അത് ശെരിയാണെന്ന് തനുവിനും തോന്നിയിട്ടുണ്ട്. സ്നേഹക്കുറവ് ഒന്നുമില്ല. എന്നാലും ഒരു അൺറൊമാന്റിക് മൂരാച്ചി ആണ് അച്ഛൻ. ഉള്ളിൽ ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ ഭയങ്കര പിശുക്ക്…….

_upscale

Story written by Sajitha Thottanchery

“മുത്തശ്ശി…..”

“ഉം….”

“മുത്തൂ….”

“എന്താടി കുറുമ്പീ….”

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ…..”

“ആ വിളിയിൽ തന്നെ ഒരു ലക്ഷണക്കേട് ഉണ്ടല്ലോ കുട്ട്യേ….. എന്തോ കുറുമ്പ് ആണല്ലോ നീ ചോദിക്കാൻ പോണേ….”തന്നെ പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ചു കൊഞ്ചുന്ന തൻവിയോട് മുത്തശ്ശി പറഞ്ഞു.

“കുറുമ്പ് ഒന്നും അല്ല. മുത്തശ്ശി എങ്ങനാ മുത്തശ്ശനെ പ്രേമിച്ചേ. മുത്തശ്ശൻ ആണോ മുത്തശ്ശി ആണോ ആദ്യം ഇഷ്ടാന്നു പറഞ്ഞെ.”അവളുടെ ആ ചോദ്യം കേട്ടപ്പോൾ ആ പ്രായത്തിലും അവരുടെ മുഖം വിടർന്നു.

“ഒന്ന് പോ പെണ്ണെ. ഓരോന്നു ചോദിക്കാൻ വന്നേക്കാണ്.”മുഖത്തു പടർന്ന നാണം മറച്ചു വെച്ച് കൊണ്ട് അവർ ദേഷ്യം അഭിനയിച്ചു.

“ഓഹ്…. അപ്പോഴേക്കും നാണം വന്നോ എന്റെ മുത്തിന്. ഒന്ന് പറ. ഞാൻ കേൾക്കട്ടെ.”പുറകിൽ നിന്നും വന്ന് മുത്തശ്ശിയുടെ മടിയിൽ തല വച്ചു തൻവി.

യാശോദരയുടെയും പത്മനാഭന്റെയും മകളായ ഇന്ദുലേഖയുടെ മകളാണ് തൻവി. തൻവിയും അവളുടെ ഏട്ടനും അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ വിദേശത്തായിരുന്നു പഠിച്ചിരുന്നത്. ഡിഗ്രി കഴിഞ്ഞപ്പോൾ കുറച്ചു നാൾ നാട്ടിൽ നിൽക്കാൻ അവൾക്ക് ആഗ്രഹം. അപ്പൊ തുടർ പഠനം നാട്ടിൽ ആക്കാം എന്ന് അവർ തീരുമാനിച്ചു. അങ്ങനെ അച്ഛനും അമ്മയുമില്ലാതെ ആദ്യമായി നാട്ടിൽ നിൽക്കാൻ വന്നിരിക്കയാണ് അവൾ.

മുത്തശ്ശന്റേം മുത്തശ്ശിടേം പ്രണയം അവരുടെ ഒക്കെ ഇടയിൽ ഒരു ചർച്ച വിഷയം തന്നെ ആണ്. അച്ഛനോട് പിണങ്ങുമ്പോൾ അമ്മ ഏറ്റവും കൂടുതൽ പറയുന്ന വാക്കും അതാണ്.

“എന്റെ അച്ഛൻ അമ്മയെ സ്നേഹിക്കുന്ന പോലെ നിങ്ങളെ കൊണ്ട് പറ്റില്ലാന്ന്.”

അത് ശെരിയാണെന്ന് തനുവിനും തോന്നിയിട്ടുണ്ട്. സ്നേഹക്കുറവ് ഒന്നുമില്ല. എന്നാലും ഒരു അൺറൊമാന്റിക് മൂരാച്ചി ആണ് അച്ഛൻ. ഉള്ളിൽ ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ ഭയങ്കര പിശുക്ക്. സ്നേഹം പ്രകടിപ്പിക്കാൻ അല്ലെങ്കിൽ പിന്നെന്തിനാ….

“എന്ത് കേൾക്കാൻ കുട്ടീ. അങ്ങനെ ഒന്നൂല്യ. നിനക്ക് വേറെ ഒന്നും പറയാനില്ലേ.”അവളുടെ മുടിയിഴകളിൽ വിരലോടിച്ചു മുത്തശ്ശി പറഞ്ഞു.

“അത്ര ഗമയാണെങ്കിൽ പറയണ്ട. “അവൾ പിണങ്ങി പോവാൻ എണീറ്റു.

“പിണങ്ങിയോ മുത്തശ്ശിടെ കുട്ടി. അങ്ങനെ പറയാൻ മാത്രം കഥ ഒന്നൂല്യ തനുവേ….അതൊക്കെ പണ്ടത്തെ ഓരോ കാര്യങ്ങൾ അല്ലേ.”എണീക്കാൻ ഭാവിച്ച അവളെ അവിടെ തന്നെ പിടിച്ചു കിടത്തി അവർ പറഞ്ഞു.

അവരുടെ മനസ്സിൽ അന്നത്തെ ഓരോ നിമിഷങ്ങളും കയറി വരാൻ തുടങ്ങിയത് ആ മുഖത്തു നിന്നും അവൾ വായിച്ചെടുത്തു.

പ്രണയം….

അത് ഏത് പ്രായത്തിലും മനുഷ്യന്റെ മുഖം കൂടുതൽ സുന്ദരമാക്കുമെന്നത് എത്ര സത്യമാണല്ലേ.

അന്നത്തെ കാര്യങ്ങൾ ഓർക്കുമ്പോൾ പോലും ആ ചുളിവുകൾ വീണ മുഖം തുടുക്കുന്നത് നോക്കി അവൾ മനസ്സിൽ പറഞ്ഞു.

“എന്നാലും പറ ഞാൻ കേൾക്കട്ടെ.”മടിയിൽ കിടന്നു മുത്തശ്ശിയുടെ വയറിൽ ഇക്കിളിയിട്ട് അവൾ കിണുങ്ങി.

“അടങ്ങി കിടക്ക് കുറുമ്പീ. പറയാം ഞാൻ.”അവളുടെ കൈകളിൽ കളിയായി അടിച്ചു യശോധര.

അവരുടെ മനസ്സ് ആ മധുരപതിനേഴിലെക്ക് നടന്നു.

“അന്ന് ഞാൻ കുട്ടിയാ. ഒരു പതിനാറു പതിനേഴു പ്രായം. നാലു ഏട്ടന്മാരുടെ കുഞ്ഞ് പെങ്ങൾ. ഇന്നത്തെ പോലെ ഒന്നുമല്ല അന്ന്.നീ നിന്റെ ഏട്ടനെ എടാ പോടാ എന്ന് വിളിക്കണ പോലെ ഒന്നും അന്ന് പറ്റില്ല. അങ്ങനെ വിളിക്കാൻ പോയിട്ട് മുഖത്ത് നോക്കാൻ പോലും പേടിയാ. അച്ഛൻ ഉമ്മറത്തു ഇരിക്കുമ്പോ അങ്ങോട്ട് ചെന്ന് എന്തെങ്കിലും പറയാൻ പോലും പേടി. അതൊക്കെ ഒരു കാലം.”

“എന്തിനാ അങ്ങനെ പേടിക്കണേ. അവരൊക്കെ അത്ര ഭീകരന്മാരായിരുന്നോ.”

“ആയിരുന്നോ ന്നോ. അവർ വീട്ടിലുണ്ടെൽ ശബ്‍ദം പോലും പുറത്ത് കേൾക്കില്ല. പിന്നെ ആ കാലത്തു അങ്ങനാ. ആണുങ്ങളെ ബഹുമാനിച്ചും പേടിച്ചും വേണം ജീവിക്കാൻ. ഇപ്പൊ അങ്ങനെ വല്ലതും ഉണ്ടോ. ആണെന്നുമില്ല പെണ്ണെന്നുമില്ല.”ഇന്നത്തെ കാലഘട്ടത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഷമം ആ വാക്കുകളിൽ ഉണ്ടായിരുന്നു.

“അതൊക്കെ പോട്ടെ. മാറ്ററിലേക്ക് വാ മുത്തു.”അന്നത്തെ കാലഘട്ടത്തെ പുകഴ്ത്തി പറഞ്ഞാൽ തർക്കത്തിലേക്ക് പോകും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ ആ വിഷയം മാറ്റി.

“ആ…. അങ്ങനെ ഇരിക്കുമ്പോൾ ആണ് പത്തു കഴിഞ്ഞു ഞാൻ ടൈപ്പ് പഠിക്കാൻ പോണ കാലം. അവിടെ പോകുന്ന വഴിക്ക് ആണ് ഞാൻ ആദ്യമായി കാണുന്നെ.പഴുതാര മീശയും ഇടതൂർന്ന മുടിയും ഉള്ള ഇരു നിറത്തിൽ ഉള്ള ഒരു ചെക്കൻ. അങ്ങനെ സൈക്കിൾ ചവുട്ടി പോകുന്നത്. ആദ്യത്തെ ദിവസങ്ങൾ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല. പിന്നെ പിന്നെ എന്നെ കാത്തു നിൽക്കാണോ എന്ന് സംശയം തോന്നാൻ തുടങ്ങി. ഒന്നും മിണ്ടാറൊന്നൂല്യ. വെറുതെ എനിക്കൊപ്പം അങ്ങനെ വരും. ആദ്യമൊക്കെ ഒരു ശല്യം ആയി തോന്നിയെങ്കിലും പിന്നീട് എനിക്കും ഉള്ളിൽ പറയാൻ അറിയാത്ത എന്തോ ഒന്ന് തോന്നി തുടങ്ങി. രാത്രിയൊക്കെ പെട്ടെന്ന് വെളുക്കാൻ ഒരു കൊതി. ക്ലാസ്സ്‌ ഇല്ലാത്ത ദിവസങ്ങളിൽ ഒരു വിഷമം.”മുത്തശ്ശിയുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ നോക്കി അവൾ അവർ പറയുന്നത് മനസ്സിൽ ഇമേജിൻ ചെയ്തു.

“പെട്ടെന്ന് ഒരു ദിവസം എന്നോട് വന്ന് പറഞ്ഞു.സ്വന്തമായി ഒരു ചെറിയ ജോലി ഉണ്ട്. എനിക്ക് കുട്ടിയെ ഇഷ്ടാണ്. തിരിച്ചു ഇഷ്ടാണെങ്കിലും അല്ലെങ്കിലും പറയണം ന്നു. ഞാൻ ആകെ വല്ലാണ്ടായി. ഉള്ളിൽ ഇഷ്ടം ഉണ്ടെങ്കിലും അതൊക്കെ ഇങ്ങനെ പറയാൻ പറ്റോ.ഞാൻ പ്രത്യേകിച്ച് ഒന്നും പറയാതെ അവിടന്ന് പോന്നു. പക്ഷേ…. ഞങ്ങൾ മിണ്ടണത് ആരോ കണ്ട് വല്യേട്ടന്റെ അടുത്ത് വന്ന് എന്തൊക്കെയോ പറഞ്ഞു കൊടുത്തു. വല്യേട്ടന്റെ കയ്യിൽ നിന്നു കണക്കിന് കിട്ടി, എനിക്ക് മാത്രല്ല മുത്തശ്ശനും. അന്ന് കുറെ കരഞ്ഞു. പക്ഷേ അന്നാണ് ശെരിക്കും എനിക്ക് ഇഷ്ടാണെന്ന് ഞാൻ അറിയുന്നേ. പിറ്റേന്ന് മുതൽ എന്റെ പഠിപ്പ് നിറുത്തിയപ്പോൾ കാണാൻ പറ്റാത്ത വിഷമം ഒരുപാട് ആയിരുന്നു.ഒരുപാട് ദൂരം ഇല്ലെങ്കിലും എന്നെ തനിയെ പുറത്ത് വിടാതായില്ലേ.അങ്ങനെ ഇരിക്കുമ്പോ ആണ് കൂടെ പഠിക്കാൻ വന്നിരുന്ന ഒരു കുട്ടീടെ കയ്യിൽ രഹസ്യായി എനിക്ക് ഒരു കത്തു കൊടുത്ത് വിട്ടേ. ഇഷ്ടാണെങ്കിലും അല്ലെങ്കിലും തിരിച്ചു മറുപടി കൊടുത്ത് വിടണം ന്നു എഴുതിയിരുന്നു അതിൽ. ഞാൻ രണ്ടും കൽപ്പിച്ചു ഇഷ്ടാന്ന് എഴുതി വിട്ടു. അപ്പൊ അങ്ങനാ തോന്നിയെ. പിന്നേ അവിടേം ഇവിടേം വച്ചൊക്കെ കാണും. എന്നാലും കണ്ട ഭാവം നടിക്കില്ല. കത്തുകൾ മുറ തെറ്റാതെ ലക്ഷ്മി വഴി എത്തിക്കൊണ്ടിരുന്നു. “

“ഏത് നമ്മുടെ ലക്ഷ്മി മുത്തശ്ശി ആണോ “സംശയത്തോടെ അവൾ ചോദിച്ചു.

“അതെന്നെ…. ലക്ഷ്മി ആയിരുന്നു ഞങ്ങടെ ദൂത്.”

“പിന്നെ പെട്ടെന്ന് ഒരു ദിവസം ഒരാൾ എന്നെ കാണാൻ വന്നു എന്നോട് ഒന്ന് ചോദിക്ക പോലും ചെയ്യാതെ അച്ഛൻ കല്യാണത്തിന് വാക്ക് കൊടുത്തു.അന്ന് അല്ലേലും ചോദ്യോം പറച്ചിലും ഒന്നും ഇല്ലാലോ.ഞാൻ ആകെ പേടിച്ചു കരഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കാ…”

“ഇഷ്ടല്ലന്ന് പറഞ്ഞൂടെ കല്യാണത്തിന്…. എന്തിനാ പേടിക്കണേ…”ഇടയിൽ കയറി തനു ചോദിച്ചു.

“ആഹ്… നന്നായി. എന്നാൽ അന്നേ എന്നെ കൊiന്നു കുoഴിച്ചു മൂടിയേനെ. ഇന്നത്തെ ആൾക്കാരെ പോലെ അല്ല അന്നൊന്നും. നീ ഈ പ്രായത്തിലെ തന്നെ ഒരാളെ കണ്ടു പിടിച്ചു, അയാൾ മതി നിനക്ക് ന്നു പറഞ്ഞപ്പോ ഞങ്ങളൊക്കെ സമ്മതിച്ച കാലം അല്ല കുട്ട്യേ അത്….”മുത്തശ്ശി അത് പറഞ്ഞപ്പോ തനു ഒരു നേർത്ത ചിരിയോടെ ആദിയെ ഓർത്തു.

ആദിത്യൻ…. ചേട്ടന്റെ കൂട്ടുകാരൻ. എട്ടാം ക്ലാസ്സിൽ തുടങ്ങിയ ഇഷ്ടമാണ്.ചേട്ടൻ തന്നെ പൊക്കി ഒരു ദിവസം.ആദ്യം ഒന്ന് പതറി എങ്കിലും വല്യേ പേടി ഒന്നും ഇല്ലാതെ അവനെ ഇഷ്ടാണെന്ന് എല്ലാരോടും പറഞ്ഞു. പഠിപ്പൊക്കെ കഴിഞ്ഞു കല്യാണം നടത്തി തരാമെന്നും പറഞ്ഞു ഇരിക്കാ രണ്ടു വീട്ടുകാരും. ആദിയും അവളുടെ ചേട്ടനും ദുബായിൽ ഒരേ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നേ.അവിടന്നിപ്പോ UK യിലേക്ക് പോകാനിരിക്കാണ് കക്ഷി.

“എന്നിട്ട് എന്താ ചെയ്തേ.”പെട്ടെന്ന് ആദിയിൽ നിന്നും തിരികെ വന്നു അവൾ ചോദിച്ചു.

“ലക്ഷ്മി അന്ന് കൊണ്ട് വന്ന കത്തിൽ പിറ്റേന്ന് വെളുപ്പിന് ഇറങ്ങി ചെല്ലണം എന്നുണ്ടായിരുന്നു. ആദ്യം ധൈര്യം ഒന്നും തോന്നിയില്ലെങ്കിലും പ്രേമം തലക്ക് പിടിച്ചേക്കല്ലേ. ആരും കാണാതെ അങ്ങ് ഇറങ്ങി പോന്നു. നേരെ പോയത് ഗുരുവായൂർക്കാ. അവിടെ വച്ച് ഒരു താലി കെട്ടി. അത് എന്റെ നിർബന്ധം ആരുന്നു ട്ടോ. കണ്ണന്റെ മുന്നിൽ വച്ച് വേണം ന്ന് .”കല്യാണനാളിന്റെ ഓർമകളിൽ ആ മുഖം തിളങ്ങി.

“എന്നിട്ട് വീട്ടിൽ അറിഞ്ഞപ്പോ പ്രശ്നം ആയോ..”അവൾ എഴുന്നേറ്റിരുന്നു.

“ആയോന്നോ. തിരിച്ചു ഇവിടെ എത്തുമ്പോ ഏട്ടന്മാരും അച്ഛനും വാളെടുത്തു നിൽക്കാ. ഞാനാകെ പേടിച്ചു വിറച്ചു കരയാൻ പോലും ആവാതെയും. അവരുടെ ഒക്കെ മുന്നിലേക്ക് എന്നേം കൊണ്ട് ഒരു പോക്കാ. തല്ലാൻ ധൈര്യം ഉള്ളവർ വായൊന്നു പറഞ്ഞ്. അങ്ങോട്ടും ഇങ്ങോട്ടും കുറെ വഴക്കൊക്കെ ആയി. അവസാനം ഇങ്ങനൊരു മോളില്ല ന്നു പറഞ്ഞു അച്ഛൻ. അമ്മേടെ കരച്ചിൽ ഇപ്പോഴും കണ്മുന്നിൽ ഉണ്ട്. വേണ്ടീരുന്നില്ല ന്നു തോന്നി അപ്പൊ. അന്ന് എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. ഈ കണ്ണ് ഞാൻ നിറയാൻ സമ്മതിക്കില്ല ന്ന്. ദേ ഇത് വരേം ആ വാക്ക് പാലിച്ചിട്ടുണ്ട്.”കഴിഞ്ഞ കാലത്തിന്റെ ഓർമകളിൽ അവരുടെ മിഴികൾ ചെറുതായൊന്നു ഈറനണിഞ്ഞു.

“മുത്തച്ഛന്റെ വീട്ടുകാർക്ക് ഇഷ്ടം ആയിരുന്നോ “. താടിയിൽ കൈ കൊടുത്ത് ആ കഥയെ മനസ്സിൽ കാണുകയായിരുന്നു തനു.

“ഇഷ്ടക്കേട് ഇല്ലായിരുന്നു.പിന്നേ നിന്റെ മുത്തച്ഛനെ ഇവിടെ എല്ലാർക്കും ഭയങ്കര പേടി ആയിരുന്നു. അതോണ്ട് എതിർത്തില്ല. വിളക്ക് തന്നു കയറ്റി. അന്ന് ഇത്രൊന്നും ഇല്ല. ഒരു കുഞ്ഞ് വീട്. അവിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കീതാ ഈ കാണണത് എല്ലാം.”ആ കണ്ണുകളിൽ അഭിമാനം.

“പിന്നെ എപ്പോഴാ മണി മാമൻ ഒക്കെ മിണ്ടിതുടങ്ങിയെ…..”യശോധരയുടെ ഏറ്റവും താഴെയുള്ള ഏട്ടനാണ് മണി എന്ന് വിളിക്കുന്ന വിശ്വനാഥൻ. അമ്മ വിളിക്കുന്ന കേട്ട് അവളും മണിമാമൻ എന്നാണ് വിളിച്ചു ശീലിച്ചത്.

“നിന്റെ അമ്മ ഉണ്ടായി കുറച്ചു കഴിഞ്ഞപ്പോ പതുക്കെ അമ്മ വരാൻ തുടങ്ങി. പിന്നെ പതുക്കെ പതുക്കെ എല്ലാരും വന്നു തുടങ്ങി. എന്റെ പേരിൽ കുറച്ചു സ്വത്തൊക്കെ എഴുതി തരാൻ അച്ഛൻ നോക്കിയപ്പോ ഇവിടെ സമ്മതിച്ചില്ല. അന്നത്തെ വാശി. ഞാൻ സ്വത്ത്‌ കണ്ടല്ല കൊണ്ട് വന്നത്, എന്നും പറഞ്ഞു സമ്മതിച്ചില്ല. അവസാനം ആയപ്പോഴേക്കും അച്ഛന് എന്തിനും ഏതിനും മുത്തച്ഛൻ വേണമായിരുന്നു. അത്രേം ഇഷ്ടായിരുന്നു.”

“കുഞ്ഞീ……”പുറത്ത് നിന്നും വിളി കേട്ടപ്പോൾ കഥ നിറുത്തി എഴുന്നേറ്റു അവർ.

“ദേ വന്നല്ലോ റൊമാന്റിക് ഹീറോ.”മുത്തശ്ശനെ നോക്കി സൈറ്റ് അടിച്ചു അവൾ.

“ദേ അടി……”അടിക്കാൻ ആയി കൈ ഓങ്ങിയതും അവൾ പോയി കെട്ടിപ്പിടിച്ചു ആ പഴയ പ്രണയ കഥയിലെ നായകനെ.

“പഴങ്കഥ പറഞ്ഞു ഇരിക്കാരുന്നോ കൊച്ചുമോളോട്.”അകത്തേക്ക് നടക്കുന്നതിനിടയിൽ അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

“എന്നാലും ഒരു രക്ഷേം ഇല്ലാട്ടോ. എനിക്കും അങ്ങനെ ഒക്കെ പ്രേമിക്കാൻ കൊതിയാവുന്നു.”രണ്ടു പേരുടേം കൂടെ ഭക്ഷണം കഴിക്കുമ്പോ അവൾ എന്തോ ഓർത്തു പറഞ്ഞു.

“നീ പ്രേമിക്കുന്നില്ലേ അപ്പൊ. അവനോ…. ആ ആദി.”മുത്തശ്ശനാണ് ചോദിച്ചത്.

“ഓഹ്… അതിൽ ഒരു ത്രിൽ ഇല്ലന്നെ. എല്ലാർക്കും അറിയാം. എല്ലാരും സമ്മതിച്ചു. ഇത് അങ്ങനെ അല്ലാലോ.”ഇത് കേട്ട അവർ രണ്ടു പേരും ഉറക്കെ ചിരിച്ചു.

“നമുക്ക് ഒളിച്ചോടി കല്യാണം കഴിച്ചാലോ?”രാത്രി ആദി വിളിച്ചപ്പോ അവളുടെ ചോദ്യം ഇതായിരുന്നു.

“എന്തിന്….. സമയം ആയാൽ നടത്തി തരാമെന്ന് എല്ലാരും പറഞ്ഞതല്ലേ.”ആദി പെട്ടെന്ന് തന്നെ മറുപടി കൊടുത്തു.

“നിന്നെ ഒക്കെ എന്തിന് കൊള്ളാം.”

“നിനക്കെന്താ പെട്ടെന്ന് “

“അത് ഒരു ഓൾഡ് ലവ് story കേട്ടേന്റെ ഹാങ്ങ്‌ ഓവർ ആണ് മോനെ. അതൊക്കെ ആണ് പ്രണയം.”

“അപ്പൊ അതാണ്. ആരുടെ ആണ്. ഞാനും കൂടി കേൾക്കട്ടെ.”

“വേറെ ആര്. നമ്മുടെ മുത്തും പിന്നെ റൊമാന്റിക് ഹീറോയും.”

അവൾ അവരുടെ കഥ അവനോട് പറഞ്ഞു തീർത്തു അകത്തേക്ക് കയറുമ്പോൾ കണ്ടത് ഒട്ടും കുറയാത്ത പ്രണയവുമായി അടുക്കളയിലെ ജോലിയിൽ സഹായിച്ചു മുത്തശ്ശിയുടെ കൂടെ തന്നെ നടക്കുന്ന മുത്തശ്ശനെ ആണ്.

“ഇതിന്റെ പകുതി എങ്കിലും ഭാവിയിൽ എനിക്കും തന്നേക്കണേ.”അറിയാതെ അവൾ പ്രാർത്ഥിച്ചു……

Leave a Reply

Your email address will not be published. Required fields are marked *