എല്ലാവർക്കും പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളു .ശശീന്ദ്രന് എന്താ ഒരു കുറവ് വിദേശത്ത് സുഖമല്ലെ കാശ് അടിച്ചു വാരുകയല്ലേ .മണലാരണ്യത്തിലെ ചൂടിൽ വിയർപ്പായി പുറത്തേക്ക് ചോ ര തുള്ളികൾ പൊടിയുന്നതോർത്ത്….

പ്രവാസി

Story written by Nisha Suresh Kurup

മരവിച്ച മനസുമായി ശശീന്ദ്രൻ വാരാന്തയിലെ കസേരയിൽ ഒരേയിരിപ്പിരുന്നു.ഭാര്യ മരിച്ചു ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും പല വഴിക്കു പിരിഞ്ഞു പോയിരിക്കുന്നു. അവശേഷിക്കുന്നത് അയാളും ,മക്കളും, മരുമക്കളും ,ചെറുമക്കളും മാത്രം. കൂടെയുണ്ടെങ്കിലും മക്കളും കുടുംബവും അവരുടേതായ ലോകത്താണ്. ജീവിതത്തിൽ ചെയ്ത് തീർക്കാനുള്ള കടമകളും , ഉത്തരവാദിത്വങ്ങളും തീർത്ത് വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിലേക്ക് അയാൾ എടുത്തെറിയപ്പെട്ടിരിക്കുന്നു.

എന്തിനും ഏതിനും താങ്ങായി ഭാര്യയുണ്ടായിരുന്നു. ആ ശൂന്യത നികത്താനാവില്ല. പരാതികളും പരിഭവങ്ങളും അവളെപ്പോഴും പറഞ്ഞിരുന്നത് അയാൾ മറ്റുള്ളവരെ അകമഴിഞ്ഞ് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിലായിരുന്നു. ഒടുവിൽ അയാൾ തനിച്ചാകുമെന്ന ഭീതിയായിരുന്നു അവൾക്കെപ്പോഴും. അത്രമാത്രം സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്തിരുന്നു അവ ളയാളെ. ഭാര്യ പറഞ്ഞത് പോലെ തന്നെ എല്ലാം സംഭവിച്ചു. അവശനായി മറ്റുള്ളവർക്ക് തന്നെ കൊണ്ട് ഒരു ഗുണവും ഇനിയങ്ങോട്ടില്ലെന്നറിഞ്ഞപ്പോൾ എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കി പോയി. അപ്പോഴും ആശ്വാസമായി നിഴലായി അയാൾക്ക് ഭാര്യയുണ്ടായിരുന്നു. ഭാര്യയുടെ മരണത്തോടെ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടവനായി തളർന്നിരുന്നു അയാൾ …..

ശശീന്ദ്രൻ ഒരു പ്രവാസിയായിരുന്നു. ഇപ്പോൾ പ്രായത്തിന്റെ അവശതകളാൽ മടങ്ങി പോകാൻ കഴിയാതെ ,ജോലി ചെയ്യാൻ ആരോഗ്യമില്ലാതായിരിക്കുന്നു. കൗമാര സ്വപ്നങ്ങൾ കണ്ട് കൊതി തീരും മുൻപെ വീട്ടിലെ പ്രാരാബ്ധങ്ങളാൽ വിദേശത്ത് പോകേണ്ടി വന്നു. നാടും വീടും മാതാപിതാക്കളെയും പിരിഞ്ഞു ഭാഷ പോലും അറിയാത്ത നാട്ടിൽ ആദ്യമൊക്കെ കരഞ്ഞ് തീർത്തു. പിന്നെ പിന്നെ കല്ലായി തീർന്ന മനസുമായി ചോര നീരാക്കി പണിയെടുത്തു .ഉള്ളിലെ സങ്കടം പുറത്ത് വരാതെ രാത്രിയും പകലും മറന്ന് അധ്വാനിച്ചു. മാസം തോറും കിട്ടുന്ന ശമ്പളം കടബാദ്ധ്യതയുടെയും, സഹോദരിമാരുടെ വിവാഹത്തിന്റെയും കണക്കുകളായി നാട്ടിലേക്ക് ഒഴുകിയപ്പോൾ ഉണക്ക ചപ്പാത്തിയും , കുബൂസും , പരിപ്പുകറിയും കഴിച്ച് അയാൾ വീണ്ടും തന്റെ ജോലിയിലേക്ക് കടന്നു.

സഹോദരിമാരുടെ കല്യാണം ലീവ് കിട്ടാത്തതിനാൽ നേരിട്ട് കാണാൻ കഴിയാതെ വീഡിയോയിലും, ഫോട്ടോകളിലും കണ്ടു സംതൃപ്തിയടഞ്ഞു. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ കിട്ടുന്ന തുച്ഛമായ ലീവിൽ നാട്ടിൽ വന്നാൽ വീട്ടുകാർ , ബന്ധുക്കൾ, കൂട്ടുകാർ ,നാട്ടുകാർ അങ്ങനെ ഓരോരോരുത്തരും അവരുടെ ആവശ്യങ്ങളുടെ പട്ടികകൾ നിരത്തുമ്പോൾ എതിർക്കാൻ കഴിവില്ലാതെ എല്ലാം നിറവേറ്റി കൊടുത്തു .

എല്ലാവർക്കും പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളു “ശശീന്ദ്രന് എന്താ ഒരു കുറവ് വിദേശത്ത് സുഖമല്ലെ കാശ് അടിച്ചു വാരുകയല്ലേ ” .മണലാരണ്യത്തിലെ ചൂടിൽ വിയർപ്പായി പുറത്തേക്ക് ചോ ര തുള്ളികൾ പൊടിയുന്നതോർത്ത് അയാളപ്പോൾ ചിരിക്കും. വീട്ടുകാരു പോലും അയാൾക്കൊരു ജീവിതം വേണമെന്ന് ഓർത്തില്ല. ഒടുവിൽ ശശീന്ദ്രൻ തന്നെ തനിക്കായി ഒരു കൂട്ട് വേണമെന്ന് പറഞ്ഞപ്പോൾ സഹോദരിമാരുടെ പ്രസവം , അവരുടെ വീടുവെയ്പ്പ് അങ്ങനെ നീളുന്ന ബാദ്ധ്യതകൾ അച്ഛനമ്മമാർ വീണ്ടും മുന്നിലേക്കിട്ടു.എന്നിട്ടും ദൈവഹിതം പോലെ അയാളുടെ വിവാഹം നടന്നു. മധുവിധു മാറും മുൻപ്പെ മടക്കയാത്രയ്ക്കു സമയമായപ്പോൾ പൊട്ടിക്കരഞ്ഞ ഭാര്യയ്ക്കു മുന്നിൽ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുമ്പോൾ അയാളുടെ ഉള്ളം വിങ്ങിപ്പൊട്ടിയത് ആരും അറിയാതിരിക്കാൻ പാട്ടുപ്പെട്ടു.

കത്തിലൂടെയും ഫോണിലൂടെയും അയാളുമവളും ഹൃദയങ്ങൾ കൈമാറുന്ന നിമിഷങ്ങൾ മരുഭൂമിയായ അയാളുടെ മനസിന് ചെറു നീരുറവയായി. ഏറെ താമസിയാതെ അവൾ ഗർഭിണിയാണെന്ന വാർത്ത തേടിയെത്തി.തന്റെ റൂമിലെ കിടക്കയിൽ ജനിയ്ക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തയാൾ സ്വപ്നങ്ങൾ നെയ്തു. പിന്നെയും മാസങ്ങൾ കടന്നു. തന്റെ ആദ്യത്തെ കൺമണിയെ കാണാനോ , ഭാര്യ അനുഭവിക്കുന്ന വേദയ്ക്ക് കൂട്ടിരിക്കാനോ ലീവ് കിട്ടാതെ വെരുകിനെ പോലെ നടന്നു. ഒടുവിൽ കുഞ്ഞ് ജനിച്ച വിവരം ഫോണിലറിഞ്ഞ അയാൾ ജോലി സ്ഥലത്തുള്ള കൂട്ടുകാർക്ക് പാർട്ടി നടത്തി നിർവൃതി പൂണ്ടു.

പിന്നെയും വർഷങ്ങൾ കഴിഞ്ഞു. ഇടയ്ക്ക് നാട്ടിൽ വന്നും പോയും അതിനിടയിൽ വീണ്ടും കുഞ്ഞ് ജനിച്ചും വർഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. പ്രാരാബ്ധങ്ങൾ കൂടിയതല്ലാതെ കുറഞ്ഞില്ല. വീട് വെയ്പ്പ്, മക്കളുടെ പഠിത്തം ,വീട്ടു ചെലവുകൾ ,മക്കളുടെ ജോലി , വിവാഹം അങ്ങനെ നീണ്ട നീണ്ട ഉത്തരവാദിത്വങ്ങൾക്കിടയിൽ ഓണം ,വിഷു ,റംസാൻ , ക്രിസ്മസ് എന്നിങ്ങനെയുള്ള ആഘോഷങ്ങൾ വീട്ടുകാർ കെങ്കേമമായി നടത്തിയപ്പോൾ അവരുടെ സന്തോഷത്തിൽ സ്വയം സന്തോഷിച്ചു ശശീന്ദ്രൻ എന്നും ഒരേ ഭക്ഷണവും ജീവിത ശൈലിയുമായി മുന്നോട്ട് പോയി. ഒടുവിൽ രോഗങ്ങൾ അയാളെ തേടി എത്തിപ്പോൾ എല്ലാം മതിയാക്കി നാട്ടിലെത്തിയ അയാളെ വരവേറ്റത് അവഗണനകളായിരുന്നു.

അയാളിൽ നിന്നുള്ള നേട്ടങ്ങൾ നിലച്ചപ്പോൾ സ്വന്തം വീട്ടിൽ പോലും അയാൾ അന്യനായി. അന്ന് വരെ കൊടുത്തതിനൊന്നും കണക്ക് സൂക്ഷിക്കാത്ത ശശീന്ദ്രനു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും അകൽച്ച കാട്ടി. താങ്ങാവാൻ, സാരമില്ലെന്നാശ്വസിപ്പിക്കാൻ, വഴിപാടുകൾ നടത്താൻ, ആശുപത്രിയിൽ കയറിയിറങ്ങാൻ, മുടങ്ങാതെ ആഹാരവും മരുന്നും കഴിപ്പിക്കാൻ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു. അവൾ ഒന്നും പറയാതെ തനിച്ചാക്കി എന്നെന്നേക്കുമായി പോയപ്പോൾ തീർത്തും അവശനായി തീർന്നു ശശീന്ദ്രൻ. അവളുടെ തണുത്ത ദേഹത്തിനരുകിൽ തകർന്ന മനസുമായി ഇരിയ്ക്കവെ ചിന്തകൾ അയാളെ വേട്ടയാടി. ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോൾ രണ്ടോ മൂന്നോ മാസം മാത്രം ജീവിച്ച ദാമ്പത്യം ,പിന്നെ കത്തുകളിലും ഫോണിലുമുള്ള നെടുവീർപ്പുകൾ എല്ലാം അവസാനിച്ചു ശേഷിക്കുന്ന കാലമെങ്കിലും പരസ്പരം താങ്ങും തണലുമാകാമെന്ന് കരുതിയപ്പോൾ അവളും അയാളെ ഒറ്റയ്ക്കാക്കി പോയി. പിന്നെയും ഒന്നും ചെയ്യാനില്ലാതെ കഴിച്ചോ ,കുടിച്ചോ എന്നൊന്നും ചോദിക്കാനാരുമില്ലാതെ പ്രായത്തെക്കാൾ വൃദ്ധനായ അയാൾ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും ദിശതെറ്റി പതിച്ചു യുദ്ധഭൂമിയിൽ പകച്ചു നിന്ന പടയാളിയെ പോലെ അശക്തനായി മാറിയിരിക്കുന്നു. പുറത്തെ കസേരയിൽ ഇരിയ്ക്കെ അകത്ത് അച്ഛനെ തുടർന്ന് ആരു നോക്കും ബാദ്ധ്യത ഏറ്റെടുക്കാൻ പറ്റില്ലെന്നുള്ള മക്കളുടെ തർക്കം കേട്ടു. അറിയാതെ ശശീന്ദ്രന്റെ മിഴികൾ തെക്കേ തൊടിയിൽ എരിഞ്ഞ് അടങ്ങിയ ഭാര്യയുടെ പട്ടടയിലേക്ക് നീണ്ടു. കരിങ്കല്ലു പോലെ പാകപ്പെടുത്തിയ ഹൃദയത്തിലെ വിങ്ങൽ പുറത്തേക്ക് ഒഴുകിയത് തടയാൻ അയാൾക്ക് കഴിഞ്ഞില്ല….

Related Posts

Leave a Reply

Your email address will not be published. Required fields are marked *