എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
പതിമൂന്ന് വയസ്സുള്ള മകന് ചൊറിച്ചിലാണ്. പാദത്തിൽ നിന്ന് തുടങ്ങി തുടയിലേക്ക് എത്തുമ്പോഴാണ് ശ്രദ്ധിച്ചത്. ആശുപത്രിയിലേക്ക് കൊണ്ട് പോകാനൊന്നും തോന്നിയില്ല. പളനിയിലേക്ക് ഒരു കാവടി നേർന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ…
‘നീയൊന്ന് മിണ്ടാതിരുന്നേ… പണ്ടുള്ളവരെല്ലാം ആശുപത്രിയിൽ പോയിട്ടാണോ അസുഖങ്ങളെ ഇല്ലാതാക്കിയത്? വിശ്വാസമുണ്ടെങ്കിൽ വെള്ളം കുടിച്ചാലും രോഗം മാറും…’
കൂടുതലൊന്നും പറയാതെ ഭാര്യ കളം ഒഴിഞ്ഞു. പേടിക്കേണ്ടായെന്ന് മകനെ ആശ്വസിപ്പിച്ച് ഞാൻ കിടക്കുകയും ചെയ്തു. ഇങ്ങനെയൊരു ലോകത്തെ സൃഷ്ട്ടിച്ച സൃഷ്ടാവ് ജീവനുകളുടെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. അതിൽ പ്രധാനം പ്രാർത്ഥനകൾ തന്നെയാണ്. ജീവിതമെന്ന അനുഭവത്തോളം മറ്റൊരു തെളിവും ഇതിനായി ആവശ്യമില്ലല്ലോ…
പണ്ട്, എനിക്കും ഇതു പോലെയൊരു പ്രശ്നം ഉണ്ടായിട്ടുണ്ട്. ചൊറി അല്ല. മാറാത്ത തല വേദന ആയിരുന്നു. കുറി തൊട്ട ചെത്ത് കല്ല് തലയിൽ കയറ്റി കനലിലൂടെ എട്ട് വട്ടം നടന്നപ്പോഴാണ് അത് മാറിയത്. അച്ഛന്റെ നേർച്ച ആയിരുന്നു. പിന്നീട് ഇതുവരെ വന്നിട്ടില്ല. അതുമാത്രമല്ല. വിവാഹം കഴിക്കാൻ ജാതകമൊത്ത പെണ്ണിനെ തിരഞ്ഞ് തന്നതും വിശ്വാസമാണ്. അറുപത് തവണയാണ് ക്ഷേത്ര വട്ടം മുഴുവൻ പാതി തു,ണിയില്ലാതെ ഉരുണ്ടത്.
ആ ദേഹ വേദന പോകും മുമ്പേ പെണ്ണൊരുത്തിയുടെ ജാതകവുമായി ദല്ലാൾ വന്നു. മാസങ്ങൾക്കുള്ളിൽ വിവാഹവും കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള മരുന്ന് പ്രാർത്ഥനകളിലുണ്ട്. ഇതൊന്നും പറഞ്ഞാൽ ഇവിടുത്തെ വിവരമില്ലാത്ത നിരീശ്വരവാദികൾക്ക് മനസ്സിലാകില്ല. ദൈവമൊരു ചൈതന്യമാണ്. ആ പ്രകാശം ലഭിക്കാനുള്ള ഭാഗ്യം വിശ്വാസികൾക്കേയുള്ളൂ…
‘വെറുതേ നടന്നാൽ പോര… നാ,ക്കിൽ ശൂലം കു,,ത്തണം. മുരുകന് അതാണ് ഇഷ്ടം…’
പിറ്റേന്ന് വൈകുന്നേരം മകനോടൊപ്പം പളനിയിൽ എത്തിയ ഞാൻ സ്വാമി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. വേലായുധനുള്ള ശരണം വിളിയോടെ മകന്റെ നാക്കിൽ ചെറിയയൊരു ശൂ,ലവും കയറ്റി. ചോ,ര പൊടിഞ്ഞപ്പോൾ ഭസ്മവും മഞ്ഞൾപ്പൊടിയും വാരിയിട്ടു. ആദ്യം കരഞ്ഞെങ്കിലും കാവടിയുമേന്തി മല കയറുന്തോറുമത് കുറഞ്ഞിരുന്നു. എല്ലാം മറന്ന് ഹരഹരോ താളത്തിൽ അവൻ തുള്ളുകയാണ്…
‘ഒന്നും പേടിക്കാനില്ല. ചൊറിച്ചിലൊക്കെ താനേ പോയിക്കൊള്ളും…’
എല്ലാം കഴിഞ്ഞ് വീട്ടിലേക്കുള്ള തിരിച്ച് പോക്കിൽ ഞാൻ പറഞ്ഞതാണ്. കാറ്റടിക്കുമ്പോൾ നാക്ക് നീറുന്നത് കൊണ്ട് വെറുതേ അവൻ തലയാട്ടുക മാത്രം ചെയ്തു. കൂടി വന്നാൽ പത്ത് ദിവസം. മകൻ ഉഷാറാകും. എന്നിട്ട് വേണം ഈയിടെയായി വിശ്വാസമൊക്ക കുറഞ്ഞ് വരുന്ന ഭാര്യയോട് ചിലതൊക്കെ പറയാൻ. നേടിയെന്ന് കരുതുന്ന അറിവിൽ എത്ര കണ്ട് അഹങ്കാരിച്ചാലും എല്ലാം മേലെ ഉള്ളവന്റെ കൈകളിലാണെന്ന് മനുഷ്യർ ഓർക്കുന്നതേയില്ല. അത് മറന്നൊരു കളിക്കും എന്നെ നോക്കുകയും വേണ്ട.
‘ദേ… നിങ്ങളിത് കണ്ടോ…! അവനൊന്നും തിന്നാൻ പറ്റുന്നില്ലെന്ന്… ചൊറിച്ചൽ മറ്റേ കാലിലേക്കും പടർന്നു…!’
പളനിയിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള രണ്ട് ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ ഭാര്യ പറഞ്ഞതാണ്. ശരിയാണല്ലോ… എല്ലാം ശരിയാകേണ്ട സമയം ആയിരിക്കുന്നു. മകനെ ഞാൻ പരിശോധിച്ചു. നാക്കിൽ വൃ,ണമായിട്ടുണ്ട്.
‘ഒരാഴ്ച്ച കൂടി നോക്കാം…’
അസ്സഹനീയമായ ചൊറിച്ചൽ അനുഭവപ്പെട്ട് പൊട്ടിയ മകന്റെ രണ്ട് കാലുകളിലും മഞ്ഞൾപ്പൊടി തേച്ചതിന് ശേഷമാണ് ഞാനത് പറഞ്ഞത്. പളനിയിൽ നിന്ന് പോകാൻ നേരം സ്വാമി തന്ന ചരടും അവന്റെ അരയിൽ കെട്ടി.
‘നിങ്ങളെന്റെ മോനെ കൊ,ല്ലുമോ… ഒരു വണ്ടി വിളിച്ച് താ… ഞാൻ കൊണ്ടോയിക്കോളാം ആശുപത്രീല്…’
അവൾ തലചുറ്റി വീഴാത്തത് മുജന്മ സുകൃതമെന്നേ പറയാനുള്ളൂ… അത്രയ്ക്കും കനത്തിൽ ആയിരുന്നു ആ ഇടം കവിളിൽ എന്റെ വലത് കൈ വീണത്. ഒന്ന് കരയുക പോലും ചെയ്യാതെ അവൾ മുറിയിലേക്ക് പോയി കതകടച്ചു.
നിഷേധി… ഈശ്വര വിശ്വാസം ഇല്ലാണ്ടായാൽ ഇതേയുള്ളൂ പ്രതിവിധി. അവളുടെ മാത്രമല്ലല്ലോ… എന്റേം കൂടെ മകനല്ലേ…. ഇംഗ്ളീഷ് മരുന്നുകളെല്ലാം പുരട്ടിയും തിന്നും മറ്റ് മാറാരോഗങ്ങൾ വരുന്ന അറിവൊന്നും ആ വിവരം കെട്ടവൾക്ക് ഇല്ല.
‘നീയൊന്ന് കൊണ്ടും പേടിക്കേണ്ട മോനെ… ഒരാഴ്ച്ചക്കുള്ളിൽ എല്ലാം ശരിയാകും…’
അമ്മയെ ത,ല്ലുന്നത് കണ്ട് ഭയന്നിരുന്ന മകനെ ഞാൻ അശ്വസിപ്പിച്ചു. വേദന കൊണ്ടായിരിക്കണം, വായ തുറക്കാതെ അവൻ തലയാട്ടി. പിന്നീട് അവന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കിയത്. കഞ്ഞിയും പയറും മിക്സിയിലിട്ട് അടിച്ച് സ്ട്രോ കു,ത്തി കഴിപ്പിച്ചു. എല്ലാ നാളും ക്ഷേത്രത്തിൽ കൊടുത്ത് പൂജിച്ച ചരടും മാറ്റി കെട്ടുമായിരുന്നു. മഞ്ഞൾപ്പൊടിയും ഭസ്മവും പൊത്തി ആ കാലുകളെ പരമാവധി ഞാൻ ശ്രുശ്രൂഷിച്ചു.
പക്ഷെ, ആഴ്ച്ച ഒന്നാകുമ്പോഴേക്കും ചൊറിച്ചിൽ വയറിലേക്കും, പുറത്തേക്കും പടരുകയായിരുന്നു. ചൊറിഞ്ഞ് പൊട്ടിയ ദേഹവുമായി വേദനപ്പെടുന്ന മകനെ കണ്ടിട്ട് എനിക്ക് തന്നെ ഭയമാകുന്നു. പ്രാർത്ഥനയിൽ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്…! അല്ലാതെ, ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല. ഭഗവാനേ.. നീയേ തുണ…
‘കൊ,ല്ല്… എന്നേയും കൂടെ കൊ,ല്ല്…’
മകന്റെ അവസ്ഥയിൽ ദുഃഖത്തോടെ വരാന്തയിൽ ഇരിക്കുന്ന എന്നെ ചവിട്ടി താഴെയിട്ടാണ് ഭാര്യയത് പറഞ്ഞത്. എന്റെ കണ്ണുകളിലേക്ക് നീട്ടി പിടിച്ചയൊരു ക,ത്തിയും അവളുടെ കൈയ്യിലുണ്ട്. താനൊക്കെ ഏത് കാലത്താണ് ജീവിക്കുന്നതെന്ന ചോദ്യവും അവൾ ചേർത്തിരിക്കുന്നു.
ഭാര്യയെ ആദ്യമായിട്ടാണ് അത്രയും ഭീകരമായി കാണുന്നത്. കണ്ണുകൾ ചുകന്നിട്ടുണ്ട്! ക,ത്തിയുടെ മൂർച്ചയോടൊപ്പം ചുണ്ടുകളും അരിശത്തോടെ വിറക്കുന്നു! വീണയിടത്ത് നിന്ന് എഴുന്നേറ്റിട്ടും എനിക്ക് ശ്വാസം തിരിച്ച് കിട്ടിയില്ല. അപ്പോഴേക്കും മുറ്റത്തൊരു ഓട്ടോ വന്ന് നിൽക്കുക യായിരുന്നു…
‘മോളെ… മോന് എന്താ പറ്റിയത്…?’
ഭാര്യയുടെ അച്ഛനായിരുന്നു. എല്ലാം അറിഞ്ഞത് പോലെ അയാൾ അകത്തേക്ക് പോകുകയും, മകനെ വാരിയെടുത്ത് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. നേരത്തേ തയ്യാറാക്കിയ ബാഗുമെടുത്ത് അവളും ഓട്ടോയിലേക്ക് കയറി. യാതൊന്നും പറയാനാകാതെ സ്തംഭിച്ച് നിൽക്കുന്ന എന്നോട് പോകാൻ നേരം അവളൊരു കാര്യം കൂടി മൊഴിഞ്ഞിരുന്നു…
‘എന്റെ മോനെ എങ്ങനെയും ഞാൻ ചികിൽസിപ്പിച്ച് ഭേദമാക്കും… ഒരിക്കലും മാറാത്ത ചൊറിച്ചിൽ നിങ്ങടെ മനസ്സിനാണ്. എനിക്കും മോനും നിങ്ങളെയിനി വേണ്ട. ഞങ്ങളെ തിരഞ്ഞ് വരരുത്…’
എന്നെ തനിച്ചാക്കി പോകുന്ന ആ ഓട്ടോയെയും നോക്കി വെറുതേ ഞാൻ അങ്ങനെ നിന്നു. ഭഗവാനേ… എന്നോട് ഈ ചതി വേണ്ടായിരുന്നു. ഭാര്യ പറഞ്ഞത് കേട്ടില്ലേ… എന്റെ മനസ്സിനാണ് പോലും ചൊറിച്ചിൽ. അവൾ എന്താണ് ഉദ്ദേശിച്ചത്! ചൊറിയുമ്പോൾ സുഖം കിട്ടുന്നയൊരു അണുബാധ യാണ് ആചാരങ്ങളിൽ വീണുപോയ ഇത്തരം വിശ്വാസങ്ങ ളെന്നോ…! മകന്റെ ദേഹത്ത് കണ്ടതിനേക്കാളും വൃണമാണ് പ്രാർത്ഥനകളെന്നോ…! പ്രാണൻ പോയാലും സുഖത്തിനായി മാന്താൻ തോന്നുന്ന ചൊറിച്ചിലാണ് ആരാധനാലയങ്ങളിലെ ദൈവങ്ങളെന്നോ…!
അങ്ങനെയെങ്കിൽ ലോകത്തിൽ എത്രയെത്ര മതങ്ങളുണ്ട്! വിശ്വാസങ്ങളുണ്ട്! കാര്യപ്രാപ്തിക്കായുള്ള പ്രാർത്ഥനകളുണ്ട്! എല്ലാവരും സമൂഹത്തിൽ ചൊറിച്ചിൽ പടർത്തുന്നവർ ആണെന്നാണോ ഭാര്യ പറയാൻ ശ്രമിച്ചത്… എന്താണെന്ന് അറിയില്ല, ആ ചിന്തയിൽ ഉപ്പൂറ്റി മുതൽ നെറുകം തല വരെ ചൊറിയുന്നുണ്ടായിരുന്നു…!!!
ThanksForYourTime
☆☆☆☆☆☆☆☆☆

