പിന്നേയ്… ഒരു പ്രശ്നമുണ്ട്. അമ്മ പറയുന്നു ഈ പുണർതവും തിരുവാതിരയും അങ്ങോട്ട് ചേരുന്നില്ലന്ന്. അമ്മയോട് ഏതോ വിവരമില്ലാത്ത ജ്യോൽസ്യൻ പറഞ്ഞു…….

ഓർമ്മയിലൊരു പ്രണയം

എഴുത്ത്:-സിന്ധു അപ്പുക്കുട്ടന്‍

“നീയിന്നു ക്ലാസ്സിൽ പോണ്ടാ..

രാവിലെ കുളികഴിഞ്ഞു ഡ്രസ്സ്‌ മാറാൻ തുടങ്ങുമ്പോ അമ്മ വാതിൽക്കൽ വന്നെത്തിനോക്കി പറഞ്ഞു.

“അതെന്താ ഞാനിന്നു പോയാല്. എനിക്കിന്ന് ക്ലാസ്സുള്ള ദിവസമാണല്ലോ..

“ആ എനിക്കറിയില്ല അച്ഛനോട് ചോദിക്ക്.

ഞാൻ നാഗവല്ലിയാകുന്നോ എന്ന് പേടിച്ചു അമ്മ പെട്ടെന്ന് ഒഴിഞ്ഞു മാറി.

“എന്താ അച്ഛാ ഞാനിന്നു കോളേജിൽ പോയാൽ..?

ഇടാനെടുത്ത ഡ്രസ്സ്‌ കയ്യിൽത്തന്നേ പിടിച്ചുകൊണ്ട് ഞാൻ അച്ഛന്റടുത്തു ചെന്നു.

“അതേയ്, ഇന്ന് മോനേ കാണാൻ ഒരു ചെറുക്കൻ വരുന്നുണ്ട്. അവര് വന്നു പോയിട്ട് ക്ലാസ്സിൽ പോകാൻ സമയമുണ്ടകോ. അതാ ഇന്ന് പോണ്ടാന്ന് പറഞ്ഞത്.

“അയ്യേ… എനിക്ക് ഒരു ചെറുക്കനേം കാണണ്ട. എനിക്കിന്ന് ക്ലാസ്സിൽ പോണം.

ഞാൻ നിന്നു ചിണുങ്ങി.

അച്ഛൻ എന്തോ മറുപടി പറയാൻ തുടങ്ങിയതും അമ്മ ചൂലുമായി അടുക്കളയിൽ നിന്നോടി വന്നു.

“അവൾക്കു കൊഞ്ചലും വേഷംകെട്ടും കുറച്ചു കൂടുന്നുണ്ട്. മര്യാദക്ക് പറയുന്നത് അനുസരിക്കെടി.

സങ്കടവും ദേഷ്യവും ഒന്നിച്ച് കയറി വന്നീട്ടും മിണ്ടാനുള്ള സ്വാതന്ത്ര്യമില്ലാത്തതു കൊണ്ട് അമ്മയെ കണ്ണ് തുറുപ്പിച്ചു നോക്കികൊണ്ട് ഞാൻ അകത്തോട്ടു കേറിപ്പോയി.

എന്റെ മനസ്സ് നിറയെ തലേന്ന് ലൈബ്രറിയിലിരുന്നു വായിച്ചു പകുതിയാക്കിയ നോവലിന്റെ ബാക്കി എന്താണെന്നു അറിയാനുള്ള ആകാംഷയായിരുന്നു. കോളേജിൽ സമരമുള്ള ദിവസം കൂട്ടുകാർ സിനിമ തിയേറ്ററിലേക്കും, ബീച്ചിലേക്കും ഓടുമ്പോൾ രാവിലെ മുതൽ ലൈബ്രറിയിലെ ഏകാന്തതയെ പ്രണയിച്ച് അക്ഷരങ്ങളോടു കൂട്ടുകൂടാനായിരുന്നു എനിക്കിഷ്ടം.

അത് മാത്രമല്ല, അന്ന് അവിടെയുള്ള സ്റ്റാഫിൽ ഒരാളെ മൗനമായി പ്രണയിക്കുന്നുമുണ്ട്. ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യാത്ത ഒരവസ്ഥയും.

എല്ലാം കൂടി ആലോചിച്ചു എനിക്ക് വട്ടായി.

ഉച്ചക്ക് മുൻപേ ചെറുക്കനും ഒരു കൂട്ടുകാരനും വീട്ടിലെത്തി.

അച്ഛൻ വിളിച്ചപ്പോ കടന്നലു കുത്തിയ മുഖഭാവവുമായി ഞാൻ ഉമ്മറത്തേക്ക് ചെന്നു.

ചെറുക്കന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു. ഞാൻ വാ പിളർന്നു നിന്നുപോയി.

അയാളും എന്റെ മുഖഭാവം കണ്ട് പിടിച്ചു നിർത്താൻ കഴിയാത്തൊരു ചിരിയേ പൊട്ടിച്ചിരിയായി പുറത്തേക്ക് പറഞ്ഞു വിട്ടു

“ചിരിച്ചോണ്ട് തന്നെ എന്താ പേര് എന്ന് ചോദിച്ചപ്പോ ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി. എന്തുട്ടാ എന്റെ പേര് എന്ന ഭാവത്തിൽ.

പേര് പറയെടിന്ന് പറഞ്ഞ് അച്ഛൻ തോളിൽ തട്ടി.

“കൊ ന്നാലും പറയില്ല എന്ന ഭാവത്തിൽ അച്ഛാ.. അച്ഛനെ ഞാൻ പിന്നെ എടുത്തോളാം എന്ന് ഇന്നസെന്റ്സ്റ്റൈലിൽ തലയാട്ടി ഞാൻ അകത്തേക്ക് കയറിപ്പോന്നു.

ലവന്റെ പൊട്ടിച്ചിരി അട്ടഹാസമായി.

കുറെ കഴിഞ്ഞു പോകാനിറങ്ങുമ്പോ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു

“സിന്ധൂ…. ഞാൻ പോയിട്ട് വരാട്ടോ.

വാക്കുകൾക്കൊപ്പം ചിരിയലകളും കയറി വന്നു കാതിൽ തഴുകി.

ഒന്ന് വേഗം പോകാൻ നോക്കെടോ എന്ന് ഞാൻ മനസ്സിൽ മുറുമുറുത്തു

“അച്ഛനിതങ്ങു ഉറപ്പിച്ചുട്ടാ. നല്ല ചെക്കൻ. അച്ഛനിഷ്ടായി.

അവരെ യാത്രയാക്കി അച്ഛൻ അരികിൽ വന്നിരുന്നു.

“അപ്പൊ എനിക്ക് പഠിക്കണ്ടേ..?

“കല്യാണം കഴിഞ്ഞിട്ടും പഠിപ്പിച്ചോളാം ന്ന് അവര് സമ്മതിച്ചിട്ടുണ്ട്.

എന്നാലും എനിക്കാ ചെക്കനെ വേണ്ടാന്നു പറഞ്ഞാ വേണ്ട.

ഞാൻ വാശിയൊടെ പറഞ്ഞു കൊണ്ടിരുന്നു.

“അതിനൊരു കാരണം വേണ്ടേ.??

എത്രയൊക്കെ പറഞ്ഞിട്ടും ഞാൻ സമ്മതിക്കുന്നില്ല എന്ന് കണ്ടപ്പോൾ അച്ഛന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നു.

“ആ ചെക്കനും അവന്റെ കൂടെ വന്ന മറ്റെ ചെക്കനും കൂടി അന്ന് യമുന ചേച്ചിടെ കല്യാണത്തിന് പോയപ്പോ എന്റെ പിന്നാലെ നടന്നു കളിയാക്കി. ചോറുണ്ണാനിരുന്നപ്പോ ഇത്തിരി ചോറിടട്ടെ, കുറച്ചു പായസം ഒഴിക്കട്ടെ, ഒരു പപ്പടം വെക്കട്ടെ എന്നൊക്കെ ചോദിച്ചു എന്റടുത്തുന്ന് മാറിയിട്ടില്ല. മഞ്ജുവും, സൗമ്യയും കൂടെ ഉണ്ടായിരുന്നു. എന്നിട്ട് എന്നെ മാത്രം തിരഞ്ഞു പിടിച്ചു കളിയാക്കു വായിരുന്നു.എനിക്ക് ഇഷ്ടല്ല… വായിനോക്കി.

ഞാൻ കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു നിർത്തിയപ്പോൾ അച്ഛൻ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.

“ഹഹഹ…… എന്റെ പൊന്നോ. നീയിത്ര മന്ദബുദ്ധിയായിപ്പോയല്ലോ. കല്യാണം കഴിക്കാത്ത ആമ്പിള്ളേര് ഓരോ പെൺകൊച്ചുങ്ങളേ കണ്ടു പിടിക്കുന്നത് ഇങ്ങനെയൊക്കെയാ. അതവര് വായി നോക്കികൾ ആയതോണ്ടല്ല. ഈ പ്രായത്തിന്റെ ഒരു കൗതുകമാണ്. അവിടെ കണ്ടു ഇഷ്ടമായതുക്കൊണ്ടല്ലേ ഈ ആലോചനയുമായി ഇവിടെ കയറി വന്നത്. വായി നോക്കി ആയിരുന്നെങ്കിൽ അവനവന്റെ പാട്ടിനു പോകില്ലേ.അവൻ നല്ല കുട്ടിയാ. അച്ഛനിഷ്ടായി. നമുക്കിതങ്ങോട്ട് ഉറപ്പിക്കാം ന്ന്.

ഞാൻ ഒന്നും മിണ്ടിയില്ല.

അന്ന് രാത്രി വീട്ടിലെ ലാൻഡ് ഫോണിലേക്കു ഒരു കാൾ വന്നു.

കുറെ നേരത്തെ സംസാരത്തിന് ശേഷം, ദാ ഇവിടുണ്ട് ഞാൻ കൊടുക്കാം എന്ന് പറഞ്ഞു നിർത്തി അച്ഛൻ ഫോൺ എനിക്ക് നേരെ നീട്ടി.

“ഞാൻ വീട്ടിൽ വന്നിട്ട് എന്റെ പേര് പോലും ചോദിച്ചില്ല ല്ലോ.. കഷ്ടമുണ്ട് ട്ടോ. താൻ കോളേജിലൊക്കെ പോയി പഠിച്ചിട്ടും ആളുകളോട് മാന്യമായി പെരുമാറാൻ പഠിച്ചില്ലേ ഇതുവരെ.

അച്ഛനടുത്തുനിൽക്കുന്ന കാരണം ഞാനൊന്നും മിണ്ടിയില്ല.

എന്തായാലും തന്നെ എനിക്കിഷ്ടായി. എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രേ ഉള്ളൂ ഇവിടെ. ഞങ്ങൾക്ക് കൂട്ടായി താനും കൂടി വേണം എന്നാ എന്റെ ആഗ്രഹം.

തനിക്ക് സമ്മതമല്ലേ…?

മനസ്സിൽ മഞ്ഞു തുള്ളികൾ കുടഞ്ഞിടും പോലൊരനുഭൂതിയുണർന്നു. എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല.

“തനിക്ക് എത്ര വേണേലും പഠിച്ചോ. അതൊക്കെ ഞാൻ സമ്മതിച്ചു തന്നേക്കുന്നു. കോളേജിൽ ആരേം ലൈനിടരുതെന്ന് മാത്രം. താൻ എന്നെ മാത്രം സ്നേഹിച്ചാൽ മതി.

പിന്നെയും വാതോരാതെ ഒരുപാട് കാര്യങ്ങൾ.

താനെന്താ ഒന്നും മിണ്ടാത്തെ. അന്ന് കല്യാണവീട്ടിൽ വെച്ചു കണ്ടപ്പോ തന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ പിന്നാലെ നടന്നത്. അതിനിയും മറന്നില്ലേ.

എന്നെ ഇഷ്ടമല്ലേ തനിക്ക്…?

ഉം…

ഏറെ നേരത്തെ മൗനത്തിനു ശേഷം ഞാനൊന്നു മൂളി.

താങ്ക്സ് ഡാ മുത്തേ… താങ്ക്യൂ വെരി മച്ച്.

സന്തോഷംകൊണ്ട് തുള്ളിച്ചാടുന്ന ഒരു മനസ്സിനെ ഭാവനയിൽ കണ്ട്ഞാൻ ഉറക്കെ ചിരിച്ചു പോയി.

.പിന്നെ പ്രണയത്തിന്റെ താഴ്‌വാരകളിലെ മദിപ്പിക്കുന്ന പൂക്കാലം തേടി ഒന്നിച്ചൊരു യാത്രയായിരുന്നു.നനുത്ത ചാറ്റൽമഴയിൽ നനഞ്ഞും, പുൽക്കൊടിത്തുമ്പിലെ മഞ്ഞു തുള്ളികളിൽ മുത്തമിട്ടും മഴവില്ലിൻ തുഞ്ചത്തൊരു ഊഞ്ഞാലിട്ടാടാൻ.

സ്വപ്‌നങ്ങളും, ദിവാ സ്വപ്‌നങ്ങളും സമ്പന്നമാക്കിയ പകലിരവുകൾ.

സ്മാർട്ട്‌ ഫോണൊന്നുമില്ലാത്തത് കൊണ്ട് ഇടയ്ക്കിടെ എടുത്തു നോക്കാൻ ഓരോ ഫോട്ടോ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയിരുന്നു.

അന്നത്തെ ഏറ്റവും വലിയ മോഹം കട്ടിമീശയും താടിയുമുള്ള ഒരാളെ വിവാഹം കഴിക്കണം എന്നതായിരുന്നു.

അവനോടുള്ള പ്രണയത്താൽ മനസ്സ് ആർദ്രമാകുന്ന നിമിഷങ്ങളിൽ ആ ഫോട്ടോയിൽ പെൻസിൽ കൊണ്ട് കട്ടി മീശയും താടിയും വരച്ചു ചേർക്കും.

പരസ്പരം കാണാതെ ഫോൺ വിളികളിലൂടെമാത്രം സമ്പന്നമായ പ്രണയം ശാന്തമായൊഴുകുന്നൊരു പുഴ പോലെ കടലിലേക്കൊഴുകി തുടങ്ങി.

പൊട്ടിച്ചിരികൾക്കൊപ്പം കാതിൽ വന്നു വീഴുന്ന തേൻതുള്ളികൾക്ക് മാധുര്യമേറ്റാനെന്നവണ്ണം പശ്ചാത്തലമായി ഒഴുകി വരുന്ന പാട്ടിന്റെ വരികൾ കേൾക്കുമ്പോ അത്ഭുതം തോന്നും. എനിക്ക് അത്രയേറെ പ്രിയമുള്ള പാട്ടുകളായിരുന്നു ഓരോന്നും.

എന്നെപ്പോലെ പാട്ടുകളെ ഇഷ്ടപ്പെടുന്ന ഒരാളാണെന്നഅറിവ് എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.അവനോടുള്ള സ്നേഹം ഇരട്ടിയായി.

എനിക്കിവിടെ ഒരു ഷോപ്പുണ്ടെടി പെണ്ണേ.”പുണർതം മ്യൂസിക്സ് “. നിന്റെച്ചൻ തരുന്ന സ്ത്രീധനം കിട്ടിയിട്ട് വേണം ഇതൊന്നൂടി സെറ്റാക്കാൻ. പിന്നെയങ്ങോട്ട് നമ്മൾ തകർക്കും. നീ നോക്കിക്കോ.

ചിരിച്ച് ചിരിച്ച് വാക്കുകൾ നഷ്ടപ്പെട്ട് ഞാനും വരാൻ പോകുന്ന സന്തോഷനിമിഷങ്ങളേ കിനാവ് കാണും

പിന്നേയ്… ഒരു പ്രശ്നമുണ്ട്. അമ്മ പറയുന്നു ഈ പുണർതവും തിരുവാതിരയും അങ്ങോട്ട് ചേരുന്നില്ലന്ന്. അമ്മയോട് ഏതോ വിവരമില്ലാത്ത ജ്യോൽസ്യൻ പറഞ്ഞു കൊടുത്തതാ. അത് കേട്ടിട്ട് അമ്മ എന്നോട് പിണങ്ങി നടക്കുവാ.

ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഞാനീ പെണ്ണിനേ മാത്രേ കല്യാണം കഴിക്കൂ എന്ന് ഞാനും അങ്ങോട്ട് വെച്ചു കാച്ചി.

എനിക്കതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത അത്ഭുതമായിരുന്നു.കാരണം എന്റെ സ്വപ്നത്തിൽ പോലുമില്ലായിരുന്നു ഇത്രയും സുന്ദരമായ മുഖമുള്ള, വെളുത്ത നിറമുള്ള,കട്ടിമീശയുള്ള, ഹൈറ്റുള്ള ഒരാൾക്ക് എന്നെപ്പോലെ ഒരാളെ ഇഷ്ടപ്പെടാനാകുമെന്ന്.

ജ്യോൽസ്യന്റെ വാക്കുകളെ ശരിവെച്ച് കല്യാണം മുടക്കാനിറങ്ങിയ ബന്ധുക്കളെയെല്ലാം അവഗണിച്ചു കൊണ്ട് സ്വപ്ന സാഫല്യത്തിന്റെ നിമിഷങ്ങളിലേക്ക് നടന്നു കയറാൻ ഞങ്ങൾ അണിഞ്ഞൊരുങ്ങിത്തുടങ്ങിയ വർണ്ണാഭമായ ദിനങ്ങൾ മെല്ലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

“എടി പോത്തേ കല്യാണസാരി എടുക്കാൻ പോകുമ്പോ എന്നെ മുടിപ്പിക്കരുത് ട്ടോ. ഞാൻ സെലക്ട്‌ ചെയ്തോളാം. ഈയിടെ ഒരു ഫ്രണ്ട് ന്റെ കല്യാണത്തിന് പോയപ്പോ ഒരു സാരി കണ്ടിരുന്നു. നിസാര വിലയെ ഉള്ളു. പക്ഷേ പതിനായിരത്തിന്റെ പൊലിമയുണ്ട്. നമുക്കും അതുപോലെയൊന്നു മതീട്ടാ.

അവസാനമായി അവനെന്നോട് പങ്കുവെച്ച ആഗ്രഹം അതായിരുന്നു.

ഞങ്ങളുടെ പ്രണയത്തിന് സാക്ഷിയായ ഫോണിലേക്കു വന്ന അവന്റെ അവസാനത്തെ കാൾ.

സംസാരം അവസാനിപ്പിക്കുമ്പോൾ,ഇനി ഞായറാഴ്ച നേരിട്ട് കാണാട്ടോ. അതുവരെ തിരക്കാണ് എന്ന ആഹ്ലാദത്തിൽ കലർന്ന സാന്ത്വനം.

മോതിരമിടലിനു പന്തലൊരുങ്ങി. ക്ഷണിക്കപ്പെട്ടവരിൽ അടുത്ത ബന്ധുക്കളായിട്ടുള്ളവരെല്ലാം വീട്ടിൽ വന്നിട്ടുണ്ട്.

വെള്ളിയാഴ്ച ക്ലാസ്സ്‌ കഴിഞ്ഞു രണ്ട് ദിവസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന ധന്യ മുഹൂർത്തങ്ങളുടെ ഓർമ്മകളും അയവിറക്കി കൂട്ടുകാർക്കൊപ്പം അർമാദിച്ച് വീട്ടിൽ കയറി വരുമ്പോൾ വീടാകെ ഉറങ്ങി കിടക്കുന്നു.

അച്ഛൻ നെഞ്ചും തടവി കട്ടിലിൽ മലർന്നു കിടക്കുന്നു.

അമ്മ അടുക്കളവരാന്തയിൽ താടിക്ക് കയ്യും കൊടുത്തു എന്തോ ആലോചിച്ചിരിക്കുന്നു.

മനസ്സിൽ വല്ലാത്തൊരു പരിഭ്രമം പടർന്നു തുടങ്ങി.

എന്താമ്മേ…. എന്തുപറ്റി എന്ന ചോദ്യത്തിന്, ജീവിതത്തിൽ ഒരിക്കൽപ്പോലും എനിക്ക് പകർന്നു തന്നിട്ടില്ലാത്തൊരു വാത്സല്യത്തോടെ അമ്മയെന്നെ നെഞ്ചോട് ചേർത്തു നിർത്തി മെല്ലെ നിറുകിൽ തഴുകി.

“അമ്മേടെ മോൻ വിഷമിക്കരുത് ട്ടോ. ഈ കല്യാണം ഇനി നടക്കില്ല. വിധു പോയി.. നമ്മളെയെല്ലാം വിട്ട് അവൻ പോയി…

കേട്ട വാക്കുകളുടെ പൊരുൾ തലച്ചോറിലേക്കെത്താൻ ഏറെ സമയം വേണ്ടി വന്നു.

പ്രജ്ഞയറ്റു താഴോട്ട് മറിയുന്നത് മാത്രമറിഞ്ഞു.

കണ്ണ് തുറക്കുമ്പോൾ ഞാൻ ആശുപത്രിയിലെ മരുന്നുമണക്കുന്ന കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുകയായിരുന്നു.

മറക്കാൻ വർഷങ്ങൾ ഒരുപാട് വേണ്ടി വന്നു. എന്നിട്ടും മറന്നോ എന്ന് ചോദിച്ചാൽ അതിനെനിക്ക് മറുപടിയില്ലാതാകും.

ഒരു വസന്തം മുഴുവൻ കൈകുമ്പിളിൽ വെച്ചു തന്ന എന്റെ ആദ്യ പ്രണയം. കുന്നോളം സ്നേഹം ഹൃദയത്തിലേക്കിറ്റിച്ചു തന്ന എന്റെ പ്രിയപ്പെട്ടവൻ.

എങ്ങനെ മറവിയുടെ ആഴങ്ങളിലേക്ക് ഞാൻ വലിച്ചെറിയും.

ഇന്നും,സ്നേഹം കൊണ്ട് ഞാൻ മുറിവേല്ക്കുമ്പോഴൊക്കെയും ഒരു കുഞ്ഞു പുഞ്ചിരിയുമായി അവനെന്റെ അരികിലെത്തും. പോട്ടേടി, സാരമില്ല എന്ന ആശ്വാസത്തലോടലുമായി.

..

Related Posts

Leave a Reply

Your email address will not be published. Required fields are marked *