അമ്മു അമ്മായിക്ക് എന്റെ അച്ഛനെ ഇഷ്ടാരുന്നു ല്ലെ?” പാടവരമ്പിലൂടെ നടക്കുന്നതിനിടയിൽ കണ്ണൻ അത് ചോദിച്ചപ്പോൾ അമ്മു ഒന്ന് ഞെട്ടി…….

Story written by Sajitha Thottanchery

“അമ്മു അമ്മായിക്ക് എന്റെ അച്ഛനെ ഇഷ്ടാരുന്നു ല്ലെ?” പാടവരമ്പിലൂടെ നടക്കുന്നതിനിടയിൽ കണ്ണൻ അത് ചോദിച്ചപ്പോൾ അമ്മു ഒന്ന് ഞെട്ടി.

“എനിക്കോ? ആര് പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല.”ഒരിത്തിരി നേരത്തെ മൗനത്തിനു ശേഷം അമ്മു പറഞ്ഞു.

“എന്തിനാ കള്ളം പറയണേ. എനിക്കറിയാം.”ചിരിച്ചു കൊണ്ട് കണ്ണൻ പറഞ്ഞു.

പണ്ടത്തെ മാഞ്ഞു പോയൊരു ചിരി അമ്മുവിന്റെ മനസ്സിലൂടെ കടന്നു പോയി.

“വിട് കുട്ടേട്ടാ… അമ്മാവൻ അപ്പുറത്തുണ്ട്.”ഇടനാഴിയിൽ ആരുമില്ലാത്ത നേരത്ത് കുട്ടൻ പിറകിലൂടെ വന്നു ചേർത്ത് പിടിച്ചപ്പോൾ അമ്മു കുതറി മാറി.

“കണ്ടാലെന്താ. നീ എന്റെ പെണ്ണല്ലേ. അവർക്കൊക്കെ അറിയുന്നതല്ലേ.”അയാൾ പിന്നെയും അവളെ പിടിക്കാൻ ആഞ്ഞു.

“അതൊക്കെ ശെരി. പക്ഷേ ശെരിക്കും സ്വന്തം ആവട്ടെ “അയാളുടെ കൈ തട്ടി മാറ്റി അവൾ പുറത്തേക്ക് ഓടി.

“എന്താ ഏട്ടാ ഈ പറയുന്നേ. കുട്ടനെ കൊണ്ട് അമ്മുവിനെ കല്യാണം കഴിപ്പിക്കാം എന്ന് നമ്മൾ തീരുമാനിച്ചത് ആയിരുന്നില്ലേ. എന്താ ഇപ്പൊ പെട്ടെന്ന്…”കണ്ണീരോടെ അമ്മുവിന്റെ അമ്മ സ്വന്തം ഏട്ടനോട് ചോദിക്കുമ്പോൾ അയാൾക്ക് മറുപടി ഇല്ലായിരുന്നു.

“എന്ത് പറയാനാ ഗൗരീ ഞാൻ. അവളുടെ ജാതകം നോക്കി കണിയാൻ പറഞ്ഞത് നീയും കേട്ടതല്ലേ. ഒരു വർഷം തെകക്കില്ല ന്നു.അവന്റെ ജീവൻ വച്ചു ഒരു പരീക്ഷണം വേണോ.”കണ്ണീരോടെ അയാൾ അത് പറഞ്ഞതും

“വേണ്ട അമ്മാമേ കുട്ടേട്ടൻ എന്നും സന്തോഷായി ഇരിക്കണ കണ്ടാ മതി എനിക്ക് “എന്ന് പറഞ്ഞു അമ്മേം വിളിച്ചു അവിടന്ന് ഇറങ്ങി അമ്മു.

“നീയെന്താ അമ്മു ഈ പറയുന്നേ. നിന്നെ താലി കെട്ടി ഞാൻ മരിക്കാണേൽ മരിക്കട്ടെ. നിന്നെക്കാൾ വലുതല്ല എനിക്കൊന്നും. ജാതകോം വീട്ടുകാരും ഒന്നും വേണ്ട നമുക്ക്. വാ നിന്നെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം.”അന്ന് വൈകുന്നേരം കുട്ടേട്ടൻ വന്നു പറഞ്ഞത് ഇന്നലെ നടന്ന പോലെ അമ്മു ഓർത്തു.

” ഞാൻ വരില്ല. ഇനിയും ഇത് പറഞ്ഞു വന്നാൽ എന്റെ ശവം ആയിരിക്കും കാണുക. “എന്ന് പറഞ്ഞു അയാളെ ഒഴിവാക്കി വിടുമ്പോൾ ഉള്ളിൽ അയാളുടെ ദീർഘായുസ്സിന് വേണ്ടി അവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

എല്ലാവരുടേം നിർബന്ധപ്രകാരം അയാൾ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചു. പണം കൊണ്ടും പെരുമ കൊണ്ടും അവരെക്കാൾ ഒരുപാട് മേലെ നിന്ന നന്ദിനിയെ. പണത്തിന്റെ അഹങ്കാരം ലവലേശം പോലും ഇല്ലാതിരുന്ന ഒരു പാവം പെണ്ണ്.ജീവിതത്തിന്റെ ഒഴുക്കിൽ പെട്ട് അയാൾക്ക് അമ്മുവിനെ മനഃപൂർവം അല്ലെങ്കിലും മറക്കേണ്ടി വന്നു.

“എന്റെ കാലം കഴിഞ്ഞാൽ നിനക്കാരാ അമ്മു. എത്ര നല്ല ആലോചനകളാ വന്നു പോകുന്നെ.”അമ്മയുടെ ചോദ്യത്തിന് അമ്മുവിന് മറുപടി ഇല്ലായിരുന്നു.

“ഒരാളെ മനസ്സിൽ വച്ചു മറ്റൊരാളുടെ കൂടെ ജീവിക്കുന്നത് വരാൻ പോകുന്ന ആളോട് ചെയ്യുന്ന ചതിയല്ലേ അമ്മേ. എനിക്കിതാണ് സുഖം. ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട് ഈ ജീവിതത്തിൽ. ജീവിക്കാൻ എനിക്കൊരു ജോലിയുണ്ടല്ലോ. ബാക്കി ഒക്കെ വരുന്ന പോലെ വരട്ടെ. എനിക്ക് വിവാഹം വേണ്ട “. അവളുടെ ഉറച്ച തീരുമാനത്തെ മാറ്റാൻ ആ പാവം അമ്മയ്ക്ക് മരണം വരെ സാധിച്ചില്ല.

“നിന്നോട് ചെയ്ത ചതിയുടെ ഫലമാ ഞാൻ ഈ അനുഭവിക്കുന്നെ. പണമുള്ള വീട്ടിൽ നിന്നും അവനു ആലോചന വന്നപ്പോൾ എന്റെ കണ്ണ് മഞ്ഞളിച്ചു. പക്ഷേ നീ എല്ലാം മറന്ന് വേറെ ഒരാളെ വിവാഹം കഴിച്ചോളുമെന്ന ഞാൻ കരുതിയെ. ഇത് അറിഞ്ഞ അന്ന് ഇറങ്ങി പോയതാ അവൻ. അവന്റെ മകനെ പോലും എന്നെ ഒന്ന് കൊണ്ട് വന്നു കാണിച്ചിട്ടില്ല. നിന്റെ ജീവിതം ഞാൻ തകർത്തെന്നു പറഞ്ഞു എന്നെ ശപിച്ചാ അവൻ ഇറങ്ങിപ്പോയത്. എല്ലാ സത്യവും അറിഞ്ഞിട്ടും നിനക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ കുറ്റബോധം അവനു ഒരുപാട് ഉണ്ടാകും. എല്ലാം എന്റെ തെറ്റാ. തിരുത്താൻ പറ്റില്ലാലോ ഒന്നും.അവസാനം ഈ കിടപ്പ് കിടക്കുമ്പോൾ നീ മാത്രമായി എന്റെ ആശ്രയം.” ഒരു വശം തളർന്നു കിടക്കുന്ന അമ്മാവൻ വ്യക്തമല്ലാത്ത രീതിയിൽ വർഷങ്ങൾക്ക് ശേഷം അത് പറഞ്ഞൊപ്പിച്ചപ്പോൾ അമ്മു ആദ്യമായി അയാളെ വെറുത്തു.

തനിയെ ഒന്നും ചെയ്യാൻ ആകാതെ കിടന്ന കിടപ്പിൽ മാപ്പിരക്കുന്ന ആളോട് എന്ത് പ്രതികാരം ചെയ്യാൻ. അമ്മാവൻ മരിച്ചപ്പോൾ നന്ദിനിയെയും കണ്ണനെയും കൂട്ടി വർഷങ്ങൾക്ക് ശേഷം വന്ന കുട്ടേട്ടന്റെ കണ്ണുകളിൽ പശ്ചാത്തപത്തിന്റെ തിരയിളക്കം അവൾ കണ്ടു.ആരോടും പരിഭവം പറഞ്ഞില്ല അവൾ.എല്ലാം വിധിയെന്ന് കരുതി ജീവിച്ചു.പിന്നീട് അയാൾ ആ നാട്ടിലേക്ക് വന്നതേയില്ല.

“അമ്മായി എന്താ ഓർക്കുന്നെ”. കണ്ണന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നും ഉണർത്തി.

“ഒന്നുമില്ല…. ഞാൻ വെറുതെ “അവൾ ചിരിക്കാൻ ശ്രമിച്ചു.

“എന്നോട് അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ട്. അമ്മയ്ക്കും എല്ലാം അറിയാമായിരുന്നു. ആർക്കും ഒന്നും ചെയ്യാൻ പറ്റാതെ പോയതിലുള്ള വിഷമം ഒരുപാട് ഉണ്ടായിരുന്നു. അമ്മ പോയി അച്ഛൻ ഒറ്റയ്ക്കാപ്പോൾ ഞാൻ ഒരുപാട് പറഞ്ഞതാ ;അമ്മായിയെ കൂടെ കൂട്ടാൻ. പക്ഷേ മറ്റൊരാൾ പോയ ഒഴിവിലേക്ക് കൊണ്ട് വരേണ്ട ഒരാളല്ല അവൾ എന്ന് പറഞ്ഞു അച്ഛൻ എന്റെ ആവശ്യത്തെ തള്ളിക്കളഞ്ഞു.ആശുപത്രിയിൽ അവസാനമായി അച്ഛൻ എന്നോട് പറഞ്ഞതും അമ്മായിയെ കുറിച്ചായിരുന്നു.”കണ്ണൻ പറയുന്നതൊക്കെ മൗനമായി അമ്മു കേട്ടു.

“ഒരാളെ മാത്രേ സ്നേഹിച്ചുള്ളൂ. എന്നെ വിവാഹം കഴിച്ചാൽ ഒരു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന് കേട്ടപ്പോൾ അതിനേക്കാൾ ഭേദം എന്നും അകലെ നിന്ന് ഒരു നോക്ക് കാണുന്നതാണെന്ന് കരുതി വിട്ടു കൊടുത്തു. മറ്റൊരാളെ പൂർണമായി സ്നേഹിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാൽ ഒരു വിവാഹത്തിന് മുതിർന്നില്ല. എല്ലാം ചതി ആയിരുന്നെന്നു മനസ്സിലായപ്പോൾ ഉള്ള് ഒന്ന് നീറി. അപ്പോഴേക്കും എല്ലാം കൈ വിട്ടല്ലോ.”അമ്മുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.

“ഞാൻ വിളിച്ചാൽ എന്റെ കൂടെ വരോ. എന്റെ അമ്മയായിട്ട്. എനിക്കും അവിടെ ഇനി വേറെ ആരും ഇല്ല. “കണ്ണന്റെ പെട്ടെന്നുള്ള ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അമ്മുവിന് അറിയില്ലായിരുന്നു.

കണ്ണന്റെ കൂടെ ആ തറവാടിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു. ഞാൻ എന്റെ മകന്റെ കൂടെ പോവാണ്. എനിക്ക് പിറക്കാതെ പോയ മകന്റെ കൂടെ……

Leave a Reply

Your email address will not be published. Required fields are marked *