പാട്ടുസീനുകളിൽ നായകൻ നായികയെ സ്നേഹിക്കുന്ന പോലെയൊക്കെ… തന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കെട്ടണം എന്ന ഒരു മോഹം മാത്രമേ……

ഇഷ്ടം ഇല്ലാതില്ല

Story written by Shafia Shamsudheen

അമ്മച്ചീടേം അപ്പച്ചന്റേം ഒറ്റമോളായിരുന്ന ലില്ലിക്കുട്ടി ഒരു സിനാമാഭ്രാന്തി കൂടെ ആയിരുന്നു..

അത് എൺപതുകളിലെയും തൊണ്ണൂറുകളിലെയും സുന്ദരഗാനങ്ങളുടെ മനോഹരകാലം…

പാട്ടുസീനുകളിൽ നായകൻ നായികയെ സ്നേഹിക്കുന്ന പോലെയൊക്കെ… തന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കെട്ടണം എന്ന ഒരു മോഹം മാത്രമേ ലില്ലിക്കുട്ടിക്ക് ഉണ്ടായിരുന്നുള്ളു..

അങ്ങനെയിരിക്കെ അന്നൊരു ദിവസം ലില്ലിക്കുട്ടിക്ക് തോമാച്ചന്റെ കല്യാണലോചന വന്നു..

തോമാച്ചന് ലില്ലിക്കുട്ടിയെ ഇഷ്ടപ്പെട്ടിട്ടോ എന്തോ… വീട്ടുകാർ അവരുടെ കല്യാണം ഉറപ്പിച്ചു..

പത്തു മക്കളുള്ള വീട്ടിലേക്ക് മകളെ കെട്ടിച്ചയക്കാൻ പോവുന്നതിന്റെ പെരുമ പറഞ്ഞു അപ്പച്ചനും അമ്മച്ചിയും നാടറിഞ്ഞ് കല്യാണം വിളിച്ചു..

കോളേജിൽ പോവുമ്പോൾ പാത്തും പതുങ്ങിയും കാണാൻ വരുന്ന തോമാച്ചനെ ലില്ലിക്കുട്ടി തന്റെ നായകന്റെ സ്ഥാനത്ത് കണ്ട് രോമാഞ്ചം കൊണ്ടു…

‘എടീ നിന്റെ തോമാച്ചൻ ഒരു കോഴിയാണല്ലോടീ..’ എന്ന് കൂട്ടുകാരികൾ കളിയാക്കിയപ്പോൾ അവൾ നാണത്താൽ അവരെ നുള്ളിക്കൊണ്ട് പറഞ്ഞു.. ‘ഒന്ന് പോടീ..’

അങ്ങനെ തോമാച്ചന്റെ വീട്ടിലേക്ക് ലില്ലിക്കുട്ടി വലതുകാൽ വെച്ച് കേറുന്ന ആ സുദിനം വന്നെത്തി….

ആദ്യരാത്രിയിൽ തന്നെ തോമാച്ചൻ നയം വ്യക്തമാക്കി…

“എനിക്ക് വല്യ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല.. എല്ലാരും പറഞ്ഞപ്പോ കെട്ടീന്നേ ഉള്ളു… പിന്നെ എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ല… ഇഷ്ടമൊക്കെ തന്നെയാണ്…” എന്നിങ്ങനെ ലില്ലിക്കുട്ടിയെ കൺഫ്യൂഷൻ ആക്കി കൊണ്ട് തോമാച്ചൻ… പത്തുമക്കളുള്ള തന്റെ വീടിന്റെ പ്രതാപം പറയാൻ ആരംഭിച്ചു…

അവിടെ കുട്ടികളെ കൂടാതെ ഞങ്ങൾ മുതിർന്നവർ തന്നെ ഒരു പത്തു പതിനഞ്ചു പേർ എപ്പോഴും കാണുമെന്നു പറഞ്ഞപ്പോൾ.. വീടിന്റെ ഏതു ഭാഗത്തേക്ക് തിരിഞ്ഞാലും ഒരു അപ്പച്ചനേം ഒരു അമ്മച്ചിയെം മാത്രം കണ്ടു ബോറടിച്ച ലില്ലിക്കുട്ടിയുടെ മനസ്‌ സന്തോഷം കൊണ്ട് തുള്ളിച്ചാടി..

തോമാച്ചൻ പിന്നെയും വീട്ടിലെ ഓരോ അംഗങ്ങളെയും ലില്ലിക്കുട്ടിക്ക് പരിചയപ്പെടുത്താൻ തുടങ്ങി..

ആ പറഞ്ഞതിൽ നിന്നും, ആ വീട്ടിലെ ആളുകളിൽ അവിടത്തെ മക്കൾ വളരെ നല്ലവരും, മരുമക്കൾ അത്ര വിശ്വസിക്കാൻ കൊള്ളാത്തവരും ആണെന്ന് ലില്ലിക്കുട്ടിക്ക് ഏകദേശം ഒരു ധാരണയായി..

അടുത്ത ദിവസം ലില്ലിക്കുട്ടിയുടേതായതെല്ലാം അടക്കി പെറുക്കിയെടുത്ത്, കൂടെ അവളുടെ ഒരു ചാക്ക് സ്വപ്നങ്ങളുടെ ഭാണ്ഡവുമായി അവൾ തോമാച്ചന്റെ കൂടെ അവന്റെ വീട്ടിലേക്ക് യാത്രയാവുമ്പോൾ അപ്പച്ചനും അമ്മച്ചിയും ആനന്ദക്കണ്ണീർ പൊഴിച്ച് നെറുകയിൽ ചും ബിച്ചു..

“നമ്മളെ സ്വാഗതം ചെയ്യാനിപ്പോ അവിടെ എല്ലാവരും കാത്തുനിൽപ്പുണ്ടാവും..” എന്ന് ഗമയോടെ പറഞ്ഞ തോമാച്ചന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ അവളുടെ കണ്ണിലും ഒരു ഗമ വന്ന് നിറഞ്ഞു…

എന്നാൽ ഇവരെ കണ്ടിട്ടും കാണാത്ത പോലെ വീട്ടിൽ നിന്നും “ഒന്നു കറങ്ങിയേച്ചും വരാവേ….” എന്ന് വിളിച്ചു കൂവി ഇറങ്ങി പോവുന്നവരെ നോക്കി “ദാ കൊച്ചേട്ടൻ, പൗലോച്ചൻ, കുഞ്ഞേച്ചി, അനിയത്തി..” ഇങ്ങനൊക്കെ തോമാച്ചൻ അവൾക്ക് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു..

അവർ പ്രതീക്ഷിച്ച പോലെ… വരവേൽക്കാൻ അവിടെ മറ്റാരെയും കാണാതായപ്പോൾ പതുക്കെ അകത്തേക്ക് നടന്നു…

അടുക്കളയോളം എത്തിയപ്പോൾ അവിടെ നാലഞ്ചു ചേടത്തിമാർ… അവർ അവളെ പക്ഷേ അടുക്കളയിലേക്ക് വരവേറ്റു…. അവരുണ്ടാക്കിയ ചായ കയ്യിൽ കൊടുത്ത് അവർ അത് തോമാച്ചന് കൊടുക്കാൻ പറഞ്ഞു..

ചായ വാങ്ങി മൊത്തി മൊത്തി കുടിക്കുന്ന തോമ അന്ന് മാത്രമല്ല പിന്നെയൊരിക്കൽ പോലും ലില്ലിക്കുട്ടിയോട് ചോദിച്ചിട്ടില്ല…. നീ കുടിച്ചോ ടീ…? ഏനം തിന്നോടീ…?” എന്ന്

എന്തിനു പറയണം… അവൾ പോലുമറിയാതെ പിന്നെ അവൾ അവിടെ അടുക്കളക്കാരിയായി… സിനിമഭ്രാന്ത് പോയിട്ട് സിനിമ എന്ന വാക്ക് പോലും അവൾ മറന്നു…

ചിലപ്പോഴൊക്കെ തോമാച്ചൻ വന്നേച്ചും പറയും.. “എടീ ലില്ലിക്കൊച്ചേ.. പണികൾ ഒഴിഞ്ഞെങ്കിൽ നീ വാ… നമ്മക്കൊന്ന് വല്യമ്മച്ചീടെ വീട് വരെ പോയി വരാം…”

ലില്ലിക്കുട്ടിക്ക് അത് കേൾക്കുമ്പോ.. ‘ഊട്ടി ബാംഗ്ലൂർ മൈസൂർ ഒന്ന് കറങ്ങി വരാം..’ എന്ന് അവൻ പറയും പോലെ തോന്നുമായിരുന്നു… അവളങ്ങ് ചാടിയോടി കുളിച്ചൊരുങ്ങി സാരി ചുറ്റി വരും..

അപ്പോഴാവും ചിലപ്പോ അമ്മച്ചി പറയുന്നത്… “ലില്ലിക്കൊച്ചേ… നീയിപ്പോ എവിടേം പോവണ്ട… തോമ പോയി വരട്ടെ…” എന്ന്..

“എങ്കിൽ നീ വേണ്ട.. അമ്മച്ചി പറയുന്നത് അനുസരിക്കാൻ ഉള്ളതാ.. തട്ടിക്കളയാൻ ഉള്ളതല്ല…” എന്നു പിറുപിറുത്തു കൊണ്ട് അവൻ പോയിട്ടുണ്ടാവും..

അതോടെ അവളുടെ മനസ്സിൽ ഒരായിരം കടന്നൽകൂട്ടങ്ങൾ ഒന്നിച്ചാർത്ത് കുത്തിയതിന്റെ വേദന തോന്നും…

പക്ഷേ ചിലപ്പോഴൊക്കെ അമ്മച്ചി സമ്മതിക്കേം അവൻ കൂടെ കൊണ്ടുപോവേം ചെയ്യുമായിരുന്നു..

അപ്പോഴാണ് ലില്ലിക്കുട്ടിക്ക് മറന്നുപോയ പാട്ടുസീനുകളൊക്കെ ഓർമ വരുന്നതും “പൂങ്കാറ്റേ… പോയി ചൊല്ലാമോ… ” എന്ന പാട്ടിലെ നായികയേയും നായകനെയും ഓർത്ത് ബൈക്കിൽ തോമാച്ചനെ കെട്ടിപ്പിടിച്ചിരിക്കുന്നതും…

പതിനഞ്ചാളുള്ള വീട്ടിൽ അല്പം പിശുക്കോടെ പന്ത്രണ്ട് പേർക്കേ ഭക്ഷണം ഉണ്ടാക്കിയിരുന്നുള്ളു എങ്കിലും കർത്താവിന്റെ കൃപ കൊണ്ട് അത് ഇരുപതാളുകൾ കഴിച്ചിരുന്നു..

പക്ഷേ പ്രതാപമുള്ള ആ വീട്ടിൽ പലപ്പോഴും ഭക്ഷണം കഴിക്കാന്നേരം ഇരുപത്തൊന്നാമത്തെ ആളായി പുറംതള്ളപ്പെട്ട ലില്ലിക്കുട്ടിക്ക് അന്നം എന്നും അന്യമായിരുന്നു…

അതൊക്ക ലില്ലിക്കുട്ടി സന്തോഷത്തോടെ സഹിച്ചു… പക്ഷേ അവിടെ അവൾക്ക് തോമാച്ചനെ ഒന്ന് ഒറ്റയ്ക്ക് കിട്ടണമെങ്കിൽ പുണ്യാളന് മെഴുകുതിരി നേരണമായിരുന്നു… അത്രക്ക് അയാൾക്കും അവളെ ആവശ്യമില്ലായിരുന്നു…

അതിനേക്കാൾ അവളെ സങ്കടപ്പെടുത്തിയിരുന്നത് എന്താണെന്ന് വെച്ചാൽ… വീട്ടിലുള്ളവർക്ക് മുൻപിൽ അവൻ എപ്പോഴും അവളെ പുച്ഛിച്ചു കൊണ്ടിരുന്നു… “അമ്മച്ചീ… ഇവളുടെ ഒരു കോലം നോക്ക്… മെലിഞ്ഞുണങ്ങീട്ട്..!! വല്യേച്ചീ നോക്ക് നോക്ക്… ഇവള് നടക്കുമ്പോ ഒരു ആട്ടം ല്ലേ…”

ഇതൊക്കെ തോമാച്ചൻ പറയുമ്പോൾ അവിടെ ഒരു കൂട്ടച്ചിരി കേൾക്കാമായിരുന്നു..

പാവം ലില്ലിക്കുട്ടിയുടെ തേങ്ങൽ അതിൽ അലിഞ്ഞു ചേരുമായിരുന്നു..

ആ വീട്ടിലെ പ്രതാപികൾക്ക് മുൻപിൽ കരയാൻ പോലും പേടിച്ച് അവൾ ബാത്‌റൂമിലും പിന്നെ ആരും കാണാതെ ഓരോ മുക്കിലും മൂലയിലും നിന്ന് കണ്ണീരിൽ കുതിരുമായിരുന്നു..

അപൂർവ്വമായൊരു ദിവസം രാത്രിയിൽ തോമാച്ചനെ കിട്ടിയ അവൾ ഒരുപാട് കെറുവിച്ചു…. അവളെയൊന്ന് അനുനയിപ്പിക്കാൻ അവൻ പറഞ്ഞു…. “എടീ പോത്തേ… നിന്നോട് എനിക്ക് ഇഷ്ടമില്ലാതെയല്ല… അങ്ങനൊക്കെ അവരുടെ മുൻപിൽ വെച്ച് പറഞ്ഞില്ലെങ്കിലേ അവരൊക്കെ എന്നെ പെൺകോന്തൻ എന്ന് വിളിക്കും… ചേട്ടായിമാരെയൊക്കെ മാറി മാറി എല്ലാരും ആ പേര് വിളിക്കുന്നത് ഞാൻ കേട്ടിട്ടുള്ളതാ… എന്നെ അതിന് കിട്ടത്തില്ല….”

ഇത് കേട്ടതും ലില്ലിക്കുട്ടിയുടെ കെറുവൊക്കെ എങ്ങോ പോയ്‌ മറഞ്ഞു…

അവൾ തന്റെ കത്തുന്ന വിശപ്പിലേക്ക് നിശബ്ദമായി ഒരു കപ്പ് വെള്ളം കമഴ്ത്തി.. ഓടി വന്ന് തോമച്ചാനെ വാരി പുണർന്നു കൊണ്ട് പറഞ്ഞു…

“അവരെയൊക്കെ കാണിക്കാനായിരുന്നോ ഇച്ചായാ…? അല്ലേലും എനിക്കറിയാം… എന്റെ തോമാച്ചൻ പാവാ… സ്നേഹോള്ളോനാ..”

Related Posts

Leave a Reply

Your email address will not be published. Required fields are marked *