ഞാനിന്ന് നമ്മുടെ കാര്യം വീട്ടിൽ പറയാൻ പോകുവാ. ഇനിയും വൈകിയാൽ എല്ലാം കൈവിട്ടുപോകും, അറിയാലോ ഇപ്പോൾ വന്ന ആലോചന അത് ചിലപ്പോൾ അച്ഛൻ ഉറപ്പിക്കും…

പൂർണത…

എഴുത്ത്-: മിഥിലാത്മജ മൈഥിലി

“ഞാനിന്ന് നമ്മുടെ കാര്യം വീട്ടിൽ പറയാൻ പോകുവാ. ഇനിയും വൈകിയാൽ എല്ലാം കൈവിട്ടുപോകും, അറിയാലോ ഇപ്പോൾ വന്ന ആലോചന അത് ചിലപ്പോൾ അച്ഛൻ ഉറപ്പിക്കും.”

“ഇന്ന്തന്നെ പറയണോ മോളെ? നാളെ ഞാൻ നിന്റെ വീട്ടിൽ വരാം. അപ്പോൾ പോരെ?”

“അതുവേണ്ട ഏട്ടാ, അച്ഛനോട് ഞാൻതന്നെ പറയാം. എന്നിട്ട് ഏട്ടൻ സംസാരിച്ചാൽ മതി.”

“എനിക്കെന്തോ ഒരുപേടിപോലെ നീയൊറ്റയ്ക്ക് പറഞ്ഞാൽ………..”

“വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ഗൗതം വിഷമിക്കുന്നത് കണ്ട് ശിവദ അവന്റെ കൈയിൽ തന്റെ കൈകൾ ചേർത്തുവെച്ചു.

“പേടിക്കേണ്ട, ചിലപ്പോൾ എന്നെ അ*ടിച്ചെന്ന് വരും, സാരമില്ല ഏട്ടാ. എന്തൊക്കെ സംഭവിച്ചാലും ഈ ശിവദ എന്നും ഗൗതമിന്റെ മാത്രമായിരിക്കും ജീവിതത്തിലും മരണത്തിലും. ആ ഒരു ഉറപ്പ് ഞാൻ ഏട്ടന് തരാം.”

അത്രയും പറഞ്ഞുകൊണ്ട് മറുപടിയ്ക്കായി കാത്തുനിൽക്കാതെ അവൾ തിരിഞ്ഞു നടന്നു.അന്ന് രാത്രി അത്താഴം കഴിഞ്ഞ്

“അച്ഛാ എനിക്കല്പം സംസാരിക്കാനുണ്ട്.”

“എന്താ മോളെ നിന്റെ മുഖം വല്ലാതിരിക്കുന്നെ, എന്തെങ്കിലും വിഷമം ഉണ്ടോ?”

“അച്ഛാ അത് പിന്നെ….. എനിക് ഒരുപാട് നാളുകളായി എനിക്കൊരാളെ ഇഷ്ടമാണ്.അയാളില്ലാതെ എനിക്ക് പറ്റില്ല അച്ഛാ ”

“എടി നിന്നെയൊക്കെ പഠിക്കാൻ അയച്ച ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ, നീ ഞങ്ങളുടെ വളർത്തുദോഷം എന്ന് പറഞ്ഞു നാണം കെടുത്താനാണോ? നിനക്ക് എന്ത് വേണമെന്ന് ഞങ്ങൾക്കറിയാം. നിനക്ക് ഞങ്ങളെക്കാൾ വലുത് അവനാണെങ്കിൽ ഞങ്ങളുടെ ശ*വത്തിൽ ചവുട്ടി പോയാൽമതി. ”

അമ്മയുടെ വകയായിരുന്നു ആ*ക്രോശം.

“ഇല്ലമ്മാ, നിങ്ങൾ വളർത്തിയ ഞാനൊരിക്കലും വഴിതെറ്റിപോയിട്ടില്ല. പിന്നെ ഒരാളോട് ഇഷ്ടംതോന്നി അത് അത്രയും വലിയ തെറ്റല്ലല്ലോ. അമ്മ പേടിക്കണ്ട ഞാൻ ഒളിച്ചോടിപോകാനൊന്നും പോകുന്നില്ല അങ്ങനെ പോകാനാണെങ്കിൽ ഇപ്പോഴിതിവിടെ ഞാൻ പറയില്ലായിരുന്നു. എനിക്ക് എന്റെ കുടുംബവും പ്രണയവും രണ്ടും ഒരുപോലെ പ്രധാനമാണമ്മ.”

“മതി നിർത്തേടി, നീയാരാന്നാ വിചാരം എത്രയൊക്കെ വലുതായാലും നീ ഞങ്ങളുടെ മകളാണ് അത് മറക്കണ്ട. അവനെ നീ മറക്കുന്നതാണ് നല്ലത്.”

“എനിക്കത് പറ്റില്ലമ്മാ,നേരം പോക്കിനയിട്ടല്ല ഞാൻ അയാളെ സ്നേഹിച്ചത് മ*രണതിലും കൂടെയുണ്ടാകുമെന്ന് വാക്കുകൊടുത്തിട്ടാണ്. കൊടുത്ത വാക്ക് ഞാൻ തെറ്റിക്കില്ല. ”

“എന്ത് പറഞ്ഞെടി അസത്തെ നീ…”

ആക്രോശത്തോടെ ശിവദയെ അ*ടിക്കാനായി അവളുടെ അമ്മ കയ്യൊങ്ങി.

“മതി നിർത്ത് രണ്ടാളും. ഈ വീടിന്റെ നാഥൻ ഇപ്പോഴും ഞാനാണെന്നാണ് എന്റെവിശ്വാസം അതുകൊണ്ട് എനിക്കറിയാം എന്തുവേണമെന്ന്.”

അതുകണ്ട് അതുവരെയും നിശബ്‍ദനായ കിഷോർ ശബ്‍ദമുയർത്തി. അതുകണ്ട് അവളുടെ അമ്മ അവളെ തറപ്പിച്ചൊന്നു നോക്കി. ഒന്നും പറയാനാകാതെ നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് ശിവദ തലകുനിച്ചു നിന്നു.

“നീയെന്തിനാ മോളെ തലതാഴ്ത്തി നിൽക്കുന്നത് നീയെന്തെങ്കിലും തെറ്റ് ചെയ്തോ? ഞാനാണ് തെറ്റ് ചെയ്തത്. മകൾ വളർന്നു എന്നോർക്കാതെ മോളോട് ഒരുവാക്ക് പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുക്കാൻ പാടില്ലായിരുന്നു.”

“അച്ഛനൊരു തെറ്റും ചെയ്തിട്ടില്ല. ഇതുവരെയൊന്നും പറയാതിരുന്നത് എന്റെ തെറ്റാണ് എന്നോട് ക്ഷമിക്കച്ഛാ. അച്ഛൻ ഗൗതമിനെയൊന്ന് കണ്ട് സംസാരിക്ക് എന്നിട്ട് നിങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ടമായെങ്കിൽ മാത്രം വിവാഹം നടത്തിത്തന്നാൽ മതി. അച്ഛനെ ധിക്കരിച്ചു ഞാനൊരിക്കലും ഇറങ്ങി പോകില്ല.”

“ശരി, അവനോട് നാളെ ഇങ്ങോട്ടൊന്നു വരാൻ പറയ്. ഞാൻ സംസാരിക്കാം.”

കണ്ണുകൾ തുടച്ചുകൊണ്ടവൾ മുറിയിലേക്ക് പോയി.

“നിങ്ങളെന്താ പറയുന്നത്, അവളെ അവളുടെ ഇഷ്ടം പോലെ വിടനാണോ?”

“നീയിനി മിണ്ടരുത്. അതിന് മാത്രം അവളെന്താ ചെയ്തത്? ഇന്നത്തെ കാലത്തു കുട്ടികൾ പ്രണയിക്കുന്നത് വലിയകാര്യമൊന്നുമല്ല. പിന്നെ യവൾ നമ്മളോടൊന്നും പറയാതെ ഒളിച്ചോടിയോ അതോ എന്തെങ്കിലും തെറ്റ് ചെയ്തോ? ഇല്ലല്ലോ. പിന്നെന്തിനാ നീയിത്ര തുള്ളുന്നത്. അവൾ ക്കിഷ്ടം അതാണെങ്കിൽ അവനൊപ്പം അവൾക്ക് സന്തോഷത്തോടെ ജീവിക്കാനാകുമെങ്കിൽ ഞാനത് നടത്തികൊടുക്കും.”

“അപ്പൊ നമ്മൾ കൊടുത്ത വാക്കോ? അവരോടെന്ത് സമാധാനം പറയും നമ്മൾ? ”

“അതൊക്കെ ഞാൻ പറഞ്ഞോളാം. നീയിനി ഇതേക്കുറിച്ചു സംസാരിക്കേണ്ട.”

“അല്ലേലും ഞാനെന്തു പറഞ്ഞാലും കുറ്റം. നിങ്ങളാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്. ഞാനായിട്ട് ഇനിയൊന്നും പറയുന്നില്ല.”

അത്രയും പറഞ്ഞുകൊണ്ട് അവരവിടെനിന്ന് പോയി.

ഇതേസമയം വീട്ടിൽ നടന്നകാര്യങ്ങളെല്ലാം ഗൗതമിനോട് പറയുകയായിരുന്നു ശിവദ. ഒരുപാട് വഴക്കൊന്നും വീട്ടിൽ ഉണ്ടായില്ല എന്നറിഞ്ഞപ്പോൾ തന്നെ ഗൗതമിന് ആശ്വാസമായി. എന്തായാലും നാളെ രാവിലെതന്നെ വീട്ടിലേക്ക് വരാമെന്ന് ഗൗതം ഉറപ്പുപറഞ്ഞു.

രാവിന്റെ യാമങ്ങൾ പുലരിയ്ക്ക് സ്വാഗതമരുളി എങ്ങോപോയി മറഞ്ഞു.ഗൗതം ഒരു സുഹൃത്തിനൊപ്പം ശിവദയുടെ വീട്ടിലെത്തി. എല്ലാവരെയും പരിചയപ്പെട്ടു.കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശിവദയുടെ വീട്ടുകാർക്ക് ഗൗതമിന്റെ സ്വഭാവവും പെരുമാറ്റരീതികളും വളരെയധികം ഇഷ്ടമായി. എന്തായാലും കാര്യങ്ങളെല്ലാം ഗൗതമിന്റെ വീട്ടിൽ അറിയിച്ചു ഔദ്യോഗികമായി മുന്നോട്ടുകൊണ്ടുപോകാമെന്ന ഉറപ്പിൽ തിരികെ വീട്ടിലേക്ക് മടങ്ങി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഔദ്യോഗികമായിത്തന്നെ പെണ്ണുകാണലും, വിവാഹനിശ്ചയവും കഴിഞ്ഞു.

♡♡♡♡♡♡♡♡♡♡♡♡

ഇന്നാണ് ആ വിവാഹം, ശിവദയുടെയും ഗൗതമിന്റെയും. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയും, ആശീർവാദത്തോടെയും ഗൗതം ശിവദയുടെ കഴുത്തിൽ അവന്റെ പേരെഴുതിയ താലി ചാർത്തുമ്പോൾ അവൾ കണ്ണുകളടച്ചു കൈകൾകൂപ്പി സർവേശ്വ രന്മാരോട് പ്രാർത്ഥിക്കുകയായിരുന്നു, ഒരിക്കലും തങ്ങളെ പിരിക്കരുതെന്ന്. ഈ ജന്മവും ഇനിവരുന്ന ജന്മങ്ങളിലും ഒന്നായിരിക്കണമേയെന്ന്.

♡♡ അവസാനിച്ചു ♡♡

നമുക്കൊരാളോട് പ്രണയം തോന്നുക എന്നത് തെറ്റല്ല. എന്നാൽ ആ സ്നേഹം സ്വന്തമാക്കുന്നതിനായി ജന്മം നൽകി വളർത്തിവലുതാക്കുന്ന വരെ വേദനിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത്. പ്രണയം സത്യവും ആത്മാർത്തവുമാണെങ്കിൽ വീട്ടുകാരുടെ അനുഗ്രഹത്തോടെ ആ പ്രണയം സ്വന്തമാക്കുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *