ജോലി ചെയ്ത് ഭാര്യയേയും മകളെയും പൊന്നുപോലെ നോക്കിയിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ആ മനുഷ്യനെ ചതിച്ച് മറ്റൊരാൾക്കൊപ്പം സുഖം തേടിപ്പോയ സ്ത്രീ…..

Story written by Sumi

” ഡോക്ടർ…… എന്റെ മനസ്സാകെ ഭയമാണ്…… ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല….. എല്ലാവരോടും ……. എല്ലാത്തിനോടും…… വെറുപ്പാണെനിക്ക്. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയാണ്…… കുയിലിന്റെ ശബ്ദവും നായ്ക്കളുടെ കുരയും…… ഒക്കെ കേൾക്കുമ്പോൾ മനസ്സാകെ അസ്വസ്ഥമാകും……. പാട്ട് കേൾക്കാനും….. സിനിമ കാണാനുമൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക്…. പക്ഷെ ഇപ്പോൾ അതിനോടെല്ലാം വെറുപ്പാണ്…… ഇരുണ്ട രാത്രികളും വെളിച്ചമില്ലാതെ അടഞ്ഞുകിടക്കുന്ന മുറികളും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു……. ഉറക്കമില്ലാതെ കിടക്കുന്ന രാത്രികളിൽ എപ്പോഴെങ്കിലും ഒന്ന് മയങ്ങുമ്പോൾ ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരുന്നു. അപ്പോൾ നെഞ്ചിടിപ്പ് വല്ലാതെ കൂടുകയും മനസ്സാകെ അസ്വസ്ഥമാകുകയും ചെയ്യുന്നു. പിന്നീട്‌ ഉറങ്ങാനാകാതെ നേരം വെളുക്കുവാൻ വേണ്ടി കാത്തിരിക്കുന്നു. എന്റെ ജീവിതത്തിൽ ആകാരണമായി എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന ഉൽക്കണ്ഠയാണ്….. എല്ലാവരിലും….എല്ലാത്തിലും സംശയമാണ്. ആരെയും വിശ്വാസമില്ല. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തൊക്കെയോ അനാവശ്യമായി ചിന്തിക്കുന്നു….. പറയുന്നു…… എന്നൊക്കെയുള്ള തോന്നലുകൾ. ഒന്നിലും മനസ്സുറച്ച് നിൽക്കാൻ കഴിയുന്നില്ല. എന്നെ സ്നേഹിക്കാൻ ആരുമില്ലെന്ന സങ്കടം. ഇതൊക്കെയാണ് ഇപ്പോൾ ഈ ഞാൻ…… എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല ഡോക്ടർ……”

സൈക്യാട്രിസ്റ്റ് അംബികയുടെ മുന്നിൽ ഇരുന്ന് അരുണ തേങ്ങി……. മനസ്സിൽ അടക്കിവച്ചിരുന്നതെല്ലാം മറ്റൊരാൾക്ക് മുന്നിൽ തുറന്നു പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.

തന്റെ മുന്നിൽ ഇരിക്കുന്ന ആ പെൺകുട്ടിയ്ക്ക് ഇരുപത്തേഴ് വയസ്സേ പ്രായമുള്ളു. ഭാവി ജീവിതത്തെക്കുറിച്ച് വല്ലാത്തൊരു ആശങ്കയാണ് അവൾക്ക്. ഇതുവരെ കടന്നുവന്ന വഴികളിൽ എവിടെയൊക്കെയോ അവളെ മാറ്റിമറിക്കുന്ന…… മനസ്സിനെ ആഴത്തിൽ മുറിവേല്പ്പിക്കുന്ന …….. ചിന്തകളെ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്…… അതെല്ലാം ആ പെൺകുട്ടിയെ ഒരു മനോരോഗിയാക്കിയിരിക്കുന്നു. ഒരുപക്ഷെ പുറത്തുനിന്ന് നോക്കിയാൽ ഒരാൾക്കും മനസ്സിലാക്കാൻ കഴിയാത്ത, ഒരു ഡോക്ടർക്ക് മാത്രം മനസ്സിലാകുന്ന ഒരു മനോരോഗത്തിന് അടിമയാണ് തന്റെ മുന്നിലിരിക്കുന്ന അരുണയെന്ന ഈ നാട്ടിൻപുറത്തുകാരി.

സങ്കടങ്ങളും അനുഭവങ്ങളും പങ്കിടാൻ ആളില്ലാതെ…. ഒറ്റപ്പെട്ടുപോകുന്ന ഏതൊരാളും എത്തിപ്പെട്ടുപോയേക്കാവുന്ന ഡിപ്രഷനും ആങ്സൈറ്റിയ്ക്കും അടിമപ്പെട്ടുപോയ ഒരു പാവം പെൺകുട്ടി. ഇരുപത്തേഴ് വയസ്സിൽ ജീവിതവും മനസ്സും മുരടിച്ചുപോയ അവളുടെ ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്…… കനൽപോലെ പൊള്ളിക്കുന്ന എന്തൊക്കെയോ അനുഭവങ്ങൾ അവളുടെ മനസ്സിന്റെ താളം തെറ്റിയ്ക്കുന്നുണ്ട്. മറ്റൊരാൾക്കും മനസ്സിലാക്കാൻ കഴിയാത്ത ആ മനസ്സിനെ അടുത്തറിയാൻ ഒരു മനോരോഗ വിധഗ്ദ്ധയായ തനിക്ക് കഴിയും….. ഡോക്ടർ അംബിക മനസ്സിൽ ഓർത്തു…..

” അരുണാ….. തന്നെ എനിക്ക് മനസ്സിലാകും…… കുട്ടിയുടെ മനസ്സ് കാണാനും അതിനുള്ള പരിഹാരം നിർദ്ദേശിക്കാനും ഒരു ഡോക്ടർ എന്ന നിലയ്ക്ക് എനിക്ക് കഴിയും. അതിന് ആദ്യം വേണ്ടത് കൗൺസിലിംഗ് ആണ്. ഞാൻ ചോദിക്കുന്നതിനെല്ലാം കൃത്യമായ മറുപടി തരണം. ജീവിതത്തിൽ സംഭവിച്ചതൊന്നും മറച്ചുവയ്ക്കാതെ എന്നോട് തുറന്ന് പറയണം….. എങ്കിൽ മാത്രമേ കുട്ടിയെ ഈ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ എനിക്ക് കഴിയൂ….” അവർ സ്നേഹത്തോടെ അവളുടെ മുഖത്തേയ്ക്ക് നോക്കി.

അവളിൽ ആശ്വാസത്തിന്റെ ഒരുതരി വെളിച്ചം കണ്ടു. ഒരുപാട് കാര്യങ്ങൾ തന്നോട് പറയാനുണ്ടെന്ന് അരുണയുടെ മുഖഭാവത്തിൽ നിന്ന് ഡോക്ടർ വായിച്ചെടുത്തു.

” ഞാൻ എല്ലാം പറയാം ഡോക്ടർ….. എനിക്ക് ഈ അവസ്ഥയിൽ നിന്ന് ഒരു മോചനം വേണം. സാധാരണ മനുഷ്യരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയണം. ഡോക്ടർ എന്നെ സഹായിക്കണം…..” അവൾ പ്രതീക്ഷയോടെ ഡോക്ടറുടെ മുഖത്തേയ്ക്ക് നോക്കി.

” തീർച്ചയായും….. കുട്ടിയെ ഞാൻ രക്ഷിക്കും….. തനിക്ക് എന്നെ പൂർണ്ണമായും വിശ്വസിക്കാം……” ഡോക്ടറുടെ വാക്കുകൾ അരുണയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകി. അവൾ തന്റെ ജീവിതം അംബികയ്ക്ക് മുന്നിൽ തുറന്നുകാട്ടി.

സാമ്പത്തികമായി സാമാന്യം തെറ്റില്ലാത്ത കുടുംബത്തിൽ ജനിച്ചവൾ. അമ്മയുടെ ദുർനടപ്പിൽ മനംനൊന്ത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന അച്ഛൻ ആത്മഹത്യ ചെയ്യുമ്പോൾ അരുണയ്ക്ക് ഏഴ് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളു. അച്ഛന്റെ മരണശേഷമുള്ള അമ്മയുടെ പുനർവിവാഹം. രണ്ടാനച്ചന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെ ഒൻപതാം വയസ്സിൽ അച്ഛമ്മയുടെ അടുത്തേയ്ക്കുള്ള രക്ഷപ്പെടൽ.
അച്ഛമ്മയും അച്ഛന്റെ പെങ്ങളും ഭർത്താവും മകൻ ആനന്ദും താമസിക്കുന്ന വീട്ടിലേയ്ക്ക് കയറിച്ചെന്ന ആ പെൺകുട്ടിയെ അവർ സ്നേഹംകൊണ്ട് പൊതിഞ്ഞു. പിന്നെ വളർന്നതും പഠിച്ചതുമൊക്കെ അച്ഛമ്മയുടെയും അച്ഛൻപെങ്ങളുടെയും സംരേക്ഷണയിലായിരുന്നു. സമപ്രായക്കാരനായ ആനന്ദ് അവളുടെ കളിക്കൂട്ടുകാരനായി. സ്നേഹം നിഷേധിക്കപ്പെട്ട ബാല്യത്തിന് പിന്നീടങ്ങോട്ട് സ്നേഹം ആവോളം കിട്ടി. കൗമാരത്തിന്റെ പക്വതയില്ലായ്മയിൽ മുറച്ചെറുക്കനുമായുള്ള അടുപ്പം. അരുത്താത്തതൊക്കെയും സംഭവിക്കുമ്പോൾ അവൾക്ക് പതിനാറുവയസ്സ്. അപക്വമായ മനസ്സിന്റെ ചപലതയാണെന്നറിയാതെ അനന്ദിനെ അവൾ ഒരുപാട് വിശ്വസിച്ചു. പിന്നീടങ്ങോട്ട് ഓരോ വിവാഹാലോചനകൾ വരുമ്പോഴും ഇഷ്ടമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുമ്പോഴും ആനന്ദിനൊപ്പമുള്ള ഒരു ജീവിതമായിരുന്നു മനസ്സുനിറയെ.

വീട്ടിൽ ആരും അറിയാതെ തുടർന്നു വന്ന ബന്ധം അവസാനിച്ചത് ആനന്ദിന്റെ വിവാഹം തീരുമാനിക്കപ്പെട്ടതോടെ ആയിരുന്നു. അവൾ തളർന്നുപോയ ദിനങ്ങൾ. കൂടെ പഠിച്ച പെൺകുട്ടിയെ സ്നേഹിച്ച് വിവാഹം കഴിക്കാൻ തീരുമാനിച്ച ആനന്ദിനെ കൊ ല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും എല്ലാം സഹിച്ച് എല്ലാത്തിലും കൂടെ നിന്നു.

ഇരുണ്ട രാത്രികളിൽ തന്നിലേയ്ക്കടർന്നു വീണ അവന്റെ വിയർപ്പുതുള്ളികൾക്ക് ഒരിക്കലും സ്നേഹത്തിന്റെ ഗന്ധമുണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത് അവൻ സ്നേഹിച്ച മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ വളരെയധികം സന്തോഷത്തോടെ താലിചാർത്തുന്നത് കണ്ടപ്പോഴാണ്. ആഗ്രഹങ്ങൾ തീർക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമായിരുന്നു താനെന്ന തിരിച്ചറിവ് അവളെ ഒരുപാട് തളർത്തി. ആനന്ദിന്റെ വിവാഹത്തോടെ അവൾ ആ വീട്ടിൽ ഒരധികപ്പറ്റായി. അധികം വൈകാതെയുള്ള അച്ഛമ്മയുടെ മരണം കൂടി ആയപ്പോൾ അരുണ ആ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു.

തന്റെ വിവാഹ ജീവിതത്തിന് അരുണ ഒരു തടസ്സമാകുമെന്ന് കരുതിയ ആനന്ദ് അവളെ വീടിന് പുറത്താക്കി. ഉപയോഗം കഴിഞ്ഞ വസ്തുക്കൾ പുറത്തേയ്ക്ക് വലിച്ചെറിയപ്പെടും പോലെ അവളും വലിച്ചെറിയപ്പെട്ടു. ഇരുപത്തിനാലാം വയസ്സിൽ വീണ്ടും അരുണ ഒറ്റയ്ക്കായി. കൂട്ടിനാരും ഇല്ലാതെ, കയറിചെല്ലാൻ നല്ലൊരിടമില്ലാതെ അവൾ നിന്നു.

പത്താം ക്ലാസ്സിൽ തോറ്റുപോയതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഒരു പെണ്ണ്. അച്ഛന്റെ മരണത്തോടെ അനാഥയാക്കപ്പെട്ടവൾ. അമ്മയുടെ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സ്വന്തം ജീവിതംപോലും നഷ്ടപ്പെട്ടവൾ. എങ്ങോട്ട് പോകുമെന്നറിയാതെ പകച്ചുനിന്നുപോയ ആ ദിവസത്തിൽ അമ്മയുടെ അടുത്തേയ്ക്ക് തിരിച്ചുപോകാൻ തീരുമാനിക്കേണ്ടി വന്നു അവൾക്ക്.

പക്ഷെ അവിടെ അവളെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു.

രോഗിയായ അമ്മയേയും അവരിൽ ജനിച്ച പതിനൊന്ന് വയസ്സുകാരൻ മകനെയും ഉപേക്ഷിച്ച് രണ്ടാനച്ചൻ സ്ഥലം വിട്ടിരുന്നു. ഒന്ന് എഴുന്നേറ്റിരിക്കാൻ പോലും കഴിയാതെ കട്ടിലിൽ കിടക്കുന്ന അമ്മയെ സംരക്ഷിക്കുന്നത് ആ കുട്ടിയായിരുന്നു. ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് ധൂർത്തടിച്ചിരുന്ന അവർക്ക് ഇപ്പോൾ ആകെയുള്ളത് വീട് മാത്രമായിരുന്നു. അരുണയെ കണ്ടപ്പോൾ ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു. കുറ്റബോധംകൊണ്ട് അവർ ഉരുകുന്നതുപോലെ അവൾക്ക് തോന്നി.

ജോലി ചെയ്ത് ഭാര്യയേയും മകളെയും പൊന്നുപോലെ നോക്കിയിരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ആ മനുഷ്യനെ ചതിച്ച് മറ്റൊരാൾക്കൊപ്പം സുഖം തേടിപ്പോയ സ്ത്രീ. അവരുടെ ഇന്നത്തെ അവസ്ഥ കണ്ട് ആ മകൾക്ക് തെല്ലും ദുഃഖം തോന്നിയില്ല. തന്റെ ഈ ദുരിതത്തിനു കാരണക്കാരി ഈ സ്ത്രീയാണ്. ഇവർ നല്ലൊരു ഭാര്യയായിരുന്നെങ്കിൽ…… നല്ലൊരു അമ്മയായിരുന്നെങ്കിൽ തനിക്ക് ഒരിക്കലും ഈ ഗതി വരില്ലായിരുന്നു. അച്ഛനെ നഷ്ടപ്പെടില്ലായിരുന്നു. അച്ഛനെക്കുറിച്ചോർത്തപ്പോൾ അരുണയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

അവിടെ നിന്നങ്ങോട്ട് അരുണ ആ അമ്മയുടെയും മകന്റെയും ചുമതല ഏറ്റെടുത്തു. കടകളിലും മറ്റും ജോലി ചെയ്ത് അവൾ അവരെ പോറ്റി. പക്ഷെ ഒരിടത്ത് സ്ഥിരമായി ജോലി ചെയ്യാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. അമ്മയുടെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ മകളുടെ മാം സത്തിന് വി ലപേശി കഴുകൻ കണ്ണുകളുമായി പലരും ആ പെൺകുട്ടിയെ ചുറ്റി. സ്നേഹത്തിന്റെ പേരിൽ ഒരിക്കൽ ചതിക്കപ്പെട്ടു പോയെങ്കിലും തെറ്റായി ജീവിക്കാൻ അവൾ ഒരുക്കമായിരുന്നില്ല.

താങ്ങാൻ കഴിയാത്ത സങ്കടങ്ങൾ……. ഒറ്റപ്പെടലിന്റെ വേദന….. മുന്നോട്ടുള്ള ജീവിതം എന്താകുമെന്നുള്ള ചിന്ത….. മോഹിച്ച ജീവിതം നഷ്ടപ്പെട്ടുപോയതിലുള്ള ദുഃഖം……. ചതിക്കപ്പെടാൻ നിന്നുകൊടുക്കേണ്ടി വന്നതിലുള്ള നിരാശ…….. എല്ലാം കൂടി അരുണയുടെ മനസ്സിൽ ഭ്രാന്തിന്റെ ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. അതിൽ നിന്നുള്ള രക്ഷപ്പെടലിനായി അവൾ ഡോക്ടർ അംബികയെ തേടി എത്തിയിരിക്കുന്നു.

‘ആ പെൺകുട്ടിയെ രക്ഷിക്കണം. അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം. ഒരു ഭ്രാന്തിയായി തെരുവിൽ അലയേണ്ടി വന്നാൽ ചിലപ്പോൾ അവളുടെ ഗർഭാപാത്രനുള്ളിൽ പുതിയ ജീവനുകൾ ഉടലെടുത്തേയ്ക്കാം. ഈ ലോകം അതാണ്….. പെണ്ണിന്റെ മാംസംകൊതിക്കുന്ന കഴുകന്മാർ വട്ടമിട്ടു പറക്കുന്നിടത്തോളം സ്ത്രീകൾക്ക് സുരക്ഷയുണ്ടാകില്ല.

തന്റെ മുന്നിൽ വരുന്ന ഓരോ പെൺകുട്ടിയ്ക്കുമുണ്ടാകും ഇതുപോലൊരു കഥ പറയാൻ. ഒന്നുകിൽ ചതിക്കപ്പെട്ടതിന്റെ……. അല്ലെങ്കിൽ പീ ഡിപ്പിക്കപ്പെട്ടതിന്റെ ….. ഓരോന്ന് കേൾക്കുമ്പോഴും ഒരു സൈക്യാട്രിസ്റ്റ് എന്നതിലുപരി താനും ഒരു സ്ത്രീയാണല്ലോ എന്ന് ചിന്തിക്കും. ആണിന് അവന്റെ ആഗ്രഹങ്ങൾ തീർക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായിപ്പോകുന്നുണ്ട് പല സ്ത്രീകളുടെയും ജന്മം. എതിർക്കാൻ കഴിയാതെ ……. പ്രതികരിക്കാൻ കഴിയാതെ നിശബ്ദമായി എല്ലാം സഹിക്കുന്ന എത്രയോ ജന്മങ്ങളുണ്ടാകും ഈ ഭൂമിയിൽ. ‘ അംബിക മനസ്സിൽ ചിന്തിച്ചു.

തുടർന്നുള്ള ഓരോ ആഴ്ചകളിലും അരുണയ്ക്കായി കുറച്ചു സമയം ഡോക്ടർ അംബിക മാറ്റിവച്ചു. ആ പെൺകുട്ടിയ്ക്ക് പറയാനുള്ളത് കേൾക്കാൻ….. ആ മനസ്സിന് ആശ്വാസമേകാൻ….. അതിലൂടെ അവൾക്കൊരു പുതിയ ജീവിതം നൽകാൻ…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *