പ്രിയം ~ ഭാഗം 24 ~ എഴുത്ത്: അഭിജിത്ത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എനിക്കവളെയൊന്ന് കാണണം…

ആരെ കാണണമെന്നാ അമ്മ പറയുന്നത് ഏടത്തിയമ്മയെയാണോ…

അവളല്ലാതെ വേറെ ആരെങ്കിലും നിന്റെ കൂടെയുണ്ടോ…

എന്താ പെട്ടെന്ന് ഇങ്ങനെയൊരു ആഗ്രഹം തോന്നാൻ..

അതൊക്കെ ഞാനവളോട് പറഞ്ഞോളാം..

അമ്മ അകത്തേക്ക് കയറി, അടുക്കളയിൽ പണിത്തിരക്കിലായിരുന്ന ഗായത്രി അമ്മ വരുന്നത് കണ്ട് നേരെ നിന്നു, അവളുടെ അരികിലെത്തിയപ്പോൾ..

മോളങ്ങ് ക്ഷീണിച്ച് പോയല്ലോ…

ഗായത്രി എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഉണ്ണിയെ നോക്കി, ഉണ്ണി കൈകൊണ്ട് കാണിക്കാൻ തുടങ്ങി..

അമ്മക്ക് ലേശം വട്ട് തുടങ്ങി തോന്നണു, അല്ലെങ്കിൽ നന്നായിട്ടിരിക്കുന്ന ആളെ കണ്ടിട്ട് വയ്യാതെ ഇരിക്കുന്നെന്ന് പറയോ..

ഗായത്രി തന്നെയല്ല ശ്രദ്ധിക്കുന്നതെന്ന് കണ്ട് അമ്മ പുറകിലേക്ക് തിരിഞ്ഞു നോക്കി, ഉണ്ണി കൈകൊണ്ട് ആംഗ്യം കാണിക്കുന്നത് കണ്ടപ്പോൾ..

നീയെന്താടാ സർക്കസ് കാണിക്കാണോ, സ്ത്രീകൾ സംസാരിക്കുന്നത് കണ്ടില്ലേ, നീ മുറിയിലെങ്ങാനും പോയിരിക്ക്…

എന്നാൽ പ്രവേശനമില്ലാന്ന് പറഞ്ഞ് ബോർഡ്‌ വെക്ക്, അതു പറ്റില്ലാന്ന് പറയാണെങ്കിൽ ഞാൻ പുറത്ത് പോയിട്ട് വരാം, ഏടത്തിയമ്മയും അമ്മയും രാത്രി ഭക്ഷണം കഴിച്ചു കിടന്നോ, ഇന്നെന്തായാലും അമ്മ കൂട്ടുണ്ടല്ലോ..

നീ എവിടെ പോവാ..ഗായത്രി അമ്മയെ മറികടന്ന് ചോദിച്ചു..

ഞാൻ പെട്ടെന്ന് വരാം, എടത്തിയമ്മ പേടിക്കണ്ട…

ഉണ്ണി പുറത്തേക്കിറങ്ങി, അമ്മ ഗായത്രിയെ ഉറ്റുനോക്കികൊണ്ടിരുന്നു…

മോളെന്തിനാ ഇങ്ങനെ ടെൻഷനാവുന്നേ അമ്മ വല്ലതും പറയും വിചാരിച്ചിട്ടാണോ..

എനിക്കെന്ത് ടെൻഷൻ, എനിക്കിപ്പോൾ പുറത്ത് പോയ ആളെ കുറിച്ചോർക്കുമ്പോഴേ ടെൻഷൻ വരാറുള്ളൂ….ഗായത്രി വീണ്ടും പണിയിലേക്ക് തിരിഞ്ഞു.

അവനെ തന്നെ നോക്കിയിരുന്നിട്ട് കാര്യമുണ്ടോ മോളെ, അവൻ എന്ത് മനസ്സിൽ വെച്ചിട്ടാ നിന്റെ കൂടെ നടക്കുന്നതെന്ന് പറയാൻ പറ്റോ..

അമ്മ ഇപ്പോൾ എന്താ പറഞ്ഞു വരുന്നത്..ഗായത്രിക്ക് ദേഷ്യം വരാൻ തുടങ്ങി..

എന്നാൽ ഞാനൊരു കാര്യം പറയാം, ഞങ്ങളെല്ലാവരും കൂടി നിന്റെ വീട്ടിൽ ചെന്ന് അച്ഛനോട് കാര്യങ്ങളൊക്കെ പറഞ്ഞു ശരിയാക്കാം, മോള് തിരിച്ചു വീട്ടിൽ പോയി അവര് പറയുന്ന ആളെയും കല്യാണവും കഴിച്ചു സന്തോഷമായി ജീവിച്ചോ…

ഗായത്രി കയ്യിലിരുന്ന പാത്രം താഴെ വെച്ച് അമ്മയെയൊന്ന് നോക്കി..അമ്മയുടെ ഇപ്പോഴത്തെ പ്രശ്നമെന്താ..?

അത് ഞാൻ പറഞ്ഞു തരണോ, നീ ഒരാള് കാരണം എന്റെ രണ്ട് മക്കളുടെയും ജീവിതം നശിച്ചു, ഇപ്പോൾ രതീഷിനൊരു കല്യാണാലോചന വന്നിട്ടുണ്ട്, അവരൊക്കെ ആദ്യം കെട്ടിയത് അനിയന്റെ കൂടെയല്ലേ എന്ന് ചോദിച്ചു കളിയാക്കാ, എനിക്ക് അത് കേട്ടിട്ട് തൊലിയുരിയുന്നു, എനിക്ക് ഇനിയും മനസ്സിലാവാത്തത് നീ ഇതൊക്കെ വേണം വെച്ചിട്ട് ചെയ്തതാണോന്നാ…

ഗായത്രി അമ്മയുടെ നേരെ നിന്നു..ആണെങ്കിൽ…

എനിക്ക് തോന്നി നിന്റെ മനസ്സിലിരിപ്പ് ഇത് തന്നെയായിരിക്കുമെന്ന്, ഉണ്ണി ചെറുതല്ലേ ബുദ്ധി കുറച്ച് കുറവായത് കൊണ്ട് വലയിൽ പെട്ടെന്ന് വീണു…

അതേ, അങ്ങനെ തന്നെയായിരുന്നു എന്റെ മനസ്സിൽ, അവനാവുമ്പോൾ ഞാൻ പറയുന്നതൊക്കെ ചെയ്യുന്നുമുണ്ട്, എനിക്കൊരു അടിമയെ പോലെ കൊണ്ട് നടക്കാനും പറ്റും, ഇനി വല്ലതും അറിയണോ…

നിൽക്ക് നിന്റെ മനസ്സിലിരിപ്പ് ഞാൻ അവനോട് പറയുന്നുണ്ട്, നിന്നേ ഇവിടുന്ന് കെട്ടു കെട്ടിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ…

അതോർത്ത്‌ വേവലാതി വേണ്ട ഞാനെന്തായാലും ഇവിടെ നിന്ന് പോവാ പുതിയ വീട്ടിലേക്ക്…

അത് നിന്റെ സ്വപ്നം മാത്രമാടീ…

അമ്മ ഹാളിലെ സോഫയിൽ വന്ന് കിടന്നു..

സമയം രാത്രിയായി….

ഉണ്ണി വന്നുകേറുമ്പോഴും അമ്മ സോഫയിൽ കിടക്കുകയായിരുന്നു, ഉണ്ണി അമ്മയെ തട്ടി വിളിച്ചു, അമ്മ എഴുന്നേറ്റു ഉണ്ണിയെ കണ്ടപ്പോൾ കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു..

മോനെ…

ഉണ്ണി കാര്യം മനസ്സിലാവാതെ അമ്മയെ ചേർത്ത് പിടിച്ചു..എന്തിനാ കരയുന്നെ, ഇങ്ങനെ പുറത്ത് കിടന്നു തണുപ്പ് കൊള്ളണമായിരുന്നോ..

അമ്മക്ക് നീ വരാതെ അകത്തേക്ക് കയറാൻ പറ്റില്ലല്ലോ…അമ്മ തേങ്ങിക്കൊണ്ട് പറഞ്ഞു.

അങ്ങനെയൊന്നുമില്ല അമ്മേ ഇവിടെ ഏത് മുറിയിൽ വേണമെങ്കിലും കിടക്കാലോ..

അമ്മ കരയുന്നത് നിർത്തി ഉണ്ണിയെ നോക്കി..നീ ഭക്ഷണം കഴിച്ചോ…?

ഞാൻ കഴിച്ചു, അമ്മയോ..?

അമ്മ വീണ്ടും കരയാൻ തുടങ്ങി..ഇത്ര നേരമായിട്ടും പച്ചവെള്ളം കിട്ടിയില്ല.

അതെന്താ, എടത്തിയമ്മ കഴിക്കുമ്പോൾ കഴിക്കാമായിരുന്നില്ലേ, അല്ലെങ്കിൽ അമ്മക്ക് തന്നെ എടുത്ത് കഴിക്കാലോ..

അവള് സമ്മതിക്കണ്ടേ, എന്നോടൊന്നും തൊടണ്ടാന്നാ പറഞ്ഞേ…

ശരി ഞാൻ ചോദിച്ചു നോക്കാം..

ഉണ്ണി എഴുന്നേറ്റ് ഗായത്രിയുടെ വാതിലിൽ മുട്ടി, അവൾ ലൈറ്റിട്ട് വാതിൽ തുറന്നു, ഉണ്ണി പുറത്ത് നില്ക്കുന്നത് കണ്ട് ചിരിച്ചു..

നീ വന്നോ ഞാൻ കുറച്ച് കഴിഞ്ഞിട്ടും വന്നില്ലെങ്കിൽ വിളിക്കാൻ വേണ്ടിയിരിക്കായിരുന്നു.

എടത്തിയമ്മ ഭക്ഷണം കഴിച്ചോ…?

ഞാൻ കുറച്ച് മുമ്പേ കഴിച്ചു.

എന്നിട്ട് അമ്മക്കെന്താ കൊടുക്കാതിരുന്നത്..

കൊടുത്തല്ലോ, എന്റെ കൂടെയിരുന്നാ കഴിച്ചത്..

എന്നിട്ട് അമ്മയൊന്നും കിട്ടിയില്ലന്നാണല്ലോ പറഞ്ഞത്, എന്താ അങ്ങനെയല്ലേ അമ്മേ..

ഉണ്ണി പറയുന്നത് കേട്ട് ഗായത്രി പുറകിലെ സോഫയിലേക്ക് നോക്കി, അമ്മ ഉണ്ണിയുടെ ചോദ്യത്തിന് ഉത്തരമായി അതേയെന്ന് തലയാട്ടുന്നത് കണ്ട് ഗായത്രിക്ക് വല്ലാതെ ദേഷ്യം വന്നു..

അമ്മ നല്ലപോലെ നുണ പറയുന്നതാ എന്റെ മുമ്പിലിരുന്നാ കഴിച്ചത്..

ഞാനെന്തിനാ ഉണ്ണി നുണ പറയുന്നത്, കിട്ടാത്തൊരു സാധനമെങ്ങനെ കിട്ടിയെന്ന് പറയും…അമ്മയും വിട്ടുകൊടുത്തില്ല..

എടത്തിയമ്മ വഴക്കുണ്ടാക്കുന്നത് നിർത്ത്.ഉണ്ണി ഇടയിൽ കയറി..

ഗായത്രി ഉണ്ണിയുടെ നേരെ തിരിഞ്ഞു. ഞാൻ പറയുന്നത് ഇപ്പോൾ നിനക്ക് വഴക്കുണ്ടാക്കുന്നത് പോലെയാണോ തോന്നുന്നത്..

കേൾക്കുമ്പോൾ എനിക്കങ്ങനെ തോന്നുന്നുണ്ട്, അമ്മയോട് പകരം വീട്ടുമ്പോൾ ഇങ്ങനെ പട്ടിണിക്കിട്ട് വീട്ടേണ്ടായിരുന്നു..

ഗായത്രി ഉണ്ണിയെ തന്നെ നോക്കികൊണ്ടിരുന്നു..ഓ.. ഞാൻ വേണം വെച്ചിട്ട് അമ്മയെ പട്ടിണിക്കിട്ടു എന്നാണ് പറഞ്ഞു വരുന്നത്, എന്നാൽ അങ്ങനെയെങ്കിൽ അങ്ങനെ.

അപ്പോൾ അമ്മ പറയുന്നത് കാര്യം തന്നെയാണ്, ഏടത്തിയമ്മയും സമ്മതിച്ചു.

നീ അങ്ങനെയാണല്ലോ ഇപ്പോൾ പറഞ്ഞത് ഞാൻ തർക്കിക്കുന്നില്ല, ഞാൻ എന്റെ ഭ്രാന്തിന് വേണം വെച്ചിട്ട് ചെയ്തതാണെന്ന് തന്നെ കൂട്ടിക്കോ.

കണ്ടോ മോനെ അവളുടെ അഹങ്കാരം, ഇത്രയൊക്കെ നീ അവൾക്ക് വേണ്ടി ചെയ്തിട്ടും നിന്നോട് തന്നെ സംസാരിക്കുന്നത് കേട്ടില്ലേ, ഇതാ അമ്മ നിന്നോട് ആദ്യമേ പറഞ്ഞത് അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലാന്ന്.

ഇനി അടുക്കളയിൽ ഭക്ഷണമുണ്ടോ..ഉണ്ണി ഗായത്രിയെ നോക്കി ചോദിച്ചു.

ചോദ്യം കേട്ടിട്ടും ഗായത്രി മിണ്ടാതെ നിൽക്കുന്നത് കണ്ട് ഉണ്ണി വീണ്ടും..ഏടത്തിയമ്മയോടാ ചോദിക്കുന്നത് ബാക്കി വല്ലതുമുണ്ടോന്ന്..

ഗായത്രി ഉണ്ണിയെ നോക്കി. നിനക്ക് എടുത്ത് വെച്ചത് ഉണ്ടാവും.

എന്നാൽ അതെടുത്തുകൊണ്ട് വന്ന് അമ്മക്ക് വിളമ്പി കൊടുക്ക്..

ഗായത്രി അടുക്കളയിൽ നിന്ന് പാത്രങ്ങൾ കൊണ്ട് വന്ന് ടേബിളിൽ വെച്ചു, ഉണ്ണി അമ്മയെ എഴുന്നേൽപ്പിച്ച് കസേരയിലിരുത്തി, ഗായത്രി തലതാഴ്ത്തി നിൽക്കുന്നത് കണ്ട്…

എടത്തിയമ്മ അത് കയ്യിൽ പിടിച്ചുകൊണ്ടു നിൽക്കാനല്ല വിളമ്പിക്കൊടുക്ക്.

ഗായത്രി അമ്മയെ നോക്കാതെ പത്രത്തിലേക്ക് വിളമ്പി, അമ്മ കുറച്ച് കഴിച്ചിട്ട് എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ ഉണ്ണി അമ്മയോട്..

എന്താ നിർത്തിയത് നല്ല വിശപ്പുണ്ടെന്നല്ലേ പറഞ്ഞത്..

അതുപിന്നെ മോനെ സമയം തെറ്റി കഴിച്ചാൽ എങ്ങനെ ചെല്ലാനാ, കഴിക്കണമെന്നുണ്ട് പക്ഷെ പറ്റുന്നില്ല..

ഉണ്ണി മാറിയപ്പോൾ അമ്മ എഴുന്നേറ്റ് കൈ കഴുകി, മുറിയുടെ വാതിൽ തുറന്ന് അമ്മയോട് കിടന്നോളാൻ പറഞ്ഞു, ഉണ്ണി പോവാനൊരുങ്ങിയപ്പോൾ…

അമ്മ നിന്നോടൊരു രഹസ്യം പറയട്ടെ..

ഉണ്ണി അമ്മയുടെ അരികിലിരുന്നു..

എന്താ അമ്മേ..

അമ്മ ശബ്ദം താഴ്ത്തി. അവള് നിന്നേ ചതിക്കുന്നതാ മോനെ, എന്നോട് അതും പറഞ്ഞ് വഴക്കുണ്ടാക്കാനൊക്കെ നോക്കി, ഞാൻ നിന്നോട് ആ കാര്യം പറയുമെന്ന് പറഞ്ഞപ്പോഴാ എന്നെ പട്ടിണിയാക്കിയത്.

ഉണ്ണിയൊന്ന് അമ്മയെ തഴുകി.അമ്മ ധൈര്യമായിട്ട് കിടന്നോ, ഞാൻ ശരിയാക്കി കൊടുത്തോളാം.

അമ്മയോട് പറഞ്ഞ് ഉണ്ണി മുറിയിൽ നിന്നിറങ്ങി, ഗായത്രി പത്രങ്ങളെല്ലാം കഴുകി മുറിയിൽ കിടക്കാൻ തയ്യാറെടുക്കുകയായിരുന്നു, ഉണ്ണി അരികിലേക്ക് ചെന്നു, നിഴൽ കണ്ട് ഗായത്രിയൊന്ന് തിരിഞ്ഞു നോക്കി, ഗായത്രി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട് ഉണ്ണിയൊന്ന് തൊട്ട് വിളിച്ചു, അവന്റെ കൈ തട്ടി മാറ്റി..

എന്നോട് മിണ്ടണ്ട, അമ്മ വന്നിട്ടുണ്ടല്ലോ കൂട്ടിന് അവിടെ പോയിരുന്നോ..

ഉണ്ണിയൊന്ന് ചിരിച്ചു.അതിന് അമ്മ ഉറങ്ങിയല്ലോ..

ഗായത്രി ഉണ്ണിക്ക് നേരെ തിരിഞ്ഞു.ഇത്ര പെട്ടെന്ന് ഉറങ്ങിയോ..

കട്ടില് കണ്ടാൽ ഉറങ്ങുന്ന ആളാ..

ഗായത്രി ബെഡ്ഷീറ്റ് നേരെ വിരിച്ചു.അപ്പോൾ ഇന്നത്തെ പെർഫോമൻസ് അവസാനിപ്പിച്ചോട്ടെ..

ഉണ്ണി വീണ്ടും ചിരിച്ചു.കഴിഞ്ഞു ഇന്നത്തെ കഴിഞ്ഞു.

ഗായത്രി അവനുനേരെ കൈനീട്ടി.അടി കൈ..

ഉണ്ണി അവളുടെ കയ്യിലൊന്ന് മുട്ടി..

അമ്മ പാവം രണ്ടാമതും കഴിക്കാൻ നല്ലോം ബുദ്ധിമുട്ടി..ഗായത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്താ ചെയ്യാ, ആരോ പറഞ്ഞുകൊടുത്തു തോന്നുന്നു രണ്ടുപേരെയും തമ്മിലടിപ്പിച്ചാൽ പ്രശ്നം തീരുമെന്ന്.

ആരുടെ പ്ലാനായാലും നന്നായിട്ടുണ്ട്..

ആ പ്ലാൻ വിട് ഇത് നോക്ക്..ഉണ്ണി കയ്യിലിരുന്ന ചാർട്ട് ഗായത്രിക്ക് നേരെ നീട്ടി, അവളത് ബെഡ്‌ഡിൽ വെച്ച് നിവർത്തി..

കൊള്ളാലോ, ഇത്ര പെട്ടെന്ന് വീടിനു പ്ലാനായോ..

പ്ലാൻ മാത്രമല്ല നാളെ പണി തുടങ്ങും, പെട്ടെന്ന് തീരാൻ വേണ്ടി ചെറിയ വീടാ കെട്ടുന്നത്..

ഗായത്രി പ്ലാനിലേക്കൊന്ന് നോക്കി.ഇത് നിന്റെ കണക്കിൽ ചെറിയ പ്ലാനാണോ, അല്ല ഇതെന്താ മാർക്ക് ചെയ്ത് വച്ചേക്കുന്നേ..

അത് ഏടത്തിയമ്മയുടെ മുറി, കുറച്ച് ഡിസൈൻ വർക്ക്‌ കൂടുതൽ അവിടെ വരും.

സൂപ്പറായിട്ടുണ്ട്…

കളർഫുള്ളാവട്ടെ അതല്ലേ ലക്ഷ്യം..

ഗായത്രി പ്ലാൻ മടക്കി ഉണ്ണിയുടെ കയ്യിൽ കൊടുത്തു..

എടത്തിയമ്മ ദിവസവും പണിനടക്കുന്നിടത്തൊക്കെ പോയി എല്ലാം ശരിയല്ലേയെന്നൊക്കെ നോക്കണം കേട്ടോ.

ഓ.. ഉത്തരവ് പോലെയായിക്കോട്ടെ..

ഉണ്ണി പുറത്തേക്കിറങ്ങാൻ നിന്നപ്പോൾ ഗായത്രി പുറകിൽ നിന്ന് വിളിച്ചത്..

അല്ല അമ്മയോ, അമ്മയെ എങ്ങനെ നേരെയാക്കുമെന്ന് പറഞ്ഞില്ല..

ഉണ്ണിയൊന്ന് ചിരിച്ചു..നമ്മുക്ക് സമയമുണ്ടല്ലോ..

അത് വരെ ഞാനെങ്ങനെ സഹിക്കും, മാർഗം പറഞ്ഞിട്ട് പോ..

ഉണ്ണി ആലോചിക്കാൻ തുടങ്ങി..ഒരു ഐഡിയയുണ്ട്, അമ്മ എന്തായാലും എരിതീയിൽ എണ്ണയൊഴിക്കുന്ന സ്ഥിതിക്ക് നമ്മുക്ക് അതില് മീൻ വറുത്താലോ..

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *