വീട്ടിലെന്നാ സാധനം കേട് വന്നാലും വല്യപ്പച്ചൻ ശരിയാക്കത്തില്ല. അതേസമയം തൊഴുത്തിൽ എന്തേലും പണിയുണ്ടേൽ ആളെ കൊണ്ട് വന്ന് പെട്ടെന്ന് തീർക്കേ……….

Story written by Adam John

വീട്ടിലെന്നാ സാധനം കേട് വന്നാലും വല്യപ്പച്ചൻ ശരിയാക്കത്തില്ല. അതേസമയം തൊഴുത്തിൽ എന്തേലും പണിയുണ്ടേൽ ആളെ കൊണ്ട് വന്ന് പെട്ടെന്ന് തീർക്കേം ചെയ്യും.

അതെപ്പറ്റി ചോദിച്ചാൽ മിണ്ടാ പ്രാണികളല്ലിയോ അവറ്റകൾക്ക് ചോദിക്കാനും പറയാനും ആരൂല്ലാലോ എന്നൊക്കെയാവും മറുപടി പറയാ.

വല്യപ്പച്ചന്റെ ഈ സ്നേഹം കാണുമ്പോ അടുത്ത ജന്മത്തിലെലും തൊഴുത്തിലെ പശുവായി ജനിച്ചാ മതിയാരുന്നു എന്ന് വല്യമ്മച്ചിക്ക് തോന്നിയതിൽ കുറ്റം പറയാനും ഒക്കുകേല.

എങ്ങാനും പശു തീറ്റ എടുത്തില്ലേൽ എന്നതാ കൊച്ചേ മര്യാദക്ക് മുഴുവനും കഴിച്ചോണം എന്നൊക്കെ പറഞ്ഞോണ്ട് വൈക്കോലെടുത്ത് വായിലോട്ടൊക്കെ വെച്ചു കൊടുക്കുന്നത് കാണുമ്പോ വല്യമ്മച്ചിടെ കണ്ണ് നിറയും.

വയ്യാതെ കിടക്കുമ്പോഴും ഒരു ഗ്ലാസ്സ് ചൂടുവെള്ളം അനത്താൻ പോയിട്ട് വല്ലതും കഴിച്ചാരുന്നോടി എന്ന് പോലും ചോദിക്കാത്ത മനുഷ്യൻ പശുക്കളോട് കിന്നരിക്കാൻ നടക്കുന്നത് കാണുമ്പോ ആർക്കായാലും ദേഷ്യം വരത്തില്ലായോ. വല്യമ്മച്ചിക്കും അത് തന്നാരുന്നു.

അതിന്റെ പേരിൽ അടുക്കളയിലെ പാത്രങ്ങൾ തറയിലേക്കിട്ടോണ്ട് ദേഷ്യം തീർക്കുന്ന കാണുമ്പോ മുഖമടച്ചോണ്ട് വീഴുന്ന സ്റ്റീൽ പാത്രങ്ങൾ ആരും കാണാതെ കണ്ണീർ തുടക്കും. തുടർച്ചയായുള്ള വീഴ്ചകൾ കൊണ്ട് തന്നെ വീട്ടിലെ ഒട്ടുമിക്ക പാത്രങ്ങളുടേം ഷേപ്പ് സീരിയലുകളിലെ മരുമോളെ കാണുന്ന അമ്മായി അമ്മയുടെ കൂട്ട് ചുളിഞ്ഞും വീർത്തുവൊക്കെയാ ഇരിക്കുന്നതും.

വീട്ടിലൊരു മിക്സിയുണ്ടാരുന്നേ. ബ്രൗൺ കമ്പനി മിക്സിയുടെ പ്രൊഡക്ഷൻ തുടങ്ങിയ കാലത്തെങ്ങാണ്ട് ഒള്ളതാരുന്നെന്ന് തോന്നുന്നു. വന്ന് കേറിയ പുതുപ്പെണ്ണിന്റെ കൂട്ട് സകല ജോലിയും ചെയ്യിക്കുന്നത്ആ പാവത്തിനെ കൊണ്ടാരുന്നു. തേങ്ങാ അരപ്പിക്കും. അരി പൊടിപ്പിക്കും. ദോശക്കരപ്പിക്കും ആരേലും വന്നാൽ ജ്യൂസുണ്ടാക്കിപ്പിക്കും. വല്ല വഴിയും ഉണ്ടാരുന്നേൽ തറ തുടക്കാനും പാത്രം കഴുവാനും വരെ അതിനെ ഉപയോഗിച്ചേനെ. അത്രേം ദ്രോഹിക്കുവാരുന്നു അതിനെ.

ഒരു ദിവസം വല്യമ്മച്ചിടെ കയ്യീന്ന് മിക്സിയുടെ ജാറിന്റെ അടപ്പ് ചാടിപ്പോവുകയും താഴെ വീണ് ഒന്ന് രണ്ട് പല്ലുകൾ കൊഴിയുകയും ചെയ്തേപ്പിന്നെ തേങ്ങ അരക്കുമ്പോഴൊക്കെ ജാറിൽ ആരേലും പിടിച്ചോണ്ട് നിന്നാൽ മാത്രവേ അരക്കാൻ ഒക്കുവാരുന്നുള്ളൂ. അല്ലേൽ ജാർ തെറിച്ചെങ്ങോട്ടേലും പൊക്കളയും. വല്യപ്പച്ചൻ പറയുന്നത് അതവള് മനഃപൂർവം എറിഞ്ഞു പൊട്ടിച്ചതാന്നാ. അതോണ്ട് തന്നെ മാറ്റാൻ പറയുമ്പോ ലോട്ടറിക്കാരുടെ കൂട്ട് നാളെയാവട്ടെന്ന് പറയെ ചെയ്യത്തുള്ളൂ. മാറ്റിക്കൊടുക്കുകേല.

ഒരു ദിവസം വല്യമ്മച്ചി അരച്ചോണ്ടിരിക്കുമ്പോഴാണ് മഴക്കോള് കാണുന്നേ. വല്യമ്മച്ചി അപ്പോ തന്നെ വല്യപ്പച്ചനെ വിളിച്ചേച് ജാറിൽ പിടിക്കാൻ ഏൽപ്പിച്ചോണ്ട് സിനിമയിലൊക്കെ മഴ കാണുമ്പോ ഹായ് മഴ എന്നൊക്കെ പറഞ്ഞോണ്ട് ഓടിയിറങ്ങുന്ന നായികയുടെ കൂട്ട് പുറത്തേക്കൊടുവാ. കാണുന്നോർക്ക് തോന്നും വല്യമ്മച്ചി മഴ ആസ്വദിക്കാൻ ഓടുവാന്ന്. എന്നാലതല്ല. ഉണക്കാനിട്ട തുണികൾ വിറക് തുടങ്ങിയവ നനയാതിരിക്കാനുള്ള പാച്ചിലാണെന്നെ. ഒക്കെ വാരിക്കൂട്ടി തിരികെ വരുമ്പൊഴുണ്ട് വല്യപ്പച്ചൻ മിക്സി യുടെ കുലുക്കത്തിന് അനുസരിച്ചോണ്ട് കുലുക്കി തക ഡാൻസ് ചെയ്യുന്നു. ഇങ്ങേരുടെ ഒരു കാര്യവെന്നും പറഞ്ഞോണ്ട് വല്യമ്മച്ചി അകത്തോട്ട് പോവേം ചെയ്തു.

ഇത്തിരി കഴിഞ്ഞേച്ച് എന്തോ ശബ്ദം കേട്ടോടി വന്ന വല്യമ്മച്ചി കാണുന്ന കാഴ്ച വല്യപ്പച്ചനുണ്ട് തട്ടിൻ പുറത്തൂന്ന് അഞ്ചാറ് വിറക് കഷ്ണവും പിടിച്ചോണ്ട് താഴോട്ട് വരുന്നു. ഡാൻസിനിടക്ക് ജാറിന്മേലുള്ള പിടുത്തം അയഞ്ഞപ്പോ ജാർ മോളിലോട്ട് തെറിച്ചതിനൊടൊപ്പം അങ്ങേരും കൂടേ പോയതാരുന്നു. അത് കണ്ടപ്പോ വല്യമ്മച്ചി പറയുവാ. കൊറച്ചൂടെ മോളിലോട്ട് പോയാരുന്നേൽ തെങ്ങേലുള്ള അഞ്ചാറ് തേങ്ങ കൂടി ഇടാവാരുന്നില്ലെന്ന്.

വല്യമ്മച്ചി പറഞ്ഞതിലും കാര്യവുണ്ട്. തട്ടിൻ പുറത്തെ മേൽക്കൂരയുടെ ഓടുകളൊക്കെ തേങ്ങ വീണ് പൊട്ടിയത് മാറ്റാത്തത് കാരണം പ്ലാസ്റ്റിക്ക് ഷീറ്റ് ഇട്ടോണ്ട് മറച്ചേക്കുവാരുന്നു. അതോണ്ട് തന്നെ കൊറച്ചൂടെ ശക്തിയിൽ തെറിച്ചാരുന്നേൽ ഉറപ്പായും തെങ്ങിൻ മോളിലോട്ട് എത്തിയേനെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *