അയാളുടെ കൂർത്ത നഖങ്ങൾ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുമെന്ന് തോന്നിയ നിമിഷം, തൊണ്ടയിൽ കുരുങ്ങിയ ആർത്തനാദം, വലിയൊരു നിലവിളിയായ് പുറത്തു വരുമെന്ന് തോന്നിയ അതേ നിമിഷം….

ഡിസംബർ

Story written by Sindhu Manoj

അയാളുടെ കൂർത്ത നഖങ്ങൾ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുമെന്ന് തോന്നിയ നിമിഷം, തൊണ്ടയിൽ കുരുങ്ങിയ ആർത്തനാദം, വലിയൊരു നിലവിളിയായ് പുറത്തു വരുമെന്ന് തോന്നിയ അതേ നിമിഷം തന്നെയായിരുന്നു പുറകിൽ, വലിയൊരു ശബ്‌ദത്തോടെ എന്തോ മറിഞ്ഞു വീണത്.

അമ്മേ……അലർച്ചയോടെ അലോന കണ്ണ്തുറന്നു.

“അയ്യോ.. അല്ലു കുഞ്ഞ് പേടിച്ചോ. ഞാനീ ജനൽ വിരിയൊന്നു മാറ്റിയിടുക യായിരുന്നു. കൈ തട്ടി മേശയിലിരുന്ന ഗ്ലാസ്‌ താഴെ പോയതാ. “

ഒരു നിമിഷം, അലോന കുട്ടിയമ്മയെ തുറിച്ചു നോക്കി. അവർ ചിരിച്ചുകൊണ്ട് അവളുടെയടുത്ത് നിൽക്കുകയായിരുന്നു.

മിഴിഞ്ഞു പോയ കണ്ണുകൾകൊണ്ട് അവരെ ഉറ്റുനോക്കുമ്പോൾ, കണ്ടത് സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിൽ അലോന ദീർഘമായൊന്നുനിശ്വസിച്ചു.

നീല നിറമുള്ള പുതിയ ജനൽ വിരികളിലെക്കു നോക്കി അവളാ സ്വപ്നത്തെ ഒന്ന് കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു .പിശാചിന്റെ രൂപം പൂണ്ട് ശ്രീധർ തന്നെ ആക്രമിക്കാൻ ഒരുങ്ങുകയാരുന്നു എന്നുമാത്രമവൾക്ക് ഓർമ്മ വന്നു.

“അല്ലു കുഞ്ഞ് ഉണർന്നത് നന്നായി. എനിക്കീ കിടക്കവിരികൂടി മാറ്റി വിരിച്ചിട്ടു പോകാം. ഞാൻ വരുമ്പോൾ നല്ല ഉറക്കമായിരുന്നു.ഇടയ്ക്ക് എന്തൊക്കെയൊ പിറു പിറുക്കുന്നുണ്ടായിരുന്നു ട്ടോ…. ഞാനൊന്നു കാതോർത്തു. പക്ഷേ എനിക്കൊന്നുമങ്ങട് തിരിഞ്ഞുമില്ല മോള് സ്വപ്നം വല്ലതും കാണുകയാവും ന്നു തോന്നി. “

കട്ടിലിൽ നിന്ന് എണീക്കുമ്പോ കുട്ടിയമ്മ അവളെ താങ്ങി.

എന്താ കുട്ടിയമ്മച്ചി ഇന്ന് വിശേഷം. പതിവില്ലാതെ ഈ പുതിയ ജനൽ വിരിയും. ബെഡ്ഷീറ്റുമെല്ലാം.

“അത് കൊള്ളാം.. ഈ മുറിക്കകത്ത് ഇങ്ങനെ അടച്ചു പൂട്ടിയിരുന്ന് കുഞ്ഞിന്റെ ഓർമ്മശക്തിയും നഷ്ടപ്പെട്ടോ. നാളെ ക്രിസ്മസ് അല്ലെ. ഇന്ന് ജോബി മോന്റെ കൂട്ടുകാർ ആരൊക്കയൊ വരുന്നുണ്ട്. എല്ലാരും കൂടി ഇവിടുന്ന് പാതിരാ കുർബാനയ്ക്ക് പോകാനാ പ്ലാൻ . കുർബാന കഴിഞ്ഞു വന്നിട്ട് നോമ്പ് മുറിക്കുമായിരിക്കും. സൂസി കൊച്ച് അടുക്കളയിൽ തന്നെയാ. എന്റെ നടുവും ഒടിഞ്ഞു…. അതിനിടയിലാ ഇതൊക്കെ എടുത്തു തന്ന് ഇങ്ങോട്ട് പറഞ്ഞു വിട്ടേ. ഇനി ഞാനങ്ങോട്ട് ചെല്ലട്ടെ. മോൾക്ക്‌ കുടിക്കാൻ വല്ലതും വേണേൽ കുട്ടിയമ്മഎടുത്തോണ്ട് വരാട്ടോ “

ഒന്നും വേണ്ട കുട്ടിയമ്മേ. സൂസി വിളിക്കും മുന്നേ അങ്ങോട്ട്‌ ചെല്ല്. “

നാളെ ക്രിസ്മസ്..വളരെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു ഈ നാലു ചുവരുകളോട് വർത്തമാനം പറഞ്ഞു വീണ്ടും കൂട്ട് കൂടി തുടങ്ങിയിട്ട്. അതിനും മുന്നേ ഇരുട്ട് നിറഞ്ഞ ഒരു ഗുഹയിൽ, ആരും കൂടെയില്ലാതെ ഏകാന്തതയോടു പരിഭവിച്ചും, പിറു പിറുത്തും

ചുവരിലെ ക്രിസ്തുവിന്റെ ചിത്രമുള്ള കലണ്ടറിലേക്ക് അവളുടെ നോട്ടം പാറി വീണു. ഡിസംബർ 24… നിണമൊഴുകുന്നൊരോർമ്മപ്പെടുത്തൽ പോലെ ചുവന്ന വൃത്തത്തിനുള്ളിൽ നിന്ന് അവളെ നോക്കി ചിരിച്ചു.

കുട്ടിയമ്മ ചാരിയിട്ടിട്ടുപോയ വാതിൽപ്പാ ളികൾക്കപ്പുറം ഓർമ്മകൾ വന്നെത്തിനോക്കി നിൽക്കുന്നു.. അകത്തെക്കു വരട്ടെയെന്ന മൗനാനുവാദവും ചോദിച്ച്.

വർഷങ്ങൾക്കു മുൻപ്, ഒരു ക്രിസ്തുമസ് തലേന്നായിരുന്നു അലക്സ് വീട്ടിൽ കയറി വന്നത്.. സേവിച്ചായനൊപ്പം.

കട്ടി മീശയും, അതിന് ചേർന്ന താടിയുമാണ് ആദ്യം കണ്ണുകൾ പിടിച്ചെടുത്തത്.

എന്നെ കെട്ടാൻ വരുന്ന ചെക്കന് ഗവണ്മെന്റ് ജോലിയും പണവും പത്രാസും ഒന്നും വേണ്ട. നല്ല കട്ടി മീശയും താടിയും വേണം. സേവിച്ചായനെപ്പോലെ വല്ല ക്ലീൻ ഷേവ്കാരെയും കൊണ്ട് വന്നാൽ ഉലക്കക്കടിക്കും ഞാൻ. മുട്ട പുഴുങ്ങി തൊണ്ട് കളഞ്ഞ മാതിരി ഓഞ്ഞ ലുക്കുള്ളവരെ എനിക്ക് വേണ്ട.

ഇച്ചായനും, അമ്മച്ചിയും തനിക്കായി കല്യാണാലോചന തുടങ്ങിയപ്പോഴേ എടുത്തിട്ട ഡിമാൻഡ് ഓർത്തവൾ ചിരിച്ചു പോയി.

“നാളെ രാവിലെ ഇങ്ങു പോന്നേക്കണം. ഇത്തവണ ക്രിസ്മസ് നമുക്ക് ഇവിടെ കൂടാം മോനെ “..

അമ്മച്ചിയതു പറഞ്ഞപ്പോൾ മനസ്സിൽ ആയിരം ലഡ്ഡു ഒന്നിച്ചു പൊട്ടിച്ചിതറി.

“അയ്യോ അത് പറ്റില്ല അമ്മച്ചി. പപ്പയും മമ്മിയും പോയതിൽ പിന്നെ ആകെയുള്ള കൂടപ്പിറപ്പാ ബെറ്റി ചേച്ചി. നാളെ അവിടെ ചെന്നില്ലെങ്കിൽ ചേച്ചിക്കും വിഷമമാകും.

അമ്മച്ചിയുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു മറുപടി പറയുമ്പോൾ ഇടയ്ക്കിടെ തന്നിലേക്ക് പാറി വീഴുന്ന നോട്ടം കാണുന്നില്ലന്ന് നടിച്ച് പുൽക്കൂടിനരുകിൽ ചുറ്റിപ്പറ്റി നിന്നു

മനസ്സിൽ പൊട്ടിയ ലഡ്ഡു തൂത്തുവാരിക്കളഞ്ഞു രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നിരാശയോടെ ഓർത്തു,, അങ്ങോട്ട് കയറി ഒന്ന് മിണ്ടായിരുന്നു.

വീണ്ടുമൊന്നു കാണാൻ, അടുത്ത ക്രിസ്മസ് വരെ കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പിന് പതിവിലും മധുരവുമുണ്ടായിരുന്നു.മന്ത്രകോടിയുമായി തന്റെ ജീവിതത്തിലേക്കുള്ള വരവ്.

ജോബി മോന്റെ കുഞ്ഞു കരച്ചിലിലേക്കായിരുന്നു അതിനടുത്ത ഡിസംബർ മിഴി തുറന്നത്.

പിന്നെപ്പിന്നെ, മഞ്ഞിൻ കണങ്ങൾ പൊഴിച്ചും, തൂ മന്ദഹാസം നിറച്ചും, പനിനീർപ്പൂക്കൾ വിരിയിച്ചും കയറി വന്ന ഡിസംബറിനെ അവൾ പ്രണയിച്ചു തുടങ്ങിയിരുന്നു.

വെക്കേഷന് ശേഷം,നനുത്ത കൈകൾ കൊണ്ട് തലോടി, നിറ മിഴികളിൽ ചുംബനം നൽകി പുഞ്ചിരിയോടെ കൈവീശി കടന്നു പോകുന്ന അലക്സും ഡിസംബറിന്റെ ഓരോർമ്മപ്പെടുത്തൽ കൂടിയായിരുന്നു.

എപ്പോഴാണ് കുളിരുനിറഞ്ഞ ആ കൈകൾ ചുട്ടു പഴുത്ത് തന്നെ പൊള്ളിച്ചു തുടങ്ങിയത്. ചില്ലുകൂടിനുള്ളിൽ, ഹൃദയത്തോടു ചേർത്ത് പിടിച്ച മരക്കുരിശുമായ്, ഇനി പാതിരാ കുർബാന കൂടാൻ നീ തനിയെ അങ്ങ് പൊക്കോണം എന്ന് കണ്ണുകളടച്ച് ചിരിയോടെ വിളിച്ചു പറയുന്ന അലക്സിനെ കൂട്ടി വന്നപ്പോഴോ….

ഒരാഴ്ച മുന്നേ, കേക്കും, വൈനും ഉണ്ടാക്കി ക്രിസ്മസ് ആഘോഷിക്കാൻ മക്കളെയും കൊച്ചു മക്കളെയും കാത്തിരുന്ന അമ്മച്ചി, തന്നെ ഒറ്റയ്ക്കാക്കി അപ്പച്ചനും അലക്സിനുമൊപ്പം സ്വർഗത്തിൽ ക്രിസ്മസ് കൂടാൻ പോയപ്പോഴോ….

പിഞ്ഞി പറിഞ്ഞു പോയ ജീവിതത്തിലേക്ക് ഒരു മെഴുകുതിരി കൊളുത്തി ശ്രീധർ കടന്നു വന്നപ്പോഴോ… എന്നായിരുന്നു ഡിസംബർ നീയെനിക്കൊരു തീച്ചൂള സമ്മാനിച്ചത്.

ജോബി മോനും സൂസിയുടെ ഓഫീസിലേക്ക് മാറ്റം കിട്ടിയപ്പോഴാണ് അവരൊന്നിച്ച് വീടെടുത്തത്.

ദിവസവും പോയി വരാനുള്ള ദൂരമല്ലല്ലോ മമ്മ. സൂസി ഇത്രനാളും ഹോസ്റ്റലിൽ തന്നെ കഴിച്ചു കൂട്ടിയത് ഈ ജോലി നഷ്ടപ്പെടുത്തേണ്ടല്ലോ എന്ന് കരുതിയാ. മമ്മയുടെ കൂടെ ഇവിടെ താമസിക്കാൻ അവൾക്കും ആഗ്രഹമുണ്ട്. ഇനിയിപ്പോ ഞാനും കൂടി ചെന്നാൽ ഹോസ്റ്റൽ വേണ്ടല്ലോ. അതാ മമ്മ വീടെടുക്കാമെന്ന് കരുതിയെ.

ജോബി മോൻ അത് പറയുമ്പോൾ വീണ്ടും വീണ്ടും ഒറ്റയ്ക്കായി പോകുന്നതിന്റെ സങ്കടം അവൻ കാണാതിരിക്കാൻ വളരെയേറെ പാടു പെട്ടു.

പോകുന്നതിന്റെ തലേ ദിവസമാണ് അവനൊരു ഫോൺ കൊണ്ട് വന്നത്.

“മമ്മ നേരത്തെ നന്നായി എഴുതുമായിരുന്നല്ലോ. ഇനി മമ്മയ്ക്ക് വീണ്ടും എഴുതി തുടങ്ങാം പഴയതിലും ഭംഗിയായി.

മുഖപുസ്തകം എന്ന മായിക ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുമ്പോൾ അവൻ അവളോട്‌ പറഞ്ഞു.

മറന്നു പോയ അക്ഷരങ്ങൾ വാക്കുകളെ പ്രസവിച്ചു തുടങ്ങിയപ്പോൾ വല്ലാത്തൊരു ല ഹരിയായിരുന്നു.. ആ ല ഹരിയിലേക്കാണ് ശ്രീധർ കടന്നു വന്നതും. പ്രണയമെന്ന ല ഹരിയുമായി. അതും ഒരു ക്രിസ്മസ് തലേന്ന്… ക്രിസ്തുമസ് ആശംസകളിലൂടെ..

പിന്നെ പിന്നെ അലക്സ് ബാക്കിയാക്കിയ ശൂന്യതയിലേക്ക്, ഒച്ചയനക്കങ്ങളില്ലാതെ വിരസമായ അവളുടെ പകലിരവുകളിലേക്ക്, സ്നേഹത്തിന്റെ ഈണം ചേർത്ത് ശ്രുതിമീട്ടി തുടങ്ങി ശ്രീധർ…

മുടിയിഴകൾക്കിടയിലെ വെള്ളിനാരുകളെ അവൾ വെറുത്തു തുടങ്ങി… അൻപതുകളിലേക്ക് വലിച്ചിഴയ്ക്കുന്ന ജന്മദിനങ്ങളെയും അവൾ വെറുത്തു തുടങ്ങി. ഇനിയുമൊരു വസന്തകാലം കൊതിക്കുകയായിരുന്നല്ലോ മനസ്സ്.

സ്വന്തം വ്യക്തിത്വത്തേ മറന്ന്, സ്നേഹം തേടിയലഞ്ഞ, കറുത്ത വസ്ത്രത്തിനുള്ളിൽ കയറിക്കൂടിയ പ്രിയ കഥാകാരിയുടെ മനസ്സായിരുന്നു അപ്പോഴവൾക്ക്…

ഒടുവിൽ എന്തൊക്കെയോ നേടിയെന്നഹങ്കരിച്ച്, എന്തിനെന്ന ചോദ്യങ്ങൾക്ക് മറുപടി പോലുമില്ലാതെ, ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ അയാൾ ഇറങ്ങി പോകുമ്പോൾ വിഭ്രാന്തമായ മനസ്സ് ഒളിച്ചിരിക്കാൻ, ഇരുട്ടിനെ തേടുകയായിരുന്നു.. കാലിലെ ചങ്ങല കിലുക്കവുമായ് മനസ്സ് ഉഴറി നടന്നത് മാസങ്ങളോളമോ, അതോ വർഷങ്ങളോളമോ….

ഓരോ കൗൺസിലിംഗ് കഴിയുമ്പോഴും ഡോക്ടറെ നോക്കി നിറമിഴികളോടെ അപേക്ഷിച്ചു… എന്റെ ജോബി മോൻ ഒന്നും അറിയരുതേ…

ഇല്ല… ആരും ഒന്നും അറിഞ്ഞിട്ടില്ല….കുട്ടിയമ്മ പോലും…. അലോന നെടുതായി ഒന്ന് നിശ്വസിച്ചു..

എത്രയോ ദിവസങ്ങളായി വീണ്ടുമാമുഖം ചോ രയിറ്റുന്ന ദം ഷ്ട്രകളും, നീണ്ടു കൂർത്ത നഖങ്ങളുമായ് സ്വപ്നങ്ങളിലൂടെ വേട്ടയാടുന്നു.

ചുവരിലെ ക്രൂശിത രൂപത്തിലേക്ക് നോക്കി കിടക്കുമ്പോൾ പിഞ്ഞി കീറിയ ഹൃദയത്തിൽ നിന്നും കർത്താവേ എന്നൊരു ദീന രോദനം ഉയർന്നു വന്നു. ആർത്തലച്ചു വന്ന കണ്ണീർ കൊണ്ടു മൂടിപ്പോയ മിഴികൾക്കു മുന്നിലപ്പോൾ
അലക്സ് വന്നു നിൽക്കുന്നതും ആ കൈകൾ അവൾക്കു നേരെ നീളുന്നതും അവളറിഞ്ഞു. . ഇച്ചായാ ഇനിയും എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ എന്ന കരച്ചിലോടെ ആ കൈ പിടിക്കുമ്പോൾ വീണ്ടുമൊരിക്കൽ കൂടി ഡിസംബർ അവളെ അനുഗ്രഹിച്ചു. തന്റെ തണുത്തു മരവിച്ച കൈകൾ കൊണ്ട്…

Related Posts

Leave a Reply

Your email address will not be published. Required fields are marked *