കാലം കാത്തുവച്ചത് ~ ഭാഗം 27, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ദച്ചു അമ്പലത്തിൽ പോവണം എന്ന് പറഞ്ഞുള്ള വാശിയിൽ ആണ്… അത് കണ്ടിട്ടാവണം അമ്മയും പറഞ്ഞു ഒന്ന് പോയി വാ മോളെ…

ദൈവങ്ങളോടെല്ലാം പിണക്കമാണ്… എന്റെ സന്തോഷങ്ങൾ എല്ലാം കട്ടെടുത്തതിൽ… ആ മുഖങ്ങൾ ദർശിക്കാൻ ഒരു താല്പര്യവും ഇല്ലായിരുന്നു… പക്ഷെ ദച്ചു വാശിപിടിച്ചപ്പോൾ പോവാമെന്ന് സമ്മതിച്ചു… ഒരു മുണ്ടും നേര്യതും ഉടുത്തു മുടി കുളിപ്പിന്നൽ കെട്ടി ദച്ചുവിന്റെ വിരലിൽ പിടിച്ചു ക്ഷേത്രത്തിലേക്ക് പോവാൻ ഇറങ്ങി…

പടിപ്പുര കടന്നു വഴിക്ക് അപ്പുറമുള്ള പാടവരമ്പിലൂടെ നടന്നു… ദച്ചു എന്റെ മുന്നിലായി നടന്നു.. എന്നോട് ഓരോ വിശേഷങ്ങൾ പറയുന്നുണ്ട്.. എല്ലാം കേട്ട് ഇടയ്ക്കു ഓരോ മൂളലുകൾ തിരിച്ചു നൽകി നടന്നു… ക്ഷേത്രത്തിൽ നിന്ന് ദേവസ്തുതികൾ ഒഴുകിവരുന്നത് കേൾക്കാൻ തുടങ്ങി… മതിൽകെട്ടിന് പുറത്ത് ചെരുപ്പ് അഴിച്ചു വച്ചു ക്ഷേത്ര കുളത്തിൽ ഇറങ്ങി കാൽ നനച്ചു ദച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചു വെള്ളം നിറഞ്ഞ കല്പടവിലേക്ക് ഇറക്കി..

പുലർകാലം ആയിരുന്നിട്ടും കുളത്തിലെ വെള്ളത്തിനു ചെറു ചൂടായിരുന്നു.. മുണ്ടിന്റെ തുമ്പ് കുറച്ചു പൊക്കി പിടിച്ചു ഒരു കയ്യിൽ ദച്ചുവിനെയും പിടിച്ചു പടവുകൾ കയറി.. പ്രധാന വാതിലിനു മുന്നിൽ എത്തിയപ്പോൾ ദച്ചുവിന്റെ ഷർട്ട്‌ അഴിച്ചു ഉള്ളിലേക്ക് നടത്തി.. കരിങ്കൽ പാളികൾ വിരിച്ച നടപ്പാതയിലൂടെ നഗ്നപാദയായി നടക്കുമ്പോൾ പാദത്തിലൂടെ അരിച്ചു കയറിയ തണുപ്പ് മനസ്സിനെ പോലും കുളിർപ്പിക്കുന്നതായിരുന്നു…

ഉപദേവതകളെ തൊഴുത് ശ്രീ കോവിലിനു മുന്നിലേക്ക് നിന്നു ദച്ചുവിനോട് കൈകൾ കൂപ്പി പ്രാർത്ഥിക്കുവാൻ പറഞ്ഞു ഞാൻ നേരെ നിന്നു കണ്മുന്നിൽ തെളിഞ്ഞ സർവ്വാഭരണ വിഭൂഷിതയായ ദേവിക്കു മുന്നിൽ കൈകൾ കൂപ്പി കണ്ണുകൾ അടച്ചു.. ഒരുപാട് തവണ ഓരോ മോഹങ്ങൾ പ്രാര്ഥനകളായി ദേവിക്ക് മുന്നിൽ അർപ്പിച്ചിരുന്ന ഒരു പെൺകുട്ടി മനസ്സിലേക്ക് കയറി വന്നു..

എന്റെ വിഷമങ്ങളും സന്തോഷങ്ങളും എല്ലാം ഞാൻ പങ്കുവെച്ചിരുന്നതല്ലേ.. ഓർമ്മ വച്ച കാലം മുതൽ ഞാൻ ഓടി വന്നിരുന്നത് ഈ നടയിലേക്ക് അല്ലെ.. എന്നിട്ടൊരു ദാക്ഷിണ്യവും കൂടാതെ എന്നെ കൈവിട്ടില്ലേ.. എല്ലാ സന്തോഷങ്ങളും കാണിച്ചു ഒടുവിൽ എന്നിൽ നിന്നും എല്ലാം തട്ടിയെടുത്തില്ലേ..

എന്നിട്ടെന്താണ് കിട്ടിയത്.. എത്ര ജന്മങ്ങൾ ആണ് അനാഥമായത്… ഇറുക്കി അടച്ച കണ്ണുകൾക്കിടയിലൂടെ കണ്ണുനീർ ഇടതടവില്ലാതെ ഒഴുകി… ദച്ചു കൈകളിൽ പിടിച്ചു കുലുക്കിയപ്പോഴാണ് കണ്ണു തുറന്നത്..

കണ്ണുകൾ അമർത്തി തുടച്ചു പ്രദക്ഷിണം ചെയ്തു പുറത്തേക്ക് ഇറങ്ങി… പുറത്ത് പീഠത്തിൽ വച്ചിരുന്ന ചന്ദനം എടുത്തു നെറ്റിയിൽ വരച്ചു.. ദച്ചുവിന്റെ നെറ്റിയിലും ഒരു ഗോപികുറി തൊട്ടു.. തൊട്ടടുത്തുള്ള സിന്ദൂരം വിരലിലെടുത്തു നെറ്റിയിലേക്ക് എത്തിയപ്പോഴാണ് ഒരു വിങ്ങലായി ചില ഓർമ്മകൾ കടന്നു വന്നത്…നെറ്റിയിലേക്ക് ഉയർന്നു വന്ന കൈ ഒരു തളർച്ചയോടെ താഴ്ന്നു വന്നു..

വിരലിലെ കുങ്കുമം പീഠത്തിൽ വച്ചിരുന്ന തുണിയിൽ തുടച്ചു പുറത്തേക്ക് നടക്കുമ്പോൾ ആരോ ഓടി വന്നു കയ്യിൽ പിടിച്ചു… തിരിഞ്ഞു നോക്കിയപ്പോൾ പത്തു പതിനഞ്ചു വയസ്സ് പ്രായമായ ഒരാണ്കുട്ടിയാണ്… യാതൊരു പരിചയവും ആ മുഖത്ത് നോക്കിയപ്പോൾ എനിക്ക് തോന്നിയില്ല.. ഞാൻ ശങ്കിച്ചു നോക്കി നിൽക്കവേ എന്റെ മനസ്സിൽ എന്നും ഒരു ഈർച്ചവാൾ പോലെ മുറിവേൽപ്പിക്കുന്ന വാക്കുകളുടെ ഉടമ എന്റെ മുന്നിലേക്ക് വന്നു..

ഗായത്രീ…. എന്നെ ഓർമ്മയുണ്ടോ.. മങ്ങിയ ഒരു ചിരി മുഖത്ത് വരുത്തി എന്നോട് അവൾ ചോദിച്ചു…

ഞാൻ രമേശന്റെ ഭാര്യ ആയിരുന്നു… ഇത് എന്റെ മോനാണ്… അവൾ തന്നോളം എത്തിയ ആ ആൺകുട്ടിയെ അവളോട് ചേർത്തു പറഞ്ഞു…

ഞാൻ അതിശയത്തോടെ ആ കുട്ടിയെ നോക്കി… അറിയാതെ കൈകൾ വയറിലേക്ക് നീങ്ങി… എന്റെ കുഞ്ഞ്…. എന്റെ കുഞ്ഞിനും ഈ പ്രായം ആകുമായിരുന്നു.. ഉള്ളിലെ മുറിവുകളിൽ വീണ്ടും നീറ്റൽ ഉയർന്നു..

ഗായത്രിക്ക് തിരക്ക് ഇല്ലെങ്കിൽ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു.. പുറത്തേക്ക് നിൽക്കാമോ..

മറുത്തൊന്നും പറയാനാവാതെ ഞാൻ നിൽകുമ്പോൾ അവളുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ദച്ചുവിന്റെ കൈ പിടിച്ചു ക്ഷേത്രത്തിനുള്ളിൽ ഓടി നടന്നു…

ഞാൻ അവൾക്കു പുറകെ ചുറ്റമ്പലത്തിനു പുറത്തേക്ക് നടന്നു..

പുറത്തുള്ള ആല്മരത്തിനു ചുവട്ടിലെ തറയിൽ അവൾ ഇരുന്നു.. ഞാൻ തീർത്തും നിർവികാരമായി നിന്നു.. അവൾ എന്റെ കൈകൾ പിടിച്ചു ഒരു തുടക്കത്തിനായി കാറ്റിൽ പാറുന്ന ആലിലകളിലേക്ക് ദൃഷ്ടി പതിപ്പിച്ചു ഒരു ദീർഘ നിശ്വാസം എടുത്തു…

ഞാൻ പ്രസവ ശേഷം ഗായത്രിയെ കുറേ അന്വേഷിച്ചിരുന്നു.. ഒരിക്കൽ വീട്ടിലേക്ക് വന്നിരുന്നു… അപ്പോൾ അറിഞ്ഞു ഗായത്രിക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആണെന്ന്… ഗായത്രിയുടെ കുഞ്ഞിനെ നഷ്ടമായെന്ന്… ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ കൂടി അതിനൊരു കാരണം ആയിട്ടുണ്ട്..

സത്യത്തിൽ അന്ന് എന്താണ് സംഭവിച്ചതെന്ന് ഞാൻ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു..

അന്ന് സംഭവിച്ചതിൽ ഹരിയേട്ടന്റെ യാതൊരു തെറ്റും അല്ലെന്നും… സാഹചര്യം കൊണ്ട് ഹരിയേട്ടന് അങ്ങനെ ചെയ്യേണ്ടി വന്നതാണെന്നും അറിഞ്ഞപ്പോൾ…. ഞാൻ നിനക്ക് നേരെ ഉതിർത്ത ശാപങ്ങൾ എല്ലാം എന്നെ തിരിഞ്ഞു കൊത്തുന്നതായി എനിക്ക് തോന്നി…

ഒരിക്കൽ കൂടെ നടന്ന രമേശേട്ടൻ ഹരിയേട്ടനെ ചതിക്കും എന്ന് ഒരിക്കലും ഹരിയേട്ടൻ കരുതിയിരിക്കില്ല…അന്ന് ഹരിയേട്ടനോടുള്ള ദേഷ്യം തീർക്കാൻ പാർട്ടിക്കാർ രമേശേട്ടനെ കരുവാക്കിയതാണ്… ഹരിയേട്ടൻ പഴയതു പോലെ ആയിരുന്നു എങ്കിൽ ഒരാൾ പോലും അവിടെ നിന്നും പോകില്ലായിരുന്നു… പക്ഷെ ഒഴിഞ്ഞു മാറാൻ മാത്രമാണ് ഹരിയേട്ടൻ ശ്രമിച്ചത്… പക്ഷെ ഗായത്രിയുടെ അച്ഛനെ കുത്തിയത് നേരിൽ കണ്ടപ്പോൾ സഹിക്കാതെയാണ് ഹരിയേട്ടൻ അന്ന് രമേശേട്ടനെ തിരിച്ചു കുത്തിയത്…

അതിൽ ഹരിയേട്ടന്റെ യാതൊരു തെറ്റും ഇല്ല ഗായത്രീ…. ആ സ്ഥാനത്തു ആരായിരുന്നെങ്കിലും അങ്ങനെയേ ചെയ്യൂ… പക്ഷെ തെറ്റ് സംഭവിച്ചത് എനിക്കാണ്…സത്യങ്ങൾ തിരിച്ചറിയാതെ ഞാൻ എന്തൊക്കെയോ ഗായത്രിയോട് വിളിച്ചു പറഞ്ഞു… എന്നെ പോലെ നീയും ഒരു ഗർഭിണി ആണെന്നും ഭർത്താവിന്റെ സാമീപ്യവും സ്നേഹവും നിനക്കും നിഷേധിക്കപ്പെട്ടു എന്നും ഞാനും ഓർക്കേണ്ടതായിരുന്നു…

പക്ഷെ ഞാൻ ആരെക്കുറിച്ചും ഓർത്തില്ല ഗായത്രീ… എന്റെ വേദനകൾ നിനക്ക് മേൽ ശാപങ്ങളായി ചൊരിഞ്ഞു തീർക്കാനാണ് ഞാൻ ശ്രമിച്ചത്…

വൈകിപ്പോയി ഞാൻ ഗായത്രി…. സത്യങ്ങൾ തിരിച്ചറിയാൻ…

എല്ലാം ബോധ്യമായപ്പോൾ എന്റെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്നു വന്നു… എന്നെയും മോനെയും കൂടെ കൂട്ടി… രമേശേട്ടനെക്കാൾ എന്നെ സ്നേഹിക്കുന്നൊരാൾ… ഞങ്ങൾക്ക് മറ്റൊരു കുഞ്ഞും ജനിച്ചു… പക്ഷെ അപ്പോഴും ഞാൻ നിന്നെ അന്വേഷിക്കാറുണ്ട് ഗായത്രീ…

എനിക്ക് സംഭവിച്ച തെറ്റിന് നിനക്ക് നഷ്ടമായ നിന്റെ ജീവിതം, ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടും മറ്റൊരു ശിക്ഷാകാലം നിനക്കൊപ്പം അനുഭവിക്കുന്ന ഹരിയേട്ടൻ… എന്റെ ഉള്ളിൽ എപ്പോഴും ഒരു വേദനയാണ് നിങ്ങൾ….

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ പൊട്ടികരഞ്ഞു പോയിരുന്നു..

എന്റെ മനസ്സ് കടൽപോലെ പ്രക്ഷുബ്ധമായി…. മനസ്സിൽ ഒരു പെൺകുട്ടി അലറി കരയുന്നുണ്ടായിരുന്നു.. എല്ലാം നഷ്ടമായവളെ പോലെ…

ഞാൻ തിരിഞ്ഞു ദച്ചുവിനെ വിളിച്ചു. ഓടി അരികിൽ വന്ന ദച്ചുവിന്റെ കയ്യിൽ പിടിച്ചു മറ്റെങ്ങും നോക്കാതെ വീട്ടിലേക്ക് നടന്നു…കണ്ണിൽ വെള്ളം നിറഞ്ഞു മുന്നിലെ വരമ്പ് പലപ്പോഴും കാണാതെ കാൽ തെന്നി പൊയ്ക്കൊണ്ടിരുന്നു…ദച്ചു എന്റെ കൈ വിടുവിച്ചു മുന്നിലൂടെ ഓടി… അതൊന്നും എന്റെ ശ്രദ്ധയിൽ പെടുന്നില്ലായിരുന്നു..

വീട്ടിൽ എന്നേക്കാൾ മുൻപ് എത്തിയ ദച്ചു അമ്മയോടും ശില്പയോടും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. ആരെയും നോക്കാനോ, ആരോടും സംസാരിക്കാനോ എനിക്ക് കഴിയില്ലായിരുന്നു..

ഓടിചെന്ന് മുറിയിൽ കയറി വാതിൽ അടച്ചു കട്ടിലിലേക്ക് വീണു… കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു.. എനിക്ക് നഷ്ടമായ വർഷങ്ങൾ.ഞാൻ അകറ്റി നിർത്തിയ സന്തോഷങ്ങൾ എല്ലാം എന്നെ നോക്കി പരിഹസിച്ചു പല്ലിളിച്ചു..

മനസ്സിലെ വേദനകൾ എല്ലാം പുറം തള്ളണമെന്ന വാശിയോടെ കണ്ണുകൾ മത്സരിച്ചു പെയ്തു…

ക്ഷേത്രത്തിൽ നിന്നും വന്ന ഞാൻ മുറിയിൽ കയറി ഏറെ നേരം ആയിട്ടും കാണാതായപ്പോൾ ആവണം അമ്മ വന്നു കതകിൽ മുട്ടി വിളിച്ചു.. ഏറെ നേരം ആയപ്പോൾ മുഖം അമർത്തി തുടച്ചു ഞാൻ കതക് തുറന്നു.. കണ്ണും മുഖവും കണ്ടപ്പോൾ അമ്മ ഭയന്നു.. കുഞ്ഞീ…. എന്തെ സുഖമില്ലേ.. കണ്ണും മൂക്കും എല്ലാം ചുവന്നിരിക്കുന്നല്ലോ..

അമ്മ എന്റെ കവിളിലും നെറ്റിയിലും കൈവച്ചു പരിഭ്രാന്തിയോടെ ചോദിച്ചു.. ഞാൻ അമ്മയുടെ മാറിലേക്ക് വീണു പൊട്ടിക്കരഞ്ഞു..

എന്തെ കുഞ്ഞീ… അമ്മ എന്റെ മുഖം ഉയർത്തി പരിഭ്രമം കലർന്ന വാക്കുകളിൽ ചോദിച്ചു..

എനിക്ക് തെറ്റ് പറ്റി അമ്മേ…. എല്ലാവരെയും ഞാൻ വേദനിപ്പിച്ചു.. എന്റെ ഒരാളുടെ വാശിയും ദേഷ്യവും കാരണം, ഞാൻ ആരെയും മനസ്സിലാക്കുവാൻ തയ്യാറാവാതിരുന്നത് കാരണം…. വാക്കുകൾ ഏങ്ങലിൽ മുങ്ങി പോയി…

പോട്ടെ കുഞ്ഞീ…. ഇപ്പോ നിനക്ക് മനസിലായല്ലോ… നീ ഇങ്ങു വന്നില്ലേ… ഇനി കഴിഞ്ഞതിനെ കുറിച്ച് ഓർത്തു വിഷമിച്ചതിൽ കാര്യം ഇല്ലല്ലോ… ഇനിയുള്ള ജീവിതത്തെ കുറിച്ച് മാത്രം ഓർക്കൂ… ഇനിയും ജീവിതം ബാക്കിയാണ്… ആർക്കും ഇല്ലാതെ നഷ്ടപെടുത്തുവാനുള്ളതല്ല ജീവിതം… നിനക്കൊപ്പം ഹരിയുടെ ജീവിതം കൂടിയാണ് ഇല്ലാതാവുന്നത്… നീ നന്നായി ആലോചിക്കൂ… അതും പറഞ്ഞു അമ്മ എന്റെ തലയിൽ തലോടി പുറത്തേക്ക് ഇറങ്ങി…

അമ്മ പോയി കഴിഞ്ഞപ്പോൾ, കഴിഞ്ഞ കാലം ഓർത്തു കുറച്ചു സമയം കൂടി കിടന്നു… ഉച്ച കഴിഞ്ഞപ്പോൾ ഗൗതമനോട് പറഞ്ഞു ബസ് സ്റ്റാൻഡിൽ പോയി… ബസിൽ കയറുമ്പോൾ ഗൗതമൻ പറഞ്ഞു ചേച്ചീ…. ഹരിയേട്ടൻ പാവമാണ്…ഇനിയും അകറ്റി നിർത്തണോ…

ഞാൻ ഒന്നും മിണ്ടാതെ ബാഗും എടുത്ത് ബസിൽ കയറി.. സീറ്റിനു താഴെ ബാഗ് വച്ചു സീറ്റിലേക്ക് ചാരി ഇരുന്നു…

അമ്മയും ഗൗതമനും പറയുന്നത് ശരിയാണ്.. എനിക്കൊപ്പം ഇല്ലാതാവുന്നത്… ഇല്ലാതായത് ഹരിയേട്ടന്റെ കൂടി ജീവിതമാണ്.. എന്റെ മാത്രം തെറ്റിദ്ധാരണകളാൽ… സത്യം മനസ്സിലാക്കുന്നതിനു തയ്യാറാവാതെ നശിച്ച ചിന്തകൾക്ക് അടിമപ്പെട്ടതിനാൽ…

എനിക്ക് എങ്ങനെ സാധിച്ചു….. അത്രമേൽ സ്നേഹിച്ചൊരാളെ, പരസ്പരം മനസിലാവുമെന്ന് ധരിച്ചൊരാളെ ഏതൊരു സാഹചര്യത്തിലും കൈവിട്ടു കളയുവാൻ ആവുമോ… പക്ഷെ എനിക്ക് കഴിഞ്ഞതോ… ഞാൻ അകന്നു നിന്നതോ… എന്റെ കുഞ്ഞിനെ നഷ്ടമായപ്പോൾ ഞാൻ അനുഭവിച്ച വേദന ഹരിയേട്ടനും അനുഭവിച്ചിരിക്കില്ലേ…. എന്റെ മുന്നിൽ ഒരു കുറ്റവാളിയെപോലെ നിൽക്കേണ്ടി വന്നപ്പോൾ….. അവിടെ ഹരിയേട്ടൻ തകർന്നു പോയിരിക്കില്ലേ… എങ്കിലും ഒരിക്കൽപോലും എന്തെ ഹരിയേട്ടൻ എന്നെ കാണാൻ വന്നില്ല… അത്രക്ക് ഞാൻ വെറുത്തുപോയെന്ന് കരുതി കാണണം…

ഇനി ഒഴിഞ്ഞു നിൽക്കാനാവില്ല… ഇനിയും ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം എഴുതിചേർക്കാനാവില്ല…

ഒന്നും വേണ്ടെന്ന എന്നോട് തന്നെയുള്ള വാശി ഇവിടെ ഉപേക്ഷിക്കുമ്പോൾ എനിക്ക് നഷ്ടമായ ജീവിതം തിരികെ ലഭിക്കുമോ… മനസ്സ് നിറയെ ചിന്തകളുമായി ബസിനൊപ്പം ഞാനും മുന്നോട്ട് സഞ്ചരിച്ചു…

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *