എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഓഫിസിലെ സുഹൃത്തുക്കളുടെ കൂടെ രണ്ടുനാൾ പിക്കിനിക്കിന് പോകുന്നുണ്ടെന്ന് പറഞ്ഞ ടെസ്സയെ ടോണി വിലക്കിയില്ല. നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞ് അവൻ അവളെ സന്തോഷപ്പെടുത്തി. പക്ഷേ, പോകുന്നതിന്റെ തലേന്ന് രാത്രിയിൽ ഇല്ലാത്ത നെഞ്ചുവേദന അഭിനയിച്ച് ടോണിയത് മുടക്കുകയും ചെയ്തു…
അവരുടെ അഞ്ച് വർഷത്തെ പ്രേമബന്ധം വിവാഹത്തിൽ തൊട്ട് ഒരുവർഷം പോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. എല്ലാം കൊണ്ടും ടെസ്സ വളരേ അധികം മുഷിഞ്ഞു. താൻ സ്വപ്നം കണ്ട ദാമ്പത്യ ജീവിതം അവളുടെ ലോകത്തിൽ നിന്ന് പാടേ അകന്നിരിക്കുന്നു..
ഓഫീസിൽ നിന്ന് വരാൻ വൈകിയാൽ മാത്രമല്ല. ആരോടെങ്കിലും ഫോണിൽ സംസാരിച്ചാലും പ്രശ്നമാണ്. ഒരു സ്ത്രീക്ക് തന്റെ പുരുഷ നല്ലാതെ മറ്റൊരു ലോകവും വേണ്ടെന്ന് ശഠിക്കുന്ന മനുഷ്യരുടെ മറ്റൊരു മുഖമായിരുന്നു ടോണിക്ക്. ശാന്തമായി, സൗമ്യമായി സ്നേഹിക്കുന്നു വെന്ന് പറഞ്ഞുകൊണ്ട് ടെസ്സയെ അവൻ മയക്കും.. അവന്റെ സ്നേഹലാളനകളിൽ മതിമറന്ന് അവൾ എല്ലാം സമ്മതിക്കുകയും ചെയ്യും…
അങ്ങനെ വൈകാരികമായി ടോണിക്ക് മുന്നിൽ വർഷങ്ങളോളം അടിമപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ ടെസ്സ ഏറെ ആലോചിച്ചു. ഇത്തരത്തിൽ വീർപ്പുമുട്ടുന്ന തലത്തിൽ തനിക്ക് സ്നേഹിക്കപ്പെടേണ്ടായെന്ന് അങ്ങനെയാണ് അവൾ തീരുമാനിക്കുന്നത്. തന്റെ ജീവിതത്തെ കുറിച്ച് അവൾക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ, ഈ ലോകം ഒരു പുരുഷനിൽ കെട്ടിയിട്ട് കാണേണ്ടി വരുന്ന സ്ത്രീകളിൽ പെട്ടുപോകുന്നതിനെ കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല…
‘ടോണി… നമുക്ക് പിരിഞ്ഞാലോ…? നിന്റെ സ്നേഹം എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടോ…!’
അങ്ങനെ പറയുമ്പോൾ ടോണിയുടെ മുഖത്തേക്ക് ടെസ്സ നോക്കിയതേയില്ല. അവളുടെ കണ്ണുകൾ ഉയരുമ്പോഴേക്കും അവന്റെ ഭാവം പല തര വികാരങ്ങളേയും സ്വാഗതം ചെയ്ത് ധൃതിയിലൊരു ചിരിലേക്ക് ഒളിച്ചു. തുടർന്ന് ആ മുറിയിൽ നിന്നൊരു സ്വപ്നാടനം പോലെ എഴുന്നേറ്റ് പുറത്തേക്ക് പോകുകയായിരുന്നു. കടൽ തീരത്തേക്ക് തന്റെ കാർ എത്തുന്നത് വരെ ആ ചിരി അവന്റെ ചിറിയിൽ ഉണ്ടായിരുന്നു വെന്നതും പ്രത്യേകം പറയേണ്ടതാണ്…
കടൽ കണ്ടപ്പോൾ ടോണിയൊരു കുട്ടിയെ പോലെ തിരയിലേക്ക് ഓടി. ചെരുപ്പ് പൂഴി കടിച്ചെടുത്തത് കൊണ്ട് നiഗ്നമായ അവന്റെ പാദങ്ങളിലേക്ക് തിര കയറി. ഉപ്പനുര സ്പർശിച്ചപ്പോൾ തന്നെ ഏതോ മുറിവിൽ നിന്നെന്ന പോലെ അവൻ വാവിട്ട് കരഞ്ഞു.
‘ടെസ്സാ… എനിക്ക് നിന്നെ വേണം…. ഐ ലവ്യൂ ടെസ്സ… ഐ നീഡ് യു ..’
എന്നും പറഞ്ഞ് അവൻ ആ ചക്രവാളത്തിലേക്ക് നോക്കി കൂവുക യായിരുന്നു. നിറങ്ങളെല്ലാം അസ്തമിക്കാൻ തുടങ്ങുമ്പോൾ ടോണി തിരിച്ചു. ഫ്ലാറ്റിലേക്ക് എത്തുന്നതിന് മുമ്പേ വീണ്ടും ആ പഴയ ചിരിയെടുത്ത് തന്റെ ചിറിയിലേക്ക് അവൻ കോർത്തിരുന്നു…
ആദ്യത്തെ കാളിങ് ബെല്ലിൽ തന്നെ ടെസ്സ കതക് തുറന്നു. തുറന്നയുടൻ പ്രശ്നങ്ങളെല്ലാം തീർക്കാൻ നമുക്കൊരു യാത്ര പോകാമെന്ന് ടോണി പറഞ്ഞു. താൻ ഇല്ലെന്ന് പറയാൻ അവൾ മടിച്ചില്ല. കേട്ടപ്പോൾ അവൻ അകത്തേക്ക് പോയി വേഷങ്ങളൊക്കെ അഴിച്ചു. വീട് വിട്ട് പോകാനുള്ള ചിന്തയോടെ അവൾ പെട്ടികളും നിറച്ചു.
മുട്ടോളം എത്താത്തയൊരു ട്രൗസർ മാത്രം ധരിച്ച് കൊണ്ട് നിന്റെ ഇഷ്ടം പോലെയെന്ന് ചിരിച്ച് ടോണിയും ടെസ്സയുടെ കൂടെ കൂടി. അവൾ എടുത്ത് വെക്കുന്ന തുണികളിൽ നിന്നും അവളുമായി പങ്കിട്ട ഓർമ്മകളെ രസകരമായി അവൻ തികട്ടിയെടുത്തു. പിരിഞ്ഞാലും എപ്പോഴും നല്ല സുഹൃത്തുകളായിട്ട് തുടരാൻ പറ്റണമെന്ന് പറഞ്ഞ് കൊണ്ടാണ് അവൾ തന്റെ മുന്നൊരുക്കം അവസാനിപ്പിച്ചത്.
‘ഇന്ന് അവസാനത്തെ രാത്രിയാണല്ലേ…?’
ആണെന്ന അർത്ഥത്തിൽ ടെസ്സ തലകുനിച്ചു. കുഴപ്പമില്ലെടോയെന്നും പറഞ്ഞ് ടോണി അവളുടെ തലയിൽ ചുംiബിച്ചു. കരഞ്ഞ് തുടങ്ങുമെന്ന് തോന്നിയപ്പോൾ അവന്റെ കൈകൾ തട്ടി മാറി പോകുകയായിരുന്നു അവൾ. അവനും പിറകിൽ കൂടി.
‘ഇന്നത്തെ അത്താഴം ഞാൻ ഉണ്ടാക്കാം.. ‘
ആയിക്കോട്ടെയെന്ന അർത്ഥത്തിൽ ടെസ്സ തലകുലുക്കി. അവൾ കുളിച്ച് വരുമ്പോഴേക്കും ടോണിയുടെ പാചകവും തീർന്നു. തീൻ മേശയിലേക്ക് ചപ്പാത്തിയും ചൂട് പട്ടാണിക്കറിയും എടുത്ത് വെച്ചപ്പോഴേക്ക് അവളും വന്നു. ആദ്യമായി കാണുന്നത് പോലെ ടോണി ടെസ്സയെ ശ്രദ്ധിക്കുക യായിരുന്നു. ആദ്യമായി കണ്ടത് മുതൽ എല്ലാം അവന്റെ ഉള്ളിൽ തെളിഞ്ഞു…
നിനക്ക് വിഷമമുണ്ടാകുമെന്ന് അറിയാമെന്ന് കഴിച്ച് തുടങ്ങുമ്പോൾ അവൾ പറഞ്ഞു. രണ്ടുപേരും ചെറുപ്പമല്ലേയെന്നും പൊരുത്തപ്പെടാൻ പറ്റുന്ന റിലേഷൻഷിപ്പ് ഇനിയും ഉണ്ടാകുമെന്നും ചേർത്തു. ചുണ്ടിൽ ചൂണ്ട് വിരൽ മുട്ടിച്ചുകൊണ്ട് ടോണി അപ്പോൾ നിശബ്ദത പാലിക്കാനുള്ള ശ്വാസം മുഴക്കുകയായിരുന്നു.
ആഹാരം കഴിക്കുമ്പോൾ മിണ്ടല്ലേയെന്ന് ടെസ്സയോട് അവൻ പതിയേ പറഞ്ഞു. ഇവന്റെയൊരു കാര്യമെന്ന അർത്ഥത്തിൽ ചൂട് പട്ടാണിക്കറി ടെസ്സ തന്റെ പാത്രത്തിലേക്ക് ഒഴിച്ചു. ഒരുതുണ്ട് ചപ്പാത്തി നുള്ളി എടുത്തുവെന്നല്ലാതെ അവൻ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല…
ടെസ്സ എഴുന്നേറ്റ് പാത്രങ്ങളൊക്കെ കഴുകാൻ തുടങ്ങിയപ്പോൾ ടോണി സമ്മതിച്ചില്ല. താനിന്ന് ഒരു പണിയും ചെയ്യേണ്ടായെന്നും സുഖമായി പോയി ഉറങ്ങൂവെന്നും അവൻ പറഞ്ഞു. ഇവനിത് എന്തുപറ്റിയെന്ന അർത്ഥത്തിലുള്ള മുഖവുമായി അവൾ മുറിയിലേക്ക് പോകുകയായിരുന്നു…
സുഖമായി ഉറങ്ങെന്ന് മാത്രം തനിയേ ആവർത്തിച്ചുകൊണ്ട് ടോണി പാത്രങ്ങളൊക്കെ കഴുകി അടുക്കള വൃത്തിയായി ഒതുക്കി. തുടർന്ന്,താൻ പാചകം ചെയ്തതെല്ലാം എടുത്ത് ക്ലോസെറ്റിൽ ഒഴിച്ച് ഫ്ലഷ് ചെയ്യുകയും ചെയ്തു. ആ പാത്രങ്ങളും കഴുകി വെച്ച് അവൾ കയറിയ മുറിയിലേക്ക് പോകുമ്പോഴും, സുഖമായി ഉറങ്ങൂവെന്ന് മാത്രം അവൻ മന്ത്രിച്ചു.
അച്ചടക്കത്തോടെ കട്ടിലിൽ മലർന്ന് കിടക്കുന്ന ടെസ്സയുടെ മാറിലേക്ക് കാതുകൾ വെച്ച് ടോണി ശ്രദ്ധിക്കുകയാണ്. തമ്മിൽ വേർപിരിയാമെന്ന് അവൾ പറഞ്ഞപ്പോൾ ചിറിയിൽ തൂങ്ങിയ ആ വ്യത്യസ്തമായ ചിരി അപ്പോഴും അവനിൽ ഉണ്ടായിരുന്നു. പാതി എഴുന്നേൽപ്പിച്ച്, അവളുടെ മുഖം അവൻ മാiറിലേക്ക് ചേർത്തൂ.. അപ്പോഴും അവൻ അത് പറയുന്നുണ്ടായിരുന്നു….
‘ നീ ഉറങ്ങൂ… സുഖമായി ഉറങ്ങൂ….!!!’