കാലം കാത്തുവച്ചത് ~ ഭാഗം 20, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഹരിയേട്ടൻ ദിവസേന ജോലിക്ക് പോയി വന്നു തുടങ്ങി…. നേരം ഇരുളും വരെ കാത്തിരിക്കാൻ മാമി സമ്മതിക്കാതെ വന്നപ്പോൾ ക്ഷീണം കാരണം ഞാൻ കിടന്നു കഴിഞ്ഞിട്ടാണ് ഹരിയേട്ടൻ വീട്ടിൽ വന്നു കൊണ്ടിരുന്നത്… പലപ്പോഴും ഞാൻ എഴുന്നേൽക്കും മുന്നേ പോയിട്ടും ഉണ്ടാവും… എങ്കിലും ആ കുറച്ചു നേരം ഉറക്കത്തിൽ പോലും എനിക്ക് അറിയാൻ ആവുന്നുണ്ട് ഹരിയേട്ടൻ എന്നോട് സംസാരിക്കുന്നത്..

എന്റെ വയറിൽ കൈ ചേർത്ത് വച്ചു വാവയോട് സംസാരിക്കുന്നത്… എന്റെ മുടിയിൽ വാത്സല്യത്തോടെ തഴുകുന്നത്…. എല്ലാം ഒരു സ്വപ്നത്തിൽ എന്ന വണ്ണം ഞാൻ അറിയാറുണ്ട്…അത് അനുഭവിക്കുമ്പോൾ ഉറക്കത്തിൽ എന്റെ മുഖത്ത് പുഞ്ചിരി വിരിയാറുണ്ട്… എന്റെ ഹരിയേട്ടന് കാണുന്നതിനായി മാത്രം…

ഞായറാഴ്ച്ചകൾ ആകുന്നതിനുള്ള കാത്തിരിപ്പാണ് ഹരിയേട്ടനെ കണ്ണ് നിറയെ കാണുന്നതിന്… ഹരിയേട്ടനോട് ഇഷ്ടങ്ങൾ പറയുന്നതിന്… പറയുന്നതെന്തും മുന്നിൽ കൊണ്ടുവരുന്നതിന് ഹരിയേട്ടനും മുന്നിൽ ആയിരുന്നു…

ഭക്ഷണത്തിനോട് മുമ്പത്തേക്കാൾ കൊതി തോന്നി… അത് ദേഹത്തു കാണാനും തുടങ്ങി… ഹരിയേട്ടൻ കൺ മുന്നിൽ വന്നാൽ കണ്ണെടുക്കാതെ നോക്കി യിരിക്കും… അപ്പോൾ നാണത്തിൽ കുതിർന്ന മുഖം കാണാൻ വല്ലാത്തൊരു ഭംഗിയാണത്രെ…

ഒരു സ്ത്രീ… അവൾ ഏറ്റവും സുന്ദരി ആവുന്നത് അവളുടെ പുരുഷന്റെ കണ്ണിലൂടെ നോക്കുമ്പോഴാണ്.. അതും തന്റെ ജീവനെ ഉദരത്തിൽ വഹിച്ചു കൊണ്ട് നിൽക്കുന്ന അവളോടുള്ള അതിയായ സ്നേഹവും വാത്സല്യവും കരുതലും കലർന്ന പ്രണയത്തോടെ ഉള്ള നോട്ടത്തിൽ… അതാണ്‌ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്…മറിച്ചു യാതൊരു വിധത്തിലും, യാതൊന്നിനും അവളെ സൗന്ദര്യവതി ആക്കുവാൻ ആവില്ല…

ഞാനും അതെ ഒരുപാട് സുന്ദരിയായിരുന്നു.. അത്രമേൽ ഹരിയേട്ടനാൽ പ്രണയിക്കപ്പെടുന്ന എന്റെ മുഖവും പൂർണചന്ദ്രന് സമാനമായി…

ദിവസങ്ങൾ ഓടിപൊയ്ക്കൊണ്ടിരുന്നു..മുറക്കുള്ള പരിശോധനകളും ശരീര പുഷ്ടിക്കുള്ള ഭക്ഷണങ്ങളും എല്ലാമായി ഞാനും ഹരിയേട്ടനും മാമിയും തിരക്കിലുമായി…

ഇപ്പൊ പക്ഷെ ചില ഗന്ധങ്ങൾ മനംപുരട്ടലുണ്ടാക്കുന്നുണ്ട്… കുറച്ചേ ആയുള്ളൂ തുടങ്ങിയിട്ട്.. കഴിക്കുന്നതെല്ലാം തന്നെ പുറത്തേക്ക് വരുമ്പോൾ അവ കഴിക്കാൻ തോന്നാതെയായി.. മറ്റൊന്ന് സംഭവിച്ചത്… ഹരിയേട്ടൻ അന്ന് നേരത്തെ വന്നു.. വന്ന ഉടൻ ഉറങ്ങാതിരുന്ന എന്നെ ചേർത്ത് പിടിച്ചു..

ഒരിക്കൽ എന്നെ ഉന്മാദിയാക്കിയിരുന്ന ഹരിയേട്ടന്റെ വിയർപ്പ് ഗന്ധം പക്ഷെ ഇത്തവണ എന്നെ വിഷമിപ്പിച്ചു… വയറിൽ നിന്നും മുകളിലേക്ക് ഉരുണ്ടു കയറി…ഉച്ചത്തിലുള്ള ശബ്ദത്തോടെ പുളി രസമുള്ള വെള്ളം ശര്ധിച് കളയുന്നത് നോക്കി നിൽക്കുമ്പോൾ ഹരിയേട്ടന്റെ മുഖത്ത് കണ്ട വിഷമം ആണെന്നെ കൂടുതൽ വേദനിപ്പിച്ചത്…

കണ്ണ് നിറച്ചു എന്നെ നോക്കി ദൂരെ മാറി നിന്നപ്പോൾ മാമി പറയുന്നുണ്ടായിരുന്നു.. ചിലപ്പോൾ മുൻപ് ഇഷ്ടം തോന്നിയിരുന്ന പലതും ഗർഭാവസ്ഥയിൽ ഇഷ്ടക്കേടുകൾ ആയിരുന്നു മാറിയേക്കാം എന്ന്… ഒരു നിമിഷം എങ്കിലും മുന്പേ എനിക്കരികിൽ എത്തണമെന്ന് ആഗ്രഹിച്ചു ഓടി അണഞ്ഞപ്പോൾ പക്ഷെ ഹരിയേട്ടന് എന്നിൽ നിന്നും അകന്നു നിൽക്കേണ്ടി വന്നു…

എന്റെ അടുത്തേക്ക് വരാൻ ഭയന്ന് മാറി നിൽക്കുന്ന ഹരിയേട്ടനെ കണ്ടപ്പോൾ ഞാൻ അരികിലേക്ക് വിളിച്ചെങ്കിലും മാമി സമ്മതിച്ചില്ല… ഇനിയും ശർധിക്കാനാണോ… കുറച്ചു മാറി നിന്നു കാണാമല്ലോ… ശര്ദില് ഒക്കെ മാറുമ്പോൾ അടുത്ത് ചെല്ലാം…

ക്ഷീണത്തിൽ കണ്ണടയുമ്പോൾ ഹരിയേട്ടനെ വിളിച്ചു അടുത്തു കിടക്കാൻ ഓർമിപ്പിച്ചു.. ഉറക്കത്തിൽ എപ്പോഴോ ഒരു കൈ വന്നു എന്റെ വയറിനെ പൊതിയുന്നത് അറിഞ്ഞു… ആ കയ്യിൽ കൈ ചേർത്ത് ഉറങ്ങി…

ഭർത്താവിന്റെ കരുതലും സ്നേഹവും മനസ്സ് ആഗ്രഹിക്കുമ്പോഴും ശരീരം ചിലപ്പോൾ അതിനു അനുവദിക്കാതെ വരുന്ന അവസ്ഥ എത്ര വേദനാജനകം ആണെന്നോ… അതൊരു പക്ഷെ സ്ത്രീയേക്കാൾ പുരുഷനെ ബാധിച്ചേക്കാം… തന്റെ ഭാര്യയോട്, തന്റെ കുഞ്ഞിനോട് ഉള്ളിലെ സ്നേഹം പ്രകടിപ്പിക്കാനാവാതെ നിൽക്കേണ്ടി വരുന്ന അവസ്ഥ…. എനിക്ക് ബുദ്ധിമുട്ട് ആവാത്ത വിധം ഹരിയേട്ടൻ ഞാൻ ഉറങ്ങുമ്പോൾ മാത്രം അരികിലേക്ക് വന്നു…ഉറങ്ങി കിടക്കുന്ന എന്നോടും കുഞ്ഞിനോടും സംസാരിച്ചു… നീര് വന്നു വീർത്ത കാൽ പാദങ്ങൾ തലോടി തന്നു..

ഏഴുമാസം കഴിഞ്ഞപ്പോഴേക്കും വയറു നന്നായി വീർത്തു വന്നു… വയറു കണ്ടു മാമി പെണ്കുഞ്ഞാണെന്ന് ഉറപ്പിച്ചു.. poഹരിയേട്ടൻ പിന്നെ കുഞ്ഞിനുള്ള പേരുകൾ അന്വേഷിച്ചു തുടങ്ങി… അപ്പോഴാണ് അച്ഛൻ വന്നത്… ചടങ്ങിന് കൊണ്ട് പോവണം എന്ന് അറിയിക്കാൻ.. പോകുവാൻ എനിക്കൊട്ടും ആശയുണ്ടായിരുന്നില്ല… പറഞ്ഞയക്കാൻ ഹരിയേട്ടനും…

ഒടുവിൽ ചടങ്ങിന് കൊണ്ട് പോയി കുറച്ചു ദിവസം കഴിഞ്ഞു തിരികെ കൊണ്ടുവരാം എന്ന ഉറപ്പിൽ ഹരിയേട്ടൻ സമ്മതിച്ചു…

വീട്ടിലേക്ക് കൊണ്ട് പോകുന്ന ദിവസം രാവിലെ തന്നെ അച്ഛനും അമ്മയും ഗൗതമനും എത്തി… നെറുകിൽ എണ്ണ ഒഴിച്ചു മുഖത്തും ദേഹത്തും മഞ്ഞൾ പുരട്ടി മാമിയും അമ്മയും കുളിപ്പിച്ചു.. മാമ്പഴ മഞ്ഞ നിറമുള്ള ചുവന്ന കസവുള്ള സാരീ ഉടുപ്പിച്ചു.. വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങൾ എല്ലാം ധരിപ്പിച്ചു…ഹരിയേട്ടൻ അരികിലേക്ക് വന്നു സിന്ദൂരം നെറുകിൽ അണിയിച്ചു.. എന്തോ ഒരു ഭയം ഉള്ളിൽ കടന്നു കൂടി… കണ്ണുകൾ നിറഞ്ഞു… അത് ഹരിയേട്ടനിൽ നിന്ന് മറയ്ക്കാനായി താഴേക്ക് നോക്കി…

കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ നിന്ന് മാമിക്ക് ദക്ഷിണ നൽകി.. മാമി ചുറ്റിപിടിച്ചു കണ്ണ് നിറച്ചു പോയി വാ എന്ന് പറഞ്ഞു.. പടിക്കെട്ടിറങ്ങുമ്പോൾ ഹരിയേട്ടൻ തോളിൽ ചേർത്ത് പിടിച്ചു പതിയെ ഇറക്കി…

ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോൾ ഭയം കൂടി വന്നു… കാറിന്റെ പുറകിലെ ഡോർ തുറന്നു എന്നെ കയറ്റി ഇരുത്തി.. മറു വശത്തു കൂടി അമ്മയും കയറി…മുന്നിൽ അച്ഛനും ഗൗതമനും കയറി വണ്ടി മുന്നോട്ടെടുത്തു.. ഞാൻ വിൻഡോയിലൂടെ തല ചരിച്ചു നോക്കി… അകന്നു തുടങ്ങിയെങ്കിലും എനിക്ക് കാണാമായിരുന്നു ഹരിയേട്ടന്റെ കണ്ണിലെ നീര് തിളക്കം…. ഹരിയേട്ടനിൽ നിന്ന് അകലും തോറും എന്നിൽ ഭയം കൂടിക്കൊണ്ടേ ഇരുന്നു..

വീട്ടിൽ എത്തുമ്പോഴേക്കും ഞാൻ ആകെ പരവശ ആയിരുന്നു… അമ്മ കൈ പിടിച്ചു അകത്തേക്ക് നടത്തി… അച്ഛൻ ഫോൺ എടുത്തു മാമിയെ വിളിച്ചു…കുറച്ചു നേരം കഴിഞ്ഞപ്പോൾ എനിക്ക് നേരെ ഫോൺ നീട്ടി….

ഗായത്രീ….ആ ഒരു വിളിയിൽ എല്ലാം അടങ്ങിയിരുന്നു.. സ്നേഹവും വാത്സല്ല്യവും വിരഹവും കരുതലും എല്ലാം..

ഉം….. മൂളാനെ എനിക്ക് ആയുള്ളൂ…

വിഷമിക്കരുത്… ഞാൻ നാളെ വരാം…

ഉം….

പിന്നെ ഒന്നും പറഞ്ഞില്ല…. മൗനം മാത്രം.. മൗനങ്ങൾ കഥ പറയവേ ഗൗതമൻ വന്നു ഫോൺ വാങ്ങി താഴെ വച്ചു…

ആ നിശ്വാസം പോലും എനിക്ക് നൽകിയിരുന്ന സുരക്ഷിതത്വം ആണ് അപ്പോൾ ഇല്ലാതായത്… എനിക്ക് ഗൗതമനോട് ആദ്യമായി നീരസം തോന്നി..

വയ്യാത്തതുകൊണ്ട് മുകളിലെ മുറിയിൽ പോയില്ല… താഴെ അകത്തളത്തിനോട് ചേർന്ന മുറിയിൽ എന്റെ തുണികൾ എല്ലാം വച്ചിരുന്നു.. കർപ്പൂരം ഇട്ടു വച്ച അച്ഛമ്മയുടെ മുണ്ടും നേര്യതും… കയ്യിലെടുത്തു വാസനിച്ചു… കൊതി തോന്നുന്നു….

അമ്മ അച്ഛനെ പിരിഞ്ഞതിൽ വിഷമിച്ചു ഇരികുമ്പോഴാണോ കുഞ്ഞാവേ ഇങ്ങനെ ഓരോ തോന്നലുകൾ.. വീർത്ത വയറിൽ കൈകൾ കൊണ്ട് തലോടി… ധരിച്ച സാരി അഴിച്ചു മാറ്റി…. നേര്യതും മുണ്ടും ധരിച്ചു.. മനസ്സ് നിറയെ വിഷമം ആയിട്ടും അമ്മ കൊണ്ട് വന്ന ചോറും ചൂട് സാമ്പാറും കണ്ടപ്പോൾ കൈകൾ അറിയാതെ കിണ്ണത്തിന് നേരെ നീണ്ടു… കുറച്ചു കഴിച്ചു മതിയാക്കി…

കിടന്നപ്പോൾ എന്തോ ബുദ്ധിമുട്ട്… കുറച്ചു നേരം എഴുന്നേറ്റ് ഇരുന്നു..പതിയെ ജനലിനരികിലേക്ക് നടന്നു.. ഏറെ നാളായി തുറക്കാത്തതിനാൽ അല്പം ബലം പ്രയോഗിക്കേണ്ടി വന്നു..തള്ളി തുറന്നപ്പോൾ വയറിൽ കൊളുത്തി പിടിക്കും പോലെ ഒരു വേദന… വയറിൽ കൈ ചേർത്ത് കുനിഞ്ഞു അടുത്തുള്ള കസേരയിലേക്ക് ഇരുന്നു… അല്പം നേരം ആശ്വസിച്ചു. പതിയെ നിവർന്നു…

പുറത്തെ കാഴ്ചകളിലേക്ക് നോക്കിയപ്പോൾ പാടിപുരക്കലേക്ക് അറിയാതെ കണ്ണ് നീണ്ടു… വരില്ലെന്ന് അറിയാമെങ്കിലും ഹരിയേട്ടനെ പ്രതീക്ഷിച്ചു…

തിരികെ വന്ന് കട്ടിലിലേക്ക് കിടന്നു ഒന്നു മയക്കം പിടിച്ചപ്പോൾ അരികിൽ ആരോ വന്നിരുന്നു..

ഉറക്ക ക്ഷീണം വിട്ടു മാറാത്ത കണ്ണുകൾ തുറന്നു നോക്കിയപ്പോൾ നിമ്മീ…കൈക്കുത്തി ആയാസപ്പെട്ട് എഴുന്നേറ്റിരുന്നു…പരിഭവം നിറഞ്ഞ മുഖം കണ്ടപ്പോൾ കൊച്ചുകുട്ടികളെ തോന്നിപ്പിച്ചു… വീർത്ത കവിളുകളിൽ പിടിച്ചു അവൾ ചോദിച്ചു.

സുഖമാണോ…

ഹ്മ്മ്… സുഖം…. സന്തോഷം…ഞാൻ നിറഞ്ഞ ചിരിയോടെ അവളോട് പറഞ്ഞു.

പിന്നെ ഏറെ നേരം സംസാരിച്ചു കൊണ്ടേ ഇരുന്നു…എന്റെ സംസാരത്തിൽ മുഴുവൻ ഹരിയേട്ടൻ മാത്രം നിറഞ്ഞു നിന്നത് അത്ഭുതത്തോടെ അവൾ ശ്രദ്ധിച്ചു… എന്നിൽ ഹരിയേട്ടൻ എത്രത്തോളം വേരാഴ്ത്തി എന്ന് അവൾക്ക് മനസിലായിട്ടുണ്ടാവണം…

നിനക്കുള്ളത് ഹരിയേട്ടൻ ആണ്….. ആയിരുന്നു….. മറിച്ചു ആയിരുന്നെങ്കിൽ നീ ഇത്രയും സന്തോഷവതി ആയിരിക്കുമോ ഗായൂ… ഇടക്ക് എന്റെ കൈകൾ കൂട്ടി പിടിച്ചു പതിയെ അമർത്തി അവൾ പറഞ്ഞു..

ഒരു മങ്ങിയ ചിരി മാത്രം സമ്മാനിച്ചു കൊണ്ട് ഞാൻ മച്ചിലേക്ക് കണ്ണ് നട്ടു..

നിമ്മിയുടെ വിവാഹം ആണ്…. ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ…

കേട്ടപ്പോൾ അമ്പരപ്പിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…

അത് പ്രതീക്ഷിച്ചെന്നവണ്ണം അവൾ പറഞ്ഞു.. ഇഷ്ടം അത് ഒരാളിലും ഉണ്ടാക്കി എടുക്കാനാവില്ല…. അത് തനിയെ രൂപപ്പെട്ടു വരേണ്ടതാണ്…ആര്യന് അത് ഒരിക്കലും എന്നോട് തോന്നിയിട്ടില്ല.. തോന്നുകയുമില്ല…പിന്നെ വീട്ടിൽ ഉള്ളവരെ വിഷമിപ്പിക്കുന്നതിൽ എന്താണ് അര്ഥമുള്ളത്…

ആര്യൻ…. ഒരു നോവാണ്…. ഇപ്പോഴും ഓർമയുണ്ട്… കണ്ണും നിറച്ചു എന്നെ നോക്കിയ നോട്ടം… പക്ഷെ പഴയതു പോലെ ഓർക്കുമ്പോൾ മനസ് വേദനിക്കുന്നില്ല… അല്ല… വേദനയുണ്ട്… അതൊരിക്കലും മാറുകയുമില്ല.. ആദ്യമായി ഇഷ്ടം തോന്നിയ ഒരാൾ….

തന്നെ അത്രമേൽ സ്നേഹിച്ചിരുന്ന, സ്നേഹിക്കുന്ന ഒരാൾ… അയാളെ കുറിച്ചുള്ള ഓർമ്മ വേദനിപ്പിക്കുക തന്നെ ചെയ്യും.. പ്രാർത്ഥനകളിൽ അയാൾ ഉൾപ്പെടുക തന്നെ ചെയ്യും…. പക്ഷെ അയാളോട് പ്രണയം തോന്നണമെന്നില്ല….
ഇഷ്ടം…. ഇഷ്ടം ഉണ്ട്… ഇപ്പോഴും ഉണ്ട്.. ഹൃദയത്തിൽ സ്ഥാനവും ഉണ്ട്.

പക്ഷെ ഹരിയേട്ടനോടുള്ളത് പോലെ അല്ല…ഹരിയേട്ടൻ ആണെന്റെ പ്രണയം…. എന്റെ സിരകളിൽ കലർന്നുപോയ, എന്നിൽ നിന്ന് മരണത്തിന് മാത്രം പറിച്ചെടുക്കാനാവുന്ന പ്രണയം…

നിമ്മി യാത്ര ചോദിച്ചു ഇറങ്ങി…

രാത്രിയിൽ ചിന്ത മുഴുവൻ ഹരിയേട്ടനെ കുറിച്ച് ആയിരുന്നു.. ഒരു വേള ഹരിയേട്ടനെ ഞാൻ സ്വീകരിച്ചിരുന്നില്ല എങ്കിൽ എന്താവുമായിരുന്നു…. ഞാൻ ഇല്ലാതെ ഹരിയേട്ടൻ എന്ത്‌ ചെയ്യുമായിരുന്നു..വേറെ വിവാഹം കഴിക്കുമായിരുന്നോ അതോ,….

ആ ഓർമയിൽ പോലും ഞാൻ നടുങ്ങി പോയി.. നിർത്താതെ പുറത്തു വന്ന കണ്ണീർ തടുക്കാനാവാതെ ഞാൻ ദുർബല ആയി……

ഹരിയേട്ടന്റെ ചൂട് പറ്റാതെ ഉറങ്ങാനാവാതെ ഏറെ നേരം ബുദ്ധിമുട്ടിയപ്പോൾ ഞാൻ അറിഞ്ഞിരുന്നോ ഇനി ഒരിക്കലും എനിക്ക് അതിനു സാധിക്കില്ലെന്ന്…. കാലം എനിക്ക് കാത്തു വച്ചിരിക്കുന്ന ദുരന്തം എന്താണെന്ന്…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *