വേണമെങ്കിൽ നാളെ നേരം വെളുക്കട്ടെ ശരിയാക്കാം എന്നൊക്കെ പറയാവുന്നതേയുള്ളൂ. പക്ഷെ പെർഫെക്ഷൻ ആണല്ലോ അമ്മാവന്റെ മെയിൻ……

Story written by Adam John

കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഭാര്യയുടെ മുന്നിൽ ഹീറോ ആയിരിക്കുകയെന്നത് എല്ലാ ഭർത്താക്കന്മാരുടേം സ്വപ്നമാരിക്കും. സ്വാഭാവികമായും അമ്മാവനും ഉണ്ടാരുന്നു അങ്ങനൊരു സ്വപ്നം.

അങ്ങനിരിക്കെയാണ് ഒരിക്കൽ ഇളനീര് വേണമെന്നൊരാഗ്രഹം അമ്മായി പറഞ്ഞത്. രാത്രിയാരുന്നു സംഭവം.

വേണമെങ്കിൽ നാളെ നേരം വെളുക്കട്ടെ ശരിയാക്കാം എന്നൊക്കെ പറയാവുന്നതേയുള്ളൂ. പക്ഷെ പെർഫെക്ഷൻ ആണല്ലോ അമ്മാവന്റെ മെയിൻ. അന്ന് കടന്നലുകൾ ആക്രമിച്ചതിൽ പിന്നെ തെങ്ങിന്റടുത്ത് കൂടെ പോവാത്ത മനുഷ്യനാണ്.

ഒരിക്കൽ കറിക്കരക്കാൻ തേങ്ങ ഇല്ലാഞ്ഞിട്ട് വല്യമ്മച്ചി കാല് പിടിച്ചിട്ട് പോലും അമ്മാവൻ കേറാൻ കൂട്ടാക്കീല.ആ അമ്മാവനാണ് വല്യപ്പച്ചന്റെ തോർത്തും എടുത്തോണ്ട് തെങ്ങേൽ വലിഞ്ഞു കേറിയേക്കുന്നെ. അതിന്റൊരു പരിഭവം വല്യമ്മച്ചിക്കുണ്ടേലും പുറമെ കാണിച്ചീല. അത് സ്നേഹം കൊണ്ടൊന്നുമല്ല. അമ്മമാർ ചിലപ്പോ അങ്ങനാ. ഒരവസരം കിട്ടാൻ കാത്ത് നിക്കും.

വല്യപ്പച്ചനാണെൽ കുളിക്കാൻ നേരം തോർത്ത് നോക്കിയിട്ടുണ്ടോ കാണുന്നു. അതിന്റെ കലിപ്പിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിലാണ് എന്തോ വീഴുന്ന ശബ്ദം കേട്ടത്. ഇളനീരാണെന്ന് കരുതി ആദ്യം ഓടി ചെന്നത് അമ്മായിയാരുന്നു. പ്രിയപ്പെട്ടവൻ തനിക്ക് വേണ്ടി കഷ്ടപ്പെട്ട് കേറിയതല്ലായോ. ചെന്ന് നോക്കിയപ്പോ കണ്ട കാഴ്ച വെട്ടിയിട്ട വാഴത്തണ്ട് പോലെ കിടക്കുന്ന അമ്മാവനെയാണ്.

അമ്മായിടെ നിലവിളി ശബ്ദം കേട്ടോണ്ട് വല്യപ്പച്ചനോടി വന്നൊണ്ട് രംഗം ആകെയൊന്ന് വീക്ഷിച്ചു. പിറകെ വല്യമ്മച്ചിയും. താഴെ കിടക്കുന്ന തോർത്തെടുത്ത് ഒന്ന് കുടഞ്ഞു പിന്നെ അതിനെന്തേലും പോറൽ പറ്റിയൊന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് വല്യപ്പച്ചൻ അകത്തോട്ട് പോയി. കുളിക്കാനാരിക്കും. വല്യപ്പച്ചന് രാത്രി കുളിച്ചില്ലേൽ ഉറക്കം വരികേല.

വല്ല കാര്യോമുണ്ടാരുന്നോ എന്ന മട്ടിൽ വല്യമ്മച്ചി മൂക്കത്ത് വിരലും വെച്ചോണ്ടിരുന്നതല്ലാതെ അടുത്തേക്ക് ചെന്നില്ല. കാരണം അമ്മാവന്റെ പുതിയ അവകാശി അടുത്തുണ്ടാരുന്നല്ലോ. അതോണ്ട് തനിക്കിതിൽ കാര്യമായ റോൾ ഒന്നുമില്ലെന്ന മട്ടിലാരുന്നു വല്യമ്മച്ചി. ചിലപ്പോ നേർത്തൊരു മധുരം പ്രതികാരവുമാവാം.

തല പോയ തേങ്ങേലാരുന്നു ചാടിക്കേറിയേ. രാത്രി ആയതോണ്ട് കാണാനും പറ്റീല. കേറി കേറി മോളിലെത്തിയപ്പോ കേറിയതിനേക്കാൾ വേഗത്തിൽ താഴെക്ക് വീണതാ. തെങ്ങിന് വല്യ ഉയരമൊന്നും ഇല്ലാത്തതൊണ്ടും ഇടവിട്ട് സംഭവിച്ചോണ്ടിരിക്കുന്ന വീഴ്ചകളിലൂടെ അതിൽ പ്രാവീണ്യം നേടിയതോണ്ടും കാര്യമായൊന്നും സംഭവിച്ചീല.

തനിക്ക് വേണ്ടിയാണല്ലോ ഭർത്താവ് ഈ സാഹസമൊക്കെ കാണിച്ച തെന്നോർത്ത് അമ്മായിടെ അമ്മാവനോടുള്ള സ്നേഹം സ്വല്പം കൂടിയാരുന്നു. പക്ഷെ അതിനധികമൊന്നും ആയുസ്സുണ്ടായില്ല. അതിന് കാരണമുണ്ട്.

ഉച്ചകഴിഞ്ഞാൽ വല്യമ്മച്ചിക്ക് പശുവിനെ അഴിച്ചോണ്ട് വരാൻ പോവുന്നൊരു പതിവുണ്ട്. അങ്ങനെ പോയാലും തിരികെ വരുമ്പോ ഒത്തിരി സമയമെടുക്കും. വരുന്ന വഴി ആരുടേലും വേലിക്കരികിൽ നിന്നോണ്ട് ആ ചുറ്റ് വട്ടത്ത് നടക്കുന്ന മുഴുവൻ വിവരങ്ങളും ശേഖരിച്ചാവും മടക്കം. അന്നത്തേ ക്കാലത്തെ വാട്സാപ് സംവിധാനം എന്ന് വേണേൽ പറയാം.

പഞ്ചായത്തിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ. കൃഷിഭവനിൽ വിത്തുകളോ തൈകളോ കൊടുക്കുന്നത്. റേഷൻ കടയിൽ സ്‌പെഷ്യൽ അരിയും പഞ്ചസാരയും കൊടുക്കുന്നുണ്ടെന്നുള്ളത്. തുടങ്ങി പ്രേമം ഒളിച്ചോട്ടം വരെ ചർച്ചാ വിഷയമാവും. കിട്ടുന്നവയിൽ ചിലത് വല്യപ്പച്ചനും അമ്മായിക്കും ഫോർവേഡ് ചെയ്ത് കൊടുക്കേം ചെയ്യും. പ്രത്യേകിച്ച് ഭർത്താക്കന്മാർ സാരിയോ കമ്മലോ വാങ്ങിച്ച കാര്യങ്ങളൊക്കെയാവും വല്യപ്പച്ചന് കൊടുക്കുന്നെ. നിങ്ങളും വാങ്ങിച്ചാരുന്നേൽ എനിക്കും അവരോട് ഇതേപോലൊക്കെ പറയാരുന്നു എന്നൊരു ധ്വനി ആ ഫോർവേഡ് മെസ്സേജുകളിൽ ഉണ്ടാവും. അതറിയാവുന്ന തോണ്ടാവും വല്യപ്പച്ചൻ ചുമ്മാ മൂളി കേക്കത്തെയുള്ളൂ.

അന്നും പതിവ് പോലെ വല്യമ്മച്ചി പറമ്പിലൊട്ടിറങ്ങി. അധികം മെസ്സേജു കളൊന്നും കിട്ടാത്തോണ്ടാവും മടക്കവും നേരത്തെയാരുന്നു. തിരിച്ചു വന്നപ്പോ കാണുന്ന കാഴ്ച്ച അമ്മാവൻ അമ്മായിയുടെ കാലേൽ മുഖം അമർത്തിക്കൊണ്ട് ഇരിക്കുവാ. കാല് തടവിക്കൊണ്ടിരുന്നപ്പോ അമ്മാവൻ ഓവർ റൊമാന്റിക്ക് ആയതിന്റെ ഫലമായുള്ള ചുംബനം ആരിക്കുമെന്നാ അമ്മായി കരുതിയെ.

എന്നാ പിന്നെ അവൾക്കൊരു രൂപക്കൂടും കൂടി പണിത് കൊടുക്കാൻ മേലാരുന്നോ ന്നുള്ള വല്യമ്മച്ചിയുടെ ശബ്ദം കേട്ടപ്പഴാണ് അമ്മാവൻ തല പൊക്കിയത്. ദേ കിടക്കുന്നു ചുണ്ടിനിടയിൽ അമ്മായീടെ പാദസരം. അപ്പോഴാ അമ്മായിക്കും കാര്യം മനസ്സിലാവുന്നേ.

ഇതെങ്ങിനെ എന്റെ ചുണ്ടേൽ വന്ന് എന്നുള്ള മട്ടിൽ അതെടുത്തോണ്ട് അമ്മായിക്ക് കൊടുത്തോണ്ട് തിരിഞ്ഞു നടക്കുമ്പോ അമ്മാവന്റെ മുഖമൊന്ന് കാണേണ്ടതാരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *