കാലം കാത്തുവച്ചത് ~ ഭാഗം 26, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

മാറില്‍ മുഖം ചേര്‍ത്ത് കരയുന്ന ഗൗതമനോട് എനിക്ക് അതിയായ വാല്‍സല്യം തോന്നി. ഒരിക്കല്‍ പോലും എന്നോടൊരു അടുപ്പവും കാണിക്കാതിരുന്ന ചെക്കനാണ്.

രണ്ടു കുട്ടികളുടെ അച്ഛനാണെന്നല്ല. ആ കുട്ടികളുടെ ഏട്ടനാണെന്നേ തോന്നൂ ഈ പരിഭവവും കരച്ചിലും കാണുന്പോള്‍….

വിതുമ്പല്‍ മാറിയപ്പോള്‍ ഞാനവന്‍റെ മുഖം പിടിച്ചുയര്‍ത്തി. കുഞ്ഞാ……നീ എന്നോട് ക്ഷമിക്ക്….നിന്നെയും അമ്മയെയും എല്ലാവരേയും ഞാന്‍ വേദനിപ്പിച്ചു.. എന്‍റെ സ്വാര്‍ത്ഥതക്കു വേണ്ടി..

നിങ്ങളുടെ ഭാഗത്തുനിന്ന് ഒരിക്കല്‍പോലും ചിന്തിക്കാന്‍ എനിക്കായില്ല. നിങ്ങളെന്നോട് കാണിക്കുന്ന സ്നേഹം അതേ അളവില്‍ തിരിച്ചു നല്‍കുവാനായില്ല.

ചേച്ചീ…ഇനിയൊന്നും പറയരുത്…അനാഥയെപോലെ ഞങ്ങളില്‍ നിന്നും അകന്നുമാറി ജിവിക്കുന്നത് കണ്ടതിലുള്ള വിഷമത്തില്‍ ……അതുകൊണ്ടാണ് ചേച്ചീ…. ഞാനും…. ഇനി അങ്ങനെ ജീവിക്കാൻ അനുവദിക്കില്ല… ഞങ്ങൾക്ക് വേണം ചേച്ചിയെ…

നിർബന്ധത്തോടെ തലയാട്ടി അവൻ പറയുന്നത് കണ്ടപ്പോൾ വാശിപിടിച്ചു ചുണ്ടുളുക്കുന്ന കുഞ്ഞിനെ പോലെ തോന്നി….

ഇല്ല… ഇനി നിങ്ങളെ ഒന്നും ഞാൻ വിഷമിപ്പിക്കില്ല… നീ ഇങ്ങനെ കൊച്ചു കുഞ്ഞുങ്ങളെ പോലെ ആവല്ലേ കുഞ്ഞാ.. ഞാൻ വാത്സല്യത്തോടെ അവന്റെ താടിയിൽ പിടിച്ചു വലിച്ചു…

അവന്റെ മുഖത്ത് ചിരി വിരിഞ്ഞു…

എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് ഇറങ്ങാൻ പോയ ഗൗതമൻ ഒരു നൊടി നിന്നു എന്നെ തിരിഞ്ഞു നോക്കി…

ചേച്ചീ…..

ഹരിയേട്ടനെ കുറിച്ച് ചേച്ചി ഒന്നും ചോദിച്ചില്ലല്ലോ… ചേച്ചിക്ക് അറിയണ്ടേ…

ഹരിയേട്ടൻ….

നാളെ സംസാരിക്കാം കുഞ്ഞാ… എനിക്ക് നല്ല ക്ഷീണം…

അവനിൽ നിന്നും മുഖം ഒളിപ്പിക്കുന്നതിനായി ഞാൻ തിരിഞ്ഞു നിന്ന് പറഞ്ഞു..

ഹ്മ്മ്…..

അവൻ ഒന്ന് മൂളിക്കൊണ്ട് താഴേക്ക് പോയി… വാതിൽ അടച്ചു കട്ടിലിൽ വന്ന് ഇരുന്നപ്പോൾ കാതിൽ മുഴുവൻ ഹരിയേട്ടൻ എന്ന ഒറ്റ വാക്ക് ആയിരുന്നു..

ഹരിയേട്ടൻ… എവിടെയായിരിക്കും.. എന്തെ ഞാൻ അന്വേഷിച്ചില്ല.. അറിയണമെന്ന് തോന്നിയില്ല???

നെഞ്ചാകെ ഒരു നോവ് പടർന്നു… അത്രമേൽ ശക്തമായൊരു നോവ്..

കൈകൾ ചുരുട്ടി നെഞ്ചോടു ചേർത്തു വച്ചു കട്ടിലിൽ ഇരുന്നു..

നേരം നന്നേ വെളുത്തപ്പോഴാണ് കണ്ണുകൾ തുറന്നത്. ചുമരിലെ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം എട്ട് കഴിഞ്ഞിരുന്നു…

ധൃതിയിൽ എഴുന്നേറ്റ് സാരി നേരെയാക്കി ബാത്‌റൂമിലേക്ക് പോയി.. കുളിച്ചു താഴേക്ക് പോയപ്പോൾ അമ്മയും ശിൽപയും ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു…

എന്നെ കണ്ടപ്പോൾ ശില്പ ഒരു ഗ്ലാസിൽ ചായ പകർന്നു കയ്യിൽ തന്നു..

കുഞ്ഞുങ്ങൾ എവിടെ ശില്പ്പേ…

ഉമ്മറത്തു ഏട്ടന്റെ അടുത്ത് ഉണ്ട്… അച്ഛനും മക്കളും തമ്മിൽ കളിയിൽ ആണ്…

ഞാൻ അടുക്കളയിൽ സഹായിക്കാൻ നോക്കിയപ്പോൾ അമ്മയും ശില്പയും സമ്മതിച്ചില്ല…

ഞാൻ ചായയുമായി ഉമ്മറത്തേക്ക് വന്നു.. അച്ഛന്റെ ചാരുകസേരയിൽ കിടന്നു കുഞ്ഞിനെ കൊഞ്ചിക്കുകയാണ് ഗൗതമൻ… ദച്ചു മുറ്റത്തു സൈക്കിൾ ചവിട്ടുന്നുണ്ട്… അര തിണ്ണയിൽ ഇരുന്ന് ഞാൻ ഗൗതമനെയും കുഞ്ഞിനേയും നോക്കി…

കുഞ്ഞാ വാവയെ എന്താ വിളിക്കുന്നത്.. കണ്ണൻ ന്നാ വിളിക്കണേ ചേച്ചി..

ചേച്ചി എടുക്കുന്നോ… ഞാൻ ചായ ഗ്ലാസ്‌ തിണ്ണയിൽ വച്ചു ഗൗതമന്റെ അടുത്ത് ചെന്ന് കണ്ണനെ എടുത്തു… ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി ചുണ്ട് നീട്ടി കരയാൻ നോക്കിയെങ്കിലും പിന്നെ എന്തോ വേണ്ടെന്ന ധാരണയിൽ കണ്ണൻ എന്റെ നെഞ്ചിലേക്ക് പറ്റിചേർന്ന് കഴുത്തിലെ മാലയിൽ വിരലുകൾ കോർത്തു….

ആഹാ… കണ്ണൻ മാമിയോട് കൂട്ടായല്ലോ… ആരുടേയും കൂടെ പോവാത്ത ആളാ…അതിശയത്തോടെ ഗൗതമൻ പറഞ്ഞു…..

ഞാൻ ഹൃദയം നിറഞ്ഞ സന്തോഷത്തിൽ കുഞ്ഞിനെ ചേർത്തു പിടിച്ചു… എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് കണ്ണൻ എന്നിലേക്ക് കൂടുതൽ ചേർന്ന് കിടന്നു.

അത് കണ്ടിട്ടാവണം ദച്ചു കുശുമ്പ് കാണിച്ചു എന്റെ അരികിൽ വന്നു… എന്നോട് ചേർന്ന് നിന്നു…മറുകൈ കൊണ്ട് ദച്ചുവിനെ എന്നോട് ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.. എന്നിലേക്ക് എത്താതെ മടങ്ങി പോയ വസന്തം കാലം തെറ്റി എത്തിചേർന്ന സന്തോഷം…

ഭക്ഷണം കഴിക്കുമ്പോഴും രണ്ടാളും എന്റെ അരികിൽ നിന്നും മാറിയില്ല… ഞാനും അവർക്കൊപ്പം നിന്നു…എങ്ങും മാറാതെ… ഉച്ചയ്ക്ക് ഒന്നിച്ചു മയങ്ങാൻ കിടന്നു.. കുഞ്ഞുങ്ങൾ ഉറങ്ങിയിട്ടും ഉറങ്ങാനാവാതെ ഞാൻ ഇരുവരെയും നോക്കി കിടന്നു.. വാതിൽക്കൽ ആളനക്കം കണ്ടു നോക്കിയപ്പോൾ മാമി… മുടിയെല്ലാം നരച്ചു ഒരുപാട് വയസ്സായതു പോലെ.. ഞാൻ കുഞ്ഞുങ്ങളെ എഴുന്നേൽപ്പിക്കാതെ ശ്രദ്ധയോടെ എഴുന്നേറ്റ് മാമിക്ക് അരികിലേക്ക് നടന്നു…

ഗൗതമൻ ഫോൺ ചെയ്തപ്പോഴാ കുഞ്ഞി വന്നത് അറിഞ്ഞത്… അപ്പോ തന്നെ പോന്നു… എത്ര വർഷം കഴിഞ്ഞു ഒന്ന് കണ്ടിട്ട്…. അത്രയും വെറുത്തോ കുഞ്ഞീ…. വേദന നിറഞ്ഞവാക്കുകൾ പെറുക്കി മാമി ചോദിച്ചു..

എനിക്ക് ഇവിടെ നിൽക്കുവാൻ ആവില്ലായിരുന്നു മാമി… കുത്തിനോവിക്കുന്ന ഓർമകളിൽ നിന്ന് എനിക്ക് ഒരു മോചനം വേണമായിരുന്നു…

അതിനു ഒരുപാട് അലഞ്ഞു.. പക്ഷെ എന്റെ അഭാവം നിങ്ങൾക്ക് നൽകുന്ന വേദന… അത് മാത്രം ഞാൻ ഓർത്തില്ല മാമി…

മാമിയുടെ കൈകൾ കൂട്ടിപിടിച്ചു ക്ഷമ ചോദിക്കും വിധം ഞാൻ പറഞ്ഞു…

നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ചു മാമി എന്റെ കവിളിൽ തലോടി…

ഞാൻ താഴെ കാണും…. എന്നു പറഞ്ഞു താഴേക്ക് നടന്നു.

ഞാൻ കണ്ണനെ എടുത്തു ചുമരിനടുത്തേക്ക് നീക്കി കിടത്തി.. ദച്ചുവിനെ കണ്ണന് അരികിലേക്ക് കിടത്തി വീഴാതിരിക്കാൻ തലയിണ വച്ചു.. മുറിയിൽ നിന്നും താഴേക്ക് ഓടിയിറങ്ങി.. അമ്മയും മാമിയും അടുക്കള തിണ്ണയിൽ ഇരുന്നു സംസാരിക്കുകയായിരുന്നു.. ഞാൻ അവർക്ക് അരികിലേക്ക് നടന്നു.. താഴെ പടിയിൽ ഇരുന്ന് മാമിയുടെ മടിയിലേക്ക് തല ചായ്ച്ചു.. മാമി ഒരു ചിരിയോടെ എന്റെ മുടിയിലെ ഉടക്കുകൾ വിടർത്താൻ തുടങ്ങി… അടുക്കള മുറ്റത്തു ചിക്കി പെറുക്കുന്ന കോഴികളെ നോക്കി ഇരിക്കുമ്പോൾ അമ്മയും മാമിയും എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിച്ചതേയില്ല… ഇടയ്ക്കു മാമി ഹരി എന്ന് പറയുന്നത് കേട്ടപ്പോഴാണ് ശ്രദ്ധ അവരിലേക്ക് തിരിഞ്ഞത്…

അവനോട് പറഞ്ഞിട്ടില്ല കുഞ്ഞി വന്ന വിവരം…. കുഞ്ഞിക്ക് ഇഷ്ടമാകുമോ എന്ന് അറിഞ്ഞുടല്ലോ… ഒരുപാട് വിഷമങ്ങൾ അനുഭവിച്ചതല്ലേ… ഇനി കുഞ്ഞിക്ക് ഇഷ്ടം ഇല്ലാത്തതൊന്നും നടക്കരുതെന്ന് തോന്നി… മാമി അമ്മയോട് പറഞ്ഞുകൊണ്ട് തലയിൽ വിരലുകൾ കൊണ്ട് തലോടി..

ഹരി ഇപ്പോൾ ജോലിക്ക് പോവുന്നില്ലെ..

ഹ്മ്മ്…. ഒരു ട്യൂട്ടോറിയൽ കോളേജിൽ പോകുന്നുണ്ട് അവിടെ അടുത്തു തന്നെ… വയസ്സായി വരികയല്ലേ… ഇനിയും അകന്ന് ഇരിക്കാൻ വയ്യ… ഞാൻ പറയുന്നതിന് മുന്പേ അവൻ തീരുമാനിച്ചിരുന്നു…. ഇപ്പൊ കുട്ടികളെ പഠിപ്പിച്ചും കൃഷി നോക്കിയും നടക്കുകയാണ്..

ഹ്മ്മ്…. എന്നാലും എങ്ങനെ ജീവിക്കേണ്ടതാ നമ്മുടെ മക്കൾ…… അമ്മ ഗദ്ഗദത്തോടെ പറഞ്ഞു..

ഓഹ് അപ്പോൾ ഹരിയേട്ടനും ഞാൻ ഇല്ലാതെ തനിയെ ജീവിക്കുവാൻ പഠിച്ചു അല്ലെ… അതെ.. അതാണ്‌ നല്ലത്… ഹരിയേട്ടനെ ജീവനിൽ നിറച്ചു നടക്കുന്ന പഴയ ഗായത്രിയിലേക്ക് ഒരു തിരിച്ചു പോക്ക് എനിക്കുണ്ടാവില്ല… അപ്പോൾ പിന്നെ ഹരിയേട്ടന്റെ തീരുമാനങ്ങൾ തെറ്റല്ലല്ലോ… എങ്കിലും മറ്റൊരു വിവാഹത്തിന് തയ്യാറാവാമായിരുന്നു…. മാമിക്കും ആഗ്രഹങ്ങൾ കാണില്ലേ… അങ്ങനെ ചിന്തിക്കുമ്പോഴും മനസ്സിൽ നല്ല നീറ്റൽ ഉണ്ടായിരുന്നു..

ഒരുപാട് സ്നേഹിക്കുന്നവർ തമ്മിൽ ഒരിക്കലും യോജിച്ചു പോവാത്ത അവസ്ഥ ഉണ്ടാകുമ്പോൾ അവർക്കിടയിലേക്ക് മറ്റെരെങ്കിലും വരേണ്ടത് അത്യാവശ്യം ആണെങ്കിലും അത് ചിന്തിക്കുന്നത് പോലും വളരെ വേദനാജനകം ആയിരിക്കും…

എങ്കിലും… എങ്കിലും ഹരിയേട്ടനെ ഒന്ന് കാണണം… കണ്ടു പറയണം… മാമിയെ ഇനിയും വേദനിപ്പിക്കരുത് എന്ന്.. മറ്റൊരാളെ ആ ജീവിതത്തിലേക്ക് കൂടെ കൂട്ടണം എന്ന്… എനിക്ക് അറിയാം ഇപ്പോഴും ആ മനസ്സിൽ ഞാൻ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന്…

പക്ഷെ, എനിക്ക് ഇനി ഹരിയേട്ടനോട് പഴയ സ്നേഹം ഉണ്ടാവുമോ… സ്നേഹം ഉണ്ട്.. പക്ഷെ പഴയ പോലെ പ്രണയം അല്ല… പ്രണയം മരിച്ചു പോയി…മറ്റൊരാളുടെ ജീവിതത്തിൽ നഷ്ടമായ സന്തോഷം എനിക്കും വേണ്ട. ഒരു അമ്മയുടെയും കുഞ്ഞിന്റെയും ജീവിതത്തിൽ കരിനിഴൽ പടർത്തി എനിക്ക് ഒരു ജീവിതം വേണ്ട എന്ന് ഞാൻ ഏറെ ആലോചിച്ചു തീരുമാനിച്ചതാണല്ലോ… ഹരിയേട്ടന് എന്നെ മനസ്സിലാവും… ഞാൻ പറഞ്ഞാൽ ഹരിയേട്ടൻ അനുസരിക്കും…എനിക്കറിയാം… എന്നെ അത്രത്തോളം ഹരിയേട്ടനു ഇഷ്ടപ്പെടമാണ്… വേദനയുള്ള കാര്യമാണ്.. പക്ഷെ, അതിലും വേദന ഹരിയേട്ടൻ ഇങ്ങനെ തനിച്ചു ജീവിക്കുമ്പോഴാണ്..

മാമി പോവാൻ ഇറങ്ങിയപ്പോൾ എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു.. ഇടയ്ക്കു അങ്ങോട്ടേക്ക് വരുമോ കുഞ്ഞീ… പറ്റുമെങ്കിൽ മാത്രം.. മാമി നിർബന്ധിക്കുന്നില്ല..

ഞാൻ ഒന്നും മിണ്ടിയില്ല… മാമി പടിയിറങ്ങി പോകുമ്പോൾ നിർവികാരമായി ഞാൻ നോക്കി നിന്നു..

സന്ധ്യക്ക്‌ ശില്പ വിളക്ക് വെക്കുന്നതും ദച്ചുവിനെയും കൂട്ടി നാമം ജപിക്കുന്നതും നോക്കി തിണ്ണയിൽ ഇരുന്നു.. മനസ്സെന്തോ ശൂന്യമായപോലെ…

ഹരിയേട്ടനെ കണ്ടിരുന്നു… ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് പോകുവാൻ നിൽക്കുക യായിരുന്നു. ചേച്ചി വന്നിട്ടുള്ള വിവരം ഞാൻ പറഞ്ഞു.. ഹരിയേട്ടന് സന്തോഷമായിട്ടുണ്ട്… അതാ മുഖത്ത് ഞാൻ കണ്ടു..

അത്താഴം കഴിക്കുമ്പോൾ ഗൗതമൻ എല്ലാവരോടുമായാണ് പറഞ്ഞതെങ്കിലും എന്നെ ഉദ്ദേശിച്ചു മാത്രമാണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി..

ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റ് മുകളിലേക്ക് പോന്നു..

ദച്ചു എന്റെ കൂടെ കിടക്കണം എന്ന് പറഞ്ഞു അടുത്തേക്ക് വന്നു.. അവനെയും ചേർത്തു പിടിച്ചു കിടക്കുമ്പോൾ മനസ്സ് നിറയെ ഹരിയേട്ടൻ ആയിരുന്നു… ഒരിക്കലും തിരിച്ചു കിട്ടാത്ത ഞങ്ങളുടെ ജീവിതവും .. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഫോണിൽ അൺനോൺ നമ്പരിൽ നിന്നും ഒരു കാൾ വന്നു.. ആദ്യമൊന്ന് ശങ്കിച്ചു എങ്കിലും എന്തോ കാൾ എടുക്കാൻ ആണ് തോന്നിയത്… ഹെലോ പറഞ്ഞിട്ടും അപ്പുറത്തെ നിശബ്ദത തുടർന്നു…

ഒരു വാക്കുപോലും മിണ്ടാതെ ആ നിശബ്ദതയിൽ ഞാൻ ആളെ തിരിച്ചറിഞ്ഞു… ഹരിയേട്ടൻ…

വാക്കുകൾ തൊണ്ടക്കുഴിയിൽ വന്നു തടഞ്ഞു നിന്നു… എത്രത്തോളം അകന്നു മാറാൻ ശ്രമിച്ചാലും ഹരിയേട്ടന്റെ സാമീപ്യം എന്നെ വീണ്ടും വലിച്ചു അടുപ്പിക്കുകയാണ്..

ഒന്നും മിണ്ടാതെ കുറച്ചു നിമിഷങ്ങൾ… സ്വയം നഷ്ടപ്പെടുമോ എന്ന് ഭയന്നു ഞാൻ ഫോൺ കട്ട്‌ ചെയ്തു ദച്ചുവിനെ ചേർത്തു പിടിച്ചു കിടന്നു.. ഉറക്കം കണ്ണുകളെ അനുഗ്രഹിക്കില്ലെന്ന് പൂർണബോധ്യം ഉണ്ടായിട്ടും…

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *