കാലം കാത്തുവച്ചത് ~ ഭാഗം 21, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

രാവിലെ എഴുന്നേൽക്കുമ്പോൾ ഏറെ വൈകിയിരുന്നു… രാവിലെ മുതൽ മനസ്സിനെന്തോ ഭാരം പോലെ അനുഭവപെട്ടു… ഒന്നും കഴിക്കാൻ തോന്നിയില്ല.. അമ്മ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു..

കാലം തെറ്റി മാനം ആകെ കറുത്തിരുണ്ടിരുന്നു… ഹരിയേട്ടൻ വരുന്നുണ്ടെന്ന് പറഞ്ഞതിനാൽ സമാധാനമില്ലാതെ ഉമ്മറത്തെ തിണ്ണയിൽ പോയിരുന്നു കുറച്ചു നേരം..

ഏറെ നേരം തറഞ്ഞു ഇരിക്കരുത് എന്ന് അമ്മ വഴക്ക് പറഞ്ഞപ്പോൾ എഴുന്നേറ്റ് ഫോണിനടുത്തേക്ക് നടന്നു… എന്തോ ആകെ ഒരു പരിഭ്രമം…

ഹരിയേട്ടൻ പുറപ്പെടുമ്പോൾ വിളിക്കുമോ… ഒരൊറ്റ ദിവസം മാറി നിന്നപ്പോഴേക്കും ഇത്രക്ക് ഒറ്റപ്പെടൽ തോന്നുന്നത്, ആശങ്കകൾ മനസ്സിൽ നിറയുന്നത് എന്താണ്…

വയറിൽ കൈ ചേർത്ത് കുഞ്ഞിനോട് സംസാരിച്ചു സമാധാനിക്കാൻ ശ്രമം നടത്തി…

വാവേ അച്ഛ എന്താ വരാത്തേ… അച്ഛക്ക് അമ്മയേം വാവേനെയും കാണാതെ ഇരിക്കാൻ പറ്റുന്നുണ്ടോ… അമ്മക്ക് പറ്റുന്നില്ലല്ലോ.. അച്ഛ വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ടാവും അല്ലെ… അച്ഛക്ക് നമ്മളെ കാണാതെ, മിണ്ടാതെ ഇരിക്കാൻ പറ്റില്ല … പുറപ്പെട്ടിട്ടുണ്ടാവും വാവേ… എന്നാലും അച്ഛക്ക് രാവിലെ തന്നെ വരാമായിരുന്നു അല്ലെ… എന്റെ വാക്കുകൾ ശരി വെക്കും വിധം വയറിൽ കുഞ്ഞു അനങ്ങി…

ഹരിയേട്ടൻ വരാൻ വൈകും തോറും എന്റെ പരിഭവം പറച്ചിലിന് ദൈർഘ്യമേറി…

അച്ഛന്റെ സുഹൃത്തുക്കൾ ആയ രാഷ്ട്രീയക്കാർ ഒന്നു രണ്ടു പേര് വീട്ടിലേക്ക് വന്നു.. അച്ഛന്റെ മുറിയിലേക്ക് അവരെയും കൂട്ടി കയറിപോയി… കുറച്ചു നേരം കഴിഞ്ഞു അമ്മ ചായ എടുത്തു വന്നപ്പോഴേക്കും അവർ ചായ കുടിക്കാതെ അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി..

അച്ഛൻ പരിഭ്രാന്തനായി ആരെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു…

വീടിനു മുന്നിലൂടെ ജീപ്പിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോകുന്നുണ്ടായിരുന്നു.. അച്ഛന്റെ എതിർ പാർട്ടിക്ക് ഉണ്ടായ രാഷ്ട്രീയ വിജയം ആഘോഷിക്കുന്നതും മറ്റുമാണെന്ന് അമ്മ എന്നോട് സ്വകാര്യമായി പറഞ്ഞു…

മാനം മൂടികെട്ടി നിൽക്കുന്നത് പോലെ മനസ്സിലും ആശങ്കകൾ കൂടു കെട്ടി.. എന്തിനു എന്ന് മാത്രം മനസ്സിലായില്ല…

അച്ഛൻ ഫോണിൽ ആരെയോ വിളിച്ചിട്ട് കിട്ടാതെ പരിഭ്രാന്തിയോടെ വേഷം മാറി പുറത്തേക്ക് പോയി…

ഹരിയേട്ടൻ ഇത്ര നേരമായിട്ടും വന്നതുമില്ല പുറപ്പെട്ട കാര്യം വിളിച്ചു പറഞ്ഞതുമില്ല..

ഫോണിന് അരികിലേക്ക് നടന്നു… മാമിയുടെ വീട്ടിലെ ഫോണിലേക്ക് വിളിച്ചു.. ഫോൺ എടുത്ത മാമി ഹരിയേട്ടനെ അച്ഛൻ ഫോൺ ചെയ്തിരുന്നു എന്നും, കുറച്ചു നേരം മുൻപ് ഹരിയേട്ടൻ വീട്ടിൽ നിന്നും ഇറങ്ങി എന്നും പറഞ്ഞു..

അച്ഛൻ എന്തിനാണ് ഹരിയേട്ടനെ വിളിച്ചത്…

എന്താണ് നടക്കുന്നത് എന്നറിയാതെ എനിക്ക് ഭ്രാന്ത് പിടിക്കുന്നതായി തോന്നി…

വീണ്ടും ഉമ്മറത്തേക്ക് വന്ന് പുറത്തേക്ക് അക്ഷമയോടെ കണ്ണും നട്ടു നിന്നു.. ഇവിടെ എത്താറായല്ലോ… പിന്നെന്താണ് വൈകുന്നത്…. നോക്കി നിൽക്കെ വീടിനു മുന്നിലെ വഴിക്കപ്പുറം കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന പാടത്തിനു ഒരറ്റത്ത് നിന്നും മഴ പെയ്തു വരുന്നത് കണ്ടു… പടത്തിനു നടുവിലെ വരമ്പിലൂടെ ആരോ ഓടി വരുന്നത് കണ്ടു.. പടിപ്പുര കടന്നു അകത്തേക്ക് വന്ന ആൾ അച്ഛനെ അന്വേഷിച്ചു…

അച്ഛൻ പുറത്തേക്ക് പോയെന്ന് കേട്ടപ്പോൾ അയാൾ ധൃതിയിൽ ആ മഴയിൽ തന്നെ തിരിഞ്ഞു നടന്നു…

പെട്ടെന്ന് ഞാൻ പുറകിൽ നിന്നും അയാളെ വിളിച്ചു കാര്യം ചോദിച്ചു…

എതിർ പാർട്ടിക്കാരുടെ ആഘോഷം നടക്കുന്ന ഇടത്തു സംഘർഷം ഉണ്ടായി. സെന്ററിൽ കുറച്ചു മുൻപ് വലിയ ലഹള ആയിരുന്നു… എല്ലാവരും കടകൾ അടച്ചു പോയി, എതിർ പാർട്ടിക്കാർ പുറത്ത് നിന്ന് ആളുകളെ കൊണ്ട് വന്നിട്ടുണ്ട്… അച്ഛനോട് സൂക്ഷിക്കണമെന്നും പുറത്ത് ഇറങ്ങരുതെന്നും പറഞ്ഞു അയാൾ ധൃതിയിൽ പടിപ്പുര കടന്നു പോയി…

പെട്ടെന്ന് ഒരു നിമിഷം ഒന്നും മനസിലായില്ല എങ്കിലും തൊട്ടടുത്ത നിമിഷം ഹരിയേട്ടനെ ഓർമ വന്നു..

ഹരിയേട്ടൻ…. ഹരിയേട്ടൻ ആ വഴിയിലൂടെ അല്ലെ വീട്ടിലേക്ക് വരിക… അച്ഛൻ പറഞ്ഞു കാണുമോ… ആ വഴി വരരുത് എന്ന്…

പിന്നെന്തിനു അച്ഛൻ പുറത്തേക്ക് പോയി??

ചിന്തകൾ തലക്കുള്ളിൽ വണ്ടിനെ പോലെ ഉച്ചത്തിൽ മൂളി എന്നെ ഭ്രാന്തു പിടിപ്പിച്ചു…

നേരം കടന്നു പോകും തോറും ഭയവും ആശങ്കയും മനസ്സിൽ കൂടി വന്നു..

പുറത്ത് മഴ കനത്തു…

മഴയുടെ മൂടലിൽ പടിപ്പുരയിൽ നിഴലനക്കം കണ്ടു… അച്ഛൻ ആയിരുന്നു.. കുട ചുരുക്കി പടിയിൽ ചാരി വച്ചു അച്ഛൻ അകത്തേക്ക് കയറി…

അച്ഛാ…..

അച്ഛൻ എന്നെ നോക്കി… ആ മുഖത്ത് ഇന്ന് വരെ കാണാത്ത ഉത്കണ്ഠ ഞാൻ കണ്ടു…

അച്ഛാ ഹരിയേട്ടൻ….

കുഴപ്പം ഒന്നും ഉണ്ടാവില്ല… നമ്മുടെ ആളുകൾ വഴിയിൽ ഉണ്ട്… ഫോണിൽ കിട്ടുന്നില്ല…

അത്രയും പറഞ്ഞു അച്ഛൻ അകത്തേക്ക് നടക്കവേ ഫോൺ ബെല്ലടിച്ചു…

ഫോൺ എടുത്ത അച്ഛൻ പരിഭ്രാന്തിയോടെ മുറ്റത്തേക്ക് കുടയും എടുത്തു ഇറങ്ങി…. കാർ ഗാരേജിലേക്ക് ഓടി.. കാറിൽ കയറി… കാർ അതി വേഗതയിൽ പുറത്തേക്ക് പാഞ്ഞു..

മനസ്സിലെ ആപത്ശങ്ക ശരിയാവും വിധം കാര്യങ്ങൾ നടക്കുകയാണെന്ന് എന്നോട് മനസ്സിൽ ഇരുന്ന് ആരോ മന്ത്രിച്ചു…

ഒന്നും നോക്കിയില്ല…. മഴയിലേക്ക് ഇറങ്ങി നടന്നു… അല്ല ഓടുകയായിരുന്നു… നിറഞ്ഞ വയറും കാൽ പാദത്തിനൊപ്പം നീണ്ടു കിടക്കുന്ന നനഞ്ഞ മുണ്ടും എന്റെ വേഗതക്ക് തടസവുമായി നിന്നു… പക്ഷെ എന്റെ ഉള്ളിൽ നിന്നും ആരോ എന്നെ മുന്നോട്ട് പോകുവാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു..

എന്തോ ആപത്ത് സംഭവിക്കാൻ പോവുന്നു… ആ തോന്നൽ മനസ്സിൽ തിളച്ചു പൊങ്ങി ലാവയായി പുറത്തേക്ക് ഒഴുകാൻ വെമ്പി നിൽക്കുകയാണ്… കനത്ത മഴയിൽ പാട വരമ്പിനു വഴുക്കൽ പിടിച്ചിരുന്നു… പല ഇടങ്ങളിലും കാൽ തെന്നി… അപ്പോഴെല്ലാം ഒരു കൈ കൊണ്ട് വയറിനു താഴെ താങ്ങി പിടിച്ചു….. വേഗത്തിൽ ഉള്ള നടത്തം കാരണം ശ്വാസമെടുക്കാൻ ആവാത്ത വിധം കിതച്ചു പോയി…ഇടയ്ക്കു ഒന്ന് നിന്ന്.. ഒരു കൈ നടുവിന് താങ്ങി ശ്വാസമെടുത്തു.. വീണ്ടും നടന്നു ആവുന്നത്ര വേഗത്തിൽ….

പാട വരമ്പു കഴിഞ്ഞുള്ള മണ്ണിട്ട വഴിയിലൂടെ ഒരു കയറ്റം കഴിഞ്ഞാൽ സെന്ററിലേക്കുള്ള റോഡിലെത്താം… കയറ്റം എത്താറായപ്പോഴേക്കും അവശയായിരുന്നു… നനഞ്ഞ വസ്ത്രങ്ങളും നീര് വന്ന കാൽ പാദങ്ങളും ഒരടി നടക്കാനാവാത്ത വിധം എന്നെ ക്ഷീണിപ്പിച്ചിരുന്നു…

റോഡിൽ നിന്നും ആരുടെയോ അലർച്ച കേട്ടു…. അത്… അതെന്റെ ഹരിയേട്ടന്റെ ആണോ… ഞെട്ടിയ ഞാൻ എങ്ങു നിന്നോ കിട്ടിയ ഊർജത്തിൽ കയറ്റം നടന്നു കയറി… റോഡിലെത്തിയപ്പോൾ സെന്ററിൽ കുറച്ചു ആളുകൾ അങ്ങിങ്ങായി നിൽക്കുന്നത് കണ്ടു..

എന്റെ കണ്ണുകൾ ഹരിയേട്ടനെ തിരഞ്ഞു…. ഹരിയേട്ടൻ അവിടെങ്ങും ഇല്ല….

ആശ്വാസത്തോടെ തിരിയവേ പുറകിൽ വീണ്ടും ഒരു അലർച്ച കേട്ടു… തല തിരിച്ചു നോക്കിയപ്പോൾ റോഡിൽ പല ഇടങ്ങളിൽ ആയി ചിതറി നിന്നവർ കൂട്ടമായി റോഡിനു നടുവിലേക്ക് കയറി നിന്നിട്ടുണ്ട്… മഴയുടെ മൂടൽ കാരണം ആളുകളെ വ്യക്തമായില്ല.. ഉച്ചത്തിൽ ഉള്ള ശബ്ദങ്ങൾ കേട്ട് ഞാൻ പതിയെ അവർക്കരികിലേക്ക് നടന്നു….

പെട്ടെന്ന് ആരോ മഴ വെള്ളം കുത്തി ഒലിച്ചു വരുന്ന റോഡിലേക്ക് വീഴുന്നത് ഞാൻ കണ്ടു.. അയാളുടെ നിലവിളി എന്റെ കാതുകളിൽ എത്തി…

ഏറെ പരിചിതമായ ശബ്ദം…

അച്ഛൻ…. അച്ഛാ എന്ന് ആർത്തു വിളിച്ചു മുന്നോട്ട് ഓടാൻ നോക്കുമ്പോൾ കണ്ടു കൂട്ടമായി നിന്നവർ ചുറ്റിലേക്കും ഓടി അകലുന്നത്…. റോഡിനു നടുവിൽ വീണു കിടക്കുന്ന അച്ഛന് അരികിൽ കനത്ത മഴ നനഞ്ഞു എനിക്ക് പിന്നെ തിരിഞ്ഞു നിന്നു മറ്റൊരാൾക്ക്‌ നേരെ കത്തി ആഞ്ഞു വീശി…

നേരിൽ അത്തരം ഒരു കാഴ്ച കണ്ടു ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു പോയി…

പക്ഷെ ഭയം എന്ന വികാരത്തെക്കാൾ അച്ഛൻ എന്ന തോന്നൽ ഉണ്ടായപ്പോൾ ഞാൻ കാലുകൾ വലിച്ചു വച്ചു അച്ഛന് അരികിലേക്ക് നടന്നു.. മഴ വെള്ളത്തിനു നിറം മാറിയിരിക്കുന്നു… അത് രക്തം കൂടി കലർന്ന് കുതിച്ചൊഴുകി… മുന്നിൽ നിൽക്കുന്ന ആളെ കാണാനാവാത്ത വിധം മൂടൽ നൽകിയ മഴക്കപ്പുറം ഒരു മിന്നൽ വന്നു….

ഭൂമിയിലേക്ക് ഇറങ്ങി മണ്ണോടു ചേർന്ന്… ഒരു നിമിഷം മഞ്ഞളിച്ചു പോയ കണ്ണിൽ ഞാൻ എന്റെ നേർക്ക് തിരിഞ്ഞ ആ രൂപത്തെ കണ്ടു.. വലതു കയ്യിൽ ഉള്ള കത്തി മറ്റൊരാളുടെ ദേഹത്തേക്ക് കുത്തിയിറക്കി വലിച്ചെടുക്കുന്ന ആ രൂപം….

ഏതൊരു ഇരുട്ടിലും മൂടലിലും എനിക്ക് തിരിച്ചറിയാനാവുന്ന മുഖം….

ഹരിയേട്ടന്റെ മുഖം…

അയാളിൽ നിന്നും കത്തി വലിച്ചൂരി മറു കയ്യാൽ അയാളുടെ തോളിൽ പിടിച്ചു പുറകിലേക്ക് തള്ളി നിവർന്നു നിന്ന ആ രൂപം…..

അത് എന്റെ ഹരിയേട്ടൻ ആയിരുന്നു…

മഴയിലേക്ക് വീണ ആൾ ഒരു പിടച്ചിലിനു അപ്പുറം നിശ്ചലനായത് കണ്മുന്നിൽ നിന്നു കണ്ടു ഞാൻ…

മരവിച്ചു പോയി….

കാലം തെറ്റി പെയ്യുന്ന കനത്ത മഴയിൽ നനഞ്ഞതിൽ അല്ല… രക്തം പോലും മരവിക്കുന്ന കാഴ്ച നേരിൽ കണ്ടതിൽ…

കാലുകൾ കുഴഞ്ഞു വിറക്കുന്ന ദേഹത്തോടെ ഞാൻ റോഡിലേക്ക് ഇരിക്കവേ അരികിൽ രക്തം വാർന്നു കിടക്കുന്ന അച്ഛന്റെ ശ്വാസം നിലച്ചിരുന്നു..

കണ്മുന്നിൽ കണ്ട രണ്ടു മരണങ്ങളും ഒരിക്കലും പ്രതീക്ഷിക്കാത്ത ഹരിയേട്ടന്റെ മറ്റൊരു ഭയപ്പെടുത്തുന്ന മുഖവും എന്റെ ഉള്ളിൽ നിറഞ്ഞു നിന്നു… ഞാൻ ബോധരഹിതയായി ജീവനറ്റു കിടക്കുന്ന അച്ഛനരികിലേക്ക് കുഴഞ്ഞു വീണു…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *