എതിരെ ആരെങ്കിലും വന്നാൽ കൂട്ടിയിടിക്കരുതല്ലോ എന്നോർത്ത് അച്ഛൻ ഉറക്കെ പാട്ടുപാടാൻ തുടങ്ങി. ഞങ്ങൾ കൈകോർത്തു പിടിച്ച് കാൽച്ചുവട്ടിൽ….

ഒരു മഴക്കാലയോർമ്മ.

എഴുത്ത്:- സിന്ധു അപ്പുകുട്ടൻ

അമ്മാവന്റെ മോന്റെ കല്യാണമാണ്. നാളുകളായി ദിവസങ്ങളെണ്ണി കാത്തിരുന്ന ദിവസം. അങ്ങനെയുള്ള ദിവസങ്ങളിലാണല്ലോ എല്ലാരും ഒന്നിച്ചു കൂടുന്നത്. ഞങ്ങൾ പിള്ളേർക്കതു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷദിനമാണ്.

മുവാറ്റുപുഴ കഴിഞ്ഞ് ഒരു മലയോര ഗ്രാമത്തിലാണ് അമ്മ വീട്. അന്നൊക്കെ വെക്കേഷന് അങ്ങോട്ട് പോകാൻ കൊതിയോടെ നോക്കിയിരിക്കും. അത്രക്ക് ഇഷ്ടമാണ് പാടവും, തോടും, എപ്പോഴും തണൽമാത്രമുള്ള പച്ചപ്പ് നിറഞ്ഞ തൊടികളും. ആകെയൊരു കുറ്റം പറയാനുള്ളത് മുവാറ്റുപുഴ ടൗണിൽക്കൂടി ഒരു കാറ്റ് ചുമ്മാ നടന്നു പോയാൽ മതി അന്നേരം ഇവിടെ കറന്റ്‌ പോകും. പോയാൽ അതൊരു ഒന്നൊന്നര പോക്കായിരിക്കും. മഴക്കാലം തുടങ്ങിയാൽ കറന്റ്‌നെ കണി കാണാൻ പോലുംകിട്ടില്ല.

മാമന്റെ വീട് ഒരു മലയുടെ മോളിലായിരുന്നു. കല്യാണപ്പാർട്ടിക്ക് അങ്ങോട്ട് പോകാനുള്ള ബുദ്ധിമുട്ടുകൊണ്ട് രണ്ടു ദിവസം മുന്നേ ഒരു പഴയ സ്കൂൾ കെട്ടിടം വാടകക്കെടുത്തു.രാത്രി അവിടെ തന്നെ ഫുഡ്‌ ഉണ്ടാക്കുകയായിരുന്നു. അതു കൊണ്ട് ആരും വീട്ടിലേക്ക് പോണ്ട സ്കൂളിലേക്ക് വരണം എന്ന് പറഞ്ഞിരുന്നു.

തലേ ദിവസം വൈകിട്ട് ഞങ്ങൾ മുവാറ്റുപുഴയിൽ ഇറങ്ങി അടുത്ത ബസ് കാത്തു നിൽക്കുമ്പോഴേ മഴ തുടങ്ങി. കൂട്ടത്തിൽ കാറ്റും ഭയങ്കര ഇരുട്ടും. ഒരു തരത്തിൽ ബസ് കിട്ടി സാധാരണ ഇറങ്ങാറുള്ള സ്റ്റോപ്പിൽ ഇറങ്ങി. കറന്റ്‌ പോയിട്ട് ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും കാണാനില്ല. ഞങ്ങൾക്ക് തന്നെ പരസ്പരം കാണാൻ പറ്റുന്നില്ല. അത്രക്ക് ഇരുട്ട്.

മൊബൈൽ ഒന്നും ഇല്ലാത്തത് കൊണ്ട്,കല്യാണം വിളിച്ചപ്പോ ലാൻഡ് ഫോണിൽ കൂടി പറഞ്ഞു തന്ന വഴി ഓർമ്മവെച്ച് അച്ഛൻ പതിയെ നടക്കാൻ തുടങ്ങി. പിന്നാലെ ഞങ്ങളും. കുടയുണ്ടായിട്ടും മഴ മുഴുവൻ തലയിൽ പെയ്തു തിമിർക്കുന്നു.

എതിരെ ആരെങ്കിലും വന്നാൽ കൂട്ടിയിടിക്കരുതല്ലോ എന്നോർത്ത് അച്ഛൻ ഉറക്കെ പാട്ടുപാടാൻ തുടങ്ങി. ഞങ്ങൾ കൈകോർത്തു പിടിച്ച് കാൽച്ചുവട്ടിൽ റോഡാണോ, പുഴയാണോ എന്നൊന്നും അറിയാതെ അച്ഛന്റെ പാട്ടിനു കോറസ് കൊടുത്തും, ചില വരികൾ അച്ഛൻ അച്ഛന്റെതായ രീതിയിൽ പാടുമ്പോൾ ഉറക്കെ ചിരിച്ചും പിന്നാലെ നടന്നു.

അങ്ങനെ കുറെ പോയി കഴിഞ്ഞപ്പോ ഒരു വെളിച്ചം കണ്ടു. ഒരു ചെറിയ മണ്ണെണ്ണ വിളക്ക്. അച്ഛൻ അത് കണ്ടതും അമ്മയോട് എടിയേ, ദാ അവിടെ ആണെന്ന് തോന്നുന്നു. വെട്ടം കാണുന്നുണ്ട് എന്ന് പറഞ്ഞു. എന്നാ അങ്ങോട്ട് നടക്ക് എന്നും പറഞ്ഞു നടന്നുകൊണ്ടിരുന്ന വഴിയിൽ നിന്നും മാറി അങ്ങോട്ട് തിരിഞ്ഞു.

കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോ കുട ചൂടി നിൽക്കുന്ന ഒരാളെ അവ്യക്തമായ് കാണാം.

അങ്ങേരെ കണ്ടതും അമ്മ എടുത്തു ചാടി അച്ഛനോട് ,

അത് തന്നെയാ. ആ കുടയും ചൂടി നിൽക്കുന്നത് നമ്മുടെ ശശിയല്ലേ.

അത് കേട്ടതും അച്ഛൻ,ശശിയേ,… ആ വെളിച്ചം ഇങ്ങോട്ട് കാണിക്കേടാ. ഇത് ഞാനാടാ എന്നും പറഞ്ഞു ഓടി മുകളിലേക്ക് കയറി.അവിടെയും മലയായിരുന്നു.

മുന്നിൽ ഒരു വേലി ഉണ്ടായിരുന്നതിൽ തടഞ്ഞു വീണപ്പോ വേലിയും ചവിട്ടി പൊളിച്ച് അച്ഛൻ പിന്നെയും ശശിയേ എന്ന് വിളിച്ചോണ്ട് കയറി പോകുന്നു. ഞങ്ങൾ പിന്നാലെ തന്നെ വേലിയിൽ തട്ടി ഉടുപ്പൊക്കെ കീറിയിട്ടും അതൊന്നും കാര്യമാക്കാതെ അച്ഛന്റെ ഒപ്പമെത്താൻ ഓട്ടം തുടങ്ങി.

രണ്ടു മൂന്ന് ചാൽ നടന്നു കാണും, അപ്പൊ കേൾക്കാം ചെ വിക്കല്ല് പൊട്ടുന്ന മാതിരി ഒരാട്ടും, പിന്നെയൊരു പൂരപ്പാട്ടും.

ഏത് കോ……. ത്തിലെ ശശിയേ ആണെടാ നിനക്ക് കാണണ്ടേ പൂ…. മാനമേ… അതും പെണ്ണുങ്ങൾ വെ ളിക്കിരിക്കുമ്പോ.ഈ പെരുമഴയത്ത്.

ആള് മാറി എന്ന് തിരിച്ചറിഞ്ഞതും,അച്ഛൻ അങ്ങോട്ട് ഓടിയതിന്റെ ഇരട്ടി സ്പീഡിൽ ഇങ്ങോട്ട് ഇറങ്ങി.

എടി, വഴി തെറ്റി. ഇതതല്ല എന്നും പറഞ്ഞു ഞങ്ങൾ പിള്ളേരുടെ കൈ പിടിച്ചു വന്ന വഴി തന്നെ തിരിച്ചു നടക്കാൻ തുടങ്ങി.

എന്താ ഉണ്ടായേ.. ശശിയല്ലേ അത് എന്ന അമ്മയുടെ ചോദ്യത്തിന് അച്ഛൻ നേരത്തെ കേട്ട പൂരപ്പാട്ടിൽ ഒന്ന് കടമെടുത്തു അമ്മക്ക് കൊടുത്തു. അതോടെ അമ്മ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച മാതിരി തലയും താഴ്ത്തി നടന്നു തുടങ്ങി.

ഞങ്ങൾ പിള്ളേർക്ക് ഇതിന്റെ ഡബിൾ മീനിങ് അറിയാത്ത കൊണ്ട് ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയമല്ല. വല്ലാപാടും കല്യാണവീട്ടിൽ എത്തിയാൽ മതി എന്ന ആർത്തിയോടെ നടപ്പ് തുടർന്നു.

കാര്യം എന്തായിരുന്നു ന്ന് വെച്ചാ, മലയുടെ മോളിൽ വീടുള്ളവരൊക്കെ ക ക്കൂസിൽ പോകുന്നത് മിക്കവാറും ഏതെങ്കിലും കുറ്റിക്കാട്ടിലും, ഓലിയിൽ നിന്ന് ഒഴുകി വരുന്ന വെള്ളത്തികുമൊക്കെയാണ്.

മഴയൊന്നും വക വെക്കാതെവന്ന അപാര മുട്ടൽ സഹിക്കാൻ പറ്റാതെ വിളക്കും കത്തിച്ചു ഇറങ്ങി വന്നു കു ന്തിച്ചിരുന്ന കെട്ട്യോൾക്ക് കൂട്ട് വന്ന ചേട്ടനെയാണ് അമ്മ ശശിമാമനായി തെറ്റിധരിച്ചത്.

മൊത്തം ശശിയായ ഞങ്ങൾ പിന്നേം നടപ്പ് തുടങ്ങി. കുറച്ചു നടന്നപ്പോ എതിരെ ഒരു സൈക്കിൾ വരുന്നു. അച്ഛൻ വേഗം അതിന്റെ വെളിച്ചത്തിലേക്കു കയറി നിന്ന് കൈ കാണിച്ചു. അയാൾ എന്തോ ചീ ത്ത വിളിക്കാൻ തുടങ്ങിയപ്പോ തന്നെ അച്ഛന് അയാളെയും അയാൾക്ക് അച്ഛനെയും മനസ്സിലായി. ശരിക്കും ശശിമാമനായിരുന്നു അത്….

***********

Related Posts

Leave a Reply

Your email address will not be published. Required fields are marked *