തങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച ക്യാമ്പസിലെ വഴികളിലൂടെ വീണ്ടുമൊരിക്കൽ കൂടി അവന്റെ കൈയ്യും പിടിച്ചവൾ നടന്നു. വാശിക്കാരിയായ ഒരു കൗമാരക്കാരിയായി……

അനശ്വര പ്രണയം

Story written by Nisha Suresh Kurup

തങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ച ക്യാമ്പസിലെ വഴികളിലൂടെ വീണ്ടുമൊരിക്കൽ കൂടി അവന്റെ കൈയ്യും പിടിച്ചവൾ നടന്നു. വാശിക്കാരിയായ ഒരു കൗമാരക്കാരിയായി വീണ്ടുമവൾ മാറി. പരസ്പരം കണ്ണുകൾ കോർത്തിരുന്ന ഇടനാഴിയിൽ അവന്റെ നെഞ്ചോരം ചേർന്നവൾ നടന്നു … പരസ്പരം അറിയാത്ത ഭാവത്തിൽ മുട്ടിയുരുമ്മി ഇറങ്ങിയിരുന്ന  പടവുകളിൽ അവന്റെ തോളിൽ ചാരി ഏറെ നേരം കണ്ണുകൾ അടച്ചിരുന്നു. അടച്ചിട്ടിരിക്കുന്ന അവൾ പഠിച്ച ക്ലാസ് റൂമിന്റെ മുന്നിലവളൊന്നറച്ചു നിന്നു. ക്ലാസിൽ അദ്ധ്യാപകൻ പഠിപ്പിയ്ക്കുമ്പോഴും അത് വഴി കടന്നു പോയിരുന്ന അവനെ പ്രണയപ്പരവശയായി നോക്കിയിരുന്ന അവളെ അതിനുള്ളിൽ കണ്ടതു പോലെയവൾ മന്ദഹസിച്ചു….

പ്രണയസല്ലാപത്തിലേർപ്പെട്ടു നടന്ന യവരു  ആ പഴയ മരച്ചുവട്ടിൽ എത്തി. മരത്തിനു  കുറച്ചു കൂടി വണ്ണം വെച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ അതിനു ചുറ്റിലും സിമന്റ് തിട്ട കെട്ടിയിട്ടുണ്ടെങ്കിലും അവരുടെ ഓർമകൾക്കു  അതൊന്നും തടസമായില്ല. അവരെ പരിചയമുള്ളതു പോലെ ആ മരം ചുവന്ന പൂക്കൾ താഴേക്ക് പൊഴിച്ചിട്ടു. അവളതു കൈയ്യിലെടുത്ത് അവന്റെ മുഖത്തേക്ക് കൊഞ്ചലോടെ എറിഞ്ഞു. അവൻ ചിരിയോടെ അവളുടെ കൈ കവർന്നു. പതിയെ സിമന്റ് തിട്ടയിലിരുന്നു. എത്രയോ തവണ ഇതിന്റെ ചുവട്ടിൽ തറയിൽ ഇരുന്നവർ സംസാരിച്ചിരുന്നു. ആരും കാണാതെ അവളുടെ കൈകൾ അവന്റെ കൈക്കുള്ളിൽ പൊതിഞ്ഞുപ്പിടിച്ചിരുന്നു. അന്നത്തെ അതേ തണുപ്പ് വീണ്ടും അവൻ തൊട്ടപ്പോൾ അവളുടെ കരങ്ങൾക്കു അനുഭവപ്പെട്ടു. അവനും അവളും പഴയ ഓർമകളിൽ വീണ്ടും സന്തോഷാധിക്യത്താലങ്ങനെയിരുന്നു …

അവധി ദിവസമായതിനാൽ കോളേജിലും ക്യാന്റീനിലുമൊന്നും തിരക്കില്ലായിരുന്നു. സ്പെഷ്യൽ ക്ലാസും , സ്പോർട്ട്സും  ,മറ്റെന്തെക്കെയോ പരിപാടികൾ പരിശീലിക്കാൻ വരുന്ന കുട്ടികളും ,അതിന്റെ കുറച്ചദ്ധ്യാപകരും  ഓഫീസിലെ ജോലിയ്ക്കു വരുന്നവരും അങ്ങനെ കുറച്ചു പേരെ വന്നിട്ടുള്ളു. ക്യാന്റീൻ നല്ല രീതിയിൽ പുതുക്കിയിട്ടുണ്ട്. അവൾ അവന്റെ മുഖത്ത് നോക്കി അകത്ത് കയറാമെന്നുള്ള  മട്ടിൽ. പഴയ പോലെ ചായയും വടയും പറഞ്ഞു . അവളുടെ കണ്ണുകൾ പരതിയത് പഴയ കപ്പ് ഐസ്ക്രീം ഉണ്ടോയെന്നായിരുന്നു. ഇല്ലെന്ന ഭാവത്തിൽ നിരാശയായി അവനെ നോക്കി. കാലം മാറിയില്ലേ പുതിയ പുതിയ എന്തൊക്കെ സാധനങ്ങൾ കഴിക്കാനുണ്ടെന്ന് പറയുമ്പോഴും അവരുടെ പ്രണയത്തിന്റെ അടയാളമായ ഐസ്ക്രീമും വടയും പോലെയാവില്ലല്ലോ എന്നവൾ നെടുവീർപ്പിട്ടു. അപ്പോഴേക്കും ചായയും വടയും എത്തി. പകുതി മുറിച്ചവൾ അവന്റെ വായിലേയ്ക്ക് കൊടുത്തപ്പോൾ അവനും പകുത്തവൾക്കു നല്കി. നിറഞ്ഞ കണ്ണുകളാൽ പിന്നെയും ചിരിച്ചു.

വീണ്ടുമവർ നടന്ന് എത്തിയത് കോളേജിനു പിന്നിലെ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തേയ്ക്കാണ്. അവിടെ മുഴുവൻ റബ്ബർ മരങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവൾ പണ്ടത്തെ പെൺകൊടിയായി അവിടെയാകെ ഓടി നടന്നു. അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.  അവിടെ നിന്നാൽ താഴെയവരു വന്നിറങ്ങുന്ന ബസ് സ്റ്റോപ്പ് ഭംഗിയായി  കാണാം. കുന്നിൻ മുകളിലാണ് അവരുടെ ക്യാമ്പസ്. ബസ് സ്റ്റോപ്പ് ചൂണ്ടിക്കാട്ടി അവൾ അതിയായ ആഹ്ളാദത്തോടെ താഴേക്ക് നോക്കി നിന്നു .അവളുടെ കണ്ണിൽ ഒരു കുടക്കീഴിൽ ബസിറങ്ങി നടന്നു വരുന്ന അവനെയും അവളെയും വീണ്ടും കണ്ട തിളക്കമായിരുന്നു. അവൻ മെല്ലെ  അവളെ തൊട്ടു. ആദ്യമായി അവിടെ വെച്ചു അവനേകിയ ചും ബനത്തിന്റെ ഓർമയിൽ തരളിതയായി അവൾ നോക്കി . അതു മനസിലാക്കിയെന്നവണ്ണം നെറ്റിയിൽ പഴയ അതേ തീവ്രതയോടെ  അവനവളെ ചും ബിച്ചു .നാണത്താൽ  കണ്ണുകൾ കൂമ്പിയടച്ചവൾ നിന്നു. പിന്നെ അവന്റെ നെഞ്ചിലേക്ക് പതിയെ ചാരി. അവളെ ചേർത്തു പിടിച്ചവൻ പിന്നെയും മുത്തങ്ങൾ കൊണ്ടു മൂടി. അവൾ കുറുകുന്ന ഒരു മാടപ്രാവിനെപ്പോലെ പിന്നെയും അവനിലേക്ക് ഒട്ടിനിന്നു.

വാതോരാതെ സംസാരിച്ചു കൊണ്ട് അവളും അതുകേട്ടു  പുഞ്ചിരിയോടെ അവനും നടന്നു . വീണ്ടും  ക്യാമ്പസിനുള്ളിൽ കയറി . ലൈബ്രറിയുടെ മുന്നിലൂടെ നടക്കുമ്പോൾ പരസ്പരം കൈമാറിയ കത്തുകളുടെ ഓർമ്മയിൽ അവളവനെ  ചുറ്റിപ്പിടിച്ചു. അവനിലും ആ ഓർമകൾ കുളിരായി കടന്നു പോയി.  പൈപ്പിൻ ചുവട്ടിലും, ലാബിലും  അവിടത്തെ ക്ലാസുമുറികളിലെ തിണ്ണകളിലൂടെയും എല്ലാം ചുറ്റി നടന്നു. ഒടുവിൽ  അവരെത്തിയത് ഗ്രൗണ്ടിലായിരുന്നു. പെട്ടന്ന് അവൾ മൗനിയായി. ഭയത്താൽ അവനെ മുറുകെ പിടിച്ചു. അവന്റെ കണ്ണുകളും നിറയാൻ തുടങ്ങി. ഇവിടെ ഈ മണ്ണിലായിരുന്നല്ലോ അവളെ എന്നെന്നേക്കുമായി അവനു നഷ്ടമായത്. വിദ്യാർത്ഥി രാഷ്ട്രീയം കളിച്ചു നടന്ന അവനെ എതിർപ്പാർട്ടിക്കാരു പകയാൽ വെട്ടാനാഞ്ഞ വാക്കത്തിക്കു മുന്നിലേയ്ക്ക് അവളുടെ പ്രാണനായ  അവനെ രക്ഷിക്കാൻ അവളു സ്വന്തം ജീവൻ ബലിയർപ്പിച്ചത് ഇവിടെ യായിരുന്നല്ലോ. തറയിലേക്കു ഊർന്നിരുന്നവൻ വർഷങ്ങൾക്കിപ്പുറവും ഏങ്ങിക്കരഞ്ഞു. അവന്റെ മുന്നിൽ ഇന്നലെയെന്നപ്പോലെ ചിത്രങ്ങൾ തെളിഞ്ഞു. അവളുടെ ചോരയിൽ കുളിച്ച ശരീരം.

അവന്റെ ഭ്രാന്താശുപത്രിയ്ക്കുളളിലെ കുറെയേറെ വർഷങ്ങൾ എല്ലാമെല്ലാം അവനിലൂടെ കടന്നുപോയി. അവൾ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ്  തുടർന്നുള്ള ജീവിതം. വിശ്വാസമല്ല അതാണ് സത്യം. അവൾ തന്റെ ഒപ്പമുണ്ടല്ലോ അതു കൊണ്ടല്ലേ തന്നോട് ഇന്ന് വീണ്ടും ക്യാമ്പസിൽ ഒന്നു കൂടി പോകണമെന്ന് വാശിപ്പിടിച്ചത്. പ്രണയത്തിനു മരണമില്ലല്ലോ താൻ ഈ മണ്ണിൽ  ലയിക്കുവോളവും അതു കഴിഞ്ഞാലും അവൾ തന്റെ കൂടെയുണ്ട്. ഒരിക്കലും അവസാനിക്കാത്ത പ്രണയമായി വരും ജന്മങ്ങളിലും അവൾ തന്റെ മാത്രമാണ് ….അവൻ കണ്ണുകൾ തുടച്ച് എഴുന്നേറ്റു .അവളും മിഴികൾ തുടച്ചു …. അവനെ തന്നിലേയ്ക്കടുപ്പിച്ചു ആർദ്രമായി പറഞ്ഞു ” വിഷമിയ്ക്കേണ്ട ഞാനില്ലേ എപ്പോഴും ” ….   അവന്റെ കവിളിൽ നനവുള്ള ഉമ്മ നൽകി. … വീണ്ടും കൈകൾ കോർത്തു പതിയെ പതിയെ ക്യാമ്പസിലെ പടവുകൾ ഇറങ്ങി ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *