നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ റിനിയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. വൈഫിനോടൊപ്പമുള്ള അവന്റെ കുറച്ചു ഫോട്ടോസും കൂടി ആയപ്പോൾ…….

Story written by Sumi

കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു

” എന്റെ പ്രാണനായി ഇവൾ എന്നോടൊപ്പം കൂടിയിട്ട് ഇന്നേയ്ക്ക് നാല് വർഷം…….. സഫലമായ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തൽ …… വരും ജന്മങ്ങളിലും നീയെന്റെ പ്രാണന്റെ പകുതിയായി എന്നോടൊപ്പം ചേർന്നിരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്കു വേണ്ടി ജനിച്ച എന്റെ ജീവിതസഖിയെ എന്നും എന്റെ നെഞ്ചോട്‌ ചേർത്ത്പിടിച്ച് മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ…… നിന്നോടൊപ്പം കൈകോർത്തു നടന്ന വഴിത്താരകളിൽ അന്നു നമ്മുക്കായി വിടർന്ന പ്രണയപുഷ്പങ്ങൾ വരും ജന്മങ്ങളിലും നമ്മുക്കായി വിടരട്ടെ……”

നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ റിനിയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. വൈഫിനോടൊപ്പമുള്ള അവന്റെ കുറച്ചു ഫോട്ടോസും കൂടി ആയപ്പോൾ ആത്മഗതമെന്നോണം അവൾ പറഞ്ഞു…..

‘ പാവം പെണ്ണ്…. ഭർത്താവിനെ വിശ്വസിച്ചു അടിമയെപ്പോലെ ജീവിക്കുന്നവൾ. ഒരുപക്ഷെ ഇന്നത്തെ ലോകത്തിന്റെ കപടതയെക്കുറിച്ച് അവൾക്ക് അറിവില്ലായിരിക്കും. അല്ലെങ്കിൽ അവളും അവനെപ്പോലെ ഒരു ഫ്രോഡ് ആയിരിക്കും…..’

റിനി തന്റെ മെസ്സെഞ്ചർ ഓപ്പൺ ചെയ്തു. മെസ്സേജുകൾ ഓരോന്നും സ്ക്രോൾ ചെയ്ത് താഴേയ്ക്ക് വന്നു. അവിടെ നീരജിന്റെ മെസ്സേജ് കണ്ട് അതെടുത്ത് വായിക്കാൻ തുടങ്ങി…….. അതിലെ ഓരോ വാചകങ്ങളും വാക്യങ്ങളും എന്ത് ഭംഗിയായിരിക്കുന്നു. ഒരു പെണ്ണിന്റെ മനസ്സ് എങ്ങനെ കീഴടക്കാം എന്ന് റിസർച്ച് ചെയ്തിട്ടുണ്ടാകും. ഇല്ലെങ്കിൽ ഇത്ര ഭംഗിയായി മെസ്സേജ് അയയ്ക്കാൻ അവന് കഴിയുമായിരുന്നോ…..?

ആദ്യമൊക്കെ വളരെ മാന്യമായി ഒരു ഗുഡ് മോർണിംഗിലും ഗുഡ് നെറ്റിലും ഒതുങ്ങിയിരുന്ന മെസ്സേജ്, നാളുകൾ കഴിഞ്ഞപ്പോൾ മറ്റുപല വിശേഷങ്ങളിലേയ്ക്കും വഴിമാറിത്തുടങ്ങിയപ്പോഴും തനിക്ക് അവനിൽ ഒരു സംശയവും തോന്നിയിരുന്നില്ല. കൂടെ പഠിച്ച ഒരു സുഹൃത്ത്…… അതിനപ്പുറം തന്റെ മനസ്സിൽ ഒരു സ്ഥാനമുറപ്പിക്കാൻ അന്നവന് കഴിഞ്ഞിരുന്നില്ല. പക്ഷെ പിന്നീടെപ്പോഴോ താനും ആ വലയിൽപ്പെട്ടുപോകുകയായിരുന്നു.

എല്ലാ സൗഭാഗ്യങ്ങൾക്കും നടുവിൽ ജനിച്ച പെൺകുട്ടി. അച്ഛനും അമ്മയും പിന്നെ ഒരു ഏട്ടനും….., കാണാനും സുന്ദരി. വിവാഹാലോചനകൾ നടക്കുന്ന സമയം. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണ് ഒരു ബ്രോക്കർ മുഖേന മഹേഷേട്ടന്റെ ആലോചന വന്നത്.

സമ്പന്ന കുടുംബത്തിൽ പിറന്ന പയ്യൻ…..സർക്കാർ ഉദ്യോഗസ്ഥൻ…… കാണാനും യോഗ്യൻ. ഇതിൽക്കൂടുതൽ ഒരു പെണ്ണിന് എന്താ വേണ്ടത്…… ഇതൊന്നും ഇല്ലെങ്കിലും പയ്യൻ നല്ല സ്വഭാവഗുണമു ള്ളവനായിരിക്കണം എന്ന് വീട്ടുകാർ ചിന്തിക്കാഞ്ഞതാണോ?….. അതോ മനപ്പൂർവ്വം മറന്നതാണോ….? എന്ന് പിന്നീട്‌ പലപ്പോഴും തനിക്ക് തോന്നിയിരുന്നു.

അധ്യാപക ദമ്പതികളുടെ ഒരേയൊരു മകനായതുകൊണ്ട് തന്നെ നല്ല അച്ചടക്കവും സ്വഭാവഗുണവും ഉണ്ടാകുമെന്ന് വീട്ടുകാർ വിലയിരുത്തി. ആർഭാടവും ആഡംബരവും ഒട്ടും കുറയ്ക്കാതെ തന്നെ വിവാഹം നടത്തി. മഹേഷ്‌ എന്ന മനുഷ്യന്റെ ഭാര്യയായി അയാളുടെ വീട്ടിലേയ്ക്ക് വലതു കാലെടുത്ത് വയ്ക്കുമ്പോൾ എല്ലാ പെൺകുട്ടികളെയുംപോലെ തനിക്കും ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു…….പ്രതീക്ഷകളുണ്ടായിരുന്നു…
നിമിഷാർദ്ധ നേരംകൊണ്ട് എല്ലാം അവസാനിച്ചു. മ ദ്യത്തിനും മയ ക്കു മ രുന്നിനും അ ടിമയായ മനുഷ്യൻ….. പരസ്ത്രീ ബന്ധം……. എല്ലാത്തിനും പുറമെയുള്ള ദേഹോപദ്രവം…… രണ്ടു വർഷം നീണ്ട ആ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുമ്പോൾ തന്റെ മകൾ തന്മയയ്ക്ക് ആറുമാസം പ്രായമേ ഉണ്ടായിരുന്നുള്ളു. അങ്ങോട്ടുമിങ്ങോട്ടുമുള്ള കൊടുക്കൽ വാങ്ങലിന്റെ കണക്കുകൾ പറഞ്ഞ് കോടതിമുറിയിൽ നീണ്ട തർക്കങ്ങൾ നടക്കുമ്പോഴും തന്റെ ജീവിതം ഹോമിക്കപ്പെടുകയാണെന്ന് ചിന്തിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഇരുപതാം വയസ്സിൽ കഴുത്തിൽ വീണ താലിച്ചരട് ഇരുപതിരണ്ടാം വയസ്സിൽ അറുത്ത് മാറ്റപ്പെടുമ്പോഴും തന്റെ ജീവിതത്തെക്കുറിച്ച് ആരും ഓർത്തില്ല. അച്ഛനും അമ്മയ്ക്കുമൊപ്പം തിരികെ വീട്ടിലേയ്ക്ക് വന്ന് കയറുമ്പോൾ ആ വീട് തനിക്ക് അന്യമാകുന്നപോലെ തോന്നി.

ഒക്കത്ത് ഒരു കുഞ്ഞുമായി തിരികെ വീട്ടിലെത്തിയ പെണ്ണിന് വീട്ടുകാർക്കിടയിലും നാട്ടുകാർക്കിടയിലും ഒരു സ്ഥാനവും ഉണ്ടാകില്ലെന്ന തിരിച്ചറിവ് പലതിൽ നിന്നും ഒഴിഞ്ഞുമാറാൻ തന്നെ പ്രേരിപ്പിക്കുകയായിരുന്നു. അച്ഛനും അമ്മയും ഒരു ശത്രുവിനെപ്പോലെ കണ്ടു. ഏട്ടന്റെ വിവാഹംകൂടി കഴിഞ്ഞതോടെ ജനിച്ചുവളർന്ന വീട്ടിൽ ഒരന്യയെപ്പോലെ കഴിയേണ്ടി വന്ന നാളുകൾ.

എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറിയുള്ള ജീവിതത്തിലെ ഏക ആശ്വാസം മകൾ മാത്രമായിരുന്നു. അവളുടെ കളിയും ചിരിയും കൊഞ്ചലും കണ്ടു ദിവസങ്ങൾ മുന്നോട്ട് നീങ്ങി. മാസങ്ങളും വർഷങ്ങളും മാറിമാറിയെ മോളു സ്കൂളിൽ പോകാൻ തുടങ്ങി. അവൾ പോയിക്കഴിഞ്ഞ് തിരികെ എത്തുന്നതുവരെ വീട്ടിൽ ഒറ്റയ്ക്കിരുന്ന് ബോറടിക്കുമ്പോഴുള്ള ആശ്വാസം ഫോണായിരുന്നു. ഫേസ്ബുക്കിലൂടെ പഴയ സുഹൃത്തുക്കളെ കണ്ടെത്തി അവരോടൊപ്പം സംസാരിച്ചും പറഞ്ഞും സമയം കൊന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം…… ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചുപോയ തന്റെ ജീവിതത്തിലേയ്ക്ക് പ്രതീക്ഷയുടെ വെളിച്ചവുമായി അവൻ വന്നത്…….

നീരജിന്റെ മെസ്സേജും ഒപ്പം ഫ്രണ്ട് റിക്വസ്റ്റും. പണ്ടെപ്പോഴോ കൂടെ പഠിച്ച ഒരാൾ, എന്നതിനപ്പുറം തനിയ്ക്ക് അയാളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

” ഹായ്…. റിനി സുഖമാണോ. എന്നെ ഓർമയുണ്ടോ….? അതിന് മറുപടി കൊടുക്കണോ വേണ്ടയോ എന്ന് ഒരുപാട് വട്ടം ആലോചിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും അടുത്ത ചോദ്യം വന്നു…..

” എന്താ റിനി….. ഞങ്ങളെപ്പോലുള്ള പാവങ്ങളൊക്കെ സുഹൃത്തുക്കളാണെന്ന് പറയാൻ നാണക്കേടാണോ….?”

ബാല്യത്തിലെ കൂട്ടുകാരുടെ മുഖങ്ങൾ ഒന്നൊന്നായി മനസ്സിൽ തെളിയവേ ആ മുഖങ്ങളിലെ നിഷ്കളങ്കത്വം മാത്രമേ അവൾക്ക് കാണാൻ കഴിഞ്ഞുള്ളു.

അതുകൊണ്ടുതന്നെ ആ മെസ്സേജ് കണ്ടപ്പോൾ റിനിയുടെ മനസ്സിൽ ചെറിയൊരു നൊമ്പരം തോന്നി. മറുപടി കൊടുക്കാൻ തന്നെ തീരുമാനിച്ചു. അന്നുമുതൽ തുടങ്ങിയ സൗഹൃദം. വീട്ടിലെ ഏകാന്തതയിൽ ആ സൗഹൃദം മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു. തന്റെ വിഷമങ്ങൾ തുറന്നു പറയാൻ പറ്റുന്ന ഒരാളാണ് നീരജ് എന്ന് തോന്നി. ഉള്ളിലടക്കി നിർത്തിയിരുന്ന സങ്കടങ്ങ ളൊക്കെയും അവന് മുന്നിൽ തുറന്നുകാട്ടി. ഏറ്റവും നല്ലൊരു സുഹൃത്തിനെപ്പോലെ അവൻ എല്ലാം കേട്ട് ആശ്വസിപ്പിച്ചു….. തന്റെ വിശ്വാസം മുതലെടുക്കാനുള്ള തന്ത്രമാണെന്നറിയാതെ അവനിലേയ്ക്ക് അടുക്കുകയായിരുന്നു…… മാസങ്ങൾ മുന്നോട്ട് നീങ്ങവേ….. അവന്റെ മെസ്സേജിനായി കാത്തിരിക്കാൻ തുടങ്ങി……. അതായിരുന്നു അവന്റെ ഉദ്ദേശവും എന്ന് പിന്നീട് എപ്പോഴോ താൻ മനസ്സിലാക്കുകയായിരുന്നു. പക്ഷെ അപ്പോഴെയ്ക്കും ഒരുപാട് വൈകിപ്പോയിരുന്നു.

വർക്ക്ഷോപ്പ് ജീവനക്കാരനായ നീരജ്….. രാത്രി ഏറെ ഇരുട്ടിയാലും വീട്ടിൽ പോകാതെ തനിക്ക് വേണ്ടി കാത്തിരുന്നു. നേരം വെളുക്കുവോളം ചാറ്റിംഗ് തുടർന്നു. അങ്ങനെ ഒരു സമയം അവൻ തന്നോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞു….

” റിനി….. ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് പിണങ്ങരുത്…..”

” എന്താ…..?”

” നീ പിണങ്ങുമോ….?

” കാര്യം എന്താണെന്നറിയാതെ….. !”

” അത്…..”

” ????”

കുറച്ച് സമയത്തേയ്ക്ക് അവന്റെ മറുപടി ഒന്നും വന്നില്ല.

” നീരജ്….. നീ കാര്യം എന്താണെന്ന് പറയൂ….”

” അത്….. ഞാൻ പറയുന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നമ്മുടെ ഫ്രണ്ട്ഷിപ്പിന് കുഴപ്പമൊന്നും ഉണ്ടാകരുത്…”

” ഇല്ല….. നീ ധൈര്യമായി പറഞ്ഞോളൂ….”

” അത്…. പഠിക്കുന്ന സമയംതൊട്ടേ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ അന്ന് നിന്നോടത് തുറന്നുപറയാനുള്ള ധൈര്യമില്ലായിരുന്നു…. ഞാൻ പാവപ്പെട്ടവനും നീ വലിയ വീട്ടിലെ കൊച്ചും ആയിരുന്നില്ലേ….. അന്ന് നിന്റെ കാൽപ്പാദത്തിൽ തൊടാനുള്ള യോഗ്യതപോലും എനിക്കുണ്ടായിരുന്നില്ല…. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായും അവസാനമായും ഇഷ്ടപ്പെട്ട പെണ്ണ് …… അത് നീ…. മാത്രമാണ്…..” സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട ഒരു പെണ്ണിന്റെ ജീവിതത്തിലേയ്ക്ക് സ്നേഹത്തിന്റെ……. ആശ്വാസത്തിന്റെ……… കൂട്ടുകാരനായി അവനെത്തി.

ടൈപ്പ് ചെയ്തയച്ച് മറുപടിക്കായി നീരജ് കാത്തിരുന്നു.

തനിയ്ക്കും ഉള്ളിൽ തോന്നിയ മോഹം. അവനോട് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ഭാര്യയും ഒരു കുഞ്ഞുമുള്ള നീരജിനെ തന്നെപ്പോലെ ഒരു പെണ്ണ് ആഗ്രഹിക്കാൻ പാടില്ല എന്ന് ചിന്തിച്ച് ഒഴിഞ്ഞു മാറുകയായിരുന്നു. പക്ഷെ അവൻ ഇങ്ങോട്ട് പറഞ്ഞ സ്ഥിതിയ്ക്ക് അതിന് അനുകൂലമായ മറുപടി കൊടുക്കാൻ തീരുമാനിച്ചു.

” നീരജ്….. അപ്പോൾ നിന്റെ ഭാര്യയും….. കുഞ്ഞും….”

” ഓ….. അതൊരു ചേരാത്ത ബന്ധമാണ്. എനിക്ക് ഇഷ്ടമില്ലാതെ വീട്ടുകാർ നിർബദ്ധിച്ച് കെട്ടിക്കുകയായിരുന്നു. അമ്മാവന്റെ മകളാണ്. വിവാഹം കഴിഞ്ഞ് മോനുണ്ടായ ശേഷം ഒരു ഭാര്യയെന്ന രീതിയിൽ അവൾ ഒരു വൻപരാജയം ആണ്. ഞങ്ങൾ രണ്ടും രണ്ട് റൂമിലാണ് ഉറങ്ങുന്നത്. സത്യത്തിൽ എനിക്ക് ആ ജീവിതം മടുത്തു. നിന്നെപ്പോലെ ഒരു പെണ്ണായിരുന്നു എന്റെ ഭാര്യയെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അന്ന് നിന്നോട് എന്റെ ഇഷ്ടം പറയാനുള്ള ധൈര്യം കാണിച്ചിരുന്നെങ്കിൽ ഇന്ന് നമ്മുക്ക് സന്തോഷത്തോടെ ജീവിക്കാമായിരുന്നു…..”

ഭാര്യയിൽ നിന്നും അകന്ന് കഴിയുന്ന ഭർത്താവ്….. സ്നേഹം കൊതിക്കുന്ന മനസ്സുമായാണ് തന്നിലേയ്ക്ക് അടുക്കുന്നതെന്ന് ചിന്തിച്ചുപോയ നിമിഷത്തിൽ അതുവരെ അടക്കിനിർത്തിയിരുന്ന മോഹം അറിയാതെ പുറത്തേയ്ക്ക്ചാടി…… എങ്കിലും സ്വയം നിയന്ത്രിച്ച് നെറ്റ് ഓഫ്‌ ചെയ്തു…… പിന്നെയും മാസങ്ങൾ പലത് കഴിഞ്ഞു. നീരജ് പലപ്പോഴും അവന്റെ ഇഷ്ടം പല രീതിയിലും തന്നോട് പറഞ്ഞുകൊണ്ടിരുന്നു. അവസാനം മനസ്സിൽ ചെകുത്താൻ കയറിയ ഒരു നിമിഷത്തിൽ അവനോട് ഇഷ്ടം തുറന്ന് പറയേണ്ടി വന്നു.

” മ്മ്മ്….. നീരജ്…. എനിക്ക് നിന്നെ ഇഷ്ടമാണ്….. സംസാരിക്കുന്നതും മെസ്സേജ് അയയ്ക്കുന്നതുമൊക്കെ ഇഷ്ടമാണ്….. പക്ഷെ അതിൽക്കൂടുതലൊന്നും നീ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്……”

അത്രയും പറഞ്ഞുകേട്ടപ്പോൾ അവനിലുണ്ടായ സന്തോഷം കണ്ടപ്പോൾ ഈ ലോകത്ത് തന്നെ ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാള് ഉണ്ടായിരിക്കുന്ന പോലെ തോന്നി.

മെസ്സഞ്ചറിലൂടെ അതുവരെയുണ്ടായിരുന്ന ആ ബന്ധം വാട്സാപ്പിലേയ്ക്കും വീഡിയോ കാളിലേയ്ക്കും മാറാൻ അധിക സമയം വേണ്ടി വന്നില്ല.

താൻ പറഞ്ഞതെല്ലാം സന്തോഷത്തോടെ സമ്മതിച്ച നീരജിന്റെ ആത്മാർത്ഥ പ്രണയത്തിൽ മൂക്കുംകുത്തി വീണ തനിക്ക് എല്ലാം നഷ്ടപ്പെടുകയായിരുന്നു. ആ ബന്ധത്തിന്റെ പേരിൽ ഓരോരോ അത്യാവശ്യങ്ങൾ പറഞ്ഞ് തന്നോട് അവൻ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെ മെല്ലെ അവനിൽ നിന്ന് അകലാൻ ശ്രമിച്ചു. പണംകൊണ്ടളക്കുന്ന സ്നേഹബന്ധങ്ങൾക്ക് ആത്മാർത്ഥതയും ആയുസ്സും ഉണ്ടാകില്ലെന്ന് തനിക്ക് അറിയാമായിരുന്നു. അത് അവനെ തന്റെ ശത്രുവാക്കി മാറ്റി. തന്നെ മോശക്കരിയാക്കി പലയിടങ്ങളിലും അവൻ പറഞ്ഞ് നടന്നു.

അമ്മാവന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച നീരജ് എന്ന ചെകുത്താൻ തന്നെപ്പോലെ പണമുള്ള വീട്ടിലെ പല സ്ത്രീകളെയും വലയിൽ വീഴ്ത്തി അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്നു. ഇത്രയും വൃത്തികെട്ട ഒരു വിഷജന്തുവിന്റെ ഭാര്യയാകേണ്ടി വന്ന ആ പെൺകുട്ടിയെക്കുറിച്ച് ഓർത്തപ്പോൾ സഹതാപം തോന്നുന്നു . ഇങ്ങനെയുള്ള എത്രയെത്ര പുരുഷന്മാർ ഉണ്ടാകും. ഒരേ സമയം പല സ്ത്രീകളുമായും ബന്ധം സ്ഥാപിക്കുകയും ഭാര്യയ്ക്ക് മുന്നിൽ ഉത്തമ പുരുഷനായി അഭിനയിക്കുകയും ചെയ്യുന്ന പകൽ മാന്യന്മാർ…… ഒറ്റ പ്പെടലിന്റെയും …… ജീവിതസാഹചര്യങ്ങളുടെയും വേദനയിൽ കഴിയുന്ന സ്ത്രീകൾക്ക് മുന്നിൽ ആശ്വാസത്തിന്റെ നിറകുടവുമായി എത്തി ചതിക്കുഴികൾ മെനയുന്ന തന്ത്രശാലികൾ…… അങ്ങനെയുള്ള പുരുഷമാരുടെ ഇഷ്ടങ്ങൾക്കൊത്ത് നിൽക്കുന്ന സ്ത്രീകളെന്നും അവർക്ക് മുന്നിൽ മാന്യരും അല്ലാത്തവർ വൃത്തികെട്ടവരും ആയിരിക്കും……

ഇന്ന് താൻ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ വെറുക്കുന്നൊരു മുഖം നീരജിന്റെയാണ്. ഒരിക്കൽ തന്റെ ജീവനേക്കാൾ ഏറെ അവനെ സ്നേഹിച്ചിരുന്നു. പക്ഷെ ഇന്നതിന്റെ ഇരട്ടിയായി താനവനെ വെറുക്കുന്നു. തെരുവിൽ അലയുന്ന നായ്ക്ക് ഒരുനേരം അന്നംകൊടുത്താൽ അത് കൊടുക്കുന്ന ആളോട് എന്നും അതിന് നന്ദിയുണ്ടാകും. ആ നായയുടെ അത്രപോലും ബുദ്ധിയും വിവേകവും ചിന്താശക്തിയും ഇല്ലാത്ത കുറേ മനുഷ്യരുണ്ട് ഈ ഭൂമിയിൽ. മറ്റുള്ളവരുടെ നിസ്സാഹായവസ്ഥയും കണ്ണീരും മുതലെടുത്ത് സ്വന്തം ലാഭം നേടുന്നവർ. പെണ്ണിനും പണത്തിനും വേണ്ടി പെറ്റമ്മയേയും…… താലികെട്ടിയ ഭാര്യയേയും….. ജന്മംകൊടുത്ത മക്കളെയും പോലും തള്ളിപ്പറയാൻ മടിയില്ലാത്ത നീരജിനെപ്പോലുള്ള ചില വൃത്തികെട്ട ജന്മങ്ങൾ….. അവരാണ് ഈ നാടിന്റെ ശാപം…..

നീരജ് എന്ന വൃത്തികെട്ട ജന്തുവിന്റെ പ്രൊഫൈലെടുത്ത് ബ്ലോക്ക് ചെയ്തിറങ്ങുമ്പോൾ റിനിയുടെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം തോന്നി. ക്രൂരനായ സിംഹത്തിന് മുന്നിൽ നിന്നും രക്ഷപ്പെട്ടോടിയ മാൻപേടയെപ്പോലെ.

ഈ ലോകത്ത് ഒരു പെണ്ണിന് വേണ്ടത് ആണിന്റെ തണലും സ്നേഹവും അല്ല. സ്വന്തം കാലിൽ നിൽക്കാനുള്ള മനസ്സാണ്…… ചതിക്കുഴികൾ തിരിച്ചറിഞ്ഞു പ്രതികരിക്കാനുള്ള കരുത്താണ്……. ആരൊക്കെ ഉപേക്ഷിച്ചാലും തളരാതെ മുന്നോട്ട് ജീവിക്കാനുള്ള വഴികൾ കണ്ടെത്തണം. അതിലൂടെ കരുത്തുറ്റ ഒരു സ്ത്രീയായി ജീവിച്ച് ഈ ലോകത്തിന് മാതൃക കാട്ടണം . അല്ലാതെ തോറ്റ് പിന്മാറുകയല്ല വേണ്ടത്……

റിനിയുടെ മനസ്സ് മുന്നോട്ട് ജീവിക്കാനുള്ള കരുത്താർജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. ശുഭപ്രതീക്ഷയോടെ അവൾ തന്റെ ജീവിതയാത്ര തുടരുന്നു…….

Related Posts

Leave a Reply

Your email address will not be published. Required fields are marked *