ധിമുട്ടാണെന്നു മനസിലാക്കി അമ്മ വീട്ടിലൊതുങ്ങി. ആഘോഷങ്ങൾ മറന്നു .. മോനൂട്ടനു ചേച്ചിയെന്നതിലുപരി താനും അമ്മയെ പോലെയായിരുന്നു. താൻ വിവാഹം കഴിച്ചു പോകുമ്പോൾ കരഞ്ഞു പ്രശ്നമുണ്ടാക്കി ഒന്നും കഴിക്കാതെ രണ്ടു ദിവസം പനിച്ചു കിടന്നു…

 തനിക്കു മകൾ ജനിച്ചു രണ്ടു വയസായപ്പോൾ ഒരിയ്ക്കൽ തറവാട്ടിൽ തങ്ങൾ വന്നു. അന്നാണ് എല്ലാം തകിടം മറിഞ്ഞത്. എല്ലാവരും ഒത്തുകൂടിയ സന്തോഷത്തിൽ അടുക്കളയിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ആരും കാണാതെ മോനൂട്ടൻ മോളെയെടുത്ത് പുഴക്കരയിൽ വന്നു … അന്ന് പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയായിരുന്നു … കുഞ്ഞിനെ കാണാതെ എല്ലാവരും തിരക്കി നടന്നു… തന്റെ സമനില തെറ്റി നിലവിളിച്ചു… മോളെന്നു വിളിച്ചു  നമ്മൾ
അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതു മോനൂട്ടൻ കണ്ടു.  അടിക്കിട്ടുമെന്നു പേടിച്ചു കുഞ്ഞുമായി കൈതക്കാട്ടിൽ ഒളിച്ചിരുന്നു. പുഴ കൈതക്കാട്ടിലേക്കും നിറഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു … അപ്പോഴേക്കും മോളു വലിയ വായിൽ കരയാൻ തുടങ്ങി…  അതു കേട്ടു തന്റെ ഭർത്താവ് അവനെ കണ്ടെത്തി.  കുഞ്ഞിനെ അവനിൽ നിന്നു പിടിച്ചു വാങ്ങി ഭർത്താവ് കുറേ വഴക്കു പറഞ്ഞു … മോനൂട്ടൻ കുറ്റവാളിയെപ്പോലെ തറഞ്ഞു നിന്നു. താൻ ഓടി വന്നു കുഞ്ഞിനെ വാരിയെടുത്തു തുരുതുരെ മുത്തങ്ങൾ നല്കി കരഞ്ഞു കൊണ്ടു എന്തൊക്കെയോ പറഞ്ഞു.

നിച്ചീ …  എന്റെ ഭാവമാറ്റം കണ്ടു മോനൂട്ടൻ വിഷമത്തോടെ വിളിച്ചു. സങ്കടം ദേഷ്യം എല്ലാം കൂടി സഹിക്കാൻ കഴിയാതെ നിന്ന താൻ മോനൂട്ടനെ അടുത്തേക്കു വലിച്ചു പിടിച്ചു  പൊതിരെ തല്ലി.മോനൂട്ടനെ പൊതിരെ തല്ലി… അതിനിടയിൽ ഉച്ചത്തിൽ അലറി നാശം ജനിച്ച അന്നു മുതൽ സ്വസ്ഥതയില്ല … നാട്ടിലും വീട്ടിലും സ്വൈര്യം തരില്ല … ച ത്തുകൂടെ ശാപത്തിന് … മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കാൻ … കലിയടങ്ങും വരെ തല്ലി … നിച്ചി… നിച്ചീന്ന് വിളിച്ചു അവൻ.വാവിട്ടു കരഞ്ഞു ..

അമ്മ അരുത് അവനെ ഒന്നും ചെയ്യല്ലേന്ന് പറഞ്ഞു തന്നെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.. കുഞ്ഞിന്  കുഴപ്പമൊന്നുമില്ലല്ലോ രണ്ടു മക്കളെയും ഈശ്വരൻ കാത്തല്ലോന്ന് പറഞ്ഞു അമ്മ കരയുന്നുണ്ടായിരുന്നു. അവൻ സുഖമില്ലാത്ത കുട്ടിയല്ലേ അവനെ ഒന്നും ചെയ്യല്ലേ ഇനി വികൃതി കാട്ടാതെ ഞാൻ നോക്കി കോളാമെന്ന് അമ്മ അപേക്ഷയുടെ സ്വരത്തിൽ കരഞ്ഞു. താൻ കേട്ടില്ല വായിൽ വന്നതൊക്കെ  വിളിച്ചു പറഞ്ഞു. അച്ഛനും ചേട്ടനും ആരും തടഞ്ഞില്ല…. അവരും അമ്മയെ കുറ്റപ്പെടുത്തി … അമ്മയാണ് അവന്റെ താളത്തിനു തുള്ളി അവനെ വഷളാക്കിയതെന്ന്.. എന്നിട്ടും തന്നെ ആശ്വസിപ്പിക്കാൻ വന്ന അമ്മയുടെ കൈ താൻ തട്ടി മാറ്റി ഇവൻ ഉള്ളിടത്തോളം ഞാൻ എങ്ങനെ കുഞ്ഞിനെയും കൊണ്ട് സുരക്ഷിതമായി ഇവിടെ നില്ക്കുമെന്നു ചോദിച്ചു ..ഇങ്ങോട്ടു വരാതിരിക്കുന്നതാ എന്റെ കുഞ്ഞിന്റെ ജീവനു സുരക്ഷിതത്വം. പിന്നെ അമ്മ ഒന്നും പറഞ്ഞില്ല ഏങ്ങിയേങ്ങി കരയുന്ന  അവനെ തന്നിലേക്ക് അണച്ചു പിടിച്ചു  വീട്ടിനകത്തേക്ക് നടന്നു  .. അവൻ അനുസരണയോടെ നടന്നു.

മാനസിക പിരിമുറുക്കത്താൽ തലവേദന കാരണം മോനൂട്ടനെ അരികിൽ കിടത്തി അമ്മ മയങ്ങി പോയി… ആ തക്കത്തിനു മോനൂട്ടൻ എല്ലാവരുടെയും കണ്ണുവെട്ടിച്ച് പുഴയിലേയ്ക്ക് പോയി….  സംഹാര രുദ്രയായി മാറിയ പുഴയുടെ മാ റിലേയ്ക്ക് എടുത്തുച്ചാടി…. പുഴ യവനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അമ്മ ഉണർന്നു മോനൂട്ടനെ കാണാതെ ബഹളം ഉണ്ടാക്കി. ഒടുവിൽ പുഴയിൽ നിന്നു അവന്റെ ശരീരം കിട്ടുമ്പോൾ അമ്മ ഭ്രാന്തിയെ പോലെ അലറി… തന്റെ മുന്നിൽ തീപ്പാറുന്ന കണ്ണുകളാൽ ഒഴുകുന്ന കണ്ണീരാൽ അമ്മ വിളിച്ചു കൂവി നീ കാരണമാണ് മോനൂട്ടൻ പോയതു… അത്രയും സ്നേഹമുള്ളവർ വഴക്കു പറഞ്ഞാൽ സഹിക്കാൻ അവനു കഴിയില്ല… എല്ലാമറിയാമായിരുന്നിട്ടും നീ മോനൂട്ടനെ കൊ ന്നു….

നീയും ഒരമ്മയല്ലേ സ്വന്തം കുഞ്ഞു നിനക്കു വലുതെല്ലെ അതു പോലെ തന്നെയാണ് എനിയ്ക്കും.  സമനില തെറ്റിയ പോലെ അമ്മ കരഞ്ഞു. മോനൂട്ടന്റെ ചേതനയറ്റ ശരീരത്തെ കെട്ടിപ്പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി പിന്നെ അവന്റെ കുസൃതികൾ പറഞ്ഞു ചിരിച്ചു … എന്റെ കുട്ടി ….അമ്മയെ ചിരിപ്പിക്കാൻ ഇനിയാരുണ്ടെന്ന കരച്ചിലോടെ ബോധമറ്റു വീണു.. തന്റെ മനസിൽ കുറ്റബോധം നിറഞ്ഞു …… അവന്റെ ചടങ്ങുകൾ കഴിയും വരെ എങ്ങനെയോ നിന്നു….. ചുറ്റിനും മോനൂട്ടൻ നിച്ചി ന്ന് വിളിച്ചു നടക്കുന്നതു പോലെ .പുഴ തന്നെ ഭയപ്പെടുത്തി … ഓരോ  ഇടവും അവന്റെ ശബ്ദവും ഗന്ധവും  നിറഞ്ഞു…  അവിടുന്ന് തിരികെ ഭർത്താവിന്റെ വീട്ടിലേയ്ക്കു മടങ്ങാൻ നേരം അമ്മയുടെ അരുകിൽ ചെന്നു… അമ്മ ശില പോലെ ഇരുന്നു. ശ്വാസം വിടുന്നുവെന്നല്ലാതെ അമ്മയിൽ ജീവനുണ്ടെന്നു തോന്നാത്ത വിധം അമ്മ ഒരേയിരുപ്പിരുന്നു. കാലിൽ വീണു ഏറെ നേരം കരഞ്ഞു. ആ പടികൾ ഇറങ്ങി … ഒരിക്കൽ പോലും മടങ്ങി വരാൻ തോന്നിയില്ല… അമ്മ അന്നു മുതൽ രോഗിയായി …   അച്ഛനും ചേട്ടനും വിളിച്ചെങ്കിലും വരാൻ തോന്നിയില്ല … അമ്മ മരിക്കുന്നതിനു ഒരാഴ്ച മുന്നെ അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞു . അമ്മ അവ്യക്തമായി സംസാരിച്ചു നിന്റെ പേരാണ് ഉച്ചരിച്ചതെന്ന് … പക്ഷെ മോനൂട്ടന്റെ ഓർമകളിലേക്ക് വരാൻ തോന്നിയില്ല.  ഒടുവിൽ അച്ഛൻ വിളിച്ചു അമ്മയെ ഇനിയും വന്നു കണ്ടില്ലെങ്കിൽ അതിനുള്ള അവസരം കിട്ടാതെ വരും…   അതാണ് തന്നെ വീണ്ടും ഇവിടെയെത്തിച്ചത്… താൻ വരാൻ  കാത്തിരുന്നതു പോലെ അമ്മ പോയി. ഒരു ജന്മം മുഴുവൻ സ്വയം ജീവിയ്ക്കാൻ മറന്നു പോയ അമ്മ…. നിത്യയുടെ മിഴികൾ പെയ്യാൻ തുടങ്ങി … ഓർക്കും തോറും അവളുടെ മനസ് വിങ്ങിപ്പൊട്ടി … ദൂരെ പുഴയിൽ  നിന്നും തന്റെ മോനൂട്ടൻ നിച്ചി…നിച്ചീന്ന് ഉറക്കെ ഉറക്കെ വിളിയ്ക്കുന്നതും  കൈകൊട്ടി  ചിരിയ്ക്കുന്നതും അവൾക്കു കേൾക്കാമായിരുന്നു …..

Related Posts

Leave a Reply

Your email address will not be published. Required fields are marked *