“ദേ അച്ഛാ ഈ പച്ചപ്പട്ടുപാവാട വേണോ ചുവപ്പ് വേണോ ?”ശ്രീക്കുട്ടി അച്ഛനോട് ചോദിച്ചു
രണ്ടായി മെടഞ്ഞ മുടിയുടെ അറ്റത്തു ഓരോ ചുവപ്പ് ബാൻഡ് ഇട്ടു
കൊടുത്തു നന്ദൻ ചുവപ്പ് പട്ടു പാവാടയിൽ വിരൽ തൊട്ടു
“മുല്ലപ്പൂ വേണ്ടേ?അച്ഛനും മോളും കുറെ നേരമായല്ലോ ഒരുക്കം തുടങ്ങിയിട്ട്. ബസ് പോകും കേട്ടോ വൈകുന്നേരം ആറു മണിക്ക് തുടങ്ങും താലപ്പൊലി ..നമുക്ക് ഒരു നാലു മണിക്കെങ്കിലും എത്തണം”പാർവതി ചിരിയോടെ പറഞ്ഞു
“ദേ കഴിഞ്ഞു അമ്മെ …” അവൾ അച്ഛൻ എടുത്തു നീട്ടിയ ചുവപ്പു പട്ടു പാവാടയും ബ്ലൗസും എടുത്തു എഴുനേറ്റു .
“ഞാൻ ഇതിട്ട് വരാട്ടോ” നന്ദൻ തലയാട്ടി
“ഇനി എനിക്കിത്തിരി കണ്ണെഴുതി താ “
കണ്മഷി നീട്ടി കുസൃതിയിൽ ചിരിച്ചു പാർവതി
നന്ദൻ അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി
കൈക്കുളിൽ ആ മുഖം എടുത്തു കണ്ണുകളിലേക്ക് നോക്കി കണ്ണുകളുടെ ആഴങ്ങളിലേക്ക് ..അവയിൽ പിടഞ്ഞടിക്കുന്ന തിരമാലകളിലേക്ക് ..
കണ്ണുകൾക്ക് മുകളിൽ നേർമ്മയായി ചുണ്ടുകൾ അമർന്നപ്പോള് പാർവതി കണ്ണടച്ച് കളഞ്ഞു .അവളുടെ മുഖം രക്തനിറമായി ..
“മോള് ഇപ്പൊ വരും വേഗം എഴുതി താ “
നന്ദൻ നേർത്ത ചിരിയോടെ കണ്മഷി ചൂണ്ടു വിരലിൽ തേച്ചു ..മെല്ലെ കണ്ണുകൾക്കുള്ളിലേക്ക് അത് ഒരു രേഖയിലൂടെ അങ്ങനെ . കണ്ണുകളിൽ തണുപ്പ്.. നന്ദന്റെ വിരലുകൾക്ക് കണ്മഷിയുടെ മണം..
“എന്നോടല്ലേ ഏറ്റവും ഇഷ്ടം …?അവൾ ആ കാതിൽ ചോദിച്ചു
നന്ദൻ ഒരു കള്ളച്ചിരി ചിരിച്ചു
“അയ്യടാ കള്ളച്ചിരി കണ്ടില്ലേ ?എനിക്കറിയാം മോള് ജനിച്ചതിൽ പിന്നെ എന്നോടുള്ള ഇഷ്ടം കുറഞ്ഞുന്നു ” ഇതിപ്പോ പന്ത്രണ്ട് വർഷമായി സ്ഥിരം പല്ലവിയാണ്. കുശുമ്പി. നന്ദൻ അവളുടെ മൂക്കിന്റെ തുമ്പിൽ ഒരു കരിപ്പൊട്ടു തൊട്ടു
“ദേ.. ഞാൻ മിണ്ടൂലെ.. പറ.. ഇഷ്ടം കുറഞ്ഞോ?”
നന്ദൻ ഇല്ലന്ന് തലയാട്ടി
പിന്നെ അവളുടെ മുഖം നെഞ്ചിലേക്ക്ചേ ർത്ത് വെച്ച് ഹൃദയം മിടിക്കുന്നത് കേൾപ്പിച്ചു കൊടുത്തു
“പാറു എന്ന് കേൾക്കാമോ ?” അയാൾ ചോദിച്ചു
പാർവതി ഒന്ന് കൂടി തല ചേർത്ത് വെച്ച് കേട്ട് നോക്കി ..അപ്പോൾ അതവൾക്ക് പാറു എന്ന വിളിപ്പേര് മാത്രമായി തോന്നി ..കൃത്യമായ താളത്തിൽ, ഈണത്തിൽ.. മിടിപ്പ്.
അവളുടെ കണ്ണ് മെല്ലെ നിറഞ്ഞു
“എന്നും ഇങ്ങനെ തന്നെയാവില്ലേ ?” നന്ദൻ തലയാട്ടി
“ഞാൻ മരിക്കുന്ന വരെ …? നന്ദ ആ ചുണ്ടിൽ ഒരു തട്ട് കൊടുത്തു
“ഹാവൂ നൊന്തു ..” ശ്രീക്കുട്ടി പുറകിൽ വന്നു നിന്നതവർ അറിഞ്ഞതേയില്ല
“റൊമാൻസ് തീർന്നെങ്കിൽ എന്നെ ഒന്ന് നോക്കിക്കേ “അവൾ കുറുമ്പൊടെ പറഞ്ഞു
അവർ രണ്ടു പേരും തല തിരിച്ചവളെ നോക്കി
കടും ചുവപ്പ് പാവാടയിലും ബ്ലൗസിലും ഒരു തീജ്വാല …
ആദ്യമായി നീളൻ പാവാടയുടുക്കുന്നതിന്റെ ഒരു പതർച്ചയുണ്ട് മുഖത്ത് ..
അവൾ പെട്ടെന്ന് മുതിർന്നപോലെ നന്ദന് തോന്നി ഇന്നലെ വരെ ചെറിയ ഉടുപ്പിൽ, നിറയെ മുത്തുകളൊക്കെ പിടിപ്പിച്ച ചെറിയ ഉടുപ്പുകളിലൊക്കെ കണ്ടിട്ട് നീളൻ പാവാട ഉടുത്തു കണ്ടപ്പോ ..വലിയ പെണ്ണായ പോലെ …
“കൊള്ളാമോ അമ്മെ ?”
“പിന്നെ നല്ല ഭംഗിയുണ്ട് …ഇന്നെല്ലാവരും എന്റെ കുട്ടിയെ ആവുമല്ലോ ഈശ്വര നോക്കുക ..വന്നയുടനെയുഴിഞ്ഞിടണം അല്ലെ നന്ദേട്ടാ ?”
നന്ദനും അത് തന്നെയാണ് ചിന്തിച്ചത് .മോള് വളരുന്നു.. അവൾ അതിസുന്ദരിയായി വളരുന്നു. എല്ലാവരെയും മോഹിപ്പിക്കുന്ന സൗന്ദര്യം.. ഉള്ളിലൊരു ആധി നിറയുന്നത് പോലെ.
പാർവതിയുടെ തറവാട്ടിലെ കാവിലെ ഉത്സവമാണ് .ജോലി തിരക്കുകൊണ്ടു കുറെ നാളായി തറവാട്ടിലേക്ക് പോയിട്ട്.കൃത്യമായി പറഞ്ഞ കഴിഞ്ഞ ഉത്സവത്തിന് പോയതാണ് .ഇടയ്ക്കു ഒരു തവണ അവളുടെ അമ്മയും അച്ഛനും ഇങ്ങോട്ട് വന്നു കുറച്ചു ദിവസം ഉണ്ടായിരുന്നു .ശ്രീക്കുട്ടി വയസ്സറിയിച്ചിതറിഞ്ഞു വന്നതായിരുന്നു ..ഒരാഴ്ച ഇവിടെയുണ്ടായിരുന്നു ..അത് കഴ്ഞ്ഞിട്ടിപ്പോ ആറു മാസമായി .അങ്ങോട്ട് പോകാൻ പറ്റീട്ടില്ല.ഇതിപ്പോ കാവിലെ ഉത്സവം നടക്കുന്നു .കൂട്ടത്തിൽ ചെറിയമ്മാമയുടെ മകൾ പൗർണമിയുടെ വിവാഹ നിശ്ചയവും ..ഒഴിവാക്കാൻ പറ്റില്ല .അഞ്ചു ദിവസമാണ് ലീവ് എടുത്തത് .സാരമില്ല, അങ്ങനെയൊന്നും ലീവ് എടുക്കില്ല എന്ന് കമ്പനിയിലെ മാനേജർ ജയൻ സാറിനും അറിയാം .അത് കൊണ്ട് തന്നെ ചോദിച്ചപ്പോൾ ലീവ് തന്നു. സാറും കുടുംബവും ഒരു ജോലിക്കാരനായിട്ടല്ല കാണുന്നത് ..അവരുടെ തന്നെ വീട്ടിലെ ഒരാളായിട്ടാണ് .പതിനെട്ട് വയസ്സിൽ അച്ഛൻ മരിച്ച് അനാഥനായി എന്ത് ചെയ്യണമെന്നറിയില്ല, എങ്ങോട്ടു പോകണമെന്നറിയില്ല അങ്ങനെ ഭാവിയൊരു ചോദ്യചിഹ്നം പോലെ മുന്നിലങ്ങനെ, നിൽക്കുമ്പോ ജീവിക്കണോ മരിക്കണോ എന്നൊരു ആശയക്കുഴപ്പം മാത്രമേ മനസിലുണ്ടായിരുന്നുള്ളൂ ..പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ല ..പഠിക്കാൻ അത്ര മിടുക്കനും ആയിരുന്നില്ല ..
അന്ന് ജയൻ സാറും ഭാര്യയും മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു .കൂടെ കൊണ്ട് പോയി ..ആ വീട്ടിലൊരു മുറി തന്നു ..ഭക്ഷണം തന്നു ..
ഇനിപഠിക്കണമെങ്കിൽ പഠിപ്പിക്കാം എന്ന് പറഞ്ഞപ്പോ എനിക്കൊരു ജോലി മതി സാറെ എന്നാണ് അന്ന് താൻ പറഞ്ഞത്
“ക്യാഷിൽ ഇരിക്കാൻ ഞാൻ ഇനി വേറെ ആളെ നോക്കണ്ടല്ലോ നന്ദ?” എന്ന ചോദ്യമായിരുന്നു മറുപടി
കാൽക്കൽ വീണു കരഞ്ഞു പോയി
ദൈവത്തെ പോലെയൊരു മനുഷ്യൻ
അല്ലെങ്കിലും കെട്ടിടങ്ങളിലല്ല ദൈവം എന്ന് ചിലപ്പോൾ തനിക്ക് തോന്നാറുണ്ട്.
ദൈവം ഒറ്റയ്ക്കാകുന്നവന് കൂട്ട് വരുന്നവന്റെ ആത്മാവിലാണ് ഉള്ളത്.
ആരുമില്ലാതെ തളർന്നു പോകുന്നവന് കൈ പിടിക്കാൻ തയ്യാറായി വരുന്നവന്റെ ഹൃദയത്തിൽ ആണ് ദൈവം..
ചുറ്റും കടൽ മാത്രമുള്ള ഒരു ദ്വീപിൽ ഒറ്റയ്ക്കാകുന്നവനറിയാം, വിശപ്പും ദാഹവുമല്ല ഒറ്റയാകുക എന്നതാണ് ഏറ്റവും വലിയ സങ്കടക്കടൽ എന്ന് ..
ജീവിതത്തിൽ ഒരു ദിവസം പൊടുന്നനെ ഒറ്റയ്ക്കാവുക …അത് അനുഭവിച്ചു തന്നെ അറിയണം ..പകലിലിന്റെ വെളിച്ചവും രാത്രിയുടെ ഇരുട്ടും ഒന്നും ബാധിക്കില്ല .മഴയോ മഞ്ഞോ ചൂടോ തണുപ്പോ ഒന്നും അറിയില്ല ..വിശപ്പില്ല ദാഹമില്ല …മനസ്സ് മരുഭൂമി കണക്കെ ചുട്ടുപൊള്ളി അങ്ങനെ …
തനിച്ചിരിക്കാൻ ജയൻ സാർ സമ്മതിക്കില്ല .
അവരുടെ കുട്ടികൾക്കൊപ്പം സിനിമക്ക് കൊണ്ട് പോകും ,ഹോട്ടലുകളിൽ കൊണ്ട് പോകും ..എന്നാലും ചില സ്ഥലങ്ങളിൽ നമ്മൾ അധികപ്പറ്റ് തന്നെ .
നമ്മുടേതല്ലാത്ത ചിലയിടങ്ങളുണ്ട് ..അത് വേഗം നമുക്ക് മനസിലാകും ,അവിടെ ചെന്ന് എത്തിപ്പെടുമ്പോൾ ഒരു അസ്വസ്ഥതയാണ്,ശ്വാസം മുട്ടലാണ് .അത് ഉണ്ടായിട്ടുണ്ട് പലപ്പോഴും.
അച്ഛനും താനും ജീവിച്ചിരുന്ന വീട്ടിലേക്കു മാസങ്ങൾക്കു ശേഷം താൻ തിരിച്ചു പോരുമ്പോഴേക്കും ആ ഒറ്റപ്പെടൽ കൂട്ടുകാരനായി കഴിഞ്ഞിരുന്നു .
അതങ്ങനെയാണ്.
അതിജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്നതെന്തും ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറി നിന്നാൽ മനുഷ്യൻ പുഷ്പം പോലെ അതിജീവിച്ചു തിരിച്ചു വരും
ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറി നിൽക്കണം എന്ന് മാത്രം ..
മറക്കുകയില്ല ചിലതൊക്കെ ഓർമിക്കാതിരിക്കുകയാണ് . ഓർമിച്ചു പോയാൽ ചിലപ്പോൾ ഭ്രാന്ത് പിടിച്ചേക്കും എന്നുറപ്പുളളത് കൊണ്ട് ഓർമിക്കാതിരിക്കുകയാണ്. കണ്മുന്നിൽ ലോറിയിടിച്ച് അച്ഛൻ പിടഞ്ഞു മരിച്ചതും അത്തരം ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു ഓർമ്മയാണ്. വാഹനങ്ങൾ ഉപയോഗിക്കാത്തതും അതെ ഭ്രാന്ത് കൊണ്ട് തന്നെ ആണ്.
“അച്ഛൻ എന്താ ആലോചിച്ചിരിക്കുന്നത്. അമ്മ റെഡി ആയി
അച്ഛൻ ഈ ഷർട്ട് തന്നെ അല്ലെ ഇടുന്നത്?”
അയാൾ ചിന്തകളിൽ നിന്ന് തന്നെ ഒന്ന് കുടഞ്ഞെറിഞ്ഞു. പിന്നെ മകളെ നോക്കി തലയാട്ടി
“അച്ഛനെ കാണാൻ എന്ത് ഭംഗിയാ അല്ലെ അമ്മെ ?””സ്കൂളിലെ കുട്ടികൾ പറയുന്നത് അച്ഛന് മമ്മൂട്ടിയുടെ ഛായ ഉണ്ടെന്ന ..എന്റെ ഏട്ടൻ ആണെന്നെ തോന്നുകയുള്ളെന്ന് “
പാർവതി ചിരിച്ചു പിന്നെ നന്ദനെ ഒന്ന് നോക്കി
ഇളം റോസ് നിറത്തിലുള്ള ഷർട്ട് അണിഞ്ഞപ്പോ അയാളുടെ നിറമേതാ എന്ന് സന്ദേഹം തോന്നും ..
ഈ ഭംഗിയാണ് ഒറ്റക്കാഴ്ചയിൽ അടിമയാക്കി കളഞ്ഞതും
ഭംഗിയുള്ള മനസാണ് വലുത് എന്നൊക്കെ ആൾക്കാർ തത്വം പറയും
.ഒറ്റ കാഴ്ചയിൽ മനസ്സ് അറിയാൻ പറ്റുമോ ?
സൂര്യനെ പോലെ ജ്വലിക്കുന്ന ഒരു മുഖം
ഒറ്റ കാഴ്ചയിൽ തന്നെ ഭ്രമിപ്പിച്ച മുഖം
“ഇതെന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ ?പോകണ്ടേ ?”അയാൾ ചോദിച്ചു
അവൾ തലയാട്ടി എയർ ബാഗുകൾ ഒന്ന് നന്ദന് നീട്ടി മറ്റൊന്ന് തോളിലിട്ടു .വീട് പൂട്ടുന്നത് എപ്പോഴും നന്ദനാണ്. തനിക്ക് സംശയം തീരില്ല. പൂട്ടിയാലും പൂട്ട് ശരിക്കും വീണോ എന്ന് വീണ്ടും ആവർത്തിച്ചു പിടിച്ചു നോക്കും.. അതിൽ ഭേദം നന്ദൻ അതങ്ങ് ചെയ്യുന്നതാണ്.
ശ്രീക്കുട്ടിയുടെ കയ്യും പിടിച്ചവൾ മുറ്റത്തേക്ക് ഇറങ്ങി.വീട് പൂട്ടി നന്ദനുമവർക്കൊപ്പം ചേർന്നു..
“ഇനിയെന്ന വരിക നന്ദേട്ടാ?”
അപ്പുറത്തെ ഭാമ മതിലിരികിൽ
“ഉടനെ വരും “പാർവതി പെട്ടെന്ന് പറഞ്ഞു നന്ദന്റെ കൈ പിടിച്ചു നടന്നു
പാർവതിക്ക് ചിരി പൊട്ടി
അവൾ അച്ഛനെ നോക്കി
അച്ഛൻ അതൊന്നും ശ്രദ്ധിക്കുന്നു കൂടിയില്ല അച്ഛന്റെ വിരലിൻറെ തുമ്പിൽ അമ്മയുടെ വിരൽ തുമ്പു കോർതിരിക്കുന്നുണ്ട്.
തുടരും….

