ചോദ്യങ്ങൾ ചോദിക്കുന്നവൻ അവന്റെ മന: സുഖത്തിനു ചോദിക്കുന്നതാണ്…. കേൾക്കുന്നവന്റെ മാനസികാവസ്ഥ അവനു മനസിലാവില്ല….മനസിലാക്കാനുള്ള………

ചോദ്യങ്ങൾ

Story written by Bindhya Balan

ഒരു തിരക്കുള്ള പ്ലാറ്റ്ഫോമിൽ വച്ച്ഒ രു പുതിയ സുഹൃത്തിനെ പരിചയപ്പെടുന്നു ….

“ഹായ്… പേരെന്താ.?

പേര് പറയുന്നു..

“വീടെവിടാ?”

താമസിക്കുന്ന സ്ഥലം പറയുന്നു…

“കല്യാണം കഴിഞ്ഞതാണോ?”

അതേ എന്ന് പറയുന്നു…

“അപ്പൊ വീട്ടിൽ ആരൊക്കെയുണ്ട്?”

“ഭർത്താവും ഞാനും…”

ഇനിയാണ് പാർട്ട്‌ 2 ചോദ്യങ്ങൾ

“കുട്ടികൾ എത്ര പേരുണ്ട്?

കുട്ടികൾ ആയിട്ടില്ല…..

“കല്യാണം കഴിഞ്ഞു എത്ര നാളായി?”

അടുത്ത ചോദ്യമാണ്

മൂന്ന് വർഷമായി…

“മൂന്ന് വർഷം ആയല്ലേ.. എന്നിട്ട് ഡോക്ടറെ ഒന്നും കാണിച്ചില്ലേ..? ആർക്കെങ്കിലും കുഴപ്പം ഉണ്ടോ?

ഈ രണ്ട് ചോദ്യങ്ങൾ ഒന്നിച്ചു ചോദിക്കുന്നത് രണ്ടായി ചോദിക്കാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ടാണ്..

ഉത്തരമൊന്നും കിട്ടാത്തത് കൊണ്ട് വീണ്ടും ചോദ്യം വരും

“ഏതെങ്കിലും നല്ല ഡോക്ടറേ കൊണ്ട് കാണിക്കായിരുന്നില്ലേ.. ആർക്കാ കുഴപ്പം എന്നറിയാല്ലോ…”

അപ്പൊ ഒരു ചിരിയോടെ തിരിച്ചു ചോദിച്ചു

“ഡോക്ടറെ കാണിച്ചിട്ട് ഇനി വല്ല കുഴപ്പവും ഉണ്ടെങ്കിൽ ഇവിടെ വന്ന് പറയണോ?”

“അല്ല.. അത്.. ഞാൻ വെറുതെ ചോദിച്ചു എന്നേയുള്ളു…”

ഒരളിഞ്ഞ മുഖത്തോടെ ഒരു വട്ടം തിരിയൽ കണ്ടു അന്നേരം ..

“ചോദിച്ചത് ഇഷ്ടം ആയില്ലേ?”

ഒരു ഉളുപ്പുമില്ലാതെ വീണ്ടും ചോദ്യം..

“ഒട്ടും ഇഷ്ടം ആയില്ല.. ഇനി മേലാൽ ആരോടും ഇങ്ങനെ ചോദിക്കരുത്…”

ഒന്നും മിണ്ടാതെ നിൽക്കുന്ന ചോദ്യകർത്താവിന്റെ മുഖത്തേക്ക് ഒരു ചിരിയോടെ നോക്കിയിട്ട് പറയുന്നു

“ചോദ്യങ്ങൾ ചോദിക്കുന്നവൻ അവന്റെ മന: സുഖത്തിനു ചോദിക്കുന്നതാണ്…. കേൾക്കുന്നവന്റെ മാനസികാവസ്ഥ അവനു മനസിലാവില്ല….മനസിലാക്കാനുള്ള വകതിരിവ് ഉണ്ടെങ്കിൽ ചോദിക്കില്ലല്ലോ…”

“അത്.. ഞാൻ… സോറി..”

ഓപ്പോസിറ്റ് റിയാക്ഷൻ വളരെ പരിതാപകരമാകുന്നു അപ്പോഴേക്കും….

അത് കാണുമ്പോൾ വീണ്ടും ചിരി വരുന്നു.. ആ ചിരിയോടെ തന്നെ പറയുന്നു

“ലോകത്തിലെ ഏറ്റവും ചീപ്പ് ആയ ചോദ്യങ്ങൾ ആണിത്… അന്യന്റെ സ്വകാര്യതയിലേക്കുള്ള എത്തി നോട്ടം എന്നതിനപ്പുറം യാതൊരു ഉദ്ദേശവു മില്ലാത്ത വെറും ചോദ്യങ്ങൾ……..

കുട്ടികൾ ആയോ.. ഇല്ല എന്ന് ഉത്തരം പറയുമ്പോ അടുത്ത ചോദ്യം ആണ്, കല്യാണം കഴിഞ്ഞു എത്ര നാളായി… അതിനും ഉത്തരം പറയും..

മൂന്നു കൊല്ലമായി അഞ്ച് കൊല്ലമായി പത്തു കൊല്ലമായി എന്നൊക്കെ… അപ്പൊ അടുത്ത ചോദ്യം ആണ്

ഡോക്ടറേ ഒന്നും കാണിച്ചില്ലേ? എന്തേലും കുഴപ്പം ഉണ്ടോ എന്ന്…

അതിനും അപ്പുറത്തേക്ക് ഒരുത്തരം പറയാൻ ചങ്കില് വന്ന് മുറുകുന്ന വേദന അനുവദിച്ചെന്നു വരില്ല…… ചിലർ.. ചിലർ ആ ചോദ്യങ്ങൾ തള്ളിക്കളയും..ദേ ഇത് പോലെ.. എല്ലാവർക്കും അത് സാധിച്ചെന്നു വരില്ല…”

പറഞ്ഞു നിർത്തുമ്പോഴേക്കും മുന്നിൽ നിൽക്കുന്ന ആത്മാവ് ആവിയായി ട്ടുണ്ടായിരുന്നു . ഇതിലും ഭേദം ചെകിടത്ത് ഒന്ന് കിട്ടുന്നതായിരുന്നു എന്നൊരു ഭാവം ഉണ്ടായിരുന്നു ആ മുഖത്ത് അന്നേരം…..

ആ നിൽപ്പിനെ അവഗണിച്ച്‌ നടന്നു പോകുന്നനതിനിടയ്ക്ക് തിരിഞ്ഞു നിന്ന് ഒന്ന് കൂടി പറഞ്ഞു

“കുട്ടികൾ ഉണ്ടാകാൻ വേണ്ടി കല്യാണം കഴിച്ചതല്ല സുഹൃത്തേ …. ഒരു കൂട്ട് വേണം എന്ന് തോന്നിയ രണ്ട്പേർ ഒന്നിച്ചു.. അത്ര മാത്രം.. മറ്റൊന്നിനുമല്ല, ജീവിതത്തിൽ തനിച്ചല്ല എന്ന് തോന്നാൻ….

കാലം ഓടിപ്പോകുമ്പോൾ പ്രായത്തിന്റെ അവശതകളും പേറി കാഴ്ച മങ്ങി ജരാനരകൾ വിഴുങ്ങിയ ദേഹവുമായി ഏതെങ്കിലും ഡോക്ടറുടെ മുറിക്കുള്ളിൽ ഇരിക്കുമ്പോ പുറത്ത് കാത്തിരിക്കാൻ, ഇറങ്ങി വരുമ്പോൾ കൈ ചേർത്ത് പിടിച്ചു കൊണ്ട് പോകാൻ ഒരാള് വേണം… അത് പ്രാണന്റെ പാതിയെ ആകൂ

ബാക്കിയുള്ളവരെല്ലാം ജീവിതത്തിൽ വന്നു പോകുന്ന അതിഥികൾ മാത്രമാണ്… അങ്ങനെ കരുതാൻ ആണ് ഇപ്പൊ ഇഷ്ടം….. പിന്നെ എന്റെ മകൻ.. മകൾ… അവർക്ക് ഈ ഭൂമിയിലേക്ക് എപ്പൊ വരണമെന്ന് തോന്നുന്നുവോ അപ്പൊ വരട്ടെ അവർ… അത് ചിന്തിച്ച് ആരും വ്യാകുലപ്പെടേണ്ട.. ഞങ്ങൾക്ക് ഇല്ലാത്ത സങ്കടം ഈ കാര്യത്തിൽ ഇവിടെ വേറെ ആർക്കും വേണ്ട…”

എന്നിട്ട് അതേ ചിരിയോടെ തന്നെ,ആ സുഹൃത്തിന്റെ ഒരു മറുപടിക്കോ മാപ്പ് പറച്ചിലിനോ കാത്തു നിൽക്കാതെ നടന്നു നീങ്ങുമ്പോൾ,കുഞ്ഞുങ്ങൾ ആയില്ലേ എന്ന് ആര് ചോദിച്ചാലും ആ ചോദ്യത്തിൽ വടിപ്പോകാതെ ഒരു ചിരിയോടെ ആ ചോദ്യങ്ങളെ നേരിടാൻ, അവഗണിക്കാൻ എന്നെ പ്രാപ്തയാക്കിയ ഒരുവന്റെ
ഇടം കൈ വന്നെന്റെ വലത് തോളിലൂടെ ഊർന്ന് എന്നെ ആ ഇടനെഞ്ചോട് ചേർത്തിരുന്നു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *