Story written by Adam John
പുതിയ ഫ്രിഡ്ജ് വന്നേപ്പിന്നെ പെട്ടത് വീട്ടിലുള്ളവരായിരുന്നു. അതിന്റടുത്തൂടെ പോവാൻ വല്യമ്മച്ചി സമ്മതിക്കേല. അമ്മാവ നാണെൽ വല്ലപ്പഴും പലഹാരങ്ങൾ അടിച്ചു മാറ്റാനും അകത്താക്കാനുമുള്ള ആക്രാന്തത്തിൽ അടുക്കള വഴി പോവാതിരിക്കാനും ഒക്കത്തില്ല.
അമ്മാവൻ അത് തുറന്നടച്ചെങ്ങാനും കേടു വരുത്തോന്നാരുന്നു വല്യമ്മച്ചീടെ പേടി.
വൃത്തികേടാവുമെന്ന് പറഞ്ഞോണ്ട് മീനും ഇറച്ചിയും പുതിയ ഫ്രിഡ്‌ജല്ലായോ പഴയതൊന്നും വെക്കാൻ പാടില്ലെന്നും പറഞ്ഞോണ്ട് കറികളും വെക്കാൻ സമ്മതിക്കത്തുമില്ല.
ഇനി എന്തേലും വെച്ചാൽ തന്നേം തുറന്നെടുക്കണേൽ വല്യമ്മച്ചിയോട് ചോദിക്കേണ്ട അവസ്ഥയാരുന്നു.
പഴയ ഫ്രിഡ്ജാരുന്നേൽ ഇതൊന്നും കാണുവേം കേക്കേം വരില്ലാരുന്നല്ലോ എന്നോർത്ത് നെടുവീർപ്പിടാനേ അമ്മായിക്ക് കഴിഞ്ഞുള്ളൂ.
കാര്യമില്ലാതെ പഴയതിനെ കുറ്റം പറഞ്ഞതിന്റെ പശ്ചാത്താപം കൊണ്ടാന്നോ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ വയ്യാത്തൊണ്ട് എന്നും വെച്ചുണ്ടാക്കേണ്ടി വരുമെന്നോർത്താണോ എന്നറിയത്തില്ല അമ്മായി വീഴ്ത്തിയ കണ്ണീർ തിളച്ചോണ്ടിരുന്ന കറിയിലോട്ടാരുന്നു ഇറ്റി വീണത്.
കാര്യമെന്തെന്നറിയാൻ വേണ്ടി ചട്ടിയിലുണ്ടാരുന്ന മീനുകൾ തല പൊക്കി നോക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി വന്ന് വീണ കറിവേപ്പില തണ്ട് അവരുടെ ശ്രമത്തിന് തടയിട്ടതോണ്ട് അമ്മായി കരഞ്ഞതാരും അറിഞ്ഞീല.
അല്ലേലും പലവിധ കാരണങ്ങളാൽ ഒത്തിരി പേരുടെ കണ്ണീർ അടുക്കളയിൽ വീഴുന്നത് അധികമാരും അറിയാൻ ശ്രമിക്കാറുമില്ലല്ലോ. എന്താന്നറിയത്തില്ല അന്നുച്ചക്കത്തെ മീൻകറിക്ക് ഉപ്പ് സ്വല്പം കൂടുതലാരുന്നു.
അമ്മായിയുടെ വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ എന്തേലും പുതുതായി വന്ന് ചേർന്നാലോ കിട്ടിയാലോ പിന്നീട് സംഭവിക്കുന്ന കാര്യങ്ങൾ അതുമായി ബന്ധപ്പെടുത്തിക്കൊണ്ട് പറയുന്നതാരുന്നു.
ഉദാഹരണത്തിന് എവിടേക്കേലും ടൂർ പോയി വന്നതാണെന് വെച്ചോ. അതിന് ശേഷം എന്തേലും വയ്യായ്ക ഉണ്ടായാൽ അമ്മായി പറയാ. എന്താന്നറിയത്തില്ല. അവിടെ പോയി വന്നേ പിന്നേ തുമ്മലും ജലദോഷവും. ഒന്നും പറയണ്ടാന്നെ. അതോണ്ടുള്ള ഗുണമെന്താണെന്ന് വെച്ചാൽ പോയ കാര്യം നാലാളെ അറിയിക്കുകയെന്നതാ.
നല്ലൊരു സാരി അമ്മാവനായിട്ട് വാങ്ങിച്ചു കൊടുക്കത്തോന്നുമില്ല. വാങ്ങിച്ച താണേൽ തന്നേം പുതിയ സാരി ആയതോണ്ടാണോ എന്നറിയത്തില്ല ഉടുത്തിട്ടങ്ങോട്ട് ശരിയാവത്തില്ലെന്നേ എന്നെ പറയത്തുള്ളൂ.
ഫ്രിഡ്ജ് വന്നേപ്പിന്നേം അത് തന്നാരുന്നു അവസ്ഥ. എന്നാ പറയാനാ പഴയ ഫ്രിഡ്ജ് മതിയാരുന്നെന്നെ. പുതിയ ഫ്രിഡ്ജ് വന്നേപ്പിന്നെ അതിന്റടുത്തൂടെ പോയാ മതി എനിക്ക് തുമ്മലും ജലദോഷവും വരാൻ. അതോണ്ട് തന്നെ ഞാൻ ഫ്രിഡ്ജിരിക്കുന്ന ഭാഗത്തോട്ടെ പോവാറില്ലെന്നേ.
പാവം അമ്മായി. വല്യമ്മച്ചി കൊതി തീരുവോളം ഫ്രിഡ്ജ് തുറന്നൊന്ന് കാണാൻ പോലും സമ്മതിക്കാഞ്ഞതിന്റെ പരിഭവം മുഴുവനും ആ വാക്കുകളിൽ ഉണ്ടാരുന്നിരിക്കണം.

