എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
യോiനി പിളiർത്തിയിരിക്കുന്ന ദൈവത്തെ കാണാൻ കുടുംബ സമേതം ഗുവഹാട്ടിയിലേക്ക് പോയതായിരുന്നു. ഭക്തി സാന്ദ്രമായ റോഡരികിലെ ചെറു ഉയർച്ചയിലേക്ക് ഞങ്ങൾ നടന്നു.
‘അപൂനി മോർ സുവാലി നെ…?’
എന്റെ പ്രായത്തിലുള്ളയൊരു പെൺകുട്ടിയെ തടഞ്ഞ് നിർത്തി ഒരു സ്ത്രീ ചോദിച്ചതാണ്. ആ കുട്ടി പേടിച്ച് പോയി. അപ്പോൾ തന്നെ അവളുടെ രക്ഷിതാക്കളെന്ന് തോന്നിപ്പിക്കുന്ന ആരോ അവരിലേക്ക് വരുകയും തടഞ്ഞ് നിർത്തിയ സ്ത്രീ പോകുകയും ചെയ്തു.
‘എന്താണമ്മേ ആ സ്ത്രീ പറഞ്ഞത്…?’
“എനിക്കറിയില്ല മോളെ…”
എന്നും പറഞ്ഞ് എന്റെ കൈകളെ അമ്മ മുറുക്കെ പിടിച്ചു. പതിനാലുകാരി യൊന്നും തനിച്ച് നടക്കാൻ പാടില്ലായെന്ന ഭാവമായിരുന്നു പിന്നീട് അമ്മയ്ക്ക്. എന്നാലും എന്തായിരിക്കും ആ സ്ത്രീ പറഞ്ഞത്? കാഴ്ച്ചയിൽ അവർ ആരെയോ തേടുന്നത് പോലെയാണ്. ഇത്ര ധൃതിയിൽ ആരെയായിരിക്കും അവർ തിരയുന്നുണ്ടാകുക…!
ഞങ്ങൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കയറി. അത്യാവശ്യം നല്ല തിരക്കുണ്ട്. എല്ലാവരേയും പോലെ തിക്കിയും തിരക്കിയും അവിടുത്തെ പ്രതിഷ്ഠ കണ്ടപ്പോൾ കൗതുകം തോന്നി. പരിസരത്തും, ചുമരിലുമായി ഇടം പിടിച്ച ചില രൂപങ്ങൾ പേടിപ്പിക്കുന്നുമുണ്ട്. അതിൽ, ചുകന്ന പുഷ്പ്പാർച്ചനയ്ക്കായി കാലകത്തി ഇരിക്കുന്ന സ്ത്രീയുടെ ശിൽപ്പത്തെയാണ് ഞാൻ കൂടുതലും ശ്രദ്ധിച്ചത്. ആiർത്തവ കാലത്തിന്റെ ആരംഭത്തിൽ നിൽക്കുന്ന പ്രായമായത് കൊണ്ടായിരിക്കണം, അതിൽ നിന്ന് കണ്ണെടുത്തപ്പോൾ ശരീരത്തിൽ ആകെയൊരു ഞെരിപിരിയൽ അനുഭവപ്പെട്ടത്.
ക്ഷേത്ര പരിസരത്തിൽ നിന്ന് ഞങ്ങളൊരു ഗൈഡിനെ പരിചയപ്പെട്ടിരുന്നു. സ്ത്രീയാണ്. പേര് ഭയിഷ. ആള് ബംഗ്ലാദേശിൽ നിന്ന് പണ്ടെങ്ങോ കൊൽക്കത്തയിലേക്ക് കുടിയേറിയ വന്നയൊരു കർഷകന്റെ മകളാണ്. വർഷങ്ങളായി ആസാമിൽ താമസിക്കുന്നു. പുള്ളിക്കാരിത്തിയിൽ നിന്നാണ് കാiമാഖ്യയെക്കുറിച്ച് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ അറിയുന്നത്.
ഇവിടുത്തെ പ്രധാന ആഘോഷമായ അമ്പുബാച്ചി മേള ഈയിടെ കഴിഞ്ഞതേയുള്ളൂ. അതിന്റെ തിരക്കാണ് പോലും ഈ കാണുന്നത്. ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് അമ്പുബാച്ചി മേള. ഈ വേളയിൽ വിശ്വാസികൾ വ്രതം അനുഷ്ഠിക്കും. ക്ഷേത്രത്തിന്റെ കതകുകൾ അടയുന്ന നേരം, കാiമാഖ്യ ഭഗവതി അത്യുഗ്ര ഭാവത്തിലേക്ക് മാറുമെന്നാണ് വിശ്വാസം.
ഈ സമയത്ത് പൂജകളൊന്നും നടത്തില്ല. ക്ഷേത്രത്തിന്റെ പരിസരങ്ങളിലൊക്കെ വൻ ആഘോഷമായിരിക്കും. നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ നീലാചലെന്ന ഈ കുന്നിൽ എത്തിച്ചേരും. നാലാം നാളാണ് ക്ഷേത്രം തുറക്കുന്നത്. അന്നേ ദിവസം വിശേഷാൽ പൂജകൾ ആരംഭിക്കും. പരികർമ്മി പ്രസാദമായി നൽകുന്ന ചുവന്ന തുണിയുടെ കഷണങ്ങളുമായാണ് ഭക്തർ മടങ്ങുക. കാiമാഖ്യയുടെ ആർത്തവ രക്തമാണ് പുരണ്ടതെന്ന് കരുതുന്ന ആ തുണിക്കഷണം പുതുകാലത്തിന്റെ പ്രതീക്ഷയായാണ് തീർത്ഥാടകർ സ്വീകരിക്കുന്നത്.
ഞങ്ങൾ തിരിച്ച് ഇറങ്ങുകയാണ്. ഹിന്ദിയിലും, ഇംഗ്ലീഷിലുമൊക്കെയായി എല്ലാം വിവരിച്ചുകൊണ്ട് ഭയിഷയും കൂടെയുണ്ട്. എനിക്ക് ആ മധ്യവയസ്കയായ ഗൈഡിനെ വളരെയധികം ഇഷ്ടപ്പെട്ടു. അവരുടെ വാക്കിലും ചലനത്തിലും അത്രയ്ക്കും ഊർജ്ജമായിരുന്നു. ഞാനത് പറഞ്ഞപ്പോൾ ജീവിക്കാനല്ലേ മോളേയെന്ന് ഭയിഷ മൊഴിഞ്ഞു.
‘ദേ ഇത് കണ്ടോ…?’
നിറയേ ആഭരണങ്ങൾ നിറച്ച കൂട ചുമന്നയൊരു പുരുഷനെ കണ്ടപ്പോൾ അമ്മ അച്ഛനോട് പറഞ്ഞതാണ്. കണ്ടപ്പോൾ അമ്മൂമ്മ അങ്ങോട്ട് പോകുകയും, അതെല്ലാം പരിശോധിക്കുകയും ചെയ്തു. അപ്പൂപ്പൻ മരിച്ചതിൽ പിന്നെ ആദ്യമായാണ് അമ്മൂമ്മ ഇങ്ങനെയൊരു ദൂരയാത്രയുടെ ഭാഗമാകുന്നത്. അപ്പോഴേക്കും, ഞങ്ങൾക്ക് കൂട്ടമായി നിൽക്കാൻ പാകം തന്റെ ആഭരണക്കൂട ആ കച്ചവടക്കാരൻ തറയിലേക്ക് വെച്ചിരുന്നു.
‘അപൂനി മോർ സുവാലി നെ…?’
അങ്ങനെ കേട്ടപ്പോൾ ധൃതിയിലാണ് ഞാൻ തിരഞ്ഞ് നോക്കിയത്. അതേ സ്ത്രീ. ക്ഷേത്രത്തിലേക്ക് കയറിപ്പോകുമ്പോൾ ഒരു പെൺകുട്ടിയെ തടഞ്ഞ് നിർത്തിയ അതേ ശബ്ദം. ഇപ്പോഴും ആ രംഗം തന്നെയാണ് ആവർത്തിച്ചിരിക്കുന്നത്. നിർത്തപ്പെട്ട പെൺകുട്ടി ആ സ്ത്രീയുടെ കൈകൾ തട്ടിക്കളഞ്ഞ് മുന്നോട്ട് ഓടിപ്പോയി. ആരൊക്കെയോ ബഹളമുണ്ടാക്കി. ആ സ്ത്രീയെ ചീത്ത വിളിക്കുന്നതാണെന്ന് ഭയിഷ പറഞ്ഞു. കാരണവും വിശദീകരിച്ചു.
എതാണ്ട് ഒമ്പത് വർഷങ്ങൾക്ക് മുമ്പ് മകളുമായി തീർത്ഥാടനത്തിനായി ഇവിടെയെത്തിയ സ്ത്രീയായിരുന്നുവത്. കണ്ണൊന്ന് തെറ്റിയപ്പോൾ മോളെ കാണാതായി. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും മുന്നിൽ തെളിഞ്ഞതേയില്ല. ഭ്രാന്ത് പിടിച്ച് പോലും…! മിക്കപ്പോഴും ആശുപത്രിയിലാണ്. ഇടക്ക് ഇവിടെ വന്ന് മകളെ തിരയും. സംശയം തോന്നുന്ന ഓരോ പെൺകുട്ടിയോടും നീയെന്റെ മോളാണോയെന്ന് ആസാമീസ് ഭാഷയിൽ ചോദിക്കും. അവർ അപകടകാരിയല്ലെന്നും ഭയിഷ ചേർത്തിരുന്നു.
എല്ലാം കേട്ടപ്പോൾ എനിക്ക് ആ സ്ത്രീയോട് പാവം തോന്നി. ആസാം ജനതയുടെ കുലദൈവമായ കാiമാഖ്യയുടെ ശക്തി എവിടെ പോയെന്നും ചിന്തിച്ചു. ഭക്തരുടെ ഏത് പ്രാർത്ഥനകളും സാധിച്ചു കൊടുക്കുന്ന ഭഗവതിയാണ് കാമാഖ്യയെന്ന് ഭയിഷ തൊട്ട് മുമ്പ് പറഞ്ഞതേയുള്ളൂ…
തിരുനടയിൽ നിന്ന് നോക്കിയാൽ കാണുന്നയൊരു അമ്മയുടെ അലച്ചിൽ പോലും നിർത്താൻ കഴിവില്ലാത്ത ദൈവങ്ങളെ, എന്തിനാണ് ഇത്രേയും മനുഷ്യർ കുമ്പിട്ട് നിൽക്കുന്നതെന്ന് ഇപ്പോഴും ഉത്തരം കിട്ടാത്തയൊരു ചോദ്യമാണ്.
ഞങ്ങൾ നീലാചലെന്ന കാiമാഖ്യയുടെ കുന്നിറങ്ങി റോഡിലേക്കെത്തി. കൂടെ കൂട്ടിയാൽ ഗുവഹാട്ടിയിലെ എല്ലാ സ്ഥലങ്ങളും കാണിച്ച് തരാമെന്ന് ഭയിഷ പറഞ്ഞിട്ടും അച്ഛൻ കേട്ടില്ല. മുമ്പ് വന്ന പരിചയമുള്ളത് കൊണ്ട് ഗൈഡ് വേണ്ടായെന്നായിരുന്നു അച്ഛന്റെ തീരുമാനം. പാൾത്തൻ ബസാറിലേക്കോ മറ്റോ ആണ് ഇനി പോകുന്നത്. ഞാൻ ഭയിഷയോട് നന്ദി പറഞ്ഞു. യാത്ര പറച്ചിലിന് ശേഷം ഏർപ്പാടാക്കിയ ടാക്സിയുടെ അടുത്തേക്ക് പതിയേ നടക്കുകയും ചെയ്തു.
‘ഇന്നെങ്ങാനും എത്തുമോ നീ…?’
ടാക്സിയുടെ ഡോറും തുറന്ന് അച്ഛൻ നീട്ടി ചോദിച്ചതാണ്. പെട്ടെന്ന് വാടീയെന്ന് അമ്മയും മുറുമുറത്തു. അമ്മൂമ്മ ടാക്സിയിലേക്ക് കയറിയിരുന്നു. ആ അമ്പതോളം മീറ്റർ ദൂരം വരുന്ന തനിയേയുള്ള നടത്തതിന്റെ മുന്നിലെ കാഴ്ച്ചയാണ് പറഞ്ഞത്. പിറകിലേക്ക് നോക്കുമ്പോൾ ഞാൻ അകലുന്നതും നോക്കി ഭയിഷ കൈവീശി കാണിക്കുന്നുണ്ട്. ആ നോട്ടത്തിന്റെ തിരിവിൽ മുന്നിലൊരു സ്ത്രീയാണ് തെളിഞ്ഞത്.
ഇടം വശത്തിൽ നിന്നായിരുന്നു ആ പ്രത്യക്ഷപ്പെടൽ. തുടർന്ന് എന്റെ തോളിൽ പിടിച്ച് നിർത്തുകയായിരുന്നു. ആദ്യം ഭയന്ന് പോയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഞാൻ ശാന്തമായി. അതേ സ്ത്രീ… അതേ ശബ്ദം…
അല്ലെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി. കടുത്ത നിരാശയോടെ അവർ മാറിപ്പോകുകയും ചെയ്തു. അപ്പോഴേക്കും, പിറകിൽ നിന്ന് ഭയിഷയും, മുന്നിൽ നിന്ന് അച്ഛനും അടുത്തേക്ക് ഓടി വന്നിരുന്നു. കാമാഖ്യയെന്ന് ഇന്നോർത്താലും തലയിൽ തെളിയുന്നത് ആ സ്ത്രീയുടെ മുഖമാണ്. മുഴങ്ങുന്നത് ആ ശബ്ദമാണ്…
‘അപൂനി മോർ സുവാലി നെ…!!!’