STORY WRITTEN BY SUMAYYA BEEGAM TA
നീ എവിടെത്തി?
വന്നോണ്ടിരിക്കുന്നു.ഒരു അര മണിക്കൂറിനുള്ളിൽ ഞാൻ എത്തും ചേട്ടാ.
അച്ഛന്റെ കണ്ടീഷൻ അറിയാല്ലോ എല്ലാം പക്വതയോടെ നേരിടാൻ തയ്യാറാവണം.
മ്മ്.
എന്നാൽ ശരി വെച്ചേക്ക്.
കാൾ കട്ടായി. ജീവനേക്കാൾ പ്രിയപ്പെട്ട അച്ഛൻ ഓർമ്മ ആകാൻ പോകുന്നു. അച്ഛന് അസുഖം കൂടുതലാണ്. എങ്ങനെ ആണ് ആ ഒരു അവസ്ഥയെ നേരിടുക ഓർമകൾ കടല് പോലെ ഇരമ്പി വരുമ്പോൾ തിരമാല പോലെ മനസ്സിനെ പ്രഷുബ്ധമാക്കുമ്പോൾ അലറി കരയാതെ പിടിച്ചു നിൽക്കണം അതാണ് ചേട്ടൻ തന്ന സൂചന.
ഫോൺ വീണ്ടും ബെല്ലടിക്കുന്നു. ഭർത്താവ് ആണ്.
സുധ നീ എത്തിയോ?
കോട്ടയം അടുക്കാറാവുന്നു.
ആ അച്ഛനെ കണ്ടിട്ട് നാളെ തന്നെ തിരിച്ചു കയറിക്കോ മക്കൾക്ക് നീ ഇല്ലാതെ പറ്റില്ല ജോലി തിരക്കിൽ എനിക്ക് ഒന്നിനും നേരം കിട്ടുന്നില്ല. ഇപ്പോൾ തന്നെ എല്ലാം താറുമാറായി.
ഇന്നലെ ട്രെയിൻ കയറിയതാണ് അപ്പോൾ തൊട്ടുള്ള വീട്ടിലെ കാര്യം ആണ് പ്രകാശ് സൂചിപ്പിക്കുന്നത്. ഒരു ദിവസം പോലും മക്കളെ നോക്കാനോ വീട്ടിലെ കാര്യം നോക്കാനോ പറ്റില്ല പോലും.
അച്ഛന് ഇത്രേം കൂടുതൽ ആണെന്ന് അറിഞ്ഞപ്പോൾ ആരാണേലും കൂടെ വന്നേനെ. പക്ഷേ പ്രകാശിന് നേരമില്ല. കമ്പനി ബോർഡ് മീറ്റിംഗ് തുടങ്ങിയ ഒഴിവാകാൻ നൂറു കാരണങ്ങൾ.
മക്കൾക്ക് പബ്ലിക് എക്സാം അടുത്തത് കൊണ്ടു ഒട്ടും നേരമില്ല.
ഇത്രയും ഒരു വിഷമഘട്ടത്തിലും ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ഹൈദരാബാദിൽ നിന്ന് ഇവിടം വരെ ഒരു അനാഥയെ പോലെ.
കണ്ണുകൾ നിറയുന്നുണ്ട് എല്ലാത്തിനും കാരണം അച്ഛൻ തന്നെ ആണ്.പിജിക്ക് ചേരാൻ ഒത്തിരി കൊതിച്ചതാണ് സമ്മതിച്ചില്ല പ്രകാശിന്റെ ആലോചന വരേണ്ട താമസം കെട്ടിച്ചു. പ്രകാശിന്റെ കമ്പനി കേരളത്തിന് പുറത്തേക്ക് വളർന്നപ്പോൾ കൂടെ പോകേണ്ടി വന്നു. മൂന്നു കൊല്ലം ആയി വീട്ടിൽ വന്നിട്ട് പ്രകാശിന് താല്പര്യമില്ല മക്കൾക്ക് അത്രപോലും. സ്വന്തം മാതാപിതാക്കൾ മരിച്ചതിൽ പിന്നെ നാടുമായി ഒട്ടും അടുപ്പം അയാൾക്കില്ല.
രണ്ട് വട്ടം വരാൻ ടിക്കറ്റ് റെഡി ആക്കിയെങ്കിലും അപ്പോഴൊക്കെ മക്കൾ പ്രകാശ് ഓരോ കാരണങ്ങൾ പറഞ്ഞു കുരുക്കി. ഇതിപ്പോ അച്ഛന് കൂടുതലാണെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തരുമെന്നാണ് ഓർത്തത്. അതൊക്കെ അനാവശ്യമാണ് പോലും അസുഖം കൂടിയാൽ ഒന്നും പെട്ടന്ന് ആരും മരിക്കില്ല മാസങ്ങളോളം കിടക്കും പോലും. വേണേൽ നീ ഒന്ന് പോയി കണ്ടിട്ട് പിറ്റേന്ന് തന്നെ തിരിച്ചു പോന്നോളാൻ.
മടുത്തു ആർക്കും വേണ്ടാത്ത മക്കൾ പോലും വില തരാത്ത ജീവിതം ആടി മടുത്തു. ഉടനെ തിരിച്ചു പോകില്ല എന്നുറപ്പിച്ചാണ് ഇറങ്ങിയത്. പ്രായപൂർത്തി ആകാറായ മക്കളും ഭർത്താവും ഒക്കെ സ്വന്തം കാര്യം നോക്കാറായി. കുറച്ചു ദിവസം വീട്ടിൽ നിന്നിട്ടെ മടക്കമുള്ളൂ.
തൊട്ടടുത്തിരിക്കുന്ന നഴ്സിംഗ് പിള്ളേരുടെ ചിരിയും ബഹളവും കേട്ടാണ് ചിന്തകളിൽ നിന്ന് തിരികെ വന്നത്.
കോട്ടയം എത്തി. കൂട്ടത്തിൽ നല്ല പൊക്കവും അതിനൊത്ത വണ്ണവുമുള്ള നീണ്ട മുടിയുള്ള പെൺകുട്ടി കൂട്ടുകാരിയെ കെട്ടിപിടിച്ചു ഉറക്കെ പറയുന്നു.
എല്ലാരും സന്തോഷത്തിലാണ് മാസങ്ങളോളം പഠനത്തിന്റെ തടവറയിൽ നിന്ന് നാട്ടിൽ എത്തിയതിന്റെ സന്തോഷം. ഒരു പുതുമഴയെ ഭൂമി വരവേൽക്കുന്നതുപോലെ അവരുടെ മുഖത്തെല്ലാം തെളിച്ചം.
ട്രെയിൻ നിർത്തിയപ്പോൾ അവർക്കൊപ്പം ഞാനും ഇറങ്ങി.
വല്ലാത്ത പരവേശം.
അച്ഛന്റെ അസുഖത്തെ കുറിച്ചുള്ള ടെൻഷനും സ്വന്തം ജീവിതം ഓർത്തുള്ള മനപ്രയാസവും ഒക്കെ കാരണം ഇന്നലെ തൊട്ട് കാര്യമായി ഒന്നും കഴിച്ചിട്ടില്ല. തല കറങ്ങുന്നത് പോലെ. ഒരു കുപ്പി വെള്ളം എങ്കിലും വാങ്ങി കുടിക്കാതെ മുന്നോട്ട് പോകാൻ പറ്റില്ല.
സ്റ്റേഷന് വെളിയിലെ റെസ്റ്റോറന്റിൽ കയറി ഒരു ചായക്കും സ്നാക്സിനും ഓർഡർ കൊടുത്തിരിക്കുമ്പോൾ തൊട്ട് മുമ്പിലെ ടേബിളിൽ കൂടെ വന്ന നഴ്സിംഗ് സ്റ്റുഡന്റ്സിൽ ഒരു കുട്ടിയും മാതാപിതാക്കളും
തൊട്ടും തലോടിയും അവർ പരസ്പരം കണ്ടു കണ്ണ് നിറയ്ക്കുന്നു. മനോഹരമായ ആ കാഴ്ചയിലേക്ക് നോക്കി ഇരുന്നപ്പോൾ അച്ഛനെ ഓർമ്മ വന്നു.
അന്നേരമാണ് വേറൊരു കുട്ടിയുടെ അമ്മ വെപ്രാളപെട്ട് അങ്ങോട്ട് വന്നത്.
ഫിദ എന്റെ മോളെ കണ്ടോ?
മമ്മി അവളെ കണ്ടില്ലേ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നല്ലോ?
ഇറങ്ങി കഴിഞ്ഞു ഞാൻ കണ്ടില്ല.
പെട്ടന്ന് ആ അമ്മയുടെ ഫോൺ ബെല്ലടിച്ചു.
മകൾ ആണ്.
ആൻ എവിടാടാ മമ്മി എല്ലായിടത്തും തിരക്കിയല്ലോ കണ്ടില്ല?
മറു തലയ്ക്കൽ ഉള്ള മറുപടി കേട്ട് അവർ തളർന്നിരുന്നു ദുർബലമായ ശബ്ദത്തിൽ അരുത് എന്ന് പുലമ്പി അപ്പോഴേക്കും ഫോൺ കട്ട് ആയി.
ഫിദ എന്ന കുട്ടിയും മാതാപിതാക്കളും അവരെ താങ്ങി പിടിക്കുമ്പോൾ അവർ വിലപിക്കുന്നുണ്ടായിരുന്നു. അവൾ പോയി അവൾക്കിഷ്ടം ഉണ്ടായിരുന്ന ഒരു പയ്യനുമായി. അവനു പ്രത്യേകിച്ച് ജോലി ഒന്നുമില്ല അതോണ്ട് ഞങ്ങൾക്ക് എതിർപ്പായിരുന്നു.എന്റെ കുഞ്ഞിന്റെ പഠിത്തം ഇതുവരെ എല്ലാത്തിലും അവൾ ഒന്നാമതായി പഠിച്ചു കൊണ്ടിരുന്ന കുട്ടിയല്ലേ മോളെ.
അവൾ ആണ് ഈ സെമ്മിലും കോളേജിൽ ഫസ്റ്റ് ഫിദ ഞങ്ങൾക്ക് നേരെ നോക്കി സങ്കടത്തോടെ പറഞ്ഞു.
കോട്ടയം അടുത്തപ്പോൾ തുള്ളി ചാടിയ ആ കുട്ടി അതെ അവളാണ് ആൻ ഒരു കിലുക്കാം പെട്ടി പരിചയപ്പെട്ടപ്പോൾ പറഞ്ഞതോർക്കുന്നു. ഒറ്റ മകൾ അച്ഛൻ ഗൾഫിൽ. ആ കുട്ടി ഇന്നലെ രാത്രി മൊത്തം ഫോണിൽ സംസാരിച്ചു കിടക്കുന്നത് കണ്ടിരുന്നു.
പെട്ടന്ന് എന്റെ മൊബൈൽ ബെല്ലടിച്ചു.
ചേട്ടനാണ്.
മോളെ അനിൽ കാറുമായി കാത്തു കിടക്കുന്നു നീ എവിടാ.
പെട്ടന്ന് ഒരു തളർച്ച പോലെ തോന്നി ചേട്ടാ ഞാൻ ഇതാ അനിലിനെ വിളിക്കാം.
വേഗം വാ മോളെ ഏട്ടന്റെ സ്വരം ഇടറുന്നോ? ഒരു തേങ്ങൽ പോലെ.
എന്തുപറ്റി ചേട്ടാ?
ഒന്നുമില്ല നീ വാ മോളെ ഫോൺ കട്ട് ആയി.
തലച്ചോറിൽ മിന്നൽ പിണരുകൾ അത് ഹൃദയത്തിലേക്ക് ആളുന്നു. അച്ഛൻ അച്ഛൻ പോയോ?
ആ ഓർമയിൽ അവിടെ നടന്നതിന്റെ ബാക്കി കേൾക്കാൻ നിൽക്കാതെ അവൾ വെളിയിലേക്ക് പാഞ്ഞു.
പുറകിൽ ബഹളം കേൾക്കുന്നുണ്ട്. ആ അമ്മ ബോധം കെട്ടു വീണിരിക്കാം.
ഈയാം പാറ്റ പോലെ ഒരു പെൺകുട്ടി പെട്ടന്ന് കണ്ടൊരു മായ പ്രഭയിൽ എരിഞ്ഞടങ്ങാൻ സ്വയം പറന്നു പോയിരിക്കുന്നു.
ജീവിതം എന്തെന്നറിയാത്ത അവളോട് ജീവിച്ചു മടുത്ത സുധയ്ക്ക് സഹതാപം മാത്രം.
കാറിന്റെ സീറ്റിൽ ചാരി കിടക്കവേ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അച്ഛൻ ഇപ്പോൾ ജീവനോടെ ഇല്ലെന്ന സത്യം അനിലിന്റെ മൗനം പറയാതെ പറയുന്നുണ്ട്.
കാർ മുന്നോട്ടും ഓർമ്മകൾ പിറകോട്ടും മത്സരിച്ചു ഓടുകയാണ്…..