അലക്കുന്നിടത്താണേൽ ചുമ്മാ നോക്കി നിന്നോണ്ട്‌ ആസ്വദിക്കുക. ഭാര്യ അലക്ക് വെളളം തെറിപ്പിക്കുമ്പോ മഴ നനയുന്ന പോലെ നിന്നാസ്വദിക്കുക…

Story written by Adam John

കല്യാണം കഴിഞ്ഞതിന്റെ തുടക്കത്തിൽ ഒട്ടുമിക്ക ഭർത്താക്കന്മാർക്കും ഭാര്യയോടു വല്ലാത്തൊരു സ്നേഹാരിക്കും.

രാവിലെ ഉറക്കമെഴുന്നേറ്റ് പോവുമ്പൊ കൈപിടിച്ചു വലിച്ചോണ്ട്‌ നെഞ്ചിലേക്കടുപ്പിക്കുക. കാതിലൊരു ഉമ്മ കൊടുക്കാ. അടുക്കളയിൽ ആണേൽ ആരുമില്ലെന്നുറപ്പ് വരുത്തി പിറകിലൂടെ ചെന്ന് കെട്ടിപ്പിടിക്കുക..

അലക്കുന്നിടത്താണേൽ ചുമ്മാ നോക്കി നിന്നോണ്ട്‌ ആസ്വദിക്കുക. ഭാര്യ അലക്ക് വെളളം തെറിപ്പിക്കുമ്പോ മഴ നനയുന്ന പോലെ നിന്നാസ്വദിക്കുക. (റൊമാന്റിക് മൂഡല്ലേൽ തനിക്കെന്താടി കണ്ണ് കണ്ടൂടെ എന്നാവും ചോദിക്കാ) വീട്ടിലാരുമില്ലേൽ വീട്ടുപണികളിൽ അവളെ സഹായിക്കുക. അല്ലേൽ അടുക്കളയുടെ ഏഴയലക്കത്ത് കാണുകേല. അത് മാത്രല്ല അല്ലാത്തപ്പോ സഹായിച്ചാൽ പെൺകോന്തൻ ആണെന്ന് കരുതിയാലോന്ന് പേടിച്ചാവും ഒട്ടുമിക്ക ഭർത്താക്കന്മാരും ഒപ്പം നിക്കാത്തതും.

അമ്മാവനും ഇങ്ങനൊക്കെ തന്നാരുന്നു. ആരുമില്ലാത്തപ്പോ അമ്മായിയോടെന്നാ സ്നേഹവാണെന്നോ. സിനിമേലൊക്കെ കാണുന്ന പോലാ. ഫുഡ് ഒക്കെ വാരിക്കൊടുത്തോണ്ടും പാട്ട് പാടിക്കൊടുത്തും. അയല്പക്കത്ത് വാടകക്ക് താമസിച്ചോണ്ടിരുന്ന സെക്യൂരിറ്റി ചേട്ടൻ വന്ന് വഴക്ക് പറഞ്ഞതിന് ശേഷം പാട്ട് പാടുന്നത് നിർത്തിയെങ്കിലും മറ്റുളള ആക്ടീവ്‌റ്റീസ് തുടർന്നു കൊണ്ടേയിരുന്നു.

പെർഫെക്ഷൻ ആരുന്നല്ലോ അമ്മാവന്റെ ട്രേഡ് മാർക്ക്‌. ഭാര്യയോടുള്ള സ്നേഹത്തിലും അതുണ്ടാരുന്നു. ഒരിക്കൽ വല്യമ്മച്ചിയും വല്യപ്പച്ചനും വകേലേതോ ബന്ധുവിന്റെ കല്യാണത്തിന് പോയേക്കുവാരുന്നു. അമ്മാവ നോടും കൂടേ പോവാൻ നിർബന്ധിച്ചതാ. ഭാര്യയോടൊപ്പം തനിച്ചിരിക്കാൻ കിട്ടുന്ന അവസരം ആരേലും മിസ്സ് ചെയോ. അമ്മാവനും മിസ് ചെയ്തീല. നിങ്ങള് പൊക്കോ എനിക്കെന്തോ നല്ല സുഖമില്ലെന്നഭിനയിച്ചു കിടന്നു.

മക്കൾക്കെന്തേലും വല്ലായ്മ തോന്നിയാ പിന്നെ അമ്മമാരുടെ ഉള്ളം പൊള്ളും. വല്യപ്പച്ചനാണേൽ പിന്നെ എന്ത് കേട്ടാലും മിഥുനം സിനിമേലെ ഇന്നസെന്റിന്റെ കൂട്ടാണ്. ഇതൊക്കെ എത്ര കണ്ടതാന്നുള്ള മട്ടിൽ നിക്കത്തെ ഉള്ളൂ.

അതോണ്ടന്നെ അമ്മാവന് വയ്യെന്ന് കേട്ടപ്പോ ഉണ്ടായ വിഷമമാണോ അങ്ങനിപ്പോ അവരൊറ്റക്ക് സുഖിക്കേണ്ടെന്നുള്ള അമ്മായി അമ്മേടെ കുബുദ്ധിയാണോ എന്തോ വല്യമ്മച്ചി പറയുവാ എന്നാ പിന്നെ ഞാനും കല്യാണത്തിന് പോണില്ലെന്ന്. അമ്മാവൻ പെട്ടില്ലേ. പിന്നേ ഒരു കണക്കിനാ വല്യമ്മച്ചിയെ പറഞ്ഞയച്ചേ.

അന്നത്തെപ്പോലെ പുഴയിലേക്ക് ചാടെണ്ടെന്ന് കരുതിയാവും മുൻ കരുതലെന്നോണം വല്യപ്പച്ചൻ പുറകിലും വല്യമ്മച്ചി മുന്നിലുമായാണ് നടന്നത്.പാലം കടന്നെന്ന് ഉറപ്പു വരുത്തിയതിന് ശേഷം അമ്മാവൻ വാതിൽ ചാരി അടുക്കളയിലോട്ട് നടന്നു.

അമ്മായിക്ക് പോണമെന്നുണ്ടാരുന്നു കല്യാണത്തിന്. പക്ഷെ അമ്മാവൻ പോവാത്ത കാരണം ആ ആഗ്രഹത്തെ തല്ലിക്കൊന്ന് കുഴിച്ചു മൂടി അടുപ്പേലിട്ട് കത്തിച്ചോണ്ട് വെച്ച ചോറ് വെന്ത് പാകമായോന്നറിയാൻ ഒന്ന് രണ്ട് വറ്റെടുത്ത് കൈവിരലൊണ്ട് ചതച്ചു നോക്കുവാരുന്നു അമ്മായി. വെന്ത് പാകമായെന്നുറപ്പു വരുത്തി ഇറക്കി വെക്കാൻ നോക്കുമ്പോഴാ അമ്മാവൻ പിറകീന്ന് വട്ടം പിടിച്ചേ.

കഷ്ടകാലം വരുമ്പോ ചിലപ്പോഴൊക്കെ അങ്ങനാ. എവിടുന്നാ എങ്ങിനാ എന്നൊന്നും പറയാൻ ഒക്കത്തില്ല. പാത്രം താഴെ വീണ് തിളച്ച വെള്ളം ദേഹത്തോട്ട് തെറിച്ച് അധോലോകം വരെ പൊള്ളിപ്പോയ അമ്മാവൻ വാവിട്ട് നിലവിളിച്ചു. അമ്മായിയും കരഞ്ഞാരുന്നു. പക്ഷെ അമ്മാവന്റേത് ഹൈ പിച്ചായത് കൊണ്ട് ജാസി ഗിഫ്റ്റിനൊപ്പം പാടിയ ശ്രേയ ഘോഷലിനെപോലെ പതിഞ്ഞെ കേട്ടുള്ളൂ.

ഈ ബഹളവൊക്കെ കേട്ട് അയല്പക്കത്തെ സെക്യൂരിറ്റി ചേട്ടൻ അമ്മാവൻ വീണ്ടും പാടുവാണെന്ന് കരുതി വഴക്ക് പറയാൻ വന്നപ്പോഴാണ് നടന്നതെന്തെന്നറിയുന്നെ. അപ്പോ തന്നെ ആശുപത്രീലോട്ട് കൊണ്ടോയി വേണ്ടത് ചെയ്തത് കൊണ്ട് അധോലോകത്തിന് കാര്യമായൊന്നും സംഭവിച്ചീല. അല്ലെങ്കി അമ്മാവനൊരു ദുരന്തനായേനേ.

സംഭവറിഞ്ഞപ്പോ വല്യമ്മച്ചി നെഞ്ചത്തടിച്ചോണ്ട് കരയുന്ന കണ്ട് ഇത്രല്ലേ സംഭവിച്ചുള്ളൂ എന്നാശ്വസിപ്പിക്കാനെത്തിയവരോട് വല്യമ്മച്ചി പറയുവാ. മൺപാത്രം വിൽക്കാൻ വന്ന തമിഴനോട് തർക്കിച്ചോണ്ട് വാങ്ങിയ പാത്രവാരുന്നു അതിന്റെ ദെണ്ണം നിങ്ങക്കൊന്നും പറഞ്ഞാൽ മനസിലാവുകേലെന്നാ.

സിറ്റുവേഷന് മാച്ചല്ലെങ്കിലും അക്കാര്യത്തിൽ വല്യമ്മച്ചിയെ കുറ്റം പറയാൻ ഒക്കുകേല. സംഗതി മൂന്നോ നാലോ നേരം വെട്ടി വിഴുങ്ങുന്നുണ്ടേലും വീട്ടിലേക്കൊരു പാത്രം വാങ്ങിക്കണമെന്ന് പറഞ്ഞാൽ ഇപ്പോ അതിന്റെ ആവശ്യമെന്തായെന്ന് ചോദിക്കുന്ന ശരാശരി ഭർത്താക്കന്മാരെ പോലെ ഒരാളായിരുന്നു വല്യപ്പച്ചനും. അപ്പോ പിന്നെ ദെണ്ണം തോന്നാതിരിക്കുവോ.

Leave a Reply

Your email address will not be published. Required fields are marked *