എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
രാത്രിയാകുമ്പോൾ ബസ്റ്റാന്റിന്റെ പിറകിലെ വഴിയിലേക്ക് പതിവായി ഞാൻ പോകാറുണ്ട്. അവിടേക്ക് മൂത്രമൊഴിക്കാനും, പുകയ്ക്കാനുമായി വരുന്ന പുരുഷന്മ്മാരാണ് ലക്ഷ്യം. കൂടെ വരുമോയെന്ന് ഒന്നുകിൽ അവർ എന്നോടോ, ഞാൻ അവരോടോ ചോദിക്കാറാണ് പതിവ്.
ഭാരമില്ലാത്ത തോൾ ബാഗ് കൈയ്യിലെടുത്ത് കറക്കിക്കൊണ്ട് അന്നും ഞാൻ സ്ഥിരം ഇടത്തേക്കെത്തി. കാണുന്നവരുടെയൊക്കെ കണ്ണുകൾ മാiറിടങ്ങളിലേക്ക് വീഴാൻ പാകം ബ്ലൗസിൽ നിന്ന് സാരി അൽപ്പ മൊന്ന് താഴ്ത്തുകയും ചെയ്തു. ആ കാഴ്ച്ചയിലേക്ക് ആദ്യം ചാടി വീണത് ലക്കു കെട്ടയൊരു മiദ്യ പാനിയായിരുന്നു.
‘എത്രയാ, എത്രയാ.. വരുന്നോ കൂടെ…?’
അയാളുടെ ധൃതി കണ്ടപ്പോൾ തന്നെ വരുന്നില്ലായെന്ന് ഞാൻ പറഞ്ഞു. ഇത്തരം വെളിവില്ലാത്തവരുടെ കൂടെ പോകുന്നത് പത്ത് വർഷം മുമ്പേ ഞാൻ നിർത്തിയതാണ്. അത്രയ്ക്കും അതിക്രമമായിരുന്നു. ജീവൻ തിരിച്ച് കിട്ടിയത് തന്നെ വലിയ കാര്യമെന്നേ ഇപ്പോൾ ചിന്തിക്കുന്നുള്ളൂ…
‘എത്രയാ..? റൂമുണ്ടൊ…?’
മാന്യമായ രണ്ട് ചോദ്യങ്ങളുമായി ഒരു ചെറുപ്പക്കാരൻ വന്നു. ഉത്തര മായി യഥാക്രമം ആയിരം രൂപയെന്നും, മുറിയൊക്ക ഉണ്ടെന്നും ഞാൻ പറഞ്ഞു. പിന്നീട്, അയാൾക്ക് ചോദിക്കാനുണ്ടായിരുന്നത് നിങ്ങള് ശരിക്കും പെണ്ണ് തന്നെയാണല്ലോ എന്നായിരുന്നു. എനിക്ക് ദേഷ്യമാണ് വന്നത്. നിനക്കെന്താ തോന്നുന്നതെന്ന് ചോദിച്ച് ഞാൻ കൈകൾ കെട്ടി.
‘അല്ല… ഓപ്പറേഷൻ ചെയ്ത് പെണ്ണായതാണോയെന്ന് അറിയാനായിരുന്നു…’
എന്റെ മാiറിടങ്ങളിലേക്ക് നോക്കിയാണ് അവനത് പറഞ്ഞത്. സംശയമാണെങ്കിൽ വേണ്ടായെന്നും പറഞ്ഞ് കൈകളെ അഴിച്ചിട്ട് ഞാൻ നടന്നു. തിരിഞ്ഞ് നോക്കിയപ്പോൾ ആ ചെറുപ്പക്കാരൻ സംശയിച്ചങ്ങനെ നിൽക്കുകയാണ്. അവനേയും കുറ്റം പറയാൻ പറ്റില്ല. സൗന്ദര്യമെന്ന് വന്നാൽ എന്നെയൊക്കെ എത്രയോ താഴേക്ക് എടുത്തിടാനെന്നോണം ഓപ്പറേഷൻ ചെയ്തതും, ചെയ്യാത്തതുമായ നിരവധി പുരുഷസ്ത്രീകൾ ഈയിടെയായി നിരത്തിലുണ്ട്. അവർ വന്നതിൽ പിന്നെയാണ് എന്റെ വരുമാനം കുറഞ്ഞതെന്ന് പറഞ്ഞാലും തെറ്റാകില്ല.
‘ശൂ, ശൂ… പോരുന്നോ…?’
ഊതി വിട്ട പുക മാനത്തേക്ക് ഉയർന്ന് പടരുന്നത് തെരുവ് വെളിച്ചത്തിന്റെ നേരിയ നിഴലിൽ നോക്കി നിൽക്കുന്ന ആള് കേൾക്കാൻ പാകമാണ് ഞാൻ അങ്ങനെ ശബ്ദിച്ചത്. വെറുതേ എന്നെയൊന്ന് ശ്രദ്ധിച്ചതിന് ശേഷം അയാൾ വീണ്ടും മുകളിലേക്ക് തന്നെ നോക്കി. അങ്ങനെ വിട്ടാൽ ശരിയാകില്ലല്ലോയെന്ന് കരുതി ഞാൻ ആ മധ്യവയസ്കനായ മനുഷ്യന്റെ അടുത്തേക്ക് ചേർന്ന് നിന്നു. ശiരീരം വിറച്ചത് പോലെ ഒരടി പിറകിലേക്ക് അയാൾ ഒരൊറ്റ ചാട്ടമായിരുന്നു. ഞാനങ്ങ് ഞെട്ടിപ്പോയി. ഇയാള് പെണ്ണുങ്ങളെ കണ്ടിട്ടില്ലേയെന്ന് ദേഷ്യപ്പെട്ടുകൊണ്ട് തിരിഞ്ഞ് നടക്കുകയും ചെയ്തു.
‘അതേയ്…’
ഞാൻ നിന്നു. തന്റെ ബാഗ് എനിക്ക് നേരെ നീട്ടാനായി മാത്രം അയാൾ അടുത്തേക്കും വന്നു.
‘ഇതൊന്ന് പിടിക്കോ? മൂiത്രമൊഴിച്ചിട്ട് വരാം…’
ഞാൻ പിടിച്ചു. അയാൾ കുറച്ചുകൂടി ഇരുട്ടിലേക്ക് പോയി മുൻവശം തള്ളിച്ച് നിൽക്കുകയാണ്. ഞാൻ ബാഗുമായി കടന്ന് കളയുമോയെന്ന സംശയം കൊണ്ടായിരിക്കണം മൂത്രമൊഴിക്കുമ്പോഴും അയാൾ തിരിഞ്ഞ് നോക്കിയത്.
‘എന്താ പേര്…?’
അറിഞ്ഞിട്ട് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് ഞാൻ ആ ബാഗ് തിരിച്ച് നീട്ടി. പേര് പോലും അറിയാതെ എങ്ങനെയാണ് കൂടെ വരുകയെ ന്നായിരുന്നു അയാളുടെ മറുപടി. എന്റെ പേര് ഭാമയെന്നാണെന്ന് ഞാൻ പറഞ്ഞു. ശേഷം, വെറുതേ ആ സാരിത്തലപ്പ് എടുത്ത് കുടയുകയും, പിരിച്ച കയറ് പോലെ മാiറിലേക്ക് ഇടുകയും ചെയ്തു. അയാൾ അതിൽ കുരുങ്ങിയെന്ന് പറഞ്ഞാൽ മതിയല്ലോ…
‘ഞാൻ രഘുപത്… എന്റെ കൂടെ വരുമോ…?’
അല്ലെങ്കിലും, ഈ പുരുഷന്മ്മാരെന്ന് പറഞ്ഞാൽ ഇത്രേയുള്ളൂ. ഇരുട്ട്, വെളിച്ചവുമായി അതിർത്തി പങ്കിടുന്ന സാഹചര്യത്തിൽ വരുന്നോയെന്ന് ചോദിക്കുന്ന പെണ്ണൊരുത്തിയെ കണ്ടാൽ പിന്മാറാൻ അവർക്ക് ആകാറില്ല. യാതൊന്നും ചോദിച്ചില്ലെങ്കിലും രാത്രിയിൽ തനിയേ നിൽക്കുന്ന സ്ത്രീകളെ പുരുഷന്മാർ വിടില്ല. അത്രത്തോളം ലൈംiഗീക ദാരിദ്ര്യമാണ് പുരുഷന്റെ സമൂഹത്തിൽ. അതുകൊണ്ട് തന്നെയാണ് ചിലർ ചിലരെയൊക്കെ അവസരം പോലെ ബലപ്പെടുത്താൻ ശ്രമിക്കുന്നത്. അല്ലെങ്കിലും, ഇത്രത്തോളം ദുർബലരായ കേസരികൾ ഉള്ളത് കൊണ്ടാണല്ലോ എന്നെ പോലെയുള്ളവർക്ക് കഞ്ഞി കുടിക്കാൻ സാധിക്കുന്നത്.
‘ലോഡ്ജിലേക്കാണെങ്കിൽ റേറ്റ് കൂടും… ആയിരത്തി അഞ്ഞൂറ് രൂപ തരേണ്ടി വരും…”
രഘുപത് സമ്മതിച്ചു. ഒരു കൈയ്യിൽ ബാഗും, മറു കൈയ്യിൽ എന്റെ കൈയ്യുമായി അയാൾ വെളിച്ചത്തിലേക്ക് നടന്നു. ബസ്റ്റാന്റിനകത്തെ അടച്ച കടകൾക്ക് മുന്നിലൂടെ ആ മനുഷ്യനുമായി നടക്കുമ്പോൾ എങ്ങോട്ടേക്കാണെന്ന് ഞാൻ ചോദിച്ചിരുന്നു. അയാൾ മിണ്ടിയില്ല. അവസാന ബസ്സിന് പോകാനുള്ള ചില യാത്രക്കാർ ഒഴിച്ചാൽ വലിയ ബഹളമൊന്നുമില്ല.
‘വിശക്കുന്നുണ്ടോ നിനക്ക്…?’
ഞാൻ ഇല്ലെന്ന് പറഞ്ഞു. എന്നിട്ടും അടക്കാറായ അവിടുത്തെയൊരു ഹോട്ടലിലേക്ക് ഞാനുമായി രഘുപത് കയറി. നിർബന്ധിപ്പിച്ച് രണ്ട് ചപ്പാത്തി കഴിപ്പിക്കുകയും ചെയ്തു. അയാൾക്ക് ബിരിയാണിയായിരുന്നു.
‘സാറിന്റെ സ്ഥലം എവിടെയാണ്?എവിടേക്കാണ് പോകുന്നേ…?’
കൈകഴുകി വന്നതിന് ശേഷമാണ് ഞാനത് ചോദിച്ചത്. കോഴിക്കാലിൽ നിന്ന് കടിച്ചെടുത്ത തുണ്ട് ചവച്ച് കൊണ്ട് തന്നെ രഘുപത് അതിന് ഉത്തരം നൽകി.
‘ജയിലിലായിരുന്നു…. ഇനിയെങ്ങോട്ടെങ്കിലും പോകണം…’
പലപ്പോഴായി പോയി കിടന്ന സ്ഥലമായത് കൊണ്ട്, അങ്ങനെ കേട്ടപ്പോൾ എനിക്ക് ഭയമൊന്നും തോന്നിയില്ല. എന്തായിരുന്നു കേസെന്ന് ആരാഞ്ഞ് മറുപടിക്കായി ഞാൻ കാത്തിരുന്നു.
‘ഓഹ്… പ്രത്യേകിച്ചൊന്നുമില്ലെന്നേ… അമ്മയെ തൊiഴിച്ച അച്ഛനെ, കിട്ടിയ ടോർച്ച് കൊണ്ട് ഞാനൊന്ന് തലയ്ക്ക് അiടിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയിൽ ആള് പോയി…’
പറഞ്ഞ് തീരുമ്പോഴേക്കും രഘുപത് എഴുന്നേറ്റു. അപ്പോൾ അമ്മയോയെന്ന എന്റെ ചോദ്യത്തിന് അയാൾ മറുപടി നൽകിയില്ല. കേട്ടിട്ടുണ്ടാകുമോയെന്നും ഞാൻ സംശയിച്ചിരുന്നു. എന്തായാലും, അത്രയൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്റെ അച്ഛനും അമ്മയും തമ്മിൽ തമ്മിൽ വലിയ സ്നേഹമായിരുന്നു. അല്ലെങ്കിൽ പിന്നെ, പിടച്ചാൽ തമ്മിൽ മുട്ടാൻ പാകം കiഴുത്തിൽ കുiരുക്കിട്ട് രണ്ടുപേരും ഒരുമിച്ചങ്ങനെ ആടില്ലായിരുന്നുവല്ലോ…
‘അമ്മയും മരിച്ചു. മൂന്ന് വർഷമായി. അന്ന് പരോള് കിട്ടിയിരുന്നു…’
എന്റെ ചോദ്യത്തിന്റെ ഉത്തരവുമായി നനഞ്ഞ കൈകൾ കുടഞ്ഞ് കൊണ്ട് രഘുപത് വന്നു. ജീവിതമൊക്കെ ഇത്രയും നിസ്സാരമാണെന്ന് അറിയുന്നത് കൊണ്ട് കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. പറയുന്തോറും, കൂടുതൽ ഒട്ടിപ്പിടിക്കാനുള്ള ജീവന്റെ പശയാണ് അനുഭവമെന്ന് എനിക്ക് ആ നേരം തോന്നി. ഓർമ്മയിൽ, ആയുസ്സിന്റെ നാൾ വഴികളെല്ലാം നിവർന്ന് നിൽക്കുന്നത് പോലെ…
കൊണ്ടും കൊടുത്തും കഴിഞ്ഞ് കൂടുന്ന ഈ ജീവിതം ജീവിക്കുന്നവർക്ക് അത്രയ്ക്കൊന്നും നിസ്സാരമല്ലെന്ന് ആരോ പറയുന്നത് പോലെ…
‘ഇവിടെയിരിക്കാം…’
ബാഗ് തറയിൽ വെച്ചതിന് ശേഷം, ഇരുമ്പ് കസേരയിൽ ചൂണ്ടിയാണ് രഘുപത് അങ്ങനെ പറഞ്ഞത്. എന്തിനാണെന്ന് പോലും ചോദിക്കാതെ ഞാൻ അവിടെ ഇരുന്നു. തൊട്ടടുത്തായി അയാളും. അധികാര മെന്നോണം ആ മനുഷ്യൻ എന്റെ തോളിൽ കൈവെച്ചിട്ടുണ്ട്. പതിയേ യൊരു താളത്തിൽ തട്ടുന്നുമുണ്ട്.
‘സാറെ.. നേരം പോകുന്നു…’
അതുകേട്ടപ്പോൾ രഘുപത് ചിരിക്കുകയും, എന്റെ തോളിലേക്ക് തല ചാരുകയും ചെയ്തു. എന്ത് കൊണ്ടോ എനിക്ക് എതിർക്കാൻ തോന്നിയില്ല. ചുറ്റും, ചുമരുണ്ടായാൽ മാത്രം എന്നെ സ്നേഹിക്കാൻ അറിയുന്നവരെ കണ്ട് തഴമ്പിച്ചത് കൊണ്ടായിരിക്കണം, അതൊരു പുതിയ അനുഭവമായി എനിക്ക് തോന്നിയത്. സ്റ്റാന്റിൽ നിന്ന് പോകുന്ന അവസാന ബസ്സിന് കാത്ത് നിൽക്കുന്നവരിൽ ആര് കണ്ടാലും ഞങ്ങൾ ദമ്പതികളാണെന്നേ പറയുകയുള്ളൂ…
‘ദേ, സാറെ… ഇവിടെയിപ്പോ നമ്മളേയുള്ളൂ… നമുക്ക് എന്റെ വീട്ടിലേക്ക് പോകാം…’
ബസ്സിന്റെ വെളിച്ചം കണ്ണിൽ തട്ടിയപ്പോഴാണ് ഞാനത് പറഞ്ഞത്. വണ്ടി സ്റ്റാർട്ട് ചെയ്തിരിക്കുന്നു. ഇത് എങ്ങോട്ടാണ് പോകുന്നതെന്നും ചോദിച്ചാണ് രഘുപത് എഴുന്നേറ്റത്. മൈസൂരിലേക്കാണെന്ന് പറഞ്ഞ് ഞാനും നടു നിവർത്തി. എന്നാൽ താൻ പോകുകയാണെന്നും പറഞ്ഞ് അയാൾ തന്റെ ബാഗ് തറയിൽ നിന്ന് എടുക്കുകയായിരുന്നു…
‘ഇതാ… നീ ചോദിച്ചതിലും കൂടുതലുണ്ട്….’
പേഴ്സിൽ നിന്ന് പണമെടുത്ത് തരുമ്പോൾ രഘുപത് പറഞ്ഞു. വേണ്ടാ യെന്ന് മൊഴിഞ്ഞിട്ടും അയാൾ നിർബന്ധിപ്പിച്ചു. പണത്തിന്റെ ആവിശ്യം അറിയുന്നത് കൊണ്ട് ഞാനത് തീർത്തും തിരസ്ക്കരിച്ചില്ല. രiതി വിപണി യിലൂടെ മാത്രം അലഞ്ഞ എന്റെ ജീവിതത്തിന് അറിയാത്ത തരം പുരുഷന്മ്മാരും ഈ ഭൂമിയിൽ ഉണ്ടെന്ന് വ്യക്തമായ നിമിഷമായി രുന്നുവത്. മറ്റൊന്നും പ്രതീക്ഷിക്കാതെ, ഇതുവരെ ആരിൽ നിന്നും ഇങ്ങനെയൊരു അനുഭവം എനിക്ക് ഉണ്ടായിരുന്നിട്ടില്ല. ഒരു പുരുഷന് സ്ത്രീയെ ഇങ്ങനേയും വേണമെന്ന് പഠിപ്പിച്ച രാത്രിയോട് നന്ദിയെന്നേ എനിക്ക് പറയാനുള്ളൂ…
യാത്ര പറഞ്ഞ് പോകുമ്പോൾ രഘുപത് എന്നെ കെട്ടിപ്പിടിക്കുകയും, നെറ്റിയിലും കവിളിലും ചുംiബിക്കുകയും ചെയ്തു. തുടർന്ന് തന്റെ ബാഗുമായി തിരിഞ്ഞ് നോക്കാതെ അയാൾ ആ ബസ്സിലേക്ക് നടക്കുകയായിരുന്നു. അതുകൊണ്ട് മാത്രം, എന്റെ കണ്ണുകൾ കവിളിലേക്ക് കവിഞ്ഞത് അയാൾ കണ്ടിരുന്നില്ല…!!!